മോദി രണ്ടല്ല, പന്ത്രണ്ട് വട്ടം വന്നാലും ജയിക്കില്ല
text_fieldsഇക്കുറി ദക്ഷിണേന്ത്യയാണ് സംഘ്പരിവാറിന്റെ ഉന്നം. പ്രധാനമന്ത്രി നരേന്ദ്ര മോദി അടിക്കടി കേരളത്തിലടക്കം എത്തി പ്രചാരണം നയിക്കുകയാണ്...?
നരേന്ദ്ര മോദി കേരളത്തിൽ രണ്ടല്ല, പത്രണ്ട് വട്ടം വന്നിട്ടും കാര്യമില്ല. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ബി.ജെ.പി ഒരുസീറ്റിലും വിജയിക്കില്ല. ഇവിടെ സംഘ്പരിവാർ ലക്ഷ്യങ്ങൾ നടക്കാൻ പോകുന്നില്ല.
എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ പറഞ്ഞത് ഇവിടെ മത്സരം എൽ.ഡി.എഫും ബി.ജെ.പിയും തമ്മിലാണെന്നാണ്?
സംശയമൊന്നും വേണ്ട, കേരളത്തിൽ മത്സരം എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ തന്നെയാണ്. ബി.ജെ.പി ഇവിടെ ചെറിയ പാർട്ടി മാത്രമാണ്. കോൺഗ്രസിൽനിന്ന് ആളുകൾ ബി.ജെ.പിയിലേക്ക് പോയിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ജയരാജൻ അങ്ങനെ പറഞ്ഞുവെന്ന് മാത്രമേയുള്ളൂ. അതിനപ്പുറമൊന്നും കണക്കാക്കേണ്ട. ചിലേടങ്ങളിൽ ത്രികോണ മത്സരമുണ്ട്. അവിടെയൊന്നും ഒന്നും സംഭവിക്കില്ല. സുരേഷ് ഗോപി കാട്ടിക്കൂട്ടുന്നത് അയാൾക്ക് തന്നെ വിനയായി മാറുകയാണ്. ആളുകൂടാത്തതിന് സ്ത്രീകളെയടക്കം വഴക്ക് പറഞ്ഞിട്ട് എന്തുനേടാനാണ്.
ഇൻഡ്യ മുന്നണിയുടെ ഭാഗമായുള്ള പാർട്ടികൾ ഏറ്റുമുട്ടുന്ന കേരളത്തിൽ എന്തുകൊണ്ട് മലയാളികൾ ഇടതുപക്ഷത്തിന് വോട്ട് ചെയ്യണം?
എം. മുകുന്ദൻ പറഞ്ഞത് കേട്ടില്ലേ, അതുതന്നെയാണ് കാരണം. നമുക്ക് വിശ്വസിച്ച് വോട്ടുചെയ്യാൻ പറ്റുക ഇടതുപക്ഷത്തിന് മാത്രമാണ്. മറ്റുള്ളവർ എപ്പോൾ വേണമെങ്കിലും കാലുമാറാമെന്നാണ് അദ്ദേഹം പറഞ്ഞത്. ആന്റണിയുടെയും കരുണാകരന്റെയും മക്കൾക്ക് കാലുമാറാമെങ്കിൽ മറ്റ് നേതാക്കൾ ആരും എപ്പോൾ വേണമെങ്കിലും മാറാം. കോൺഗ്രസും ബി.ജെ.പിയും തമ്മിൽ അതിൽ വരമ്പുകളില്ല. അതിർരേഖകൾ പോലുമില്ല. ഉത്തരേന്ത്യയിൽ നേരത്തേ അങ്ങനെയാണ്. ഇപ്പോൾ അത് കേരളത്തിലുമെത്തി. ബി.ജെ.പി വിരുദ്ധ രാഷ്ട്രീയത്തിൽ വിശ്വസിക്കാൻ പറ്റുന്നവരായി ഇടതുപക്ഷം മാത്രമേയുള്ളൂ. കേരളത്തിലാണ് ഇടതുപക്ഷത്തിന് ശക്തിയുള്ളത്. ഇവിടെനിന്ന് കൂടുതൽ ഇടത് അംഗങ്ങൾ പാർലമെന്റിലെത്തണം.
രാമക്ഷേത്ര പ്രതിഷ്ഠ നരേന്ദ്ര മോദിക്ക് മൂന്നാമൂഴം എളുപ്പമാക്കിയോ...?
2025ൽ മാത്രം പൂർത്തിയാകുന്ന ക്ഷേത്രത്തിന്റെ ആദ്യഘട്ടം ഇപ്പോൾ ഉദ്ഘാടനം ചെയ്തതും പുരോഹിതന്മാർ ചെയ്യേണ്ട കാര്യങ്ങൾ പ്രധാനമന്ത്രി ചെയ്തതുമെല്ലാം വോട്ടിന് വേണ്ടിയുള്ള കോപ്രായങ്ങളാണ്. നരേന്ദ്ര മോദിയടക്കമുള്ള സംഘ്പരിവാർ ആളുകൾ യഥാർഥ വിശ്വാസികളല്ല. യഥാർഥ വിശ്വാസികളെ വർഗീയ വാദികളാക്കാനുള്ള ശ്രമങ്ങളാണ് അവർ നടത്തുന്നത്. വോട്ട് മാത്രമാണ് ലക്ഷ്യം. രാമക്ഷേത്രത്തിലേക്ക് ഭക്തരുടെ വലിയ ഒഴുക്കൊന്നും ഉണ്ടായതായി കാണുന്നില്ല. മഹാഭൂരിപക്ഷം വരുന്ന വിശ്വാസികളും വർഗീയ വാദികളല്ലെന്ന ആശ്വാസകരമായ സാഹചര്യമാണ് അത് വ്യക്തമാക്കുന്നത്. സർക്കാർ സ്പോൺസേർഡ് വർഗീയ അജണ്ട ജനങ്ങൾ തിരിച്ചറിയുന്നുണ്ട്.
പൗരത്വ നിയമം നടപ്പാക്കാൻ പൊടുന്നനെ കേന്ദ്ര സർക്കാർ തീരുമാനിച്ചതിന്റെ സാഹചര്യം അതാണോ?
രാമക്ഷേത്ര പ്രതിഷ്ഠക്ക് സംഘ്പരിവാർ ആഗ്രഹിച്ച പോലുള്ള അനുകൂല പ്രതികരണം ലഭിച്ചിട്ടില്ല. ബി.ജെ.പി കണക്കുകൂട്ടിയ പോലുള്ള വോട്ട് കൊണ്ടുവരാൻ അതിന് കഴിയില്ലെന്ന് അവർക്ക് ബോധ്യമായിട്ടുണ്ടാകാം. സുപ്രീംകോടതി ഇടപെടലിനെ തുടർന്ന് ഇലക്ടറൽ ബോണ്ട് വിഷയത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നതും പൗരത്വ നിയമത്തിൽ കേന്ദ്രത്തിന്റെ തിടുക്കത്തിലുള്ള നടപടിക്ക് കാരണമാണ്. 6000ത്തിൽപരം കോടികൾ ബി.ജെ.പിക്ക് കിട്ടിയെന്നാണ് കണക്ക്. ഈ തുകയാണ് എം.എൽ.എമാരെയും എം.പിമാരെയും വാങ്ങാനും സർക്കാറുകളെ മറിച്ചിടാനും ഉപയോഗിക്കുന്നത്. കോൺഗ്രസിനും ലഭിച്ചിട്ടുണ്ട് 1000ത്തിൽപരം കോടി. അതും ചെറിയ തുകയല്ല. ഒരു നയാപൈസയും വാങ്ങാതെ അതിനെതിരെ കോടതിയിൽ പോയത് സി.പി.എമ്മാണ്. ഇലക്ടറൽ ബോണ്ടെന്ന പേരിൽ നടന്നത് പകൽകൊള്ളയാണ്. അത് ചർച്ചയാകാതിരിക്കാനാണ് രാമക്ഷേത്രവും പൗരത്വനിയമവുമൊക്കെ അജണ്ടയാക്കി വർഗീയ ധ്രുവീകരണത്തിന് സർക്കാർ ശ്രമിക്കുന്നത്.
ഇൻഡ്യ സഖ്യത്തെക്കുറിച്ച് സി.പി.എമ്മിന്റെ പ്രതീക്ഷകൾ ഈ ഘട്ടത്തിൽ എത്രത്തോളമാണ്?
ബി.ജെ.പി വലിയ സീറ്റ് വ്യത്യാസത്തിൽ ജയിച്ചെങ്കിലും അവരുടെ വോട്ടിങ് ശതമാനം 33 ശതമാനം മാത്രമാണ്. അതിനർഥം രാജ്യത്ത് 67 ശതമാനം വോട്ടർമാരും ബി.ജെ.പിയല്ലാത്ത പാർട്ടികൾക്കൊപ്പമാണെന്നാണ്. അത് ഏകോപിപ്പിച്ച് ജയസാധ്യതയുള്ള പാർട്ടിക്ക് ലഭിക്കുന്ന സാഹചര്യമുണ്ടാക്കിയാൽ ബി.ജെ.പിയെ പരാജയപ്പെടുത്താം. അതാകണം ഇൻഡ്യ സഖ്യത്തിന്റെ കാഴ്ചപ്പാട്. നിർഭാഗ്യവശാൽ ആ നിലക്കുള്ള സമീപനം കോൺഗ്രസ് സ്വീകരിക്കുന്നില്ല. കോൺഗ്രസും ബി.ജെ.പിയും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനങ്ങളിലൊന്നും വിശാല ഐക്യം അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ഒരു നിലപാടും അവർ എടുക്കുന്നില്ല. ഏകപക്ഷീയമായി സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയാണുണ്ടായത്. മറ്റുള്ളവരെ സഹകരിപ്പിക്കാൻ തയാറാകുന്നില്ല. ഇൻഡ്യ സഖ്യമുള്ള തമിഴ്നാട്ടിലും യു.പിയിലും ബിഹാറിലും ഡൽഹിയിലും മുൻകൈ കോൺഗ്രസിനല്ല.
ഇൻഡ്യ സഖ്യത്തിന്റെ നേതൃസ്ഥാനത്ത് കോൺഗ്രസിനെ സി.പി.എം അംഗീകരിക്കുന്നില്ല എന്നാണോ?
ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും കുറച്ച് കുറച്ചാണെങ്കിലും സാന്നിധ്യമുള്ള പാർട്ടി കോൺഗ്രസാണ്. ബി.ജെ.പി വിരുദ്ധ രാഷ്ട്രീയത്തിന്റെ നേതൃത്വം അവർ ഏറ്റെടുക്കേണ്ടതാണ്. എന്നാൽ, രാഷ്ട്രീയമായും സംഘടനപരവുമായ അങ്ങേയറ്റത്തെ ദൗർബല്യമാണ് കോൺഗ്രസ് നേരിടുന്നത്. ബി.ജെ.പിക്കെതിരെ പോരാടുന്നുവെന്ന് പറയുന്ന മേനിയൊന്നും യഥാർഥത്തിൽ കോൺഗ്രസിനില്ല. ആശയപരമായ ഉള്ളടക്കത്തിലെ ശൂന്യതയും സംഘടനപരമായ ദൗർബല്യവും കാരണം കോൺഗ്രസ് അങ്ങേയറ്റത്തെ ദുരവസ്ഥയിലാണ്. ആശങ്കപ്പെടേണ്ട സാഹചര്യമാണിത്.
മോദിയെയും സംഘ്പരിവാറിനെയും നിർഭയം എതിർക്കുന്ന രാജ്യത്തെ ഏക നേതാവായാണ് രാഹുൽ ഗാന്ധിയെ കോൺഗ്രസ് ഉയർത്തിക്കാട്ടുന്നത്?
തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പുള്ള നിർണായക ദിവസങ്ങളിൽ രാഹുൽ ഗാന്ധി ഡൽഹിയിൽ പോലുമില്ല. രാഹുൽ ഗാന്ധിക്ക് പുറമെ സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും കേരളത്തിൽ വന്ന് ഇടതുപക്ഷത്തോടാണ് മത്സരിക്കുന്നത്. എന്നിട്ടും പറയുകയാണ് ഇവരാണ് ബി.ജെ.പിക്കെതിരെ രാജ്യത്തിന്റെ പോരാട്ടം നയിക്കുന്നതെന്ന്.
കഴിഞ്ഞതവണ 19 സീറ്റിലും എൽ.ഡി.എഫ് തോറ്റു. ഇക്കുറി എന്താണ് പാർട്ടിയുടെ പ്രതീക്ഷ?
മോദിപ്പേടിയിൽ ന്യൂനപക്ഷ വോട്ട് കോൺഗ്രസിന് അനുകൂലമായി വന്നതാണ് കഴിഞ്ഞതവണ ഇടതുപക്ഷത്തിന് ചരിത്രത്തിലെ ഏറ്റവുംവലിയ പരാജയത്തിന് വഴിവെച്ചത്. കേരളത്തിന് പ്രധാനമന്ത്രിയെ കിട്ടാൻ പോകുന്നുവെന്നൊക്കെ ആയിരുന്നല്ലോ പ്രചാരണം. ഇക്കുറി ആ നില മാറിയിട്ടുണ്ട്. ബി.ജെ.പിക്കെതിരെ കോൺഗ്രസിനെ വിശ്വസിക്കാനാകില്ലെന്ന് എല്ലാവരും തിരിച്ചറിഞ്ഞുകഴിഞ്ഞു. കോൺഗ്രസ് മൃദുഹിന്ദുത്വ നിലപാട് സ്വീകരിക്കുന്നുവെന്ന് കുഞ്ഞാലിക്കുട്ടിപോലും പരാതി പറയുന്നു. ഞങ്ങൾ
എത്രയോ കാലമായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണിത്. യു.ഡി.എഫിന്റെ ഭാഗമായി നിൽക്കുന്ന കക്ഷികൾക്ക് പോലും കോൺഗ്രസിനെ വിശ്വാസത്തിലെടുക്കാൻ സാധിക്കാത്ത നിലയാണ് വന്നിരിക്കുന്നത്. 20ൽ 20ഉം വിജയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.