Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ishrat jahan arrest
cancel
camera_alt

ഇശ്റത്ത് ജഹാനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ   -മുഹമ്മദ് മെഹർബാൻ

Homechevron_rightInterviewchevron_right'മതത്തിന്റെ പേരിലാണ്...

'മതത്തിന്റെ പേരിലാണ് ഞാൻ പീഡിപ്പിക്കപ്പെട്ടത്' -ഇശ്റത്ത് ജഹാൻ

text_fields
bookmark_border

25 മാസത്തെ ജയിൽവാസത്തിനു ശേഷം ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ അഭിഭാഷകയും പൗരത്വസമര നായികയുമായ ഇശ്റത്ത് ജഹാൻ സ്വതന്ത്ര മാധ്യമ പ്രവർത്തക താരുഷി അശ്വനിയുമായി സംസാരിക്കുന്നു

ഡൽഹി കലാപ ഗൂഢാലോചന കേസിൽ അഡീഷനൽ സെഷൻസ് ജഡ്ജ് അമിതാഭ് റാവത്ത് തനിക്ക് ജാമ്യം അനുവദിച്ചുവെന്ന് കേട്ടപ്പോൾ സ്തബ്ധയായിപ്പോയി എന്നാണ് ഡൽഹി മുനിസിപ്പൽ കോർപറേഷനിലെ കോൺഗ്രസിന്റെ മുൻ കൗൺസിലറുമായ ഇശ്റത്ത് ജഹാൻ പ്രതികരിച്ചത്. ഇക്കാലമത്രയും തന്നെ 'ഭീകരവാദി'യെന്ന് മുദ്രകുത്തി പാർപ്പിച്ച, സഹതടവുകാരാൽ ആക്രമിക്കപ്പെടുന്നതിനും അധിക്ഷേപിക്കപ്പെടുന്നതിനും വേദിയായ തലസ്ഥാനത്തെ മണ്ടോളി ജയിലിൽനിന്ന് രണ്ടുവർഷത്തിനുശേഷം മോചനം ലഭിച്ചിരിക്കുന്നു.

ഭരണഘടനയിലും നീതിപീഠത്തിലുമുള്ള ഉറച്ചവിശ്വാസത്തെക്കുറിച്ച് ആവർത്തിച്ചുപറയുമ്പോഴും രണ്ടു കാര്യങ്ങൾ ഇശ്റത്തിന് ബോധ്യമായിരിക്കുന്നു.

1. ജനങ്ങളെ നിശ്ശബ്ദമാക്കാൻ യു.എ.പി.എ ഉപയോഗിക്കുന്ന രീതി, 2. മുസ്‍ലിം സ്വത്വത്തിന്റെ പേരിൽ നേരിടേണ്ടിവരുന്ന പീഡനങ്ങൾ.

'25 മാസങ്ങൾ എന്നത് ചെറിയ കാലമല്ല, വർഗീയ അധിക്ഷേപങ്ങൾ കേട്ടുകേട്ട് കാത് തഴമ്പിച്ചിരിക്കുന്നു. ഭരണഘടനയിൽ എന്നും ഞാൻ പ്രതീക്ഷ പുലർത്തിയിരുന്നു, പക്ഷേ, ജയിലിൽ എന്നെ ഉന്നമിട്ട് നടത്തിയ പീഡനങ്ങൾ ഒരു യാഥാർഥ്യമാണ്- അവർ പറയുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ആക്ടിവിസ്റ്റുകൾക്കും വിദ്യാർഥികൾക്കുംമേൽ വർഗീയ അതിക്രമങ്ങളുടെ കുറ്റം ചാർത്തിക്കൊടുത്ത ഡൽഹി പൊലീസ് 18 പേർക്കെതിരിലാണ് ഗൂഢാലോചനക്കുറ്റം ചുമത്തിയത്. അതിൽ 16 പേർ മുസ്‍ലിംകൾ.

ഖുറേജി ഖാസിലെ സമരസ്ഥലത്തെ പ്രതിഷേധക്കാരെ പ്രകോപിപ്പിച്ച് ഇളക്കിവിടാൻ ശ്രമിച്ചുവെന്നതാണ് ഇശ്റത്തിനെതിരെ വന്ന ആരോപണം. കലാപം സൃഷ്ടിക്കൽ, ഉദ്യോഗസ്ഥരെ ജോലിയിൽ തടസ്സപ്പെടുത്തൽ, അതിക്രമം, വധശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി 2020 ഫെബ്രുവരി 26ന് അറസ്റ്റ് ചെയ്തു. ഒരു മാസം തികയും മുമ്പേ മാർച്ച് 21ന് അഡീഷനൽ സെഷൻസ് ജഡ്ജ് മഞ്ജുഷ വർധ ജാമ്യം അനുവദിച്ചെങ്കിലും കൊലപാതകം, രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങൾ ചാർത്തി യു.എ.പി.എ നിയമവും കൂടി ചേർത്ത് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. അതോടെ ജാമ്യം അതി ദുഷ്കരമായി മാറി.

ഒടുവിൽ ഈ മാസം 14ന് ജാമ്യം അനുവദിക്കവെ ജഡ്ജി പറഞ്ഞത് ഡൽഹി കലാപവേളയിലോ ഏതെങ്കിലും ഗ്രൂപ്പുകളിലോ ഇശ്റത്ത് ഭാഗമായിരുന്നില്ല എന്നാണ്. കലാപകേസിൽ ജയിലിലടയ്ക്കപ്പെട്ട സലീം ഖാൻ, തസ്‍ലിം അഹ്മദ്, ഗുൽഫിഷ ഫാത്തിമ, ഉമർ ഖാലിദ്, താഹിർ ഹുസൈൻ, ശർജിൽ ഇമാം എന്നിവരുടെ ജാമ്യപേക്ഷ ഇതേ ജഡ്ജി തള്ളുകയും ചെയ്തു. നേരത്തേ ഡൽഹി ഹൈകോടതി ദേവാംഗന കലിത, നടാഷാ നർവാൾ, ആസിഫ് ഇഖ്ബാൽ തൻഹ, സഫൂറ സർഗാർ, ഫൈസാൻ ഖാൻ എന്നിവർക്ക് ജാമ്യം അനുവദിച്ചിരുന്നു.

യു.എ.പി.എ എന്നത് ഒരു കൂരിരുട്ടാണ്, നമ്മുടെ മുന്നിൽ ഒരു വഴിയും അവശേഷിക്കുന്നില്ലെന്ന് തോന്നിപ്പിക്കുന്ന ഇരുട്ട്. അതേക്കുറിച്ച് വായിക്കുമ്പോൾപോലും വിറയൽ വരും. ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് ഉറപ്പുണ്ടായിട്ടും ജയിലിൽ കഴിയേണ്ടി വരുമ്പോൾ നീതിതേടേണ്ടി വരുന്നത് അതി വേദനാജനകമാണ്. ഏതായാലും നീതിപീഠം ഒടുവിൽ രക്ഷക്കെത്തിയിരിക്കുന്നു - ഇശ്റത്ത് പറയുന്നു.

മണ്ടോളി ജയിലിൽ എത്തിയപ്പോഴുള്ള ആദ്യ ചിന്തകൾ എന്തായിരുന്നു?

2020 ഫെബ്രുവരി 26നാണ് ഞാൻ അറസ്റ്റിലാവുന്നത്. ഞാനൊരു തെറ്റും ചെയ്തിട്ടില്ല എന്ന് ഉറപ്പായിരുന്നു. എന്റെ പ്രദേശത്ത്- ജഗത്പുരിയിൽ ഒരുവിധ അതിക്രമങ്ങളും ഉണ്ടായിട്ടില്ല. എന്നിട്ടും പൊലീസ് എന്നെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തു. മണ്ടോളിയിൽ അടച്ചപ്പോൾ കൂടിയാൽ മൂന്നോ നാലോ ദിവസത്തേക്കായിരിക്കും ഇതെന്ന് ഞാൻ എന്നോടുതന്നെ പറഞ്ഞു.

മാർച്ച് 21ന് ജാമ്യം ലഭിച്ചെങ്കിലും അന്നുതന്നെ മറ്റൊരു എഫ്.ഐ.ആറിൽ കോടതിയിൽ ഹാജരാക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കഴിയേണ്ടിവരുകയും അവിടെനിന്ന് വിടുതൽ ലഭിക്കാനിരിക്കെ കള്ളക്കേസിൽ കുടുക്കി വീണ്ടും തടവിലാക്കുന്നതും നടുക്കിക്കളഞ്ഞ അനുഭവമായിപ്പോയി.

മുസ്‍ലിം സ്വത്വത്തിന്റെ പേരിൽ ജയിലിൽ പീഡനങ്ങൾ നേരിടേണ്ടിവന്നു എന്നു പറഞ്ഞത് എന്തുകൊണ്ടാണ്?

ജയിലിലടയ്ക്കപ്പെട്ടപ്പോൾ സഹതടവുകാർ മാത്രമല്ല, ജയിൽ അധികൃതർ തന്നെ എന്നെ ഉപദ്രവിച്ചിരുന്നു. സഹതടവുകാർക്ക് അവർ നൽകിയ നിർദേശവും അതിന്റെയടിസ്ഥാനത്തിൽ അവർ ചെയ്തുകൂട്ടിയതും ജയിൽജീവിതം കൂടുതൽ കടുപ്പമുള്ളതാക്കി. ഭീകരവാദി എന്ന മുദ്രചാർത്തി എന്നെ ബഹിഷ്കരിക്കുന്ന ഒരു സാഹചര്യമായിരുന്നു. എന്നാൽ, പതിയെ പതിയെ സഹതടവുകാർ ഞാനുമായി ഇടപഴകാൻ തുടങ്ങിയതോടെ വിദ്വേഷത്തിന്റെ മതിലുകളെല്ലാം പൊളിഞ്ഞുവീണു. അഭിഭാഷകയായതിനാൽ എന്നോട് വിചാരണ തടവുകാരും, ദീർഘകാല തടവുകാരുമെല്ലാം നിയമോപദേശം തേടി.

അധികൃതർ നിർദേശിച്ചതുപ്രകാരം എന്നോട് നിസ്സഹകരണം പുലർത്തിയില്ലായിരുന്നുവെങ്കിൽ അവർ ഒരുപാട് കഷ്ടപ്പെടലുകൾ സഹിക്കേണ്ടി വന്നേനെയെന്ന് പലരും തുറന്നു പറഞ്ഞു. ചിലർ കരുതിക്കൂട്ടി എന്നെ ദ്രോഹിച്ചിട്ടുണ്ട്. എന്നാൽ, മറ്റു ചില തടവുകാരുമായി ഞാൻ ഭക്ഷണം പങ്കിട്ടു, അവരെ യോഗ അഭ്യസിപ്പിച്ചു, ചില തടവുകാരുടെ കുഞ്ഞുങ്ങളുമൊത്ത് കളിക്കുവാൻപോലും ഞാൻ സമയം ചെലവിട്ടു.

ഭീകരവാദി മുദ്ര ചുമത്തപ്പെട്ടശേഷം നേരിടേണ്ടി വന്ന ഇസ്‍ലാമോഫോബിക് ആയ പെരുമാറ്റങ്ങൾ അതിഹീനമായിരുന്നു. പരിശോധിക്കാനെന്നുപറഞ്ഞ് അവരെന്റെ തലയിലെ തട്ടം നീക്കും, മെടഞ്ഞിട്ട മുടി അഴിക്കും, മാസ്ക് നീക്കി വായക്കുള്ളിൽ എന്തെങ്കിലും ഒളിപ്പിച്ചുവെച്ചിട്ടുണ്ടോ എന്നു പോലും പരിശോധിക്കും. ഞാൻ നേടിയ വിദ്യാഭ്യാസമാണ് ആ ഘട്ടത്തിൽ എനിക്ക് തുണയായത്. ബന്ധപ്പെട്ട കോടതിയെ ഞാനീ പ്രയാസങ്ങളെല്ലാം ധരിപ്പിച്ചു, മിക്ക തവണവയും അവർ പ്രതികരിക്കുകയും ചെയ്തു. 25 മാസത്തെ ജയിലനുഭവത്തിന്റെ വെളിച്ചത്തിൽ പറയാൻ കഴിയും- തടവറയിലെ സ്ത്രീജീവിതം പ്രയാസകരമാണ്, അടിയന്തര പരിഷ്കരണങ്ങൾ ആവശ്യവുമാണ്.

മുസ്‍ലിം ആയതുകൊണ്ടാണ് നിങ്ങൾ ഉന്നംവെക്കപ്പെട്ടത് എന്ന് കരുതുന്നുണ്ടോ?

പിന്നിട്ട 25 മാസങ്ങളിലെ ഓരോ ദിവസവും ഞാൻ ദ്രോഹിക്കപ്പെട്ടത് ശിരോവസ്ത്രത്തിന്റെ പേരിലോ എന്റെ മുസ്‍ലിം സ്വത്വവുമായി ബന്ധപ്പെട്ട ഏതെങ്കിലും കാര്യത്തിനോ ആയിരുന്നു. പാർക്കിലിരിക്കെ എന്തെങ്കിലും ഹിന്ദു പ്രാർഥനാ പരിപാടികൾ നടക്കുകയാണെങ്കിൽ സുരക്ഷ കാരണങ്ങളാൽ അവിടെ നിന്ന് എണീറ്റുപോകാൻ പലകുറി എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പൗരത്വ വിഷയത്തിൽ ശബ്ദമുയർത്തിയതിന്റെ പേരിൽ നിങ്ങളിപ്പോൾ ഖേദിക്കുന്നുണ്ടോ?

ഖുറേജി ഖാസിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ പതിവായി ഞാൻ പങ്കെടുക്കാറുണ്ടായിരുന്നു. അവകാശങ്ങൾക്കായി ശബ്ദമുയർത്താനുള്ള അവരുടെ ആർജവത്തിൽ എനിക്ക് ഏറെ ആദരവും തോന്നിയിരുന്നു. അവിടെ അതിക്രമങ്ങളൊന്നും ഉണ്ടായിട്ടില്ല, കലാപവും നടന്നില്ല. എന്നാൽ, വ്യാജ ആരോപണങ്ങൾ ചുമത്തി എന്നെ പിടികൂടുകയായിരുന്നു.

പൗരത്വ സമരത്തെ വെറും പ്രതിഷേധം മാത്രമായോ സമാന മനസ്കരുടെ കൂടിച്ചേരലോ ആയല്ല ഞാൻ കാണുന്നത്, മറിച്ച് സ്ത്രീശാക്തീകരണത്തിന്റെ അതിശക്തമായ ഉദാഹരണമാണ്, സ്വാതന്ത്ര്യപ്പോരാട്ട ശേഷം ഇന്ത്യയിൽ ഉയിർകൊണ്ട ഏറ്റവും കരുത്തുറ്റ സ്ത്രീ മുന്നേറ്റമാണിത്.

(കടപ്പാട്: article-14.com)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAPAIshrat JahanCitizenship Amendment Act
News Summary - I was persecuted in the name of religion says Ishrat Jahan
Next Story