വേണമെങ്കിൽ സി.പി.എമ്മിന് ഇൻഡ്യ മുന്നണിയിൽ തുടരാം
text_fieldsകോൺഗ്രസ് പോലുള്ള ഒരു പാർട്ടിക്ക് ഒരുപാട് നേതാക്കൾ ഉണ്ടാവുമ്പോൾ എപ്പോഴും ഒരേപോലെ പരിഗണിക്കാനും സീറ്റ് കൊടുക്കാനും സാധിച്ചെന്നു വരില്ല. ‘ടെക്നിക്കൽ ഒബ്ജക്ഷനാ’ണ് പലതും. മുസ്ലിം സമുദായത്തിന് അർഹമായ പ്രാതിനിധ്യം നിലവിൽ കോൺഗ്രസിലുണ്ട്. സ്ത്രീ പ്രാതിനിധ്യം കുറഞ്ഞുവെന്നത് ശരിയാണ്. ഞങ്ങളത് തിരുത്തും.
ദേശീയ തലത്തിൽ ബി.ജെ.പിയെ ചെറുക്കാൻ രൂപം നൽകിയ ഇൻഡ്യ മുന്നണിയിൽ സി.പി.എമ്മിന് കാര്യമായ റോളില്ലെന്നാണ് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ കെ. സുധാകരന്റെ പക്ഷം. അവർ മുന്നണിയിൽ തുടരണമെന്ന് തങ്ങൾക്ക് യാതൊരു നിർബന്ധവുമില്ലെന്ന് ‘മാധ്യമ’വുമായി സംസാരിക്കവെ പറഞ്ഞ അദ്ദേഹം കേരളത്തിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ ബാന്ധവമുണ്ടെന്നും ആരോപിക്കുന്നു
? എങ്ങനെയുണ്ട് കണ്ണൂരിലെ പ്രചാരണം. സ്ഥാനാർഥി പ്രഖ്യാപനം അൽപം വൈകിയതിനാൽ പ്രയാസം നേരിട്ടോ?
- ഹേയ് , പ്രചാരണം നല്ല നിലക്ക് പുരോഗമിക്കുന്നു. എല്ലാ മണ്ഡലങ്ങളിലും ഇതിനകം എത്തിക്കഴിഞ്ഞു. പിന്നെ, എതിർസ്ഥാനാർഥി നേരത്തേ പ്രചാരണം തുടങ്ങിയതൊന്നും ഞങ്ങളെ ബാധിക്കില്ല. കണ്ണൂരിലെ സി.പി.എമ്മിലെ ആഭ്യന്തര കലഹം എല്ലാവർക്കുമറിയാം. മൂന്ന് ജയരാജന്മാർ മൂന്ന് മുക്കിൽ നിൽക്കുന്നുവെന്ന് ആർക്കാണറിയാത്തത്. അതിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പിലുമുണ്ടാകും.
? ജില്ല സെക്രട്ടറിയെയാണ് സി.പി.എം ഇറക്കിയത്. പ്രവർത്തകർ ഒറ്റക്കെട്ടായി അദ്ദേഹത്തിനൊപ്പമുണ്ട്. കടുത്ത മത്സരമാവില്ലേ
- ഞാനായിട്ട് ആരെയും താഴ്ത്തിക്കെട്ടുന്നില്ല. കണ്ണൂർ സി.പി.എമ്മിലെ പല അസ്വാരസ്യങ്ങളും മറയ്ക്കാനാണ് അദ്ദേഹത്തെ സ്ഥാനാർഥിയാക്കിയത്. ഒരുനിലക്കും അദ്ദേഹം ഒരു ഭീഷണിയേ അല്ല. മണ്ഡലം തിരിച്ചുപിടിക്കാനാണ് എന്നുപറഞ്ഞ് പല പ്രചാരണവും കഴിഞ്ഞ തവണയും നടത്തിയതാണ്. എന്നിട്ടും ഒരുലക്ഷത്തോളം ഭൂരിപക്ഷത്തിന് ജയിച്ചു. ഇത്തവണ കഴിഞ്ഞവർഷത്തേക്കാൾ കൂടിയ ഭൂരിപക്ഷം ഉറപ്പ്.
? കോൺഗ്രസുകാരെ ജയിപ്പിച്ചാൽ അവർ ബി.ജെ.പിയിൽ പോവുമെന്നാണ് സി.പി.എം ആരോപിക്കുന്നത്
- സി.പി.എമ്മിൽനിന്ന് ബി.ജെ.പിയിലേക്ക് ആരും പോയിട്ടില്ലേ? ആളുകൾ പോവുന്നതിനേക്കാൾ വൃത്തികെട്ട സഹായമല്ലേ അവർ ബി.ജെ.പിക്ക് ചെയ്തുകൊടുക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ബി.ജെ.പിക്ക് വേണ്ടി എന്തുമാത്രം കൂലിപ്പണിയാണ് എടുക്കുന്നത്. അത് എന്തുകൊണ്ടാണെന്ന് നിങ്ങൾ അന്വേഷിക്കുന്നില്ലേ. മുഖ്യമന്ത്രിയെ സംരക്ഷിക്കുന്നത് അവരാണ്. ബി.ജെ.പിയുടെ ഔദാര്യത്തിലാണ് പിണറായി ജയിലിൽ പോവാത്തത്. ബി.ജെ.പിയിൽനിന്ന് സി.പി.എം നേടിയതുപോലെ ഒരു സഹായം വേറൊരു പാർട്ടിയും നേടിയിട്ടില്ല.
? അനിൽ ആന്റണിക്കു പിന്നാലെ പത്മജയുംകൂടി പോയത് സി.പി.എമ്മിന് കിട്ടിയ മികച്ച ആയുധമല്ലേ. ഈ പ്രചാരണം കോൺഗ്രസിനെ പ്രതിരോധത്തിലാക്കില്ലേ.
ഓ, പിന്നെ... അനിൽ ആന്റണിയും പത്മജയും പോയതോടെ കളംതന്നെ കാലിയായപോലെയാണ് സി.പി.എമ്മുകാരുടെ പറച്ചിൽ. എത്രയാളുകളാണ് അവർക്കൊപ്പം ബി.ജെ.പിയിൽ പോയത്?. കണക്കൊന്ന് പറയൂ. പത്മജയുടെ കൂടെ എത്രപേർ പോയി. അനിൽ ആന്റണിയുടെ കൂടെ എത്രപേർ പോയി. പറയുന്ന കാര്യത്തിൽ എന്തെങ്കിലും ഒരു പൊരുൾ വേണ്ടേ.
? ഇക്കുറി മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച താങ്കൾ വീണ്ടും കണ്ണൂരിൽ സ്ഥാനാർഥിയായത് എങ്ങനെയാണ്? പല പ്രചാരണങ്ങളുമുണ്ട്, എന്താണ് ശരിക്കുമുണ്ടായത്?
- കെ.പി.സി.സി പ്രസിഡന്റും എം.പി സ്ഥാനവും ഒരുമിച്ച് കൊണ്ടുപോവാനുള്ള പ്രയാസംകൊണ്ട് ഞാൻ ഇത്തവണ മത്സരിക്കുന്നില്ല എന്ന് ദേശീയ നേതൃത്വത്തെ അറിയിച്ചുവെന്നത് യാഥാർഥ്യമാണ്. സ്വാഭാവികമായും ആ വേളയിൽ പല പേരുകളും ഉയർന്നുവന്നു. പക്ഷേ, അവയൊന്നും പാർട്ടി അംഗീകരിച്ചില്ല. എന്നോട് മത്സരിക്കാൻ നിർബന്ധിക്കുകയും ചെയ്തു. അങ്ങനെ സ്ഥാനാർഥിയുമായി.
? രാഹുൽ ഗാന്ധിയും കെ.സി. വേണുഗോപാലും കേരളത്തിൽ നിന്ന് മത്സരിക്കുന്നതിൽ ഇടതുപാർട്ടികൾക്ക് അതൃപ്തിയുണ്ട്. ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന ഭാഗമായി മുംബൈയിൽ ഇൻഡ്യ മുന്നണി നടത്തിയ മഹാറാലിയിൽനിന്ന് സി.പി.എം വിട്ടുനിന്നു. ഇൻഡ്യ മുന്നണിക്ക് ക്ഷീണമല്ലേ ഇത്
- കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മുൻനിർത്തി സി.പി.എം ഞങ്ങൾക്കൊപ്പം നിൽക്കുമെന്ന് ഒരു പ്രതീക്ഷയുമില്ല. ഇൻഡ്യ മുന്നണിക്ക് അതുകൊണ്ട് ഒരു ക്ഷീണവും ഉണ്ടാവില്ല. സി.പി.എം. ദേശീയതലത്തിൽ ഒരു കൊച്ചു പാർട്ടിയാണ്. അവർ ഇൻഡ്യ മുന്നണിയിൽ നിൽക്കണമെന്ന് ഞങ്ങൾക്കാർക്കും അത്ര നിർബന്ധമൊന്നുമില്ല. അവർക്ക് മുന്നണിയിൽ നിൽക്കണമെങ്കിൽ നിൽക്കാം. പിന്നെ കേരളത്തിലെ പൊളിറ്റിക്കൽ സ്റ്റൈൽ വെച്ചുനോക്കുമ്പോൾ സി.പി.എമ്മിനും കോൺഗ്രസിനും ഒന്നിച്ചുപോവൽ അത്ര എളുപ്പമല്ല.
? കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടികയിൽ മുസ്ലിം സമുദായത്തിന് ആനുപാതിക പ്രാതിനിധ്യം കിട്ടിയില്ല, സ്ത്രീകളെ കാര്യമായി പരിഗണിച്ചില്ല തുടങ്ങിയ ആരോപണങ്ങളുണ്ട്, അതിൽ യാഥാർഥ്യമില്ലേ?
- അതൊന്നും ഇത്തവണയുണ്ടായതല്ലല്ലോ. കഴിഞ്ഞ തവണയും ഇങ്ങനെ തന്നെയായിരുന്നില്ലേ. ഞങ്ങൾ ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ട്. ചെയ്യുന്നുമുണ്ട്. ഒരൊറ്റ രാജ്യസഭ സീറ്റ് കോൺഗ്രസിന് ലഭിക്കുന്ന സാഹചര്യം വന്നപ്പോൾ മുസ്ലിം വനിതക്ക് അല്ലേ കൊടുത്തത്. കോൺഗ്രസ് പോലുള്ള ഒരു പാർട്ടിക്ക് ഒരുപാട് നേതാക്കൾ ഉണ്ടാവുമ്പോൾ എപ്പോഴും ഒരേപോലെ പരിഗണിക്കാനും സീറ്റ് കൊടുക്കാനും സാധിച്ചെന്നു വരില്ല. ‘ടെക്നിക്കൽ ഒബ്ജക്ഷനാ’ണ് പലതും. മുസ്ലിം സമുദായത്തിന് അർഹമായ പ്രാതിനിധ്യം നിലവിൽ കോൺഗ്രസിലുണ്ട്. എത്ര നേതാക്കൾ ആഗ്രഹിച്ച രാജ്യസഭ സീറ്റാണ് ജെബി മേത്തറിന് പാർട്ടി നൽകിയത്. പിന്നെ, സ്ത്രീ പ്രാതിനിധ്യം കുറഞ്ഞുവെന്നത് ശരിയാണ്. ഞങ്ങളത് തിരുത്തും. ലോക്സഭ തെരഞ്ഞെടുപ്പ് മാത്രമല്ലല്ലോ, ഇനിയും കുറെ തെരഞ്ഞെടുപ്പ് വരാനുണ്ടല്ലോ. തീർച്ചയായും സാമുദായിക-സ്ത്രീ പ്രാതിനിധ്യമെല്ലാം കോൺഗ്രസ് ഗൗരവമായെടുക്കും.
? ഇ.പി. ജയരാജനും രാജീവ് ചന്ദ്രശേഖറും തമ്മിൽ ബിസിനസ് പങ്കാളിത്തമെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. അത്തരമൊരു ബിസിനസുള്ളതായി കണ്ണൂരുകാരനായ താങ്കൾക്ക് അറിയാമോ
- അതൊരു സത്യമല്ലേ. ഇ.പി. ജയരാജന്റെ കുടുംബത്തിന് ഓഹരിയുള്ള വൈദേകം ആയുർവേദ ചികിത്സകേന്ദ്രം ആരുടെ കൈയിലാണ് ഇപ്പോഴുള്ളത്. ബി.ജെ.പി നേതാവും തിരുവനന്തപുരത്തെ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് വൈദേകം നടത്തുന്നത്. കമ്പനിയുടെ പേരും മാറ്റി. ബിസിനസ് എന്നു പറഞ്ഞാൽ ഇത് തന്നെയല്ലേ. ചിലപ്പോൾ കൈമാറ്റരേഖയിൽ വല്ല കൃത്രിമത്വവും കാണിച്ചിട്ടുണ്ടാവും. ഒറ്റക്കാര്യം ശ്രദ്ധിച്ചാൽ മതി, ഈ കമ്പനി ഇപ്പോൾ നടത്തുന്നത് ഇ.പി. ജയരാജന്റെ ആളുകളാണോ? രാജീവ് ചന്ദ്രശേഖറിന്റെ ആളുകളല്ലേ. ചെയ്യേണ്ടത് എല്ലാം ചെയ്തിട്ട് നാണമില്ലാതെ ഓരോന്ന് വന്ന് ന്യായീകരിക്കുകയാണ് ഇ.പി. ജയരാജൻ. മുഖ്യമന്ത്രിയുടെ അറിവോടെയാണോ ബിസിനസ് എന്ന് എനിക്കറിയില്ല. പക്ഷേ, ഇതെല്ലാം അറിഞ്ഞിട്ടും വിലക്കിയില്ലെങ്കിൽ മുഖ്യമന്ത്രിയുടെ സമ്മതമുണ്ടെന്ന് ഉറപ്പിക്കാം.
? പാലക്കാട് നിയമസഭ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്ന ബി.ജെ.പി പ്രസിഡന്റിന്റെ പ്രസ്താവന ശ്രദ്ധിച്ചിരുന്നോ?
വടകരയിൽ ഷാഫി പറമ്പിൽ പരാജയപ്പെടണമെന്ന് ആഗ്രഹിക്കുന്നത് ബി.ജെ.പിയാണ് എന്നതാണ് ആ പരാമർശത്തിനു കാരണം. വടകരയിൽ സി.പി.എം സ്ഥാനാർഥി ജയിക്കണമെന്ന് ബി.ജെ.പി അതിയായി ആഗ്രഹിക്കുന്നു. കെ. മുരളീധരനെ പരാജയപ്പെടുത്താനാണ് ആദ്യം ശ്രമിച്ചത്. ഇപ്പോൾ ഷാഫി വന്നപ്പോൾ അദ്ദേഹം തോൽക്കണമെന്നും. ഒരിക്കലും സി.പി.എം സ്ഥാനാർഥി അവരുടെ അജണ്ടയിലില്ല.
ഇതാണ് ഞാൻ പറഞ്ഞ സി.പി.എം-ബി.ജെ.പി ധാരണ. ഇവരൊക്കെ എന്ത് തീരുമാനിച്ചിട്ടും കാര്യമില്ല. ഷാഫി പറമ്പിൽ വൻ ഭൂരിപക്ഷത്തോടെ വിജയിക്കും. അദ്ദേഹത്തിന്റെ വരവ് അത്രയും വലിയ ചലനമാണ് വടകരയിലുണ്ടാക്കിയത്. ഒരു സംശയവും വേണ്ട, കേരളത്തിലെ 20 സീറ്റും യു.ഡി.എഫ് നേടിയിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.