തെരഞ്ഞെടുപ്പിനു ശേഷമേ ചില സഖ്യങ്ങൾ സാധ്യമാകൂ
text_fieldsരാഹുൽ ഗാന്ധി വയനാട്ടിലെ സിറ്റിങ് എം.പിയല്ലേ? ഇൻഡ്യ മുന്നണിയുടെ വിശാലതാൽപര്യം മുൻനിർത്തി രാഹുൽ ഗാന്ധി മത്സരിക്കുന്ന സീറ്റിൽ ഞങ്ങൾ മത്സരിക്കുന്നില്ലെന്ന് തീരുമാനിക്കുകയല്ലേ അവർ ചെയ്യേണ്ടിയിരുന്നത്? അവർക്ക് ജയസാധ്യത അവകാശപ്പെടാവുന്ന മണ്ഡലമൊന്നുമല്ല അത്. കോൺഗ്രസ് പാർട്ടിക്ക് ലോക്സഭയിൽ ഭൂരിപക്ഷം നേടി മുന്നോട്ടുപോകാൻ ആവശ്യമായ സീറ്റുകളിൽപെട്ടതാണ് ഇതൊക്കെ
കോൺഗ്രസിന് പുത്തനുണർവ് പകർന്ന രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെയും ന്യായ് യാത്രയും പ്രധാന സംഘാടകനായിരുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ യാത്രയുടെ പ്രതിഫലനങ്ങൾ ‘മാധ്യമ’വുമായി പങ്കുവെക്കുന്നു, ഒപ്പം ഇൻഡ്യ സഖ്യത്തിന്റെ സാധ്യതകളെക്കുറിച്ചും സംസാരിക്കുന്നു.
രാഹുൽ ഗാന്ധിക്കൊപ്പം സഞ്ചരിച്ച സംഘാടകൻ എന്ന നിലയിൽ, ആദ്യത്തെ ജോഡോ യാത്രയുമായി രണ്ടാമത്തെ ന്യായ് യാത്രക്കുള്ള മാറ്റമെന്താണ്; നേട്ടമെന്താണ്?
-കോൺഗ്രസിന്റെ അവസ്ഥ മോശമായി ഒരു തെരഞ്ഞെടുപ്പിലും ജയിക്കുന്നില്ല എന്ന തോന്നൽ ശക്തമാവുകയും പാർട്ടിപ്രവർത്തനത്തിൽ നിർജീവാവസ്ഥ തോന്നുകയും ചെയ്ത പ്രത്യേക ഘട്ടത്തിലാണ് ഭാരത് ജോഡോ യാത്ര നടന്നത്. രാജ്യം ഭരിക്കുന്നവരുടെ വിഭാഗീയ പ്രവർത്തനങ്ങൾ ശക്തമായിരുന്നു. വിദ്വേഷത്തിന്റെ വിപണിയിൽ സ്നേഹത്തിന്റെ കട തുറക്കുകയെന്ന ആഹ്വാനം ജോഡോ യാത്ര മുന്നോട്ടുവെച്ചു. കന്യാകുമാരിയിൽനിന്ന് കശ്മീരിലേക്കുള്ള 4000ത്തിൽപരം കിലോമീറ്റർ നടക്കാൻ കഴിയുമോ എന്ന ആശങ്ക എല്ലാവർക്കുമുണ്ടായിരുന്നു. പക്ഷേ, യാത്ര വലിയ വിജയമായി ചരിത്രംകുറിച്ചു. പാർട്ടി ദുർബലമായ സ്ഥലങ്ങളിൽപോലും പതിനായിരങ്ങളുമായി രാഹുൽ ഗാന്ധി ആശയവിനിമയം നടത്തി. ആ യാത്രയുടെ നേട്ടം പല വിധത്തിലാണ്: രാഷ്ട്രീയമായി അണികളെ ഉണർത്താൻ പറ്റി. കോൺഗ്രസിനെ സ്നേഹിക്കുന്ന ജനങ്ങളിലേക്ക് കടന്നുചെല്ലാൻ സാധിച്ചു. കോർപറേറ്റ് മുഖ്യധാരാ മാധ്യമങ്ങൾ കോൺഗ്രസിനെയും പ്രതിപക്ഷത്തെയും അവഗണിക്കുന്ന ഘട്ടത്തിൽ, കൈമാറാനുള്ള സന്ദേശം ജനങ്ങളിലേക്കെത്തിക്കാനുള്ള അവസരമായി യാത്ര മാറി.
ആദ്യ യാത്രയിൽ ഉയർന്ന ഒരുപാട് വിഷയങ്ങൾ, അതിൽ കേന്ദ്രീകരിച്ച് അഞ്ചു പ്രധാന ലക്ഷ്യങ്ങൾ കോൺഗ്രസ് ന്യായ് യാത്രയിൽ മുന്നോട്ടുവെച്ചു. സാമൂഹികനീതി, തൊഴിലില്ലായ്മ നേരിടുന്ന യുവാക്കൾക്കും ഉൽപന്ന വിലത്തകർച്ച നിരാശരാക്കുന്ന കർഷകർക്കും അർഹമായത് ലഭ്യമാക്കുക, സ്ത്രീശാക്തീകരണം, ഭരണവൈകല്യം മൂലമുള്ള വിലക്കയറ്റ സാഹചര്യങ്ങൾ തുടങ്ങിയ വിഷയങ്ങളെല്ലാം ന്യായ് യാത്രയിലൂടെ ഇന്ന് രാജ്യം കൂടുതലായി ചർച്ചചെയ്യുന്നു. ഈ വിഷയങ്ങളിൽ പാർട്ടിയുടെ മാർഗരേഖയാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. 10 മാസമായി തീയാളുന്ന മണിപ്പൂരിൽ നിന്ന് യാത്ര തുടങ്ങിയതുതന്നെ വ്യക്തമായ സന്ദേശമാണ്. രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ഒരു സംസ്ഥാനത്തെ ഭരിക്കുന്നവർക്ക് എങ്ങനെ തകർക്കാമെന്നതിന് തെളിവാണിന്ന് മണിപ്പൂർ. ന്യായ് യാത്ര കടന്നുപോയത് പ്രധാനമായും, കോൺഗ്രസ് ഭരണത്തിലില്ലാത്ത സംസ്ഥാനങ്ങളിലൂടെയാണ്. പറ്റാവുന്ന സ്ഥലങ്ങളിലെല്ലാം ഇൻഡ്യ മുന്നണി നേതാക്കൾ വന്നു. ഏറ്റവും പ്രതികൂലമായ സാഹചര്യങ്ങളിൽ നിൽക്കുന്ന പ്രദേശങ്ങളിലെ അണികളെ സജ്ജമാക്കാനും കോൺഗ്രസ് ശ്രദ്ധിച്ചു.
നേട്ടങ്ങൾക്കും അനുഭവങ്ങൾക്കുമൊപ്പം വിമർശനവുമുണ്ട്. രണ്ടാമത്തെ യാത്രക്ക് ആദ്യത്തെയത്ര ഫീൽഗുഡ് ഉണ്ടാക്കാൻ കഴിഞ്ഞില്ല, തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്ന നിർണായക ഘട്ടത്തിൽ രാഷ്ട്രീയ തലസ്ഥാനത്ത് ഉണ്ടായിരിക്കേണ്ട രാഹുൽ ഗാന്ധി ഇൻഡ്യ മുന്നണിയുടെ ഏകോപനത്തിൽ ഫലപ്രദമായ പങ്കുവഹിക്കുന്നതിൽ ശ്രദ്ധിച്ചില്ല എന്നിങ്ങനെ...
തെരഞ്ഞെടുപ്പിന് സജ്ജമാകുന്ന വിധത്തിലാണ് രണ്ടാമത്തെ യാത്ര നടന്നത്. കടന്നുപോയ സംസ്ഥാനങ്ങളിലെല്ലാം തെരഞ്ഞെടുപ്പ് ഒരുക്കമാണ് നടന്നത്. ഡൽഹിയിലെ ചർച്ചകൾ അതുകൊണ്ട് ഒരിക്കലും മുടങ്ങിപ്പോയിട്ടില്ല. രാഹുൽ ഗാന്ധി പല തവണ ഡൽഹിയിൽ വന്നു കൂടിയാലോചനകളിൽ പങ്കെടുത്തു. കോൺഗ്രസ് പ്രസിഡന്റ് അടക്കമുള്ളവർ യാത്രയിൽ ഇടക്കിടെ പങ്കെടുത്തപ്പോഴും ഇത്തരം കൂടിയാലോചനകൾ നടന്നിട്ടുണ്ട്.
ബിഹാറിൽ തേജസ്വി യാദവ്, യു.പിയിൽ അഖിലേഷ് യാദവ്, ഝാർഖണ്ഡിൽ ഹേമന്ദ് സോറൻ, പശ്ചിമ ബംഗാളിൽ ഇടതുപാർട്ടികൾ എന്നിങ്ങനെ ഇൻഡ്യ മുന്നണിയിലെ വിവിധ പാർട്ടികളെ ഒന്നിപ്പിച്ചുകൊണ്ടാണ് ന്യായ് യാത്ര നടത്തിയത്. മുന്നണിയെ ദൃഢപ്പെടുത്താനുള്ള പരിശ്രമംതന്നെയാണത്. മുംബൈയിലെ സമാപന സമ്മേളനവും ഈ പരിശ്രമങ്ങളുടെ ഭാഗമായിരുന്നു.
ഐക്യവും സൗഹാർദവുമാണ് രണ്ടു യാത്രകളുടെയും സന്ദേശം. അതേസമയം, ഇൻഡ്യ മുന്നണിയിൽ ഈ ഐക്യവും സൗഹാർദവും ഉണ്ടാക്കാനും, ഉദ്ദേശിച്ചവിധം മുന്നോട്ടുപോകാനും കഴിഞ്ഞോ?
ഒരു കാര്യം മനസ്സിലാക്കണം. ഈ രാജ്യത്തിന്റെ ദുരവസ്ഥ, മനസ്സിലാക്കുന്നതിനേക്കാൾ ഭീകരമാണ്; അപകടകരമാണ്. ഇൻഡ്യ മുന്നണി ഉണ്ടാക്കിയത് അത്തരം സാഹചര്യങ്ങളെ തുടർന്നാണ്. ഇൻഡ്യയെ ഞെട്ടലോടെയാണ് ഭരണകക്ഷി കണ്ടത്. പിന്നീടങ്ങോട്ട് ഇത് എങ്ങനെ തകർക്കണമെന്ന ഗവേഷണമാണ് അവർ നടത്തിയത്. ഇൻഡ്യയിലെ ഓരോ കക്ഷികളെയും ഉന്നമിട്ട് ഭീഷണിയും സമ്മർദവും കീഴ്പ്പെടുത്തൽ ശ്രമവുമെല്ലാം ഉണ്ടായി. കോൺഗ്രസുമായി ആരും കൂടരുതെന്നാണ് നിബന്ധന. നിതീഷ് കുമാറിനെപ്പോലെ പല നേതാക്കളും അതിൽ വീണുപോയിട്ടുണ്ടാകാം. നിതീഷും മമത ബാനർജിയും ഒഴിച്ചാൽ ഇപ്പോഴും മറ്റുള്ളവർ ഇൻഡ്യ മുന്നണിയിൽതന്നെയുണ്ട്.
മുന്നണി ഉണ്ടാക്കുമ്പോൾതന്നെ, സി.പി.എം, ആപ്, തൃണമൂൽ കോൺഗ്രസ് തുടങ്ങിയവയുമായി സീറ്റു ധാരണയുണ്ടാക്കാൻ പ്രയാസമുണ്ടെന്ന് തിരിച്ചറിഞ്ഞ കാര്യമാണ്. തെരഞ്ഞെടുപ്പിനുശേഷമേ ചില സഖ്യങ്ങൾ സാധ്യമാവൂ. മറ്റുള്ളവരുടെ കാര്യത്തിൽ സീറ്റ് പങ്കിടുന്ന ഘട്ടത്തിൽ ചില തർക്കങ്ങളൊക്കെയുണ്ടായത് സ്വാഭാവികം മാത്രമാണ്. ന്യായ് യാത്രയുടെ സമാപനത്തിൽ സി.പി.എമ്മും തൃണമൂലും ഒഴികെ എല്ലാ കക്ഷികളുംതന്നെ മുംബൈ റാലിയിൽ പങ്കെടുത്തിട്ടുണ്ട്.
രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവരുടെ കേരളത്തിലെ പോരാട്ടം ഇൻഡ്യ സഖ്യത്തിന്റെ അന്തസ്സത്തക്ക് എതിരാണെന്ന എൽ.ഡി.എഫ് പ്രചാരണത്തെ എങ്ങനെ കാണുന്നു?
ബാലിശമായ വാദമാണത്. ഇക്കാര്യങ്ങളൊക്കെ എൽ.ഡി.എഫിനും ബാധകമല്ലേ? കെ.സി. വേണുഗോപാൽ ആലപ്പുഴയിൽ മത്സരിച്ചുപോന്നതാണ്. കഴിഞ്ഞ തവണ വേറെ സാഹചര്യങ്ങൾ വന്നുചേരുകയായിരുന്നു. അങ്ങനെയുള്ള എന്റെ സ്വന്തം സീറ്റിൽ എനിക്ക് മത്സരിക്കാൻ അവകാശമില്ലാതാവുന്നത് എങ്ങനെയാണ്? രാഹുൽ ഗാന്ധി വയനാട്ടിലെ സിറ്റിങ് എം.പിയല്ലേ? ഇൻഡ്യ മുന്നണിയുടെ വിശാലതാൽപര്യം മുൻനിർത്തി രാഹുൽ ഗാന്ധി മത്സരിക്കുന്ന സീറ്റിൽ ഞങ്ങൾ മത്സരിക്കുന്നില്ലെന്ന് തീരുമാനിക്കുകയല്ലേ അവർ ചെയ്യേണ്ടിയിരുന്നത്? അവർക്ക് ജയസാധ്യത അവകാശപ്പെടാവുന്ന മണ്ഡലമൊന്നുമല്ല അത്. കോൺഗ്രസ് പാർട്ടിക്ക് ലോക്സഭയിൽ ഭൂരിപക്ഷം നേടി മുന്നോട്ടുപോകാൻ ആവശ്യമായ സീറ്റുകളിൽപെട്ടതാണ് ഇതൊക്കെ. അവിടെ മത്സരിക്കുന്നതിനെ അപഹസിക്കുന്നത് കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിലേക്കുള്ള കടന്നുകയറ്റമാണ്. അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കലാണ്.
കോൺഗ്രസ് പലവിധ ഗാരന്റികൾ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ, സംഘടന സംവിധാനം ദുർബലമായ സംസ്ഥാനങ്ങളിൽ ഈ ഗാരന്റികൾ ജനങ്ങളിലേക്കെത്തിക്കാൻ എത്രത്തോളം കഴിയും?
കോൺഗ്രസിന് അതിന്റെ പ്രചാരണസംവിധാനങ്ങൾ ഫലപ്രദമാക്കാൻ ദേശീയ, സംസ്ഥാന, ലോക്സഭ മണ്ഡല തലങ്ങളിൽ വാർ റൂം അടക്കം പ്രവർത്തിക്കുന്നുണ്ട്. ബൂത്ത്തല പ്രവർത്തനങ്ങൾ വാർ റൂമുകൾ നിരീക്ഷിക്കുകയും പോരായ്മകൾ നികത്താൻ നടപടി സ്വീകരിക്കുകയും ചെയ്യും. കർണാടകത്തിലും തെലങ്കാനയിലും ചെയ്ത മാതിരി ഗാരന്റി കാർഡുകൾ പ്രിന്റ് ചെയ്ത് വീടുകളിലെത്തിക്കാൻ ബൂത്ത് തലത്തിൽ പ്രവർത്തനം നടക്കും.
മറുവശത്ത് അക്ഷത വിതരണമാണ് അയോധ്യയിലെ പ്രാണപ്രതിഷ്ഠക്കുമുമ്പ് നടന്നത്. ഇന്ത്യയുടെ മതനിരപേക്ഷ-ജനാധിപത്യ സങ്കൽപങ്ങൾ അട്ടിമറിക്കുന്നതിനെതിരെ ഫലപ്രദമായൊരു മുദ്രാവാക്യം മുന്നോട്ടുവെക്കാനും ജനങ്ങളെ സംഘടിപ്പിക്കാനും കോൺഗ്രസിന് കഴിയുന്നില്ലെന്ന വിമർശനത്തോട് എങ്ങനെ പ്രതികരിക്കുന്നു? അയോധ്യ, സി.എ.എ തുടങ്ങിയ വിഷയങ്ങളിൽ കോൺഗ്രസിന് കൃത്യമായ നിലപാടില്ലെന്ന ആക്ഷേപത്തെക്കുറിച്ച്?
രാജ്യം നേരിടുന്ന യഥാർഥ പ്രശ്നങ്ങളെ വികൃതമായി മറച്ചുവെക്കുന്ന, ചർച്ചകളെ വഴിതിരിച്ചുവിടുന്ന, ധ്രുവീകരണത്തിലൂടെ വോട്ടു സമ്പാദിക്കുന്ന രീതിയും ശ്രമവുമാണ് ഭരണപക്ഷത്തുള്ളവർ തുടരുന്നത്. ജനങ്ങളെ എക്കാലവും കബളിപ്പിക്കാമെന്ന ധാരണയോടെയാണ് അവർ തെരഞ്ഞെടുപ്പിലേക്ക് ഇറങ്ങിയിരിക്കുന്നത്. അനന്തകാലം അങ്ങനെ മുന്നോട്ടുപോകാൻ അവർക്ക് സാധിക്കില്ല. വിശപ്പിന് ഇതൊന്നും പരിഹാരമല്ല. എല്ലാവർക്കും അവരവരുടെ വിശ്വാസങ്ങളുണ്ട്. വിശ്വാസങ്ങളുടെ പേരിലല്ല ഭരിക്കാനുള്ള ഒരു പാർട്ടിയെ തെരഞ്ഞെടുക്കേണ്ടതെന്ന് ജനം നിശ്ചയിക്കുകതന്നെ ചെയ്യും.
കോൺഗ്രസ് ചില വിഷയങ്ങളിൽ മൗനം പുലർത്തുന്നുവെന്ന് പറയുന്നവർ പരോക്ഷമായി കോൺഗ്രസ് എന്ന മതനിരപേക്ഷ പാർട്ടിയെ ദുർബലപ്പെടുത്താനാണ് ശ്രമിക്കുന്നത്. അയോധ്യ വിഷയത്തിൽ വ്യക്തമായ നിലപാട് സുപ്രീംകോടതി വിധിക്കു പിന്നാലെ കോൺഗ്രസ് പറഞ്ഞു കഴിഞ്ഞതാണ്. അയോധ്യയെയും വിശ്വാസങ്ങളെയും രാഷ്ട്രീയ ലക്ഷ്യത്തിന് ദുരുപയോഗിക്കുകയാണ് ബി.ജെ.പി. പ്രധാനമന്ത്രി അതിനു നേതൃത്വം വഹിക്കുന്നു. അത്തരത്തിലൊരു പരിപാടിയായ പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് പ്രഖ്യാപിക്കുകതന്നെ ചെയ്തു. ജനങ്ങളെ വിഭജിക്കാനുള്ള അജണ്ടയാണ് സി.എ.എ എന്നും കോൺഗ്രസ് കൃത്യമായി പറഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പുനേരത്ത് സി.എ.എ എടുത്തിട്ടതിൽ ബി.ജെ.പിയുടെ ഉദ്ദേശ്യം വ്യക്തമാണ്. അത് നടപ്പാക്കാനും പോകുന്നില്ല. യഥാർഥ പ്രശ്നങ്ങളിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രമായി അതിനെ കാണണമെന്ന് കോൺഗ്രസ് ജനങ്ങളോട് പറഞ്ഞിട്ടുണ്ട്.
ഇൻഡ്യ മുന്നണിയുടെ ഭാവിയെ എങ്ങനെ കാണുന്നു?
ഈ കെട്ട കാലത്ത്, രാജ്യത്തെ സമസ്ത ജനാധിപത്യ അഭിപ്രായങ്ങളെയും ഞെരിക്കുന്ന കാലത്ത്, സ്വേച്ഛാധിപത്യ ഭരണം മുന്നോട്ടുകൊണ്ടുപോകാൻ തുനിയുന്ന കാലത്ത്, ഇങ്ങനെ മുന്നോട്ടുപോയാൽ ഇന്ത്യ എന്ന ആശയംതന്നെ കൈവിട്ടുപോകുമെന്നും ജനാധിപത്യം ഇല്ലാതായിത്തീരുമെന്നും ജനം തിരിച്ചറിയുന്നുണ്ട്. അവരുടെ നാവായി നിന്നുകൊണ്ട് ഇൻഡ്യ കൂടുതൽ വളരണമെന്നാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. ആ കാലം വരുകയും ചെയ്യും. അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് എല്ലാവരും ഒന്നിക്കും. പാർലമെന്റ് തെരഞ്ഞെടുപ്പ് അതിന് വഴിയൊരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.