ബാബുവിന് ഇനി ഇടവേള
text_fieldsപത്മരാജന്റെ തിരക്കഥയിൽ 1981ൽ ഒരുക്കിയ സിനിമക്ക് ‘ഇടവേള’ എന്ന് പേരിടുമ്പോൾ അത് ആ സിനിമയിലെ അമ്മനത്ത് ബാബു ചന്ദ്രൻ എന്ന പുതുമുഖ നടനോടൊപ്പം ഇത്രകാലം നിറഞ്ഞോടുമെന്ന് സംവിധായകൻ മോഹൻ ഒരിക്കലും കരുതിയിട്ടുണ്ടാകില്ല. പേരിന്റെ വാലായി മാറിയ ഇടവേളയാകട്ടെ പിന്നീടുള്ള നാല് പതിറ്റാണ്ടിലധികം ബാബുവിന്റെ ജീവിതത്തിൽ ഉണ്ടായതുമില്ല. നൂറിനടുത്ത് ചിത്രങ്ങളിലും ചില സീരിയലുകളിലും വേഷമിട്ടെങ്കിലും അഭിനേതാവ് എന്ന നിലയിൽ ബാബുവിന് അത്ര തിരക്കില്ലായിരുന്നു. എന്നാൽ, താരങ്ങളുടെ മെഗാ കൂട്ടായ്മയായ ‘അമ്മ’യുടെ ഭാരവാഹി എന്ന റോളിൽ കാൽ നൂറ്റാണ്ടു കാലം സൂപ്പർ താരങ്ങളേക്കാൾ തിരക്കിലായിരുന്നു ഈ ഇരിങ്ങാലക്കുടക്കാരൻ. ആ തിരക്ക് ഇനി ഒരു ഇടവേളക്ക് വഴിമാറുകയാണ്. ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയുന്ന ഇടവേള ബാബു സംസാരിക്കുന്നു...
പഠനകാലത്ത് നൃത്തത്തിലായിരുന്നല്ലോ ശ്രദ്ധ. എങ്ങനെയാണ് സിനിമയിലേക്ക്?
അമ്മ കുട്ടികളെ സംഗീതവും നൃത്തവും പഠിപ്പിച്ചിരുന്നു. അങ്ങനെ എനിക്കും നൃത്തത്തിൽ താൽപര്യമുണ്ടായി. സ്കൂൾ, കോളജ് കലോത്സവങ്ങളിൽ നൃത്ത മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടി. ആയിടക്കാണ് മോഹൻ ‘ഇടവേള’ എന്ന സിനിമ എടുക്കുന്നത്. നാട്ടുകാരനായ ഇന്നസെന്റ് ചേട്ടൻ എന്നെ മോഹന് പരിചയപ്പെടുത്തി. ചിത്രീകരണം തുടങ്ങുന്നതിന് രണ്ടു ദിവസം മുമ്പ് മാത്രമാണ് ഞാൻ ആ സിനിമയിലേക്ക് എത്തുന്നത്. അങ്ങനെ നിനച്ചിരിക്കാതെ സിനിമക്കാരനായ ആളാണ് ഞാൻ. സിനിമയിൽ വന്നില്ലെങ്കിൽ രാഷ്ട്രീയക്കാരനാകുമായിരുന്നു. കോളജിൽ അത്യാവശ്യം രാഷ്ട്രീയ പ്രവർത്തനം ഉണ്ടായിരുന്നു. കെ. കരുണാകരൻ സാറുമായി അടുത്ത ബന്ധവും. സിനിമയിൽ കൂടുതലും ചെയ്തത് കോളജ് വേഷങ്ങളാണ്. കേരളത്തിൽ ഞാൻ അഭിനയിക്കാത്ത കോളജുകളില്ല എന്ന് പറയാം. ‘നിറം’ എന്ന സിനിമയുടെ സമയത്താണ് ഇനി കോളജ് വേഷങ്ങൾ ചെയ്യേണ്ട എന്ന് തീരുമാനിച്ചത്. അതോടൊപ്പം താരസംഘടനയിൽ കൂടുതൽ സജീവമായി.
‘അമ്മ’യുടെ ചുമതല വെല്ലുവിളിയായിരുന്നോ?
25 വർഷമായി ‘അമ്മ’യുടെ വിവിധ ചുമതലകളിലുണ്ട്. ആദ്യം ജോയന്റ് സെക്രട്ടറിയായി. പിന്നെ സെക്രട്ടറി. ആറു വർഷമായി ജനറൽ സെക്രട്ടറിയാണ്. പദവികൾ പലതാണെങ്കിലും ചെയ്തിരുന്ന ജോലികൾ ഒന്നുതന്നെ. വെല്ലുവിളികൾ ഏറെയായിരുന്നു. സെറ്റുകളിൽ അഭിനേതാക്കൾ എത്തിയില്ലെങ്കിൽ നിർമാതാക്കൾ എന്നെ വിളിക്കും. പ്രതിഫലം കിട്ടാതെ വന്നാൽ അഭിനേതാക്കളും വിളിക്കും. അങ്ങനെ ഓരോ ദിവസവും രാവിലെ മുതൽ നൂറുനൂറ് പ്രശ്നങ്ങൾ. ‘അമ്മ’യിൽ 505 അംഗങ്ങളുണ്ട്. എന്റെ കാര്യങ്ങളേക്കാൾ അവരുടെ ഓരോരുത്തരുടെയും കാര്യങ്ങൾ എനിക്ക് നന്നായി അറിയാം. കൊച്ചുകൊച്ചു പരാതികൾ മുതൽ കുടുംബപ്രശ്നങ്ങൾ വരെ തീർക്കാൻ ഇടപെടേണ്ടി വന്നിട്ടുണ്ട്. എന്റെ പ്രതിഫലത്തേക്കാൾ അവരുടെ പ്രതിഫലത്തിനു വേണ്ടിയാണ് ഞാൻ പലപ്പോഴും നിർമാതാക്കളോട് ശബ്ദമുയർത്തിയത്. പക്ഷേ, എന്ത് പ്രശ്നമുണ്ടെങ്കിലും ഒരു സിനിമയുടെയും ചിത്രീകരണം മുടങ്ങാൻ അനുവദിച്ചിട്ടില്ല. ഇങ്ങനെയൊക്കെ മുന്നോട്ടുപോകാൻ എനിക്ക് ധൈര്യം തന്നത് ‘അമ്മ’യിലെ അംഗങ്ങളുടെ പൂർണ പിന്തുണയാണ്.
ഇപ്പോൾ ചുമതല ഒഴിയാൻ കാരണം?
കഴിഞ്ഞ ജനറൽ ബോഡിയിൽ ഒഴിയാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, മമ്മൂക്കയുടെയും ലാലേട്ടന്റെയും സ്നേഹപൂർണമായ നിർബന്ധത്തിന് വഴങ്ങി തുടരുകയായിരുന്നു. സംഘടനയുടെ കാര്യങ്ങളിൽ മുഴുകിയതോടെ ‘അമ്മ’യുമായി ബന്ധപ്പെട്ടതല്ലാത്ത കാര്യങ്ങൾക്കൊന്നും സമയമില്ലാതായി. കുടുംബത്തിലെ വേണ്ടപ്പെട്ട ചടങ്ങുകളിൽനിന്ന് പോലും വിട്ടുനിൽക്കേണ്ടിവന്നു. പിന്നെ ഈ കസേരയിൽ ഞാൻ അള്ളിപ്പിടിച്ചിരിക്കുന്നു എന്ന രീതിയിൽ ചിലരുടെ കമന്റുകൾ സമൂഹമാധ്യമങ്ങളിൽ പലപ്പോഴും കാണാനിടയായി. അങ്ങനെയാണ് ഒരു മാറ്റം അനിവാര്യമാണെന്ന് തീരുമാനിച്ചത്. ഒഴിയരുത്, മത്സരിക്കണം എന്നൊക്കെ സ്നേഹപൂർവം നിർബന്ധിക്കുന്നവർ ഇപ്പോഴുമുണ്ട്. പുതിയൊരു തലമുറ വരട്ടെ എന്നാണ് ആഗ്രഹം. എന്നാൽ, അതുണ്ടാകുമോ എന്ന് സംശയമാണ്.
സംഘടനാ തിരക്കിൽ സിനിമകൾ നഷ്ടപ്പെട്ടോ?
തീർച്ചയായും. സംഘടനയുടെ പ്രശ്നങ്ങൾ എന്റെ കൂടി വ്യക്തിപരമായ പ്രശ്നങ്ങളായി മാറിയതോടെ സിനിമയിലും സ്റ്റേജ് ഷോകളിലുമൊന്നും ശ്രദ്ധിക്കാൻ കഴിയാതായി. രണ്ടും കൂടി നടക്കില്ലെന്ന് ബോധ്യപ്പെട്ടു. നല്ല ബന്ധങ്ങൾ ഇല്ലാതാകുകയും ചെയ്യും.
‘അമ്മ’ നേതൃത്വത്തിനെതിരെ ചില അംഗങ്ങൾ ആരോപണം ഉയർത്തിയിരുന്നല്ലോ?
എല്ലാവരെയും തൃപ്തിപ്പെടുത്തി ഒരിക്കലും മുന്നോട്ടുപോകാനാകില്ല. ഒരു സംഘടന എന്ന നിലയിൽ അതിന്റെ നിയമാവലിയും ചട്ടങ്ങളും പാലിച്ച് മാത്രമേ പ്രവർത്തിക്കാനാകൂ. സമ്മർദത്തിന് വഴങ്ങി ആരെയെങ്കിലും പെട്ടെന്ന് പുറത്താക്കാനാകില്ല. അതിന് അതിന്റേതായ നടപടിക്രമങ്ങളുണ്ട്. ദിലീപിനെ നിയമപരമായി പുറത്താക്കാനാവില്ലായിരുന്നു. അതുകൊണ്ടാണ് അടുത്ത ജനറൽ ബോഡിയിൽ തിരിച്ചെടുക്കേണ്ടിവന്നത്. നിയമോപദേശം കൂടി അനുസരിച്ച് മാത്രമേ ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കാനാകൂ.
താരങ്ങളുടെ രാഷ്ട്രീയം സംഘടനയെ ബാധിച്ചിട്ടുണ്ടോ?
സിനിമാ താരങ്ങൾക്ക് പണ്ടും രാഷ്ട്രീയമുണ്ടായിരുന്നു. പക്ഷേ, അത് പ്രത്യക്ഷത്തിൽ പുറത്തേക്ക് അറിഞ്ഞിരുന്നില്ല. ഇന്ന് പലരും രാഷ്ട്രീയക്കാരായി മാറി. അപ്പോൾ പ്രേക്ഷകരും തങ്ങളുടെ രാഷ്ട്രീയത്തിനനുസരിച്ച് അവരെ കാണാൻ തുടങ്ങി. പരസ്യമായി രാഷ്ട്രീയത്തിലുള്ള പലരും ഇപ്പോൾ ‘അമ്മ’യിലുണ്ട്. അത് സംഘടനയുടെ അകത്ത് ബാധിച്ചിട്ടില്ല. എന്നാൽ, പുറത്ത് ബാധിച്ചിട്ടുണ്ട്.
തിരിഞ്ഞുനോക്കുമ്പോൾ?
വളരെ സന്തോഷത്തോടെയാണ് ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയുന്നത്. ഒരുപാട് കാര്യങ്ങൾ ചെയ്യാനായി. ‘അമ്മ’യിലെ അംഗങ്ങൾക്ക് ഇൻഷുറൻസ് പദ്ധതി നടപ്പാക്കി. സംഘടനക്ക് കൊച്ചിയിൽ സ്വന്തം ആസ്ഥാന മന്ദിരമുണ്ടായി. കോവിഡ് കാലത്ത് നിരവധി പേർക്ക് സഹായം എത്തിച്ചു. വിവിധ ആവശ്യങ്ങൾക്ക് സഹായം തേടി നിരവധി കത്തുകൾ ഓരോ ദിവസവും ‘അമ്മ’യുടെ ഓഫിസിൽ എത്താറുണ്ട്. അവർ നിരത്തുന്ന സങ്കടങ്ങൾ മുഴുവൻ വായിച്ചുതീർക്കാനാവില്ല. സാധ്യമായത് ചെയ്ത് കൊടുക്കുന്നു. 20 കോടിയിലധികം രൂപയുടെ ആസ്തി സംഘടനക്ക് ഉണ്ടായി. ഒന്നും ശൂന്യമാക്കിവെച്ചിട്ടല്ല ഇറങ്ങിപ്പോകുന്നത്. ഇനി വരുന്നവർക്ക് മാന്യമായി സംഘടനയെ നയിക്കാനുള്ള സാഹചര്യം ഒരുക്കിയിട്ടുണ്ട്.
നടൻ എന്ന നിലയിൽ എന്റെ പരിമിതികളെക്കുറിച്ച് നല്ല തിരിച്ചറിവുണ്ട്. പക്ഷേ, മറ്റൊരുതരത്തിൽ ഞാൻ എന്റേതായ വഴി സിനിമാലോകത്ത് കണ്ടെത്തി. സംഘടനക്കുവേണ്ടി വിശ്രമമില്ലാതെ ജോലി ചെയ്തു. മലയാള സിനിമയിലെ പ്രതിഭകളുമായെല്ലാം വ്യക്തിപരമായി നല്ല അടുപ്പമുണ്ടായി. അവരുടെ സ്നേഹവും വിശ്വാസവും നേടാനായി. അതാണ് എന്റെ വലിയ ബാങ്ക് ബാലൻസ് എന്ന് ഞാൻ വിശ്വസിക്കുന്നു.
‘അമ്മ’യും ‘അക്ഷരവീടും’
‘മാധ്യമം’ ദിനപ്പത്രവും ‘അമ്മ’യും ചേർന്ന് നടപ്പാക്കിയ ‘അക്ഷരവീട്’ ഏറ്റവും വലിയൊരു പുണ്യ പ്രവൃത്തിയായാണ് കാണുന്നത്. പദ്ധതിയിൽ ‘മാധ്യമ’ത്തിന്റെ സഹകരണവും പങ്കാളിത്തവും പ്രശംസനീയമാണ്. ‘അക്ഷരവീട്’ എന്ന പേര് തന്നെ മനോഹരമായിരുന്നു. 36 വീടുകൾ പൂർത്തിയാക്കി. ചിലർക്ക് സ്ഥലം വാങ്ങി വീടുവെച്ച് കൊടുത്തു. അതിനുവേണ്ടി പ്രവർത്തിച്ചപ്പോഴാണ് മനുഷ്യന്റെ ഏറ്റവും അടിസ്ഥാന ആവശ്യം വീട് തന്നെയാണെന്ന് ആഴത്തിൽ മനസ്സിലായത്. ഒരുപാട് പേർ വീടില്ലാത്തവരായി നമുക്കിടയിലുണ്ട്. അതിലേക്ക് വരുന്ന അപേക്ഷകൾ മുഴുവൻ വായിച്ച ആളാണ് ഞാൻ. ഇന്ന് ഒട്ടേറെ കുടുംബങ്ങൾ ‘അക്ഷരവീടി’ന്റെ തണലിൽ സമാധാനത്തോടെ കിടന്നുറങ്ങുന്നു എന്നറിയുന്നത് ഞങ്ങൾക്ക് സന്തോഷമുള്ള കാര്യമാണ്.
ഭാവി പദ്ധതികൾ?
സിനിമയിൽ കൂടുതൽ ശ്രദ്ധിക്കണം. നല്ല വേഷങ്ങൾ ചെയ്യണം. സ്റ്റേജ് ഷോകളിൽ കൂടുതൽ സജീവമാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.