ഇ.ഡിയോട് ഇഞ്ചോടിഞ്ച്: ന്യൂനപക്ഷങ്ങൾ ഒപ്പമുണ്ട് –ഡോ. ടി.എം. തോമസ് ഐസക്
text_fields? താങ്കളുടെ വോട്ട് എവിടെയാണ്, വോട്ട്ചെയ്യാൻ പോകുമോ?
വോട്ട് തിരുവനന്തപുരത്താണ്. വോട്ട് ചെയ്യാൻ പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ല
? രണ്ട് മാസം നീണ്ട പ്രചാരണം അവസാനിച്ചു. താങ്കൾക്ക് അനുകൂല ഘടകങ്ങൾ? വിജയസാധ്യത എത്രത്തോളം?.
വിജയിക്കും എന്നതാണ് വിലയിരുത്തൽ. മണ്ഡലത്തിൽ ഏഴ് നിയമസഭകളും ഇടതുപക്ഷത്തിനൊപ്പമാണ്. പത്തനംതിട്ട മണ്ഡലത്തിന്റെ പ്രത്യേകത വെച്ച് ലോക്സഭാ വരുമ്പോൾ യു.ഡി.എഫിന് വോട്ട് ചെയ്യുന്നതാണ് കണ്ടുവന്നത്. ഏറ്റവും കൂടുതൽ ഈ മാറ്റം പ്രകടിപ്പിക്കുന്ന രണ്ട് വിഭാഗം മുസ്ലിം സമുദായവും പെന്തക്കോസ്ത് വിശ്വാസികളുമാണ്. ഇരുസമൂഹവും രാജ്യവ്യാപകമായി വെല്ലുവിളി നേരിടുന്നവരാണ്. അതുകൊണ്ടുകൂടിയായിരിക്കാം ലോക്സഭ തെരഞ്ഞെടുപ്പിൽ കൂടുതൽ വോട്ടുകൾ നൽകുന്നത്. ഇത്തവണ ഇവരുടെ വോട്ടുകൾ എൽ.ഡി.എഫിന് അനൂകൂലമാകും. ചോദിക്കാനോ പറയാനോ ഇരകളെ സന്ദർശിക്കാനോ പോലും കോൺഗ്രസ് നേതൃത്വം മടിക്കുന്നു. കേരള കോൺഗ്രസ് മാണി വിഭാഗവും ഇപ്രാവശ്യം എൽ.ഡി.എഫിനൊപ്പമാണ്. ഇതോടൊപ്പം സ്വതന്ത്ര വോട്ടുകളും ഒപ്പമെത്തി വിജയം ഞങ്ങൾക്കൊപ്പമാണ്.
? താങ്കൾ നേരിടുന്ന പ്രതികൂല ഘടകങ്ങൾ
മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി എതിരായിട്ടുള്ള ട്രെൻഡായി വരുന്ന പ്രതികൂല ഘടകങ്ങളൊന്നും കാണുന്നില്ല. ബി.ജെ.പിയുടെ വോട്ടുകൾ ഗണ്യമായി കുറഞ്ഞാൽ അത് യു.ഡി.എഫിന് അനുകൂലമായി മാറുന്നതാണ് ആകെയുള്ള പ്രതികൂല ഘടകം. ബി.ജെ.പിയുടെ വോട്ട് ശതമാനം വൻതോതിൽ കുറയാം. അത് യു.ഡി.എഫിന് അനുകൂലമാകം. അതിനുള്ള സാധ്യത തള്ളിക്കളാൻ സാധിക്കില്ല. എന്നോടുള്ള വാശി തീർക്കുന്നതിന് ചിലർ അങ്ങനൊക്കെ ശ്രമിക്കുന്നുണ്ടോ എന്ന് അറിയില്ല.
? ഇത്രയും ദിവസം നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണത്തെ സ്വയം വിലയിരുത്തിയാൽ?
ആദ്യഘട്ടത്തിൽ കുറച്ച് പിന്നിലായിരുന്നു. പുതിയ ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കാനുള്ള കാലതാമസം സ്വാഭാവികം. അവസാന ഘട്ടത്തിൽ എത്തിയപ്പോൾ വലിയ മാറ്റം വന്നു. ഇപ്പോൾ ശാസ്ത്രീയമായി പ്രചാരണം പൂർത്തീകരിച്ചത് എൽഡി.എഫ് മാത്രമാണ് എന്ന് വ്യക്തമല്ലേ.
? പത്തനംതിട്ടയുടെ സാംസ്കാരിക വൈവിധ്യം പരിശോധിച്ചാൽ
ബഹുസ്വരത ഏറെയുള്ള മണ്ണാണ്. അതാണ് നമ്മുടെ സമ്പന്നതയും. ക്രിസ്ത്യൻ ഉപവിഭാഗങ്ങളെല്ലാം ഇവിടെയുണ്ട്. ലളിതമായ സൂത്രവാക്യങ്ങൾക്കൊണ്ട് മണ്ഡലത്തിലെ വ്യത്യസ്ത ജനവിഭാഗങ്ങളെ വിലയിരുത്തി മുന്നോട്ട് പോകൽ അസാധ്യമാണ്.
? മണ്ഡലത്തിനായി താങ്കൾ മുന്നോട്ടുവെച്ച പ്രത്യേക പദ്ധതികൾ
വിജ്ഞാൻ പത്തനംതിട്ടയിലേക്കുള്ള പരിവർത്തനമാണ് ഞാൻ പരിചയപ്പെടുത്തിയ പദ്ധതികളുടെ കേന്ദ്ര ബിന്ദുവായി നിശ്ചയിച്ചിരിക്കുന്നത്. അത് അച്ചടിച്ച് എല്ലാവീടുകളിലേക്കും എത്തിച്ചിട്ടുണ്ട്. ശബരിമല തീർഥാടനുവുമായി ബന്ധപ്പെട്ട് പൈതൃക തീർഥാടന ടൂറിസം സർക്യൂട്ട്, പാവങ്ങളുടെ സമഗ്ര സംരക്ഷണം, റബർ കർഷകർക്ക് മെച്ചപ്പെട്ട വരുമാനം എന്നിവയിലും ഊന്നൽ നൽകി മുന്നോട്ട് പോകും.
? കാർഷിക മേഖലയുടെ തകർച്ചയും വന്യജീവി ആക്രമണവും
വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വേണം. അവയെ ക്ഷുദ്രാജീവികളായി പ്രഖ്യാപിച്ച് ഉൻമൂലനം ചെയ്യാനുള്ള അവകാശം കർഷകർക്ക് നൽകണം. റബർ സബ്സിഡി വർധിപ്പിച്ച് പുനഃസ്ഥാപിക്കണം. ഇവിടെ റബർ ഇറക്കുമതി അനാവശ്യമായി ചെയ്ത് ഒത്തുകളിക്കുന്ന ടയർ കമ്പനികളെ നിയന്ത്രിക്കണം. മൂല്യവർധിത ഉൽപന്നങ്ങൾ വേണം. ഇതൊക്കെയാണ് റബറിന് വേണ്ട പാക്കേജ്.
? മണ്ഡലം നേരിടുന്ന കുടിയേറ്റ ഭീഷണിയെയും ജനസംഖ്യ വളർച്ചയിലെ കുറവിനെയും എങ്ങനെ വിലയിരുത്തുന്നു?
ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങളിലേക്കാണ് കുടിയേറ്റം വർധിച്ചിരിക്കുന്നത്. അതുകൊണ്ട് ജനസംഖ്യ കേവലമായി കുറയുന്ന ഒരു ജില്ലയായി മാറിയിട്ടുണ്ട്. പുതിയ വ്യവസായങ്ങളോ നല്ല വരുമാനം കിട്ടുന്ന തൊഴിലുകളോ സൃഷ്ടിക്കപ്പെടുന്നില്ല. മികച്ച വരുമാനം കിട്ടിയിരുന്ന കൃഷിയാണെങ്കിൽ തകർച്ചയിലുമാണ്. പത്തനംതിട്ടയിൽ ജനസംഖ്യ ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തൽ. അടുത്ത സെൻസസിൽ യഥാർത്ഥ ചിത്രം വ്യക്തമാകും.
? മണ്ഡലത്തിൽ സാമുദായിക ധ്രുവീകരണ പ്രകടമാണോ ?
സാമുദായിക ധ്രുവീകരണം കൊണ്ടുവരാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ബി.ജെ.പി വിചാരിക്കുന്നതിനെക്കാൾ കൂടുതൽ മതനിരപേക്ഷരരാണ് ഇവിടുത്തെ ഹൈന്ദവ സമൂഹം. പിന്നാക്ക-ന്യൂനപക്ഷ സമൂഹങ്ങളും മതേതരമായാണ് ചിന്തിക്കുന്നത്.
? വിദ്വേഷ വിഭജന രാഷ്ട്രീയത്തിന് ഭാവിയുണ്ടോ?
വിദ്വേഷ രാഷ്ട്രീയം മേൽക്കൈ അനുരണനമായിട്ടാണ് നമ്മുടെ നാട്ടിലും വിദ്വേഷ വിഭജന രാഷ്ട്രീയം കടന്നുകയറാൻ ശ്രമിക്കുന്നത്. ഇവിടുന്ന് ഉൽപാദിക്കപ്പെട്ടതല്ല. പുറത്തുനിന്ന് വരുന്നതാണ്. ഇവിടുത്തെ ശ്രീനാരായണീയ പ്രസ്ഥാനത്തിന്റെയും അയ്യൻകാളി പ്രസ്ഥാനത്തിന്റെയും മതേതര പാരമ്പര്യത്തിന്റെയും ഇടതുപക്ഷത്തിന്റെ ശക്തമായ ചെറുത്തുനിൽപിന്റെ അടിസ്ഥാനത്തിലും വിദ്വേഷ രാഷ്ട്രീയത്തിന് ഒരു പരിധി വിട്ട് മുന്നേറാൻ കഴിഞ്ഞിട്ടില്ല.
? 2021 മുതൽ സി.പി.എമ്മിന്റെ ജില്ല ചുമതല വഹിക്കുന്നു. മൈലപ്ര, കോന്നി റീജനൽ ബാങ്ക് ഉൾപ്പെടെ ജില്ലയിൽ പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിലെ തിരിമറികൾ തടയുന്നതിൽ ശ്രദ്ധക്കുറവുണ്ടായിട്ടുണ്ടോ?
വളരെ കർശനമായ നിലപാട് ബാങ്കുകൾ സംബന്ധിച്ച ക്രമക്കേടുകളിൽ സ്വീകരിച്ചിട്ടുണ്ട്. വായ്പയെടുത്ത പാർട്ടി അംഗങ്ങളുടെ പണം തിരിച്ചടവിനുള്ള നടപടികളും മുന്നോട്ട് പോകുന്നു. വീഴ്ചകൾ വരാതിരിക്കാനുള്ള ജാഗ്രത ശക്തമായി പുലർത്തുന്നുണ്ട്. ഗവർണർ ഇപ്പോൾ തടഞ്ഞുവെച്ച നിയമഭേദഗതി നടപ്പായാൽ ഇനി ഇതൊന്നും ഉണ്ടാകില്ല. ഡയറക്ടർ ബോർഡ് അംഗങ്ങൾ, ബാങ്ക് ഉദ്യോഗസ്ഥർ ഇവരുടെ ബന്ധുക്കൾ വായ്പ എടുത്തിട്ടുണ്ടെങ്കിൽ അച്ചടിച്ച് ജനറൽ ബോഡിയിൽ വിതരണം ചെയ്യണം. മൂന്ന് പ്രാവശ്യത്തിൽ കൂടുതൽ ഡയറക്ടർ ബോർഡിൽ സ്ഥാനം വഹിക്കുന്നത് തടയുന്നു. സി.പി.എമ്മിൽ രണ്ട് തവണയിൽ കൂടുതൽ അനുവദിക്കില്ല. സഹകരണ മേഖലയിലെ തെറ്റുകളും പോരായ്മകളും പരിഹരിക്കാൻ ഗവർണ്ണർ തടസ്സം നിൽക്കുകയാണ്.
? സെക്രട്ടേറിയറ്റിന് മുന്നിൽ പി.എസ്.സി ഉദ്യോഗാർഥികൾ തൊഴിലിനായി സമരത്തിൽ. ഭരണകക്ഷിയിലെ ഉന്നത നേതാവായ അങ്ങ് പത്തനംതിട്ടയിൽ എല്ലാവർക്കും തൊഴിലിനായി പദ്ധതി തയാറാക്കുന്നു?
പി.എസ്.സി പട്ടികയിലെ മുഴുവൻ പേർക്കും ജോലി നൽകാമെന്ന പാരമ്പര്യം കേരളത്തിൽ ഇല്ലല്ലോ. ചെറുസമുദായങ്ങൾക്കും സംവരണത്തിന്റെ ആനുകൂല്യം ലഭിക്കാൻ പി.എസ്.സി പുറത്തവിടുന്ന പട്ടിക വളരെ വലുതാണ്. കുറച്ചു പേരെ എടുത്തിട്ടുള്ളൂ എന്ന് പറഞ്ഞ് ഇത് വലിയ സമ്മർദമായി വരുകയാണ്. പത്തനംതിട്ടയിൽ ഞാൻ മുന്നോട്ട് വെക്കുന്നത് നൈപുണ്യ പരിശീലനം നൽകി ജോലിക്കായി പ്രാപ്തരാക്കുകയാണ്.
? കിഫ്ബി മസാല ബോണ്ട് വിവാദവും പിന്നാലെ കൂടിയ ഇ.ഡി അന്വേഷണവും?
80,000 കോടിയുടെ പദ്ധതിയല്ലേ. രണ്ട് വർഷം പരിശോധിച്ചിട്ടും ഒരുതിരിമറിയും കണ്ടെത്താൻ അവർക്ക് കഴിഞ്ഞിട്ടില്ല. എന്നെ കിഫ്ബി ഓടിക്കുകയല്ല. കിഫ്ബിയെ ഞാനാണ് ഓടിക്കുന്നത്.
? ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരായി കൂടാരുന്നോ?
കേന്ദ്രത്തിന്റെ രാഷ്ട്രീയ ചട്ടുകമായ ഇ.ഡി വിളിക്കുമ്പോൾ പോയി ഹാജരാകണോ. ഭരണഘടന നൽകുന്ന അവകാശങ്ങൾ പൗരനുണ്ട്. അവകാശങ്ങൾ വിട്ടുനൽകാൻ തയാറല്ല. എന്നെ വിളിപ്പിക്കുമ്പോൾ ഞാൻ ചെയ്ത തെറ്റെന്ത്? എന്ത് നിയമലംഘനം നടത്തി എന്ന് പറഞ്ഞാൻ ഞാൻ ചെല്ലും. ഇ.ഡി നിയമം ലംഘിക്കുന്നെന്നാണ് കോടതി പറഞ്ഞത്. ഇ.ഡിയോട് ഇഞ്ചോടിഞ്ച് പേരാടും. ഒരുവിട്ടുവീഴ്ചക്കും തയാറല്ല. ഒരു പരിഭ്രാന്തിയും ഇല്ല. ഇ.ഡി വന്നുകഴിഞ്ഞാൽ പുസ്തകം അല്ലാതെ മറ്റൊന്നും എന്നിൽനിന്ന് കിട്ടില്ല.
? സംസ്ഥാനത്തിന്റെ സാമ്പത്തിക അടിയന്തരാവസ്ഥയുടെ കാരണക്കാരനായി അങ്ങയെ പ്രതിക്കൂട്ടിൽ നിർത്തിയാണല്ലോ എതിർകക്ഷികൾ പ്രചാരണം മുന്നോട്ട് പോയത്?
വേണ്ടത്ര ധാരണയില്ലാത്തവരെ പറഞ്ഞ് പരിഭ്രമിപ്പിക്കാം. ഞാൻ രണ്ടു തവണ മന്ത്രിയായതിനിടെ അഞ്ചു വർഷം കടത്തിലുണ്ടായ ശതമാന വർധന മുൻകാലത്തെ അപേക്ഷിച്ച് താഴ്ന്നതാണ്. യു.ഡി.എഫ് ഭരണകാലത്തെക്കാൾ താഴ്ന്നതാണ്. ഈ യുഡി.എഫാണ് കടം കൂടിയതെന്ന് പറയുന്നത്. ഒരുസംസ്ഥാനത്തിനും ഇഷ്ടംപോലെ കടം എടുക്കാൻ കഴിയില്ല. നിയമത്തിന്റെ ഉള്ളിൽ നിന്നേ കടം എടുക്കാൻ കഴിയുകയുള്ളൂ.
? ഇടതു ഭരണത്തിന്റെ വിലയിരുത്തലാണോ ഈ തെരഞ്ഞെടുപ്പ്?
നിശ്ചയമായിട്ടും. തീർച്ചയായും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.