ഉറപ്പാണ് എൽ.ഡി.എഫ് ജയം -കെ.പി. സതീഷ് ചന്ദ്രൻ
text_fieldsചോദ്യം: തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ഉയർത്തിയ മുഖ്യപ്രശ്നം എന്തായിരുന്നു?
ഉത്തരം: പാർലമെന്റ് തെരഞ്ഞെടുപ്പായതിനാൽ ദേശീയ രാഷ്ട്രീയത്തിൽ തന്നെ ഊന്നൽ നൽകി. നരേന്ദ്ര മോദി സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്ക് എതിരെയായിരുന്നു പ്രചാരണം. അതിൽ പ്രധാനം പൗരത്വ ഭേദഗതി നിയമമായിരുന്നു. വലിയ വിപത്തിനെ തടഞ്ഞുനിർത്തുന്നതിൽ ഇടതുപക്ഷത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിക്കൊണ്ടാണ് പ്രചാരണം.
ചോദ്യം: മുൻ എം.പിയുടെ പ്രകടനം തെരഞ്ഞെടുപ്പിൽ വിഷയമായിരുന്നോ?
ഉത്തരം: മുൻ എം.പിയുടെ പ്രകടനം വട്ടപ്പൂജ്യമായിരുന്നു. വികസനത്തെക്കുറിച്ച് പറയുമ്പോൾ അദ്ദേഹത്തിന് ഒന്നും പറയാൻ കഴിഞ്ഞിരുന്നില്ല. മുൻ.എം.പി പി. കരുണാകരൻ തുറന്ന കത്ത് നൽകിയിട്ടും മറുപടി നൽകാൻ കഴിഞ്ഞിട്ടില്ല. കാരണം ആ കത്തിന് മറുപടി നൽകാനൊന്നും അദ്ദേഹത്തിനില്ലായിരുന്നു.
ചോദ്യം: ന്യൂനപക്ഷ കേന്ദ്രങ്ങളിലെ കനത്ത പോളിങ് പൗരത്വഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തിലാണോ?
ഉത്തരം: ന്യൂനപക്ഷ കേന്ദ്രങ്ങളിൽ കനത്ത പോളിങ് എന്ന വാദം ശരിയല്ല. ഞങ്ങൾ ഇതിനേക്കാൾ പോളിങ് പ്രതീക്ഷിച്ചതാണ്. കാരണം 2019ൽ 1096143 വോട്ട് പോൾ ചെയ്തു. ഇത്തവണ 14ലക്ഷത്തിലധികം വോട്ടുണ്ടായിരുന്നിട്ടും 1120000 ഓളം വോട്ട് മാത്രമാണ് പോൾ ചെയ്തത്. യു.ഡി.എഫ് ശക്തികേന്ദ്രങ്ങളിൽ പോളിങ് കുറഞ്ഞു. ഉദാഹരണത്തിന് കാസർകോട്ട്. ഏറ്റവും കുറഞ്ഞ എണ്ണം വോട്ട് പോൾ ചെയ്തത് കാസർകോട്ടാണ്. 147825 വോട്ട് മാത്രം.
2019 ലേതിനേക്കാൾ 526 വോട്ടിന്റെ വർധന. കല്യാശ്ശേരിയിൽ 4456 വോട്ട് 2019നേക്കാൾ പോൾ ചെയ്തപ്പോൾ മഞ്ചേശ്വരത്ത് 2526 വോട്ട് മാത്രമാണ് പോൾ ചെയ്തത്. ചുരുക്കിപ്പറഞ്ഞാൽ മഞ്ചേശ്വരം മുതൽ കല്യാശ്ശേരി വരെ യു.ഡി.എഫ് കേന്ദ്രങ്ങളിലാണ് പോളിങ് ശതമാനം കുറഞ്ഞത്.
ചോദ്യം: ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളിലും സമാനമായ അവസ്ഥയുണ്ടായിരുന്നല്ലോ?
ഉത്തരം: അവരുടെ ഇടയിലും സ്ഥാനാർഥി നിർണയത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നു. വോട്ട് ചെയ്യാൻ ബി.ജെ.പിക്കാർ എത്തിയിരുന്നില്ല. അതാണ് പോളിങ് കുറയാൻ കാരണം. ഇത്തവണ ബി.ജെ.പിക്ക് വോട്ട് കുറയും കഴിഞ്ഞ തവണ ലഭിച്ചതും ലഭിക്കാനിടയില്ല.
ചോദ്യം: ഈ ഘടകങ്ങൾ വെച്ച് പരിശോധിക്കുമ്പോൾ എൽ.ഡി.എഫ് വിജയം ഉറപ്പാണോ?
ഉത്തരം: തീർച്ചയായും ഇടതുപക്ഷ വിജയം കാസർകോട് പാർലമെന്റ് മണ്ഡലത്തിൽ ഉറപ്പിച്ച വോട്ടെടുപ്പാണ് നടന്നത്. ഇരുപതിനായിരത്തിനും അമ്പതിനായിരത്തിനും ഇടയിലെ ഭൂരിപക്ഷത്തിന് എം.വി. ബാലകൃഷ്ണൻ മാസ്റ്റർ വിജയിക്കും.
ചോദ്യം: യു.ഡി.എഫിന്റെ പക്ഷത്ത് പോളിങ് കുറയാൻ കാരണമെന്തെങ്കിലും മനസ്സിലാക്കിയിട്ടുണ്ടോ?
ഉത്തരം: പുതിയതലമുറ വോട്ടർമാരെ യു.ഡി.എഫ് ആകർഷിച്ചില്ല. അവർ വോട്ട് ചെയ്യാത്തതാണ് യു.ഡി.എഫ് കേന്ദ്രങ്ങളിലെ പോളിങ് കുറയാൻ കാരണം. എൽ.ഡി.എഫ് ആണെങ്കിൽ അതിന്റെ യുവ വിഭാഗമായി എൽ.ഡി.വൈ.എഫ് നടത്തിയ പ്രത്യേക പരിപാടികളും തെരുവുനാടകങ്ങളും റോഡ്ഷോകളും യുവ തലമുറയെ സ്വാധീനിച്ചിരുന്നു.
ചോദ്യം: കാസർകോട് ഇടതുപക്ഷത്തിന്റെ ഉറച്ച മണ്ഡലമെന്ന് പറയാനാകുമോ?
ഉത്തരം: അങ്ങനെ ചോദിച്ചാൽ കാസർകോട് മണ്ഡലത്തിന് ചില സവിശേഷതയുണ്ട്. ഈ പാർലമെന്റ് മണ്ഡലത്തിലെ രണ്ട് നിയോജ മണ്ഡലങ്ങളിൽ എൽ.ഡി.എഫ് മൂന്നാം സ്ഥാനത്താണ് കേരളത്തിലെ 20 മണ്ഡലങ്ങളിൽ മറ്റെങ്ങുമില്ലാത്ത പ്രത്യേകതയാണ്. ചരിത്രപരമായ കാരണങ്ങളാലാകാം അത്. അതും രണ്ടിടത്തും എൽ.ഡി.എഫിന്റെ വോട്ടിനേക്കാൾ കൂടുതലാണ് ഇടതുപക്ഷത്തിന്റെ ഭൂരിപക്ഷം.
ചോദ്യം: ന്യൂനപക്ഷ ഏകീകരണം ഉണ്ടായിരുന്നവോ.
ഉത്തരം: ചില ഘട്ടങ്ങളിൽ ശക്തമായ ഏകീകരണം ഉണ്ടായിട്ടുണ്ട്. എന്നാൽ, 2019ൽ ഉണ്ടായത്ര ന്യൂനപക്ഷ ഏകീകരണം ഇത്തവണ ഉണ്ടായിട്ടില്ല. ഉണ്ടായത് യു.ഡി.എഫിന് അനുകൂലമെന്ന് പറയാനും കഴിയില്ല.
ചോദ്യം: അതുകൊണ്ട്
ഉത്തരം: അതുകൊണ്ട് എൽ.ഡി.എഫ് വിജയം ഉറപ്പ്, കാസർകോട് ഇത്തവണ തിരിച്ചെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.