പാർട്ടി വേറെയാകാം, ആശയം അംബേദ്കറുടേതുതന്നെ
text_fieldsലോക്സഭ തെരഞ്ഞെടുപ്പിൽ ഡോ. ബി.ആർ. അംബേദ്കറുടെ മറ്റൊരു പേരമകനും മഹാരാഷ്ട്രയിൽ മത്സരിക്കുന്നു. വഞ്ചിത് ബഹുജൻ അഘാഡി (വി.ബി.എ) അധ്യക്ഷൻ പ്രകാശ് അംബേദ്കറുടെ ഇളയ സഹോദരൻ ആനന്ദ് രാജ് അംബേദ്കറാണ് മത്സരിക്കുന്ന രണ്ടാമൻ. പ്രകാശ് അകോലയിലെ വി.ബി.എ സ്ഥാനാർഥിയാണെങ്കിൽ തൊട്ടടുത്ത അമരാവതിയിലാണ് സ്വന്തം പാർട്ടിയായ റിപ്പബ്ലിക്കൻ സേനയുടെ ടിക്കറ്റിൽ ആനന്ദ് രാജ് മത്സരിക്കുന്നത്. ആദ്യം മടിച്ച പ്രകാശ് പിന്നീട് അനുജന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഉവൈസിമാരുടെ ഓൾ ഇന്ത്യ ഇത്തിഹാദുൽ മുസ്ലിമീനും പിന്തുണക്കുന്നു. സ്വതന്ത്രയായിരുന്ന സിറ്റിങ് എം.പി നവ്നീത് റാണ നിലവിൽ ബി.ജെ.പി ടിക്കറ്റിലാണ് മത്സരിക്കുന്നത്. ബൽവന്ത് വാൻഖഡെയാണ് കോൺഗ്രസ് സ്ഥാനാർഥി. തെരഞ്ഞെടുപ്പിനെ കുറിച്ച് ആനന്ദ് രാജുമായി നടത്തിയ അഭിമുഖത്തിൽനിന്ന്
മണ്ഡലത്തിലെ സാഹചര്യം
വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ട്.
ജ്യേഷ്ഠൻ പ്രകാശ് അംബേദ്കറുടെ വി.ബി.എ ആദ്യം പിന്തുണക്കാൻ മടിച്ചു?
അവരെന്നെ പിന്തുണക്കുന്നു.
ഉവൈസി പിന്തുണച്ചതോടെയല്ലേ...
എന്തോ ആവട്ടെ. അവരിപ്പോൾ എന്നെ തുറന്ന ഹൃദയത്തോടെ പിന്തുണക്കുന്നു.
വി.ബി.എക്കൊപ്പം നിൽകാതെ സ്വന്തം പാർട്ടി റിപ്പബ്ലിക്കൻ സേന...
വേറിട്ട സംഘടന വേണമെന്ന യുവാക്കളുടെ ആവശ്യത്തെ തുടർന്നാണ്. ആദ്യം സാമൂഹിക സംഘടനയായാണ് പ്രവർത്തിച്ചത്. പിന്നീട് രാഷ്ട്രീയ പാർട്ടിയായി മാറി.
നരേന്ദ്ര മോദി ഭരണത്തിൽ ഭരണഘടന ഭീഷണിയിലെന്ന് പ്രതിപക്ഷം
അത് സത്യമാണ്. അക്കാര്യമാണ് ഞങ്ങളും ജനങ്ങളോട് പറയാൻ ശ്രമിക്കുന്നത്. നിങ്ങൾ ബി.ജെ.പിക്ക് വോട്ട് ചെയ്താൽ അത് അപകടമാണ്. അവർ ഭരണഘടന മാറ്റും. അതിനാൽ ഞങ്ങളെ പിന്തുണക്കണമെന്ന് ഞങ്ങൾ ജനങ്ങളോട് അഭ്യർഥിക്കുന്നു. ജനങ്ങൾ അനുകൂലമായാണ് പ്രതികരിക്കുന്നത്.
ഇത്തരം സാഹചര്യത്തിൽ ത്രികോണ മത്സരത്തിന് വഴിവെച്ച് ജ്യേഷ്ഠന്റെ വി.ബി.എ പ്രതിപക്ഷ സാധ്യതകൾ തകിടം മറിക്കുകയല്ലേ
അങ്ങനെയല്ല. കോൺഗ്രസ് അവരുടെ തന്നെ സാധ്യതകൾ ഇല്ലാതാക്കുകയാണ്. മധ്യപ്രദേശിൽ അവർതന്നെ സ്വയം സാധ്യത നശിപ്പിച്ചു. മഹാരാഷ്ട്രയിലും അത് തുടരുന്നു. എല്ലാ സീറ്റുകളും അവർക്ക് (മഹാ വികാസ് അഘാഡി സഖ്യ കക്ഷികൾ) വേണമെന്നതിലാണ് പ്രശ്നം. മുമ്പത്തെ കാര്യം പറയുന്നതല്ലാതെ നിലവിലെ സ്വന്തം അവസ്ഥ അവർ നോക്കുന്നില്ല. ഉദാഹരണം ഉദ്ധവ് താക്കറെ. അദ്ദേഹത്തിന്റെ 90 ശതമാനം എം.എൽ.എമാരും എം.പിമാരും ഏക്നാഥ് ഷിൻഡെക്കൊപ്പമാണ്. എന്നിട്ടും 2019ൽ കുറെ സീറ്റുകളിൽ മത്സരിച്ചു ഏറെയും ജയിച്ചെന്നാണ് ഇപ്പോഴും അവകാശപ്പെടുന്നത്. നിരർഥകമായ വാദം. വി.ബി.എ ഏഴ് സീറ്റുകളാണ് ചോദിച്ചത്. അവർ ഒന്നോ രണ്ടോ മാത്രമാണ് നൽകാൻ തയാറായത്. ഇത്തരം ബാലിശമായ നിലപാടുകൾകൊണ്ട് അവർതന്നെയാണ് പ്രതികൂല സ്ഥിതിയുണ്ടാക്കുന്നത്.
മുത്തച്ഛൻ ബി.ആർ. അംബേദ്കർ സ്ഥാപിച്ച റിപ്പബ്ലിക്കൻ പാർട്ടിയിൽ (ആർ.പി.ഐ) നിൽക്കാതെ നിങ്ങൾ രണ്ട് പേരക്കുട്ടികൾക്കും സ്വന്തം പാർട്ടി
ഞങ്ങൾ പിന്തുടരുന്നത് അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രമാണ്. പുതിയതല്ല. പാർട്ടി പുതിയതാകാം. ഞങ്ങൾ പുതുതായി പ്രത്യയശാസ്ത്രമുണ്ടാക്കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.