ഇടത്, എൻ.ഡി.എ അനുഭാവികളുടെ വോട്ട് കിട്ടും –ആന്റോ ആന്റണി
text_fields? നാലാമതും എം.പിയാകുമോ
തീർച്ചയായും. മുമ്പ് നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും വളരെ പരിമിതമായ തോതിലുള്ള സ്വീകരണങ്ങളാണ് ചില കേന്ദ്രങ്ങളിൽനിന്ന് ലഭിച്ചത്. ഇത്തവണ അതുമാറി. അത്യുജ്വലമായ സ്വീകരണം ജനങ്ങൾ എന്നെ അംഗീകരിക്കുന്നതിന്റെ തെളിവാണ്. ജനം എന്നെ ഏറ്റെടുത്തു. ഇടത്, എൻ.ഡി.എ മുന്നണികളുടെ അനുഭാവികൾ ഇത്തവണ എനിക്ക് വോട്ടു ചെയ്യും. എല്ലാ ആവശ്യങ്ങൾക്കും ജനങ്ങൾക്ക് ഒപ്പം നിന്നു. 1637 ചോദ്യങ്ങൾ ലോക്സഭയിൽ ഉന്നയിച്ചു. നഴ്സിങ് വിദ്യാർഥികളുടെ ബോണ്ട് സമ്പ്രദായം എടുത്തുകളയാൻ മുന്നിട്ടിറങ്ങി. അവർക്ക് ന്യായമായ ശമ്പളം ഉറപ്പാക്കാൻ കഴിഞ്ഞു.
? എം.പി വിരുദ്ധവികാരം അലയടിക്കുന്നുവെന്ന് മറ്റ് രണ്ടു മുന്നണിയും പറയുന്നു?
എന്റെ തെരഞ്ഞെടുപ്പ് പ്രചാരണം നാട്ടിൻപുറത്തെ സാധാരണ ജനങ്ങളാണ് ഏറ്റെടുത്തു നടത്തുന്നത്. എം. പി വിരുദ്ധവികാരമുണ്ടെങ്കിൽ ജനങ്ങൾ ഒറ്റക്കെട്ടായി എനിക്കു വേണ്ടി ഇറങ്ങുമോ. മണ്ഡലത്തിനു വേണ്ടി ഞാൻ ഒന്നും ചെയ്തില്ലെന്ന് വരുത്താൻ വലിയ പ്രചാരണം നടത്തി. 72 പേജുള്ള കൈപ്പുസ്തകത്തിൽ പുസ്തകത്തിൽ എല്ലാമുണ്ട്. അതുവായിച്ചു നോക്കാൻ ദുഷ്പ്രചാരണം നടത്തുന്നവരോട് ഞാൻ അഭ്യർഥിക്കുകയാണ്. മണ്ഡലത്തിലെ യുവത ജോലി തേടി പുറത്തുപോകുകയാണ്. ജില്ലയിൽ കൂടുതൽ വ്യവസായി അനുകൂല അന്തരീക്ഷം വരണം. ഗതാഗത സൗകര്യങ്ങളുടെ കുറവ് മണ്ഡലത്തെ സാരമായി ബാധിക്കുന്നുണ്ട്. ശബരി റെയിൽ പുനലൂരിലേക്ക് നീട്ടാനായി ഏറെക്കാലമായി ഞാൻ പരിശ്രമിക്കുകയാണ്.
സംസ്ഥാന സർക്കാർ പകുതിച്ചെലവ് വഹിക്കാൻ തയാറാകാത്തത്മൂലമാണ് പദ്ധതി മുന്നോട്ട്പോകാത്തത്. നിർദിഷ്ട മൂന്ന് ഹൈവേ പദ്ധതികളും എരുമേലി വിമാനത്താവളവും യാഥാർഥ്യമാകണം. ഇടതുപക്ഷം സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യുകയാണ്. 50,000 പേർക്ക് പത്തനംതിട്ടിയിൽ തൊഴിൽ നൽകുമെന്നാണ് പറയുന്നത്. 20 വർഷം തോമസ് ഐസക് എം.എൽ.എയായിരുന്ന ആലപ്പുഴയിലാണ് ഏറ്റവും കൂടുതൽ തൊഴിൽ രഹിതരുള്ളത്. ശബരിമല മാസ്റ്റർ പ്ലാനിൽ ലഭിച്ച പണം പാഴാക്കികളഞ്ഞ സർക്കാറാണ്. ഐസക് ധനമന്ത്രിയായിരുന്നപ്പോൾ എടുത്ത തീരുമാനത്തിന്റെ ഫലങ്ങളാണ് കേരളം ഇപ്പോൾ അനുഭവിക്കുന്നത്.
? കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം കുറഞ്ഞു
സ്വീകരണ കേന്ദ്രങ്ങളിൽ കഴിഞ്ഞ രണ്ടു തവണത്തെക്കാളും ഇത്തവണ പതിൻമടങ്ങ് ആളുകൾ ആവേശത്തോടെ പങ്കെടുത്തിട്ടുണ്ട്. ഭൂരിപക്ഷം കഴിഞ്ഞ തവണത്തെക്കാൾ വലിയ തോതിൽ വർധിക്കും. സംസ്ഥാനത്ത് മറ്റാരും ചെയ്തതതിനേക്കാൾ കൂടുതൽ വികസന പ്രവർത്തനങ്ങളാണ് ഞാൻ കൊണ്ടുവന്നത്. ജില്ലയിലെ ആദ്യ ദേശീയ പാത എൻ.എച്ച് 183 ഞാൻ കൊണ്ടുവന്നതാണ്. കൊല്ലം- തേനി ദേശീയ പാത പുതിയ അലൈൻമെന്റ് തയാറാണ്. കടമ്പനാട് നിന്ന് തുടങ്ങി അടൂർ, കൈപ്പട്ടൂർ, പത്തനംതിട്ട, മൈലപ്ര, വടശ്ശേരിക്കര വഴി മുണ്ടക്കയത്തേക്ക് കടന്നുപോകുന്ന പാതയിൽനിന്ന് പമ്പയിലേക്ക് തുടർ പാതയുണ്ട്. ഇതിന്റെ നവീകരണത്തിന് നൂറുകോടിയാണ് അനുവദിച്ചത്.
നിർദിഷ്ട തിരുവനന്തപുരം-അങ്കമാലി ഗ്രീൻഫീൽഡ് ഹൈവേയിൽനിന്ന് ജില്ലയിലെ ചെറിയ പട്ടണങ്ങളെ ഒഴിവാക്കാൻ മുൻകൈയെടുത്തു. 63 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും കോവിഡ് കാലത്ത് പഞ്ചായത്തുകൾക്ക് 29 ആംബുലൻസുകളും നൽകി. 193 കോടി മുടക്കി 253 കിലോമീറ്റർ ഗ്രാമീണ റോഡുകളുടെ നിർമ്മാണം പൂർത്തീകരിച്ചു. 20 ബി.എസ്.എൻ.എൽ ടവറുകൾ, എഫ്.എം റേഡിയോ സ്റ്റേഷൻ, പാസ്പോർട്ട് സേവാ കേന്ദ്രം എന്നിവയും പൂർത്തീകരിച്ചു. ജില്ല നേരിടുന്ന പ്രശ്നങ്ങൾക്ക് ആറന്മുള വിമാനത്താവളം പരിഹാരമാകുമായിരുന്നു. അതിനുവേണ്ടി ഏറെ പരിശ്രമിച്ച് എല്ലാ അനുമതിയും ലഭിച്ചതാണ്. സി.പി.എമ്മും ബി.ജെ.പിയും ചേർന്നാണ് ആറന്മുള വിമാനത്താവള പദ്ധതി പൊളിച്ചത്. കോൺഗ്രസ് എം.പികൊണ്ടുവന്ന പദ്ധതി എന്ന നിലയിലാണ് ആറന്മുള പദ്ധതിലെ മറ്റുള്ളവർ പൊളിച്ചത്. ആറന്മുളക്ക് എല്ലാ അനുമതിയും ലഭിക്കുമ്പോൾ ഒരു അനുമതിയും ലഭിക്കാതിരുന്ന കണ്ണൂർ വിമാനത്താവള പദ്ധതി പിന്നീട് അതിവേഗം യാഥാർഥ്യമായി. എരുമേലി വിമാനത്താവളത്തിത്തിന് സാധ്യമാകുന്ന എല്ലാ സഹായവും ചെയ്തിട്ടുണ്ട്.
? കേന്ദ്ര സർക്കാറിനെ കുറിച്ച് ?
രാജ്യത്ത് ഏകാധിപത്യം അഴിഞ്ഞാടുന്നു. ഈ തെരഞ്ഞെടുപ്പോടെ ജനം ഏകാധിപതികളെ പിടിച്ചുകെട്ടും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 60 ശതമാനം വോട്ട് നേടിയ പാർട്ടികളാണ് ഇൻഡ്യ മുന്നണിയിലുള്ളത്. വിജയ പ്രതീക്ഷയിലാണ് ഞങ്ങൾ.
? എത്ര വോട്ടുകളുടെ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു
കണക്കുകൾ പറയാനാവില്ല. കഴിഞ്ഞ തവണത്തെക്കാൾ കൂടുമെന്ന് ഉറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.