ആത്മാഭിമാനമുണ്ട് ആത്മവിശ്വാസവും
text_fieldsഅത്യന്തം പ്രക്ഷുബ്ധമായൊരുകാലത്ത് രൂപംകൊണ്ട ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് പ്രവർത്തനങ്ങളുടെയും പോരാട്ടങ്ങളുടെയും ഏഴരപ്പതിറ്റാണ്ടിലെത്തുമ്പോൾ രാജ്യവും സമുദായവും സമാനതകളില്ലാത്ത വെല്ലുവിളികളുടെ നിഴലിലാണ്. ഈ കാലത്തെ അതിജയിക്കാൻ സംഘടന ഒരുങ്ങുന്നതെങ്ങനെയെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ‘മാധ്യമ’ത്തോട് വിശദമാക്കുന്നു
- മുക്കാൽ നൂറ്റാണ്ട് പൂർത്തിയാക്കുകയാണ് ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ്. ഗതകാല ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ മുന്നോട്ടുനോക്കുമ്പോൾ എന്തു തോന്നുന്നു?
വളരെ ആത്മവിശ്വാസത്തോടെയും പ്രതീക്ഷയോടെയുമാണ് പാർട്ടി മുന്നോട്ടുപോകുന്നത്. മുസ്ലിം ലീഗിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നയാർക്കും സംഘടന മതേതര ജനാധിപത്യമൂല്യങ്ങളിൽ ഉറച്ചുനിന്നു പ്രവർത്തിക്കുന്നുവെന്നും വർഗീയതയെയും ഫാഷിസത്തെയും അത് പല്ലും നഖവും ഉപയോഗിച്ച് എതിർക്കുന്നുവെന്നും സാമുദായിക സൗഹാർദവും സഹിഷ്ണുതയും ഊട്ടിയുറപ്പിച്ചു മുന്നോട്ടുപോകുന്നുവെന്നും മനസ്സിലാക്കാം.
അതു പൊതുസമൂഹം മനസ്സിലാക്കി എന്നതാണ് നമ്മുടെ ഏറ്റവും വലിയ വിജയം. അഞ്ചാറു മാസങ്ങൾക്കു മുമ്പ് മുസ്ലിം ലീഗ് എല്ലാ ജില്ലകളിലും സൗഹൃദസദസ്സ് സംഘടിപ്പിച്ചു. ജാതിമത കക്ഷിരാഷ്ട്രീയ ഭേദമെന്യേ എല്ലാവരുടെയും പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായിരുന്നു ഓരോ പരിപാടിയും. അവിടെ വന്നുചേർന്നവരെല്ലാം പറഞ്ഞത്, കേരളത്തിൽ മുസ്ലിം ലീഗ് നിലനിൽക്കേണ്ടത് പൊതുസമൂഹത്തിന്റെ ആവശ്യമാണെന്നാണ്.
കാസർകോട്ടെ ആദ്യപരിപാടിതന്നെ അത്യന്തം ആത്മവിശ്വാസം പകരുന്നതായിരുന്നു. അവിടെ ചിന്മയമിഷന്റെ സ്വാമി പറഞ്ഞു: ‘‘കേരളത്തിൽ എവിടെയെങ്കിലും വല്ല അരുതായ്മകളുമുണ്ടാകുമ്പോൾ ഞങ്ങൾ മലപ്പുറത്തേക്ക് ഉറ്റുനോക്കും. അവിടെനിന്ന് ഒരു വാക്ക് വരാനുണ്ട്, അതുവന്നു കഴിഞ്ഞാൽ കേരളം സമാധാനത്തിലാകും’’.
വമ്പിച്ച ആത്മവിശ്വാസം നൽകിയ വാക്കുകളായിരുന്നു അത്. മുസ്ലിം ലീഗിന്റെ വളരെ സുതാര്യമായ പ്രവർത്തനങ്ങളാണ് അദ്ദേഹത്തെക്കൊണ്ട് അതു പറയിച്ചത്.
- 75 വർഷം മുമ്പ് വളരെ കലുഷമായ അന്തരീക്ഷത്തിലാണ് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈൽ ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിന് രൂപം കൊടുക്കുന്നത്. കാലപ്രയാണത്തിനൊടുവിൽ ഇന്നും രാജ്യം അത്തരമൊരു പ്രതിസന്ധിഘട്ടത്തിലാണ് വന്നുനിൽക്കുന്നത്. വർത്തമാന ഇന്ത്യയിൽ പാർട്ടിയുടെ സാധ്യതകളെ എങ്ങനെ കാണുന്നു?
സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ന്യൂനപക്ഷങ്ങൾക്കു വളരെ വലിയ വെല്ലുവിളി ഉണ്ടായിരുന്നു. പ്രഥമ സ്വാതന്ത്ര്യനാൾ രാജ്യതലസ്ഥാനത്ത് ആഘോഷിക്കുമ്പോൾ സ്വാതന്ത്ര്യസമരം നയിച്ച ഗാന്ധിജി അവിടെ ഇല്ല. അദ്ദേഹം കൊൽക്കത്തയിൽ വർഗീയത്തീ അണയ്ക്കുന്നതിൽ വ്യാപൃതനായിരുന്നു. അക്കാലത്ത് ന്യൂനപക്ഷങ്ങൾക്ക് ഏറെ വെല്ലുവിളി നിറഞ്ഞ സാഹചര്യമായിരുന്നു. അതിനുശേഷം രാജ്യം ജനാധിപത്യക്രമത്തിലേക്ക് നീങ്ങുകയും വികസനപ്രവർത്തനങ്ങളിലേക്ക് തിരിയുകയും ചെയ്തതോടെ ഈ കാലുഷ്യത്തിന് അൽപം ശമനമുണ്ടായിരുന്നു.
കോൺഗ്രസ് ഭരണത്തിൽ ന്യൂനപക്ഷങ്ങൾക്കു കുറെയൊക്കെ സമാധാനം കൈവന്നു. പക്ഷേ, അതിനുശേഷം ബി.ജെ.പി ശക്തിപ്രാപിച്ചു. മുസ്ലിംകൾക്കും ഇതര സമൂഹങ്ങൾക്കുമിടയിൽ അസഹിഷ്ണുത പടർത്തുക, വിദ്വേഷത്തിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുക, അകൽച്ചയുണ്ടാക്കുക എന്നതായി അവരുടെ മിനിമം പരിപാടിതന്നെ. അധികാരലബ്ധിക്ക് അവർ കണ്ടെത്തിയ വഴിയായിരുന്നു അത്.
ബാബരി മസ്ജിദ് ധ്വംസനമൊക്കെ അതിന്റെ ഭാഗമായിരുന്നു. ആർ.എസ്.എസും വി.എച്ച്.പിയും രാഷ്ട്രീയരൂപമായ ബി.ജെ.പിയുമൊക്കെ ഒരുപാട് പതിറ്റാണ്ടുകൾ ചെലവിട്ടു നടത്തിയ ആസൂത്രണത്തിന്റെ ഫലമായിരുന്നു മസ്ജിദ് ധ്വംസനം. ബാബരി മസ്ജിദ് തകർത്തതിലൂടെ ഇന്ത്യൻ സമൂഹത്തിന്റെ മനംപിളർക്കുകയാണ് അവർ ചെയ്തത്.
അത് അവർ ഇപ്പോഴും തുടർന്നുവരുന്നു. 1948 ലെ ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിന്റെ രൂപവത്കരണ കാലത്തേതിനു സമാനമായ സാഹചര്യത്തിലേക്ക് ഇന്ത്യ വീണ്ടും വഴുതിപ്പോയിരിക്കുന്നു. അന്നു ഭീഷണമായ വെല്ലുവിളികൾക്കിടയിൽ എല്ലാം കണ്ടുകൊണ്ടുതന്നെ മുസ്ലിം ലീഗ് സവിശേഷമായൊരു പ്രവർത്തനശൈലി രൂപപ്പെടുത്തി.
സമുദായ സൗഹാർദത്തിന്റെയും മതേതരത്വത്തിന്റെയും നിലനിൽപിനും വർഗീയ ഫാഷിസത്തിനെതിരെ സന്ധിയില്ലാ സമരത്തിനുമാണ് ലീഗ് മുമ്പേ ഇറങ്ങിത്തിരിച്ചത്. ഈ പരിപാടികളോടെ തുടർന്നും മുന്നോട്ടുപോകും.
- ആത്മാഭിമാനത്തിന്റെ 75 വർഷം എന്നാണ് ജൂബിലി മുദ്രാവാക്യം. ദേശീയതലത്തിൽ മുസ്ലിം ന്യൂനപക്ഷത്തിന് കൂടുതൽ ആത്മവിശ്വാസം കൈവരുത്താൻതക്ക പ്രവർത്തനപരിപാടികൾ ആലോചിക്കുന്നുണ്ടോ?
അരനൂറ്റാണ്ടുകാലത്തെ പ്രവർത്തനഫലമായി കേരളത്തിൽ നല്ലൊരു ഇമേജ് മുസ്ലിം ലീഗിന് ഉണ്ടാക്കിയെടുക്കാനായിട്ടുണ്ട്. സമാധാനപരമായ സഹവർത്തിത്വമാണ് ലീഗിന്റെ പ്രഖ്യാപിത നയം. കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തിൽ സമാധാനത്തിന്റെ പുലർച്ചക്ക് വലിയ സംഭാവനയാണ് ലീഗ് അർപ്പിച്ചിട്ടുള്ളത്.
അതുകൊണ്ടാണ് എല്ലാവരും കേരളത്തിലെ ലീഗ് പ്രവർത്തനങ്ങളിലേക്ക് ആവേശപൂർവം ഉറ്റുനോക്കുന്നത്. രാജ്യത്തിന്റെ ഇതര ഭാഗങ്ങളിൽ പര്യടനം നടത്തുമ്പോൾ ഈ പ്രവർത്തനങ്ങൾ അങ്ങോട്ടുകൂടി വ്യാപിപ്പിക്കണമെന്ന് അന്നാട്ടുകാർ ശക്തമായി ആവശ്യപ്പെടാറുണ്ട്. ആ മേഖലയിൽ കടന്നുചെല്ലാനുള്ള പരിപാടികൾ ഞങ്ങൾ ആവിഷ്കരിക്കുന്നുണ്ട്.
ബി.ജെ.പിയുടെ ധ്രുവീകരണ രാഷ്ട്രീയം സജീവമായ അവിടെ മുസ്ലിം ലീഗിന്റെ പേരും കൊടിയുമൊക്കെ പ്രശ്നവത്കരിക്കാനും വർഗീയനേട്ടത്തിനു ഉപയോഗിക്കാനുമൊക്കെയുള്ള ശ്രമം അവരുടെ ഭാഗത്തുനിന്നുണ്ട്. അതെല്ലാം കണക്കിലെടുത്തും മറികടന്നും മുന്നോട്ടുപോകണമെന്നുതന്നെയാണ് നിശ്ചയം.
നിലവിൽതന്നെ മുസ്ലിംലീഗ് യു.പി.എയുടെ ഭാഗമാണ്. കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണിയിലെ വിവിധ കക്ഷികളുമായി സഹകരിച്ചുകൊണ്ട് മറ്റു സംസ്ഥാനങ്ങളിൽ മുസ്ലിം ലീഗിന്റെ പ്രവർത്തനം വ്യാപിപ്പിക്കും. കേരളത്തിനു പുറമെ തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ മാത്രമെ ലീഗിന് കാലൂന്നാനായിട്ടുള്ളൂ.
- മുസ്ലിം ലീഗിന്റെ പേരും കൊടിയുമൊക്കെ ദേശീയ രാഷ്ട്രീയത്തിൽ ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്നുണ്ട്. സംഘടന അത് കാര്യഗൗരവമായി എടുത്തിട്ടുണ്ടോ?
ഇടക്കിടെ പലരും ഇത്തരം വിഷയങ്ങളൊക്കെ ഉന്നയിക്കാറുണ്ട്. ഏറ്റവുമൊടുവിൽ മുസ്ലിം ലീഗിന്റെ പേരുമാറ്റണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നു. കേസ് പരിഗണിക്കുന്നതിനിടെ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമീഷന്റെ അഭിപ്രായം തേടുകയുണ്ടായി.
നിലവിലെ ഇന്ത്യൻ നിയമമനുസരിച്ച് മുസ്ലിം ലീഗിനെ ഒരു നിലക്കും നിരോധിക്കാൻ സാധിക്കുകയില്ല. ലീഗ് പ്രവർത്തനങ്ങൾ വളരെ സുതാര്യമാണ്. ഇന്ത്യൻ ഭരണഘടനയെയും പാർലമെന്ററി സംവിധാനത്തെയും മാനിച്ചുകൊണ്ടാണ് ലീഗിന്റെ പ്രവർത്തനം. മുക്കാൽ നൂറ്റാണ്ടു നീണ്ട സംഘടനയുടെ പ്രവർത്തന പാരമ്പര്യത്തിൽ അതിനു വിഘാതമായ ഒന്നും ചൂണ്ടിക്കാണിക്കാനാവില്ല എന്നു കമീഷൻ പരമോന്നത കോടതിയെ ബോധിപ്പിച്ചു. ഇത് വലിയ ആത്മവിശ്വാസമാണ് ലീഗിന് പ്രദാനം ചെയ്തത്.
- മുഹമ്മദ് ഇസ്മാഈൽ സാഹിബ്, ബി. പോക്കർ സാഹിബ്, കെ.എം. സീതി സാഹിബ്, ഇബ്രാഹീം സുലൈമാൻ സേട്ട്, ജി.എം. ബനാത്ത് വാല എന്നിങ്ങനെ ഇന്ത്യൻ പാർലമെന്റിൽ ഇന്ത്യൻ മുസ്ലിംകളുടെ ശബ്ദമായി മാറിയിരുന്നു ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ്. ഈ ശബ്ദം പിൽക്കാലത്ത് നേർത്തുവരുകയും അസദുദ്ദീൻ ഉവൈസിയെ പോലുള്ളവർ രംഗം കൈയടക്കുകയും ചെയ്തുവോ?
തീവ്രവാദത്തിനും നിഷേധശബ്ദങ്ങൾക്കുമൊക്കെ ഏതു കാലത്തും കവിഞ്ഞ ജനശ്രദ്ധ കിട്ടാറുണ്ട്. സോഷ്യൽ മീഡിയ സജീവമായതോടെ അതിനു ദൃശ്യത കൂടി. മുസ്ലിം ലീഗിന്റെ ആദ്യകാലനേതാക്കൾ മുന്നോട്ടുവെച്ച ആശയങ്ങൾക്ക് ഇപ്പോൾ കൂടുതൽ സ്വീകാര്യതയുണ്ട്. അത് കുറച്ചുകൂടി ശബ്ദത്തിൽ ഞങ്ങൾക്ക് പറയാൻ സാധിക്കണം. അതിനു കഴിഞ്ഞാൽ ഇപ്പോഴത്തെ തെറ്റിദ്ധാരണകളൊക്കെ മറികടക്കാം.
നിലവിലെ പ്രതിനിധികൾ പാർട്ടിക്കും സമുദായത്തിനും വേണ്ടിയും തങ്ങളുടെ മണ്ഡലങ്ങളുടെ വികസനത്തിനു വേണ്ടിയുമൊക്കെ സംസാരിക്കുന്നുണ്ട്. ചിലയാളുകൾക്ക് കൂടുതൽ ശബ്ദം ലഭിക്കുന്നുണ്ടാവാം. അതിനെ എങ്ങനെ മറികടക്കാമെന്നും നമ്മുടെ ശബ്ദം കൂടുതൽ പ്രതിഫലിപ്പിക്കാമെന്നുമുള്ളതൊക്കെ ആലോചനയിലുണ്ട്.
- യുവജനങ്ങളും വിദ്യാർഥികളുമൊക്കെ സംഘടനാരംഗത്ത് സജീവമായുണ്ട്. അവരെ വെച്ച് ദേശീയതലത്തിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിന് പ്രത്യേക വല്ല പദ്ധതികളും?
ദേശീയ രാഷ്ട്രീയത്തിൽ വിവിധ സർവകലാശാലകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ ഇപ്പോൾ സജീവമായി വരുകയാണ്. അഖിലേന്ത്യ തലത്തിൽ വിദ്യാർഥിവിഭാഗമായ മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷൻ അംഗബലം കൊണ്ടല്ലെങ്കിലും പ്രവർത്തനങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
പല സംസ്ഥാനങ്ങളിലും എം.എസ്.എഫിന് ഘടകങ്ങളും കാമ്പസ് യൂനിറ്റുകളും വന്നുകഴിഞ്ഞു. യൂത്ത് ലീഗ് ദേശീയതലത്തിൽ നേരത്തേ തന്നെ രംഗത്തുണ്ട്. അടുത്ത കാലത്തായി സംഘർഷ ബാധിതപ്രദേശങ്ങളിൽ ഇരകളായ ന്യൂനപക്ഷസമുദായത്തിന് ആശ്വാസമെത്തിക്കാനും ആത്മവിശ്വാസം പകരാനുമുള്ള ശ്രമങ്ങൾ കൂടുതൽ സജീവമാണ്.
അതുവഴി, ദേശീയ സാന്നിധ്യം വിപുലപ്പെടുത്താനും സമൂഹശ്രദ്ധ നേടിയെടുക്കാനും കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അവരുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകും. പുതിയ കാലത്തെയും തലമുറയെയും അഭിസംബോധന ചെയ്യാൻ എം.എസ്.എഫിനെയും യൂത്ത് ലീഗിനെയും കൂടുതൽ ശക്തിപ്പെടുത്തും.
- ഈ രാഷ്ട്രീയപ്രവർത്തനം മലപ്പുറത്തും മലബാറിലും പരിമിതപ്പെടുത്താതെ കേരളത്തിലെ മറ്റിടങ്ങളിലേക്കുകൂടി വ്യാപിപ്പിക്കാൻ കഴിയുന്നുണ്ടോ?
ആ കാര്യം ഞങ്ങളുടെ പരിശോധനയിലുള്ളതാണ്. മലബാറിനപ്പുറത്ത് മുസ്ലിം ലീഗിന്റെ അസാന്നിധ്യം തീവ്രവാദസ്വഭാവമുള്ള സംഘടനകളുടെ വേരോട്ടത്തിനും വളർച്ചക്കും കാരണമായിട്ടില്ലേ എന്നത് ഞങ്ങളുടെ സജീവചിന്തയിലുള്ള കാര്യമാണ്. അതിനെ മറികടക്കുവാൻ കഴിയും.
പുതിയ അംഗത്വകാമ്പയിന്റെ ഭാഗമായി ദക്ഷിണ കേരളത്തിലും മറ്റും ധാരാളം പേർ പുതുതായി പാർട്ടിയിൽ അണിചേർന്നിട്ടുണ്ട്. പുതിയ കമ്മിറ്റികൾ നിലവിൽ വന്നുകഴിഞ്ഞു. ആ സംവിധാനത്തെ ശക്തിപ്പെടുത്തി മുസ്ലിം ലീഗിന്റെ സാന്നിധ്യം അവിടെയും സജീവമാക്കാനാണ് പരിപാടി.
- യുവജനങ്ങളും സ്ത്രീകളുമൊക്കെ അസംതൃപ്തി പ്രകടിപ്പിച്ച ചില സന്ദർഭങ്ങളുണ്ടായി. അവരെ അണിചേർത്തു മുന്നോട്ടുപോകാൻ എന്തു ചെയ്യും?
അംഗത്വകാമ്പയിൻ കഴിഞ്ഞപ്പോൾ 51 ശതമാനം വനിതകളാണ് അണികളിൽ എന്നു വ്യക്തമായി. പുരുഷന്മാർ അവർക്കു പിറകിലാണ്. അതൊരു വലിയ മാറ്റമാണ്. വനിതകൾ ഒരു പാർട്ടിയെ വെറുതെ കണ്ണടച്ച് വിശ്വസിക്കുകയില്ല. കുടുംബങ്ങൾക്ക് സുരക്ഷിതത്വം നൽകുന്ന പാർട്ടിയായി മുസ്ലിം ലീഗിനെ കണ്ടുകൊണ്ടാണ് അവർ സംഘടനയിൽ അംഗത്വമെടുത്തിരിക്കുന്നത്.
വനിത ശാക്തീകരണത്തെ വളരെ ഗൗരവത്തോടെതന്നെയാണ് ലീഗ് കാണുന്നത്. വിദ്യാഭ്യാസരംഗത്ത് വനിതകളെ മുൻപന്തിയിലെത്തിക്കാൻ മുസ്ലിം ലീഗിന്റെ പ്രവർത്തനങ്ങൾ വഴി സാധിച്ചിട്ടുണ്ട്. സാമൂഹിക ജീവിതത്തിൽ അവരുടെ അർഹതക്കൊത്ത അംഗീകാരം നൽകി ഉയർത്തിക്കൊണ്ടുവരുക മുസ്ലിം ലീഗിന്റെ നയമാണ്.
- മുസ്ലിം ലീഗിന്റെ നേട്ടങ്ങളെക്കുറിച്ച്, അതുവഴി സമുദായം നേടിയ പുരോഗതിയെക്കുറിച്ചു പറയുമ്പോൾ ഏറ്റവും കൂടുതൽ അനുസ്മരിക്കപ്പെടുന്ന നാമങ്ങളാണ് സി.എച്ച്. മുഹമ്മദ് കോയയും കെ.എം. സീതിസാഹിബും. അവരുടെ പിന്മുറനേതാക്കന്മാർക്ക് ആ നൈരന്തര്യം കാത്തുസൂക്ഷിക്കാൻ കഴിയുന്നുണ്ടോ?
പണ്ടുകാലത്തെ ഉന്നതശീർഷരായ വ്യക്തിത്വങ്ങളോട് കിടപിടിക്കുന്ന നേതാക്കന്മാർ പിന്നീട് ഉണ്ടാകുന്നില്ല എന്നത് മുസ്ലിം ലീഗിൽ മാത്രമല്ല, എല്ലാ പാർട്ടികളിലും കണ്ടുവരുന്ന പ്രതിഭാസം തന്നെയാണ്. അത് ലീഗിന്റെ മാത്രം കുഴപ്പമല്ല. പക്ഷേ, മുസ്ലിം ലീഗ് അത്തരം കുറവുകളൊക്കെ പരിഹരിച്ചുകൊണ്ടുതന്നെ മുന്നോട്ടുപോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.