നൻപകൽ നേരത്ത്
text_fields‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തെ പ്രേക്ഷക മനസ്സുകളിൽ ആഴത്തിൽ പതിപ്പിച്ചുവെക്കാൻ ലിജോക്ക് കഴിഞ്ഞതിന്റെ അംഗീകാരമാണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം. ഈ ചിത്രത്തിലൂടെ മമ്മൂട്ടി മികച്ച നടനുമായി.ലിജോ ജോസ് പെല്ലിശ്ശേരി സംസാരിക്കുന്നു...
സംസ്ഥാന ചലച്ചിത്ര അവാർഡ് ലിജോ ജോസ് പെല്ലിശ്ശേരിയെത്തേടി വീണ്ടും എത്തിയിരിക്കുന്നു, ഇത്തവണ മികച്ച ചിത്രത്തിനുള്ള പുരസ്കാരം. ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തെ പ്രേക്ഷക മനസ്സുകളിൽ അത്രമേൽ ആഴത്തിൽ പതിപ്പിച്ചുവെക്കാൻ ലിജോക്ക് കഴിഞ്ഞതിന്റെ അംഗീകാരംകൂടിയാണത്. മമ്മൂട്ടി ഈ ചിത്രത്തിലൂടെ മികച്ച നടനുമായി. അഭിനന്ദന പ്രവാഹങ്ങൾ ഏറ്റുവാങ്ങുന്നതിനിടെ ലിജോ സംസാരിക്കുന്നു...
നൻപകൽ നേരം
2021 നവംബറിൽ അനൗൺസ് ചെയ്ത് പളനിയിൽ ഷൂട്ട് തുടങ്ങിയതുമുതൽ പ്രേക്ഷകരിൽ വലിയ പ്രതീക്ഷയുണ്ടാക്കിയ സിനിമയാണ് ‘നൻപകൽ നേരത്ത് മയക്കം’. മമ്മൂട്ടിയും ഞാനും ആദ്യമായി ഒന്നിക്കുന്ന സിനിമ. പ്രശസ്ത സാഹിത്യകാരൻ എസ്. ഹരീഷിന്റെ തിരക്കഥ. സിനിമ സ്നേഹികളിൽ സ്വാഭാവികമായും ആകാംക്ഷയുണ്ടാകും. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ആദ്യ സിനിമകൂടിയായിരുന്നു അത്.
തേനി ഈശ്വറിന്റെ ഛായാഗ്രഹണവും മുതൽക്കൂട്ടായി. പ്രേക്ഷകരുടെ പ്രതീക്ഷയോട് സിനിമ നീതി പുലർത്തിയതിന്റെ തെളിവാണ് പ്രേക്ഷകരിൽനിന്നുണ്ടായ പ്രതികരണം. ഐ.എഫ്.എഫ്.കെയിലും തുടർന്നുണ്ടായ തിയറ്റർ റിലീസിലും കിട്ടിയ പ്രതികരണം അതു വ്യക്തമാക്കുന്നു. കാണികളുടെ പ്രതീക്ഷകളോട് നീതി പുലർത്താൻ കഴിഞ്ഞതിൽ സന്തുഷ്ടനാണ്. തിയറ്റർ റിലീസിനു ശേഷം ലഭിച്ച പ്രതികരണങ്ങളും അവലോകനങ്ങളും വളരെ സന്തോഷിപ്പിക്കുന്നുവെന്ന് മമ്മൂട്ടിയും അഭിപ്രായപ്പെട്ടിരുന്നു.
വിജയ രഹസ്യം
നൻപകലിന്റെ ത്രെഡ് എന്റേതുതന്നെയാണ്. പുതുമകളുള്ളതുതന്നെയായിരുന്നു ഈ കഥ. ദൃശ്യാവിഷ്കാരം പ്രമേയത്തിനൊത്ത് ചിട്ടപ്പെടുത്തിയത് വളരെ സൂക്ഷ്മതയോടെയാണ്. നൻപകലിൽ രംഗങ്ങളെല്ലാം താരതമ്യേന ശാന്തമായ സാഹചര്യങ്ങളിലാണ് നടക്കുന്നത്. അതിയായ ആവേശങ്ങളോ വികാരവിക്ഷോഭങ്ങളോ ഇല്ലാതെ പുരോഗമിക്കുന്നൊരു പ്ലോട്ട്. ചില അസാധാരണ സംഭവങ്ങളുടെ ലളിതമായ ചിത്രീകരണമാണ് ‘നൻപകൽ നേരത്ത് മയക്കം’.
ഇതുവരെ ഞാൻ ചെയ്ത സിനിമകളിൽനിന്ന് കഥയിലും പ്രമേയത്തിലും ആഖ്യാന രീതിയിലും ഈ സിനിമ വേറിട്ടുനിൽക്കുന്നു. ഒരുപക്ഷേ, ഈ വ്യത്യസ്തതയായിരിക്കാം പ്രേക്ഷകർ കൂടുതൽ ഇഷ്ടപ്പെട്ടത്. പൊതുവെ പുതുമകൾ തിരയുന്ന ആളാണ് ഞാൻ. അതിനാൽ പരീക്ഷണങ്ങൾ ഇഷ്ടമാണ്. പരീക്ഷണങ്ങൾ വിജയിക്കുന്നത് കൂടുതൽ പരീക്ഷണങ്ങൾക്ക് പ്രചോദനമാകുന്നു.
ജെയിംസും സുന്ദരവും
മൂവാറ്റുപുഴക്കാരനായ ജെയിംസ് (മമ്മൂട്ടി) ഒരു സംഘത്തിൽ വേളാങ്കണ്ണി യാത്ര കഴിഞ്ഞ് നാട്ടിലേക്കുള്ള മടക്കയാത്രയിലാണ്. അവർ സഞ്ചരിക്കുന്ന ബസ് തമിഴ്നാട്ടിലെ വിശാലമായ നെൽവയൽ നടുവിലുള്ള പാതയിലൂടെ കടന്നുപോകുന്നു. സംഘാംഗങ്ങളെല്ലാം യാത്രാക്ഷീണത്താൽ ബസിലിരുന്ന് പാതിമയക്കത്തിലാണ്. പെട്ടെന്നാണ് ഡ്രൈവറോട് ബസ് നിർത്താൻ ജെയിംസ് ആവശ്യപ്പെടുന്നത്. ബസിൽ നിന്നിറങ്ങി ജെയിംസ് അടുത്തുള്ള ഒരു ഗ്രാമത്തിലേക്ക് നടന്നുപോകുന്നു. ജെയിംസിനെ തിരിച്ചുവിളിക്കാനായി സംഘാംഗങ്ങൾ കൂടെ ചെല്ലുന്നുണ്ട്.
പക്ഷേ, എല്ലാവരെയും വിസ്മയിപ്പിച്ചുകൊണ്ട് ജെയിംസ് മറ്റൊരാളായി പെരുമാറാൻ തുടങ്ങി. ആ ഗ്രാമത്തിൽ വർഷങ്ങൾക്കു മുമ്പേ മരിച്ചുപോയ സുന്ദരം എന്ന മനുഷ്യനായി ജെയിംസ് മാറിക്കഴിഞ്ഞിരിക്കുന്നു. രൂപത്തിൽ ജെയിംസാണെങ്കിലും, ആ ഗ്രാമവും അവിടത്തെ മനുഷ്യരെ മുതൽ ആ പ്രദേശത്തു നടന്ന സകല കഥകളും അറിയുന്ന സുന്ദരത്തെപ്പോലെ ജെയിംസ് സംസാരിക്കാനും പ്രവർത്തിക്കാനും തുടങ്ങിയപ്പോൾ ആ നാട്ടുകാർ ശരിക്കും ആശ്ചര്യപ്പെട്ടു. സുന്ദരമായി പരകായപ്രവേശം നേടിയ ജെയിംസ് ആ ഗ്രാമത്തിൽ ചെയ്തുകൂട്ടുന്നത് അവിശ്വസനീയമായ കാര്യങ്ങളാണ്.
സുന്ദരത്തിന്റെ വ്യക്തിത്വം ആവാഹിച്ചുകൊണ്ടുള്ള ജെയിംസിന്റെ പ്രകടനവും അദ്ദേഹത്തെ തിരിച്ചുകൊണ്ടുപോകാൻ കൂടെയുള്ളവർ പെടാപ്പാട് പെടുന്നതുമെല്ലാം ഉൾക്കൊള്ളുന്നതാണ് സിനിമ. വായിച്ചെടുക്കാൻ ഒരുപാട് കാര്യങ്ങളുണ്ട് അതിൽ.
പരീക്ഷണങ്ങൾക്കു പിറകെ
‘ജല്ലിക്കട്ട്’ എല്ലാ തലത്തിലും പരീക്ഷണ സിനിമയായിരുന്നു. സിനിമകളിൽ പരീക്ഷണം നടത്താൻ താൽപര്യമുള്ള ആളാണ് ഞാൻ. വൈവിധ്യമുണ്ടാവണം. അതുകൊണ്ടാണ് ഒരു പോത്തിനെ പ്രധാന കഥാപാത്രമാക്കി സിനിമ ചെയ്യാൻ തീരുമാനിച്ചതും. ഇരുളിന്റെ മറവിൽ ഒളിക്കുന്ന പോത്തുതന്നെയാണ് താരം. ഓടുന്നത് പോത്താണെങ്കിലും അത് അന്ധകാരത്തിലെ മനുഷ്യമുഖങ്ങളാണ് തുറന്നുകാട്ടുന്നത്. ഒരു പ്രതിസന്ധിഘട്ടത്തിലൂടെ ഗ്രാമം കടന്നുപോകുന്നുവെന്നത് പ്രതികാര മോഹങ്ങളെയും ആഭാസ ചിന്തകളെയും ചില്ലറ പ്രണയാഭിലാഷങ്ങളെയുമെല്ലാം മറനീക്കി പുറത്തുവരാൻ സഹായിക്കുകയാണ് ചെയ്യുന്നത്. ഇതുതന്നെയാണ് ‘ജല്ലിക്കെട്ടി’ന്റെ ആഗോള പ്രസക്തി. അടുത്ത സിനിമ മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കിയുള്ളതാണ്.
l
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.