സീറ്റുനിലയിലെ വ്യത്യാസം ചെറുതായാൽ കോൺഗ്രസ് നേതാക്കൾ മറുകണ്ടം ചാടും
text_fieldsമലബാറിലെ സി.പി.എമ്മിന്റെ ജനകീയ മുഖമാണ് പാലോളി മുഹമ്മദ് കുട്ടി. 1996ലും 2006ലും തദ്ദേശഭരണ മന്ത്രിയായി. മന്ത്രിയായിരിക്കെ അധികാരവികേന്ദ്രീകരണം, ജനകീയാസൂത്രണം, കുടുംബശ്രീ എന്നിവക്ക് തുടക്കമിട്ട അദ്ദേഹം, ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ നിലപാടുകൾ പങ്കുവെക്കുന്നു...
- തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ദേശീയരാഷ്ട്രീയം നൽകുന്ന ചിത്രമെന്താണ്?
ദേശീയ രാഷ്ട്രീയസ്ഥിതി ഉത്കണ്ഠാജനകവും ജനാധിപത്യത്തെ ഹനിക്കുന്ന തരത്തിലുമാണ്. ബി.ജെ.പി ഭരണം മതനിരപേക്ഷ ഇന്ത്യയുടെ നിലനിൽപിനെതന്നെ അപകടത്തിലാക്കി. എന്നാൽ, ബി.ജെ.പിയുടെ ഈ നയങ്ങൾക്കെതിരെ മുഖ്യപ്രതിപക്ഷമായ കോൺഗ്രസിന് ശക്തമായ രാഷ്ട്രീയ നിലപാടില്ല.
ഫലം വരുമ്പോൾ ബി.ജെ.പിയും മറ്റു പാർട്ടികളും തമ്മിൽ സീറ്റുനിലയിൽ ചെറിയ വ്യത്യാസമാണുള്ളതെങ്കിൽ, ശശി തരൂരടക്കമുള്ള കോൺഗ്രസ് നേതാക്കൾ മറുകണ്ടം ചാടുമെന്നതിൽ സംശയമില്ല. പൊതുശത്രുവിനെ നേരിടാൻ ശക്തമാകേണ്ട കോൺഗ്രസിന് നിലപാടുകളില്ലാതെ പോകുന്നെന്നതാണ് സ്ഥിതി.
കേന്ദ്രസർക്കാറിന്റെ തെറ്റായ നയങ്ങൾക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന ഏക സംസ്ഥാനമാണ് കേരളം. 2019ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വീണ്ടും വരുമെന്ന ആശങ്ക കേരളത്തിലും ചലനമുണ്ടാക്കുകയും കോൺഗ്രസിന് ഭൂരിപക്ഷം ലഭിക്കുകയും ചെയ്തു. പക്ഷേ, ഭൂരിപക്ഷം സീറ്റുകളും ജയിച്ച കോൺഗ്രസ് എം.പിമാർക്ക് പാർലമെന്റിൽ ഒരു വിഷയത്തിലും ശക്തമായ നിലപാടെടുക്കാനായില്ല.
മുസ്ലിം ലീഗിന്റെ സ്ഥിതിയും വ്യത്യസ്തമല്ലായിരുന്നു. ബി.ജെ.പിക്കെതിരെ ശക്തമായ നിലപാടെടുത്താൽ പോപുലർ ഫ്രണ്ടിനോടെടുത്ത നിലപാട് കേന്ദ്രസർക്കാർ തങ്ങളോടും കൈക്കൊള്ളുമോയെന്ന ഭയമാണ് അവരെ അതിൽനിന്ന് പിന്തിരിപ്പിച്ചത്.
- ബി.ജെ.പിയുമായി കേരളത്തിൽ സി.പി.എം ഒത്തുകളിക്കുകയാണെന്നാണല്ലോ കോൺഗ്രസ് ആരോപണം?
വോട്ടിനുവേണ്ടി എന്തും പറയാൻ മടിക്കാത്ത പാർട്ടിയായി കോൺഗ്രസ് മാറിയെന്നതാണ് ഇത് തെളിയിക്കുന്നത്. ബി.ജെ.പിയുടെ മുഖ്യശത്രുക്കളാണ് എക്കാലവും മുസ്ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങളും കമ്യൂണിസ്റ്റുകാരും. ന്യൂനപക്ഷങ്ങളും കമ്യൂണിസ്റ്റുകാരും രാജ്യത്തുനിന്ന് ആട്ടിയോടിക്കപ്പെടേണ്ട വിഭാഗമായാണ് സംഘ്പരിവാർ കാണുന്നത്. ആ ലക്ഷ്യം നേടാനാണ് അവർ പലതും ആസൂത്രണം ചെയ്യുന്നതുപോലും.
കേരളത്തിൽ ഉൾപ്പെടെ ബി.ജെ.പിയുടെ മുഖ്യശത്രു സി.പി.എമ്മാണ്. കോൺഗ്രസിനെ അപേക്ഷിച്ച് പല സംസ്ഥാനങ്ങളിലും സി.പി.എമ്മിന് സ്വാധീനമില്ലെങ്കിലും ബി.ജെ.പി തങ്ങളുടെ രാഷ്ട്രീയശത്രുവായി സി.പി.എമ്മിനെ കാണുന്നത് മാത്രം മതി ആരാണ് സംഘ്പരിവാറിനെ ശക്തമായി നേരിടുന്നത് എന്ന് മനസ്സിലാക്കാൻ. കോൺഗ്രസ് എവിടെയാണ് സംഘ്പരിവാറിനെ ശക്തമായി എതിർക്കുന്നത്?
- മുസ്ലിം ലീഗ്-സി.പി.എം സഹകരണം വീണ്ടും ചർച്ചയാകുമ്പോൾ എന്താണ് പാർട്ടി നിലപാട്?
മുസ്ലിംലീഗിന്റെ നിലപാടിനോട് സി.പി.എമ്മിന് യോജിക്കാനാകില്ല. ലീഗിന് ന്യൂനപക്ഷ വിഷയത്തിൽ ശക്തമായ നിലപാടില്ല. ബാബരി മസ്ജിദ് വിഷയത്തിൽ പാണക്കാട് സാദിഖലി തങ്ങൾ നടത്തിയ പ്രസ്താവന നമ്മൾ കണ്ടതാണല്ലോ.
അതിനും മുമ്പ് ബാബരി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ, കോൺഗ്രസുമായി ഇനി ബന്ധമില്ലെന്ന് ഇബ്രാഹിം സുലൈമാൻ സേട്ട് പ്രഖ്യാപിച്ചു. എന്നാൽ, തൊട്ടടുത്ത ദിവസംതന്നെ പി.കെ. കുഞ്ഞാലിക്കുട്ടി കോൺഗ്രസിന് പിന്തുണ വാഗ്ദാനം ചെയ്തു. ഇതാണ് ലീഗിന്റെ നിലപാട്.
മുസ്ലിം ജനവിഭാഗം ഇന്ത്യയുമായി ചേർന്നുനിൽക്കണമെന്ന് അന്ന് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മുന്നറിയിപ്പ് നൽകിയതാണ്. എന്നാൽ, ബി.ജെ.പി അധികാരത്തിൽ വന്നതോടെ എല്ലാം മാറിമറിഞ്ഞു. പാക് വിഭജനത്തിനു കാരണം മുസ്ലിംകളാണെന്ന പ്രചാരണമല്ലേ അവർ നടത്തുന്നത്.
അതിന് വഴിവെച്ചവരല്ലേ ലീഗുകാർ. ലീഗിനെ എങ്ങനെ എൽ.ഡി.എഫിലേക്ക് കൊണ്ടുവരും? കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചാലും അത് സാധ്യമല്ല. ലീഗുമായി മുമ്പ് തെരഞ്ഞെടുപ്പ് ധാരണയുണ്ടായിരുന്നു എന്നത് ശരിതന്നെ. അത് പക്ഷേ രാഷ്ട്രീയ ഒത്തുചേരലായിരുന്നില്ല, താൽക്കാലിക ധാരണ മാത്രമായിരുന്നു.
- ലീഗിന് ഇത്തവണയും മൂന്നാം സീറ്റ് ലഭിച്ചില്ല. ആ വിവാദത്തെ എങ്ങനെ കാണുന്നു?
ലോക്സഭയിലേക്ക് മൂന്നാംസീറ്റ് കിട്ടണമെന്നതിനെക്കാളേറെ പാർട്ടിയിലെ ചിലരെ സമാധാനിപ്പിക്കുകയെന്നതായിരുന്നു ലീഗിന്റെ ലക്ഷ്യം. ലീഗിനെ കൂടെ നിർത്തുമ്പോഴും കോൺഗ്രസ് ഹിന്ദുത്വ നിലപാടുകളെ ഭയപ്പെടുന്നു. അതാണ് ഇപ്പോഴത്തെ കൊടിവിവാദത്തിനടക്കം കാരണമായത്. അധികാരം മാത്രം മുന്നിൽ കാണുന്ന, രാഷ്ട്രീയ നിലപാടുകളില്ലാത്ത ലീഗിന് കോൺഗ്രസ് നിലപാടിൽ പ്രതികരിക്കാതെ നിൽക്കാനേ സാധിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.