വാലിബന്‍റെ അക്ഷരങ്ങൾ
text_fieldsപതിനാലു വർഷം മുമ്പാണ്. സിനിമയിൽ ഒരു മുൻ പരിചയവും ഇല്ലാത്ത രണ്ടു ചെറുപ്പക്കാർ ഒരു ക്രൈം ത്രില്ലറിനായി കൈകോർക്കുന്നു. ഒരാൾ സംവിധാനം. മറ്റൊരാൾ തിരക്കഥ. പക്ഷേ, ഇരുവർക്കും കൈമുതലായി മറ്റൊന്നുണ്ട് –നാടകം. അവർ പിന്നെയൊരു ഹിറ്റ് സിനിമ ചെയ്തു. സംവിധായകൻ വളർന്നു, മലയാള സിനിമയിൽ പുതിയ പരീക്ഷണങ്ങൾ കൊണ്ടുവരുന്ന ലിജോ ജോസ് പെല്ലിശ്ശേരിയിലേക്ക്. ‘മലൈക്കോട്ടെ വാലിബൻ’ എന്ന മോഹൻ ലാൽ ചിത്രത്തിൽ എത്തുമ്പോൾ ആ കൂട്ടുകെട്ട് വീണ്ടുമെത്തുകയാണ്. തിരക്കഥാ കൃത്തായും ഗാനരചയിതാവായും പി.എസ്. റഫീഖ് ‘വാലിബനി’ലുണ്ട്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആദ്യ സിനിമ ‘നായകന്’ തിരക്കഥ ഒരുക്കിയത് റഫീഖ് ആണ്. ലിജോയുടെ ‘ആമേൻ’ എന്ന ഹിറ്റ് സിനിമയുടെയും തിരക്കഥാകൃത്ത് റഫീഖ് തന്നെ. കഥാകൃത്തുകൂടിയാണ് ഇദ്ദേഹം. ‘തൊട്ടപ്പൻ’, ‘ഉട്ടോപ്യയിലെ രാജാവ്’, ‘തൃശിവ പേരൂർ ക്ലിപ്തം’ എന്നീ സിനിമകൾക്കും തിരക്കഥയെഴുതി. ‘കടുവ’, ‘സദ്ദാമിന്റെ ബാർബർ’ എന്നിവ കഥാ സമാഹാരങ്ങൾ. ‘മലൈക്കോട്ടെ വാലിബൻ’ ചർച്ചയാകുമ്പോൾ പി.എസ്. റഫീഖ് മനസ്സ് തുറക്കുന്നു.
വീണ്ടും ലിജോ-റഫീഖ് കൂട്ടുകെട്ട്
ലിജോയുടെ സിനിമകളിൽ ഒരു ഇടവേളയുള്ളതായി തോന്നിയിട്ടില്ല. അദ്ദേഹം എപ്പോഴും ചേർത്തുപിടിക്കുന്നു. ‘ആമേനി’ൽ തിരക്കഥ എഴുതുമ്പോൾതന്നെ പാട്ടും എഴുതി. പിന്നീട് ‘അങ്കമാലി ഡയറീസ്’ ആണെങ്കിലും ‘ഡബിൾ ബാരൽ’ ആണെങ്കിലും ഗാനരചയിതാവ് എന്ന നിലയിൽ സിനിമയുടെ ഒപ്പം ഞാനുമുണ്ട്. ഞങ്ങൾക്കിടയിൽ സൗഹൃദം ഇപ്പോഴും സൂക്ഷിക്കുന്നു. പല പ്രോജക്ടുകളെ കുറിച്ചും സംസാരിക്കാറുണ്ട്.
‘നായകൻ’ എന്ന സിനിമയിൽ വരുമ്പോൾ ഇരുവരും തമ്മിൽ മുൻപരിചയമൊന്നുമില്ല. കഥാകൃത്താണെങ്കിലും എനിക്ക് സിനിമ വഴിയിൽ ബന്ധങ്ങൾ കുറവാണ്. സിനിമ ബാക്ഗ്രൗണ്ടും കുറവ്. സ്വാധീനവും ഇല്ല. ആഗ്രഹമുണ്ടെങ്കിലും തനിക്ക് ആ മേഖല അപ്രാപ്യമാണെന്നാണ് തോന്നിയത്. അതുകൊണ്ടുതന്നെ സിനിമ അന്വേഷിച്ചു നടന്നില്ല. ലിജോ നേരെ മറിച്ചാണ്. അദ്ദേഹം സിനിമ പാഷനായി കാണുന്ന ആളാണ്. അച്ഛൻ ജോസ് പെല്ലിശ്ശേരി നടനും. എന്നാൽ, ലിജോക്കും അന്ന് സിനിമയിൽ പ്രവർത്തിച്ച പരിചയമില്ല. നാടകത്തിലാണ് പ്രവർത്തന പരിചയം. ചാലക്കുടിയിൽ ഒരു ടീം സിനിമ എടുക്കുന്നുണ്ടെന്ന് ഒരാൾ അറിയിച്ചതിനെ തുടർന്നാണ് പോകുന്നത്. ഒരു കൗതുകത്തിനുവേണ്ടി പോയതാണ്. അങ്ങനെ സംഭവിച്ച സിനിമയാണത്. ലിജോയെ അന്നാണ് പരിചയപ്പെടുന്നതും. അതും കഴിഞ്ഞ് ‘ആമേൻ’ എന്ന ചിത്രത്തിലും ലിജോക്കുവേണ്ടി തിരക്കഥ എഴുതി.
വാലിബന്റെ നാടകീയതയും ഫാന്റസിയും
കാലവും ദേശവും ഇല്ലാത്ത സിനിമയാണ് വാലിബൻ. അതുകൊണ്ടു തന്നെ ലിജോ ആദ്യം ആവശ്യപ്പെട്ടത്, ഭാഷ ഉപയോഗിക്കുമ്പോൾ നാടകീയമായിരിക്കണം എന്നാണ്. സ്ഥിരം ഡയലോഗ് പാറ്റേൺ അല്ലാതെ ‘വാലിബനി’ൽ ഈ നാടകീയ ഭാഷ ഉപയോഗിക്കണം എന്നായിരുന്നു തീരുമാനം. സിനിമയിൽ ഒരു നാടകീയതയുണ്ട്. ആദ്യ സീനിൽ കാളവണ്ടി വരുമ്പോഴുള്ള സംഭാഷണം കേൾപ്പിച്ചപ്പോൾതന്നെ ലിജോ സമ്മതിച്ചു. അദ്ദേഹത്തിനു വേണ്ടത് അതുതന്നെയായിരുന്നു.
വാലിബൻ ഒരു മീശ പിരി നായകനല്ല. റിയാലിറ്റിയിൽനിന്ന് അൽപം മാറിയാണ് സിനിമയുടെ സഞ്ചാരം. സ്ഥിരം പാറ്റേണിൽനിന്നുള്ള മാറ്റം. ഹരീഷ് പേരടി, മണികണ്ഠൻ ആചാരി എന്നിവർക്കൊക്കെ നാടകത്തിൽ പ്രവർത്തിച്ച പരിചയമുണ്ട്. സിനിമയിൽ വിജയമാണ് മാനദണ്ഡം. മലയാളത്തിൽനിന്ന് ലോകത്തെ നോക്കുന്ന സിനിമയാവണം ഇതെന്ന് ആഗ്രഹമുണ്ടായിരുന്നു. മലയാളത്തിൽ ഇതിനുമുമ്പ് ഇങ്ങനെയൊരു സിനിമ ഉണ്ടായിട്ടില്ല.
വാലിബന്റെ നിസ്സഹായത
ലാലേട്ടനപ്പുറം വേറൊരാളെ ചിന്തിക്കാൻ കഴിയില്ല. ഈ വാലിബൻ ഒരു നിസ്സഹായൻകൂടിയാണ്. അയാൾ ജയിച്ചിരിക്കണം. ജയപരാജയങ്ങൾക്കിടയിലെ നിസ്സഹായത കഥാപാത്രത്തിനുണ്ട്. മറ്റൊരാളുടെ കടിഞ്ഞാൺ ഉണ്ട്. ആ നിസ്സഹായതകൂടി ഇയാൾക്കു വേണം. വളരെ അനായാസേനയാണ് ലാലേട്ടൻ വാലിബനായി മാറിയത്.
ദൃശ്യവിസ്മയം
വാലിബന്റെ ദൃശ്യവിസ്മയത്തെ കുറിച്ച് ഒട്ടേറെ പ്രശംസകൾ വന്നുകഴിഞ്ഞു. മധു നീലകണ്ഠന്റെ കാമറയെക്കുറിച്ച് പറയാൻപോലും ഞാൻ ആളല്ല. അദ്ദേഹത്തിന്റെ കഴിവ് അപാരമാണ്. നല്ലൊരു മനുഷ്യൻകൂടിയാണ് അദ്ദേഹം.
പാട്ടെഴുത്ത്
ഒരു കാലത്ത് സ്കൂൾ യുവജനോത്സവങ്ങളിലെ സ്ഥിരം ലളിതഗാനം ആയിരുന്നു ‘നീല രാവിൻ ജാലകപ്പാളികൾ...’ എന്ന പാട്ട്. കോളജിൽ പഠിക്കുമ്പോഴാണ് ഈ ഗാനം എഴുതുന്നത്. ജയചന്ദ്രന്റെ ശബ്ദത്തിൽ അത് ഹിറ്റായി. ഒത്തിരി മ്യൂസിക് ആൽബങ്ങൾ ചെയ്തു. ഈയടുത്തും കുട്ടികളുടെ നാടകങ്ങൾ കാണാൻവേണ്ടി വെറുതെ ചില യുവജനോത്സവ വേദികളിൽ പോയിരുന്നു. അപ്പോഴും മത്സരത്തിൽ ഈ ലളിത ഗാനം ചില കുട്ടികൾ പാടുന്നത് കേട്ടു. ‘ആമേൻ’ സിനിമക്കുവേണ്ടി തിരക്കഥക്കൊപ്പം പാട്ടും എഴുതി. ‘സോളമനും ശോശന്നയും കണ്ടുമുട്ടി...’ എന്ന ഗാനം ഹിറ്റായി. കാവാലത്തിന്റെ പാട്ടുകളും സിനിമയിൽ ഉണ്ടായിരുന്നു.
ലിജോയുടെ മറ്റു ചില സിനിമകൾക്കു വേണ്ടിയും പാട്ടെഴുതി. ഇപ്പോൾ വാലിബന്റെ പാട്ടുകളും ശ്രദ്ധേയമായത് സന്തോഷം നൽകുന്നു. ഗാനരചന പ്രഫഷൻ ആയി കണ്ടിട്ടില്ല. ആരെയും അങ്ങോട്ട് സമീപിക്കാറില്ല. ആവശ്യപ്പെട്ടാൽ മാത്രം പാട്ടെഴുതുന്നതാണ് പതിവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.