ലീഗ് രാഷ്ട്രീയത്തിന് ബംഗാളിൽ ഇപ്പോഴും പ്രസക്തിയുണ്ട്
text_fieldsമുസ്ലിം ലീഗ് രാഷ്ട്രീയത്തിലൂടെ വളർന്നുവന്ന സാബിർ ഗഫാർ ഇന്ന് ബംഗാൾ ന്യൂനപക്ഷ തൊഴിൽ വകുപ്പ് ചെയർമാനാണ്. ഇന്ത്യൻ സെക്കുലർ ഫ്രണ്ട് (ഐ.എസ്.എഫ്) രൂപവത്കരണത്തിൽ നിർണായക പങ്കുവഹിച്ച അദ്ദേഹം സി.പി.എം സഖ്യത്തെ ചൊല്ലി നേതൃത്വവുമായി ഇടഞ്ഞ് തൃണമൂൽ കോൺഗ്രസുമായി (ടി.എം.സി) സഹകരിച്ചാണ് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്. നിലവിലെ ബംഗാളിലെ തെരഞ്ഞെടുപ്പ് സാഹചര്യം അദ്ദേഹം ‘മാധ്യമ’വുമായി സംസാരിക്കുന്നു
തെരഞ്ഞെടുപ്പിൽ ടി.എം.സി നേട്ടമുണ്ടാക്കുമോ?
സംസ്ഥാനത്ത് ടി.എം.സി അനുകൂല സാഹചര്യമാണുള്ളത്. സി.എ.എ വിഷയങ്ങളടക്കം കത്തി നിൽക്കുന്നതിനാൽ ന്യൂനപക്ഷ വോട്ടുകൾ പാർട്ടിക്ക് അനുകൂലമായി ഏകീകരിക്കും. കഴിഞ്ഞ രണ്ട് ഘട്ട വോട്ടെടുപ്പിലും ടി.എം.സിക്ക് നേട്ടമുണ്ടാകുമെന്നാണ് താഴേത്തട്ടിൽ നിന്നുള്ള റിപ്പോർട്ട്.
കോൺഗ്രസുമായുള്ള ടി.എം.സി സഖ്യം വിജയിക്കാതെപോയത് എന്തുകൊണ്ട്?
ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടും കോൺഗ്രസ് ടി.എം.സിയുമായി സഖ്യം ചേരാതെ സി.പി.എമ്മുമായി മത്സരിക്കുന്നത് രാഷ്ടീയ മണ്ടത്തമാണ്. സംസ്ഥാന നേതൃത്വത്തിന്റെ വ്യക്തിതാൽപര്യമാണ് സഖ്യം നടക്കാതെ പോയതിന് കാരണം. നോർത്ത് ബംഗാളിൽ അവർക്ക് ഒന്നോ രണ്ടോ സീറ്റ് ലഭിച്ചേക്കാം. മറ്റു നേട്ടങ്ങളൊന്നും ഉണ്ടാകില്ല. ഒാരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും സി.പി.എം തകർച്ചയിലേക്കാണ് പോകുന്നത്.
ബംഗാളിലേക്ക് ബി.ജെ.പിയുടെ വേഗത്തിലുള്ള കടന്നുകയറ്റം സംഭവിക്കുന്നതിന് കാരണം?
സി.പി.എമ്മിന്റെ തളർച്ചയാണ് ബി.ജെ.പിയുടെ വളർച്ച. കുടിയേറ്റ സമൂഹം ആയിരുന്നു സി.പി.എമ്മിന്റെ പ്രധാന വോട്ട് ബാങ്ക്. അത് പൂർണമായും ബി.ജെ.പിയിലേക്ക് പോയി. വർഗീയ ധ്രുവീകരണത്തിലൂടെയും അവർക്ക് നേട്ടമുണ്ടാക്കാൻ സാധിച്ചു. സി.എ.എ പോലുള്ള വിഷയങ്ങളിൽ വലിയ വർഗീയ ധ്രുവീകരണത്തിനാണ് ബി.ജെ.പി ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ബി.ജെ.പിയെ ചെറുക്കാനുള്ള പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ഉണ്ടാകുന്നുണ്ടോ?
ടി.എം.സിക്ക് രാഷ്ട്രപരമായും ആശയപരമായും ബി.ജെ.പിയെ നേരിടാൻ ആയിട്ടുണ്ട്. അവരെ ഏറ്റവും കുറഞ്ഞ സീറ്റിലേക്ക് ചുരുക്കാൻ ടി.എം.സിക്കാവും. മോദി പറഞ്ഞത് സംസ്ഥാനത്ത് ബി.ജെ.പിക്ക് 35 സീറ്റ് കിട്ടുമെന്നാണ്. അമിത് ഷാ വന്നപ്പോൾ ഇത് 25ലേക്ക് ചുരുങ്ങി. അതിൽ നിന്നുതന്നെ അവരുടെ ആത്മവിശ്വാസക്കുറവ് മനസ്സിലാക്കാം. ഹിന്ദി ഹൃദയഭൂമിയിൽ സീറ്റ് കുറയുമെന്ന് അറിയുന്ന ബി.ജെ.പി മറ്റു സ്ഥലങ്ങളിൽ സീറ്റ് നേടാമെന്നാണ് കരുതുന്നത്. അത് ബംഗാളിൽ വിജയിക്കില്ല.
ഐ.എസ്.എഫ് രൂപവത്കരണത്തിന്റെ ഭാഗമായ താങ്കൾ എങ്ങനെ ടി.എം.സിയിലെത്തി?
ബംഗാൾ രാഷ്ട്രീയത്തിൽ മുസ്ലിം വിഭാഗം നേരിട്ടിരുന്ന അവഗണന പരിഹരിക്കാനായിരുന്നു 2021ൽ താനടക്കമുള്ളവർ ചേർന്ന് ഐ.എസ്.എഫ് രൂപവത്കരിച്ചത്. ആ വർഷത്തെ നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇടതുമായുള്ള ബന്ധത്തെ എതിർത്താണ് ഐ.എസ്.എഫ് വിട്ടത്.
ഇപ്പോൾ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ ഏറ്റവും നല്ല പാർട്ടി ടി.എം.സിയാണ്. അതിനാലാണ് അവരുമായി സഹകരിക്കുന്നത്. ന്യൂനപക്ഷ പാർട്ടികളെ ടി.എം.സിയുമായി അടുപ്പിക്കാനുള്ള പ്രവർത്തനങ്ങൾ തന്റെ ഭാഗത്തുനിന്നും ഉണ്ടാകും.
ഐ.എസ്.എഫ് മത്സരിക്കുന്നത് മതേതര വോട്ട് ഭിന്നിക്കാനും ബി.ജെ.പി വിജയത്തിനും സഹായകരമാകില്ലേ?
തെരഞ്ഞെടുപ്പിൽ ബംഗാളിൽ തൃണമൂൽ- ബി.ജെ.പി പോരാട്ടമാണ് നടക്കുന്നത്. ടി.എം.സിയിലേക്ക് മുസ്ലിം ന്യൂനപക്ഷ വോട്ടുകൾ ഏകീകരിക്കും. സി.എ.എ, എൻ.ആർ.സി വിഷയത്തിൽ മമത സ്വീകരിക്കുന്ന ശക്തമായ നിലപാടാണ് ഇതിന് കാരണം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ട് ഭിന്നിച്ചുണ്ടായ തെറ്റ് ഇത്തവണ ജനം ആവർത്തിക്കില്ല. മുഖ്യശത്രു ബി.ജെ.പിയാണെന്നും അവരെ പരാജയപ്പെടുത്താനുള്ള ശേഷി ടി.എം.സിക്കാണുള്ളതെന്നും ജനം തിരിച്ചറിഞ്ഞിട്ടുണ്ട്.
ലീഗ് രാഷ്ട്രീയത്തിന് ബംഗാളിൽ വളക്കൂറുണ്ടോ?
എന്റെ രാഷ്ടീയ വളർച്ച ലീഗിലൂടെയാണ്. മതേതര രാഷ്ട്രീയവും സാമുദായിക താൽപര്യവും ഒരുമിച്ച് കൊണ്ടുപോകുന്ന ലീഗിന്റെ രാഷ്ട്രീയമാണ് ബംഗാളിന് വേണ്ടത്. അത് പ്രാവർത്തികമാക്കാനാണ് ഞാൻ ശ്രമിക്കുന്നത്. പാണക്കാട് കുടുംബവുമായി നല്ല ബന്ധം പുലർത്തുന്നുണ്ട്. രാഷ്ട്രീയ ഉപദേശം ഇപ്പോഴും അവരിൽ നിന്നും നേടാറുണ്ട്. ബംഗാളിലെ രാഷ്ടീയ സാഹചര്യമാണ് ലീഗ് വിടാൻ കാരണം.
സന്ദേശ്ഖലി വിഷയം സംസ്ഥാനത്ത് വർഗീയ ധ്രുവീകരണം ശക്തമാക്കുന്നതിലേക്ക് കാരണമായോ?
സന്ദേശ്ഖലി വിഷയത്തിൽ പഠിക്കാനായി താൻ അവിടെ നേരിട്ട് പോയിട്ടുണ്ട്. ദേശീയ മാധ്യമങ്ങൾ സൃഷ്ടിച്ച കുപ്രചാരണമാണ് അവിടെ നടന്നിട്ടുള്ളത്. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതും ഗ്രൗണ്ട് റിയാലിറ്റിയും തമ്മിൽ യാതൊരു ബന്ധവുമില്ല. പ്രാദേശിക സ്ത്രീകൾ തങ്ങളെ ലൈംഗികാതിക്രമം നടത്തിയെന്നും സ്ഥലം പിടിച്ചെടുത്തുവെന്നും ആരോപിക്കപ്പെട്ട രണ്ടുപേരും ഹിന്ദുവിഭാഗത്തിൽപ്പെട്ടവരാണ്. എന്നാൽ, മാധ്യമങ്ങൾ തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ പേര് ചേർത്ത് വർഗീയവത്കരിക്കാനാണ് ശ്രമിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.