കേരളം സ്വർഗഭൂമി; പക്ഷേ...
text_fieldsകേരളം കടന്നുവന്ന വഴികളെക്കുറിച്ച് മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ സി. രാധാകൃഷ്ണൻ മനസ്സ് തുറക്കുന്നു.
പ്രശ്നങ്ങൾ ഒരുപാടുണ്ടെങ്കിലും പലനിലക്കും കേരളം ഒരു സ്വർഗഭൂമിയാണ്. ലോകത്തിന്റെ പല ഭാഗങ്ങളെയും അപേക്ഷിച്ച് ഇവിടത്തെ പൊറുതി വളരെ മെച്ചമാണ്. ഇത്രയും ജാതിമത സംസ്കാരങ്ങളെല്ലാംകൂടി ഇത്രയെങ്കിലും സൗഹാർദത്തോടുകൂടി അള്ളിപ്പിടിച്ചും കൊത്തിപ്പെറുക്കിയും കഴിയുന്ന ഇത്തരം ഒരിടം വേറെ എങ്ങും ഇല്ലല്ലോ. പക്ഷേ, ലോകത്ത് മറ്റെങ്ങുമില്ലാത്ത ജാതി എന്ന മഹാരോഗം നൂറ്റാണ്ടുകളായി നമ്മെ വലക്കുന്നു. നമ്മിൽ പലരും ഗൃഹാതുരത്വത്തോടെ ഓർക്കുന്ന നമ്മുടെ പഴയ സമൂഹം പല പല തട്ടുകളുള്ളതായിരുന്നു, അതത്ര ആശാസ്യമൊന്നും ആയിരുന്നില്ല. ഓരോരുത്തർക്കും അവരുടെ മുകളിലും താഴെയും പടിപടിയായി ജാതിത്തട്ടുകൾ ഇപ്പോഴുമുണ്ട്! എത്ര അലക്കിയിട്ടും പോകാത്ത കറകൾ! അഥവാ, അലക്കുന്തോറും കൂടുതൽ തെളിയുന്നവ!.
വടക്കേ ഇന്ത്യയിൽ നാല് ജാതികൾ മാത്രമുള്ളപ്പോൾ ഇവിടെ നാലായിരം! ഭാഷയിലും അത്രയും മാറ്റങ്ങൾ. വടക്കേ ഇന്ത്യയിൽ പോയാൽ നീയും നിങ്ങളും താങ്കളും മാത്രമേയുള്ളൂ. (തൂ, തും, ആപ്). കേരളത്തിലോ ആ മൂന്നിന് പുറമേ, അവൻ, അയാൾ, അദ്ദേഹം, അവിടുന്ന്, തിരുമേനി, തമ്പുരാൻ, അങ്ങുന്ന് എന്നിങ്ങനെ ഓരോ ജാതിക്കും മറ്റ് ഓരോ ജാതിയോടും സംസാരിക്കാൻ ഓരോ ഭാഷ.
മരിച്ചുപോകുന്നവരും ചത്തുപോകുന്നവരും അന്തരിക്കുന്നവരും തീപ്പെടുന്നവരും നിര്യാതരാകുന്നവരും സ്വർഗം പൂകുന്നവരും കാലം ചെയ്യുന്നവരും മറ്റും എണ്ണമില്ലാതെ വെവ്വേറെയുണ്ട്. എവിടെയുള്ള ആര് വാ തുറന്നാലും അയാളുടെ ജാതി ഉടൻ തീരുമാനിക്കപ്പെടും. അതുകൊണ്ടാണ് ഭാര്യയുടെ പേറ് കുഞ്ഞുണ്ണി മാഷ് പറഞ്ഞപോലെ അങ്ങ് ദൂരെ ഇംഗ്ലണ്ടിലാക്കാൻ പലരും ആഗ്രഹിക്കുന്നത്. ‘യാ യാ’ എന്നു മാത്രം പറഞ്ഞാൽ ആരും ജാതി അറിയില്ല!
അടുത്ത കാലം വരെ ഓരോ ജാതിക്കും ഓരോ ജോലി പ്രത്യേകമായി ഉണ്ടായിരുന്നു. ഏറ്റവും ‘ഉയർന്ന’ ജാതിക്ക് ജോലിയേ ഇല്ല. പൂമുഖത്ത് ഇരിപ്പും മുറുക്കിത്തുപ്പും മാത്രം. പിന്നെ വരമ്പത്ത് കുടയും പിടിച്ചുനിന്ന് കൽപിക്കുന്ന ജാതി. മേൽനോട്ടത്തിന്റെ എത്രയോ തട്ടുകൾകൂടി കഴിഞ്ഞേ ചേറിൽ പണിയെടുക്കുന്നവൻ വരൂ. അതുകൊണ്ട് ചേറിലിറങ്ങി വിയർത്ത് അധ്വാനിക്കുന്നത് പറ്റേ ‘താണ’ ജാതിയുടെ ജോലിയാണ്. അതിന് ആരും തയാറില്ല. എന്നാലോ, വിദേശത്ത് എവിടെയെങ്കിലും പോയാൽ എന്ത് ജോലിയും ചെയ്യാൻ ഏവരും തയാർ. ക്ഷമിക്കണം, തൊഴിലിനെ കുറിച്ചുള്ള മലയാളിയുടെ അവബോധവും അതുവഴി നമ്മുടെ തൊഴിൽ സംസ്കാരവും ഇപ്പോഴും ഇതാണ്.
‘താഴ്ന്ന’ ജാതിക്കാരന് വീട് പാടില്ല, കിടപ്പാടമേ ആകാവൂ. അതിനാൽ കുറച്ചുകാശ് എങ്ങനെയെങ്കിലും ഉണ്ടായാൽ മിക്ക മലയാളിയും ഇന്നും ആദ്യം ചെയ്യുക വലിയൊരു വീട് ഉണ്ടാക്കുകയാണ്. മാളികക്കൽ, വലിയ വീട്ടിൽ, പുത്തൻപുരയ്ക്കൽ എന്നൊക്കെ തന്റെ വീടിന് പേരുവീഴണം. മഠവും ഇല്ലവും മാളികയും മനയും എട്ടും പതിനാറും കെട്ടുകളും ഉയർന്ന ജാതിക്കാർക്ക് മാത്രം! ‘കീഴ്ജാതി’ക്കാർക്ക് വീടില്ല, ഉണ്ടാകരുത്! ഏറിയാൽ ഒരു കുടി, ചാള, കുപ്പാട് (കുപ്പമാടം)... കീഴ്ജാതിക്കാരന് ‘ശീലചുറ്റാം’, വസ്ത്രം ധരിക്കരുത്. അതായത്, നല്ല വസ്ത്രം ധരിച്ച് കൊള്ളാവുന്ന ഒരു വീട്ടിൽ താമസിക്കുന്ന ആൾ മുന്തിയ ജാതിയാണ്.
പഠിപ്പും പത്രാസുമായിട്ടും ‘ജാതിത്തം’ പോയില്ല. കാരണം, മുന്തിയ ജാതിയിൽപെട്ടവർക്ക് അതിന്റെ കേമത്തം കൈവിടാൻ ഇഷ്ടമില്ല. മുകളിലുള്ളവരോട് അസൂയ, താഴെയുള്ളവരോട് പുച്ഛവും. കൊള്ളരുതാത്ത ഈ മനോഭാവങ്ങൾ ഇളംപ്രായത്തിലേ സ്വായത്തമായി പോകുന്നു! എവിടെയായാലും ഒരു ആലു മുളച്ചാൽ അത് ഭൂഷണം!
കുറച്ചു ജാതിക്കാർക്ക് സംവരണമുണ്ട്. അത് കളയാൻ താൽപര്യമില്ല. അതിന്റെ സൗകര്യമുപയോഗിക്കുമ്പോഴോ, ആത്മനിന്ദ ഒഴിയാബാധ! സംവരണംകൊണ്ട് ജീവിതം മെച്ചപ്പെട്ടാൽ താൻ ആ ഭാഗ്യം ഉണ്ടായിട്ടില്ലാത്ത സ്വജാതിയുടെ കൂടി മേലാളൻ! തനിക്ക് കിട്ടിയത് മെച്ചപ്പെടുത്താൻ അസ്മാദികളുടെ സംഘബലം ഉപയോഗിക്കാനും അതേസമയം അവർ തന്റെ ഒപ്പമെത്താതിരിക്കാനും ഒരുപോലെ പരിശ്രമം! കൊടിയുടെ നിറം എന്തായാലും എല്ലാ രാഷ്ട്രീയ കക്ഷികളും ഏതു തെരഞ്ഞെടുപ്പിലും സ്ഥാനാർഥികളെ നിശ്ചയിക്കുന്നത് ജാതിയും മതവും നോക്കി മാത്രം.
ബ്രിട്ടീഷുകാർ ഭരണ നിർവഹണത്തിലെ പ്രമാണിത്തക്രമം ജാതിയുടെ അടിസ്ഥാനത്തിൽ ആക്കിയപ്പോഴാണ് കാര്യങ്ങൾ ഇത്രയും വഷളായത്. പിന്നെ നവോത്ഥാനത്തോടുകൂടി എല്ലാം ശരിയായി എന്നൊരു മിഥ്യാബോധത്തിലാണ് നാം. സത്യത്തിൽ ഒന്നും ശരിയായില്ല. മേലെയും കീഴെയും ഉള്ളവരോട് ഇടപഴകാനുള്ള മടിയും വെറുപ്പും നടപ്പിലാക്കാൻ മൊബൈൽ വന്നതോടുകൂടി എളുപ്പമായി.
ഒരേ മുറിയിൽ ഇരിക്കുമ്പോഴും ഭാര്യയും ഭർത്താവും പോലും തമ്മിൽ എന്തെങ്കിലും പറയുന്നത് ഇപ്പോൾ മൊബൈലിലൂടെ ആണല്ലോ. കുറച്ച് ഇമോജികളും ഏതാനും ഇംഗ്ലീഷ് അക്ഷരങ്ങളും ഉണ്ടെങ്കിൽ ആരോടും ഒരു വാക്കും പറയാതെയും ‘മുദ്രാരാക്ഷസ’ ജീവിതം കഴിക്കാം!. അടുത്തകാലത്ത് രാഷ്ട്രീയത്തിന്റെ പേരിൽ പുതു ജാതികളും ഉണ്ടായിട്ടുണ്ട്. ‘പുരാതന കമ്യൂണിസ്റ്റ് കുടുംബം’, ‘കോൺഗ്രസ് കുടുംബം’, ‘ഗാന്ധിയൻ തറവാട്’ എന്നിങ്ങനെ.
നാമെല്ലാം പരബോധ്യത്തിന് പല ‘നന്മമനുഷ്യ’ റോളുകളും അഭിനയിക്കാറുണ്ട്. പക്ഷേ, ആരും അറിയില്ലെങ്കിൽ എന്ത് ചെയ്തും പണം ഉണ്ടാക്കാം എന്ന ധാരണക്ക് വ്യാപകമായ അംഗീകാരം.
ഉള്ളിൽ തട്ടിയ കടപ്പാട് നമുക്കൊക്കെ ആരോടെങ്കിലും ഉണ്ടോ? സ്വന്തം മാതാപിതാക്കളോടുപോലും? ഇതൊക്കെ ഇങ്ങനെ അല്ലാതെ ആക്കിത്തീർക്കാൻ നിയമം കൊണ്ടുവന്നിട്ടും കാര്യമൊന്നുമില്ല. നമുക്ക് ഇങ്ങനെയൊക്കെ മതിയോ എന്ന് ആത്മാർഥമായി ആലോചിക്കാൻ പ്രേരിപ്പിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം എന്നെങ്കിലും ഉണ്ടായാൽ രക്ഷപ്പെടാം. ഇല്ലെങ്കിൽ എത്ര നാരായണഗുരുദേവന്മാരും മന്നത്തു പത്മനാഭന്മാരും അയ്യൻകാളിമാരുമൊക്കെ ഇനിയും വന്നാലും രക്ഷയില്ല. അവിയലിന്റെ കഷണം പോലെ നുറുങ്ങിപ്പോയി നമ്മുടെ സമൂഹം!
വൃത്തിബോധവും മലയാളിയും
തമാശ പറഞ്ഞ് പരസ്പരം കളിയാക്കാൻ പല കാര്യങ്ങളും നമുക്കും വിവിധ സംസ്ഥാനക്കാർക്കും തമ്മിലുണ്ട്. എങ്കിലും വൃത്തിബോധത്തിന്റെ കാര്യത്തിൽ മലയാളി മിക്കവരെക്കാളും സത്യത്തിൽ മേലെയാണ്. മറ്റൊരാളുടെ ഭാഷ പഠിക്കാനും മറ്റുള്ളവരെ മനസ്സിലാക്കാനും ഉൾക്കൊള്ളാനുമുള്ള കഴിവിലും നാം മേലെയാണ്, തീർച്ച.
എഴുത്തച്ഛന്റെ മലയാളം
മലയാള ഭാഷയിലെ അക്ഷരങ്ങൾക്കുള്ള പ്രത്യേക സിദ്ധിയാണ്, അത് അറിയുന്ന ആൾക്ക് ലോകത്തെ ഏതു ഭാഷയിലെ ഏത് ശബ്ദവും ഉച്ചരിക്കാൻ വളരെ എളുപ്പത്തിൽ കഴിയും എന്നത്. ഇതിന് നാം എഴുത്തച്ഛനോട് കടപ്പെട്ടിരിക്കുന്നു. ഈ അക്ഷരമാല അദ്ദേഹമാണല്ലോ ഉണ്ടാക്കിയത്. എഴുത്തച്ഛനും നാരായണഗുരു സ്വാമികളും മറ്റുള്ളവരുമൊക്കെ നടത്തിയ നവോത്ഥാന പ്രവർത്തനങ്ങളും വിദേശികളുമായുള്ള ദീർഘകാല ഇടപഴകലും മലയാളിയെ ലോകത്ത് വിശ്വ പൗരത്വം ഏറ്റവും കൂടുതലുള്ള മനുഷ്യനാക്കിയിട്ടുണ്ട്. മലയാണ്മ എന്ന ഈ സംസ്കൃതിയും സഹവർത്തിത്വ സന്നദ്ധതയും തന്നെയാണ് നമ്മുടെ ഏറ്റവും വലിയ സാംസ്കാരിക മൂലധനം.
സാക്ഷരത, രാഷ്ട്രീയ പ്രബുദ്ധത
ഇന്ത്യ എന്ന രാജ്യത്തെ പൊതുവേയും ലോകത്തെയും മിക്ക നാടുകളെയും അപേക്ഷിച്ചു കേരളം സാക്ഷരതയിൽ മുന്നിലാണ്. രാഷ്ട്രീയ പ്രബുദ്ധതയിൽ മുന്നിലാണോ പിന്നിലാണോ എന്ന കാര്യം ആ വാക്കുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നതിനെ ആസ്പദിച്ചിരിക്കില്ലേ? തമ്മിൽ തൊമ്മനെ തിരഞ്ഞെടുക്കുന്നത് ആണോ ബുദ്ധി? അതോ തങ്ങൾക്ക് വേണ്ടത് എന്തെന്ന് നിശ്ചയിച്ച് അത് കണ്ടെത്തുകയോ? രണ്ടാമത് പറഞ്ഞതാണെങ്കിൽ നവോത്ഥാന മൂല്യങ്ങൾ പരിപാലിക്കുന്നതിൽ നാം വിജയിച്ചു എന്ന് പറയാൻ ആവില്ല. കാരണം, ഈ നൂറ്റാണ്ട് തുടങ്ങുമ്പോൾ ഉണ്ടായിരുന്നതിലേറെ വിഭാഗീയതയും വികസനമുരടിപ്പും ഇപ്പോൾ ഉണ്ടല്ലോ. കൂടുതൽ കലങ്ങിയ വെള്ളത്തിന് എങ്ങനെ അധിക വിശുദ്ധി?
മലയാളിയുടെ വായന
വായനകൊണ്ട് വളർന്ന നാടാണ് കേരളം. പാഠ്യേതര ഗ്രന്ഥങ്ങൾ ചെറിയ ക്ലാസുകളിൽ നിന്നേ തുടങ്ങി വായിക്കാൻ കിട്ടിയതാണ് എന്നെ വളർത്തിക്കൊണ്ടു വന്നത്. മലയാളിക്ക് വായനയാണ് പ്രാണവായു. എനിക്ക് തോന്നുന്നു, ലോകത്ത് വരുമാനത്തിന്റെയും സമയത്തിന്റെയും ഏറ്റവും കൂടുതൽ ഭാഗം വായിക്കാൻ നീക്കിവെക്കുന്നത് മലയാളിയാണ്. ലോകശരാശരിയുടെ കണക്കെടുത്താൽ ഇതു തെളിയും എന്നെനിക്ക് നല്ല തീർച്ചയുണ്ട്. മറ്റു തെളിവുകളും ഉണ്ട്. ലോക കാര്യങ്ങളെക്കുറിച്ച് ഏതു മലയാളിക്കും ലോകത്ത് മറ്റേതൊരു നാട്ടുകാരനെക്കാളും കൂടുതൽ വായിച്ചറിവുണ്ട്. എനിക്ക് കാണാൻ ഇടം കിട്ടിയ ലോകരാജ്യങ്ങളിലൊക്കെ ഞാനിത് പരീക്ഷിച്ച് ബോധ്യപ്പെട്ടിട്ടുണ്ട്. ലോകത്ത് ഇതര ഭാഷാ സാഹിത്യങ്ങളുടെ ഏറ്റവും ഉയർന്ന ആളോഹരി വായന കേരളത്തിലായിരിക്കും. ലോകത്തെ പല എഴുത്തുകാരെയും ശരാശരി മലയാളം വായനക്കാർക്ക് വായനയിലൂടെ പരിചയമുണ്ട്. പക്ഷേ, പരിഷ്കൃതനാടുകളിൽ പോലും ഒരു ഇന്ത്യൻ അല്ലെങ്കിൽ മലയാളി എഴുത്തുകാരനെപ്പറ്റി ചോദിക്കാതിരിക്കുകയാണ് നല്ലത്.
കേരളീയരുടെ പൊതുജീവിതം
എെൻറ ജീവിതത്തിനുതന്നെ എത്ര മാർക്കിടാൻ കഴിയും എന്ന് എനിക്ക് നിശ്ചയമില്ല! എന്റെ മുൻഗണനക്രമങ്ങൾ നൂറുശതമാനവും ശ്ലാഘനീയമാണ് എന്ന് പറയാൻ ആവില്ലല്ലോ! ഞാൻ ഉൾപ്പെടെ നമുക്ക് പലർക്കുമുള്ള ഒരു കുഴപ്പത്തെക്കുറിച്ച് പറയാതിരിക്കാൻ പറ്റില്ല: ഒരു കാര്യത്തെക്കുറിച്ചും എനിക്ക് അറിയില്ല എന്ന് പറയാൻ നമുക്ക് പറ്റില്ല! അതെന്തോ വലിയ നാണക്കേടാണ് എന്നാണ് നമ്മുടെ ധാരണ. ഇതുകൊണ്ടുതന്നെ, മതിയായ അളവും ചേലും തികയാത്ത അറിവുകളുടെ അടിസ്ഥാനത്തിൽ നമുക്ക് പലപ്പോഴും പ്രവർത്തിക്കേണ്ടി വരുന്നു. ശരിയാണ്, തെറ്റുകളിലൂടെയാണ് എപ്പോഴും ശരിയിൽ എത്തുക. പക്ഷേ, സ്ഥിരമായി ശരിയിൽനിന്ന് തെന്നിമാറിക്കൊണ്ടേയിരുന്നാലോ?
ചിലത് മാറണം
എന്നെപ്പറ്റി മറ്റുള്ളവർ എന്ത് വിചാരിക്കുന്നു എന്ന് സ്ഥിരമായി വേവലാതിപ്പെടാതിരിക്കുകയും, എന്തു വിചാരിക്കണമെന്ന് ഞാൻ ശഠിക്കുന്ന പതിവ് ഉപേക്ഷിക്കുകയും ചെയ്താൽ നമ്മുടെ മിക്ക പ്രശ്നങ്ങൾക്കും പരിഹാരമാവും. സത്യം പറഞ്ഞാൽ, ഈ ഭൂമിയിൽ വേറെ ആരും ഏറ്റവും കൂടുതലായി ആലോചിക്കുന്നത് നമ്മളെക്കുറിച്ച് അല്ല! അതിനാൽ, എന്നെപ്പറ്റി ഞാൻ എന്താണ് ധരിക്കുന്നത് അല്ലെങ്കിൽ എന്നിൽനിന്ന് ഞാൻ എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് വസ്തുനിഷ്ഠമായി അറിയുകയല്ലേ ആദ്യം വേണ്ടത്?
ആധുനികലോകം ധൈര്യം എന്ന വാക്കിന് ഒരു പുതിയ അർഥം കണ്ടുപിടിച്ചിട്ടുള്ളതിനെക്കുറിച്ച് നമ്മിൽ മിക്കവർക്കും ഇനിയും വേണ്ടത്ര അറിയാം എന്ന് തോന്നുന്നില്ല. വികാരങ്ങളെ വിവേകവുമായി പൊരുത്തപ്പെടുത്താനുള്ള സന്നദ്ധതക്കാണ് ഇപ്പോൾ ആ പേര്. ശരി എന്ന ബോധ്യമുള്ളതിൽനിന്ന് പ്രവൃത്തിപഥത്തിൽ വഴിമാറേണ്ടി വരുന്നതാണ് പ്രധാനമായും മനുഷ്യന് ദുരിതകാരണം. പ്രകോപനങ്ങളോ, പ്രീണനങ്ങളോ, പ്രയാസങ്ങളോ വ്യതിചലനത്തിന് സമ്മർദം ചെലുത്തുന്നു. തടുക്കാന് നമുക്കാവുന്നില്ല. ഫലം: സ്വയംകൃത അനർഥങ്ങളുടെ ഫലങ്ങൾ പൊറുക്കാനോ സഹിക്കാനോ പലപ്പോഴും പറ്റുന്നുമില്ല. മാനസിക ആരോഗ്യം ഇത്രയും കുറഞ്ഞിരിക്കുന്നതും ആത്മഹത്യ നിരക്ക് ഇത്രയും ഉയർന്നിരിക്കുന്നതും ഇതുകൊണ്ടാണ്.
‘ദൈവത്തിന്റെ സ്വന്തം നാട്’
ഒരർഥത്തിൽ തികച്ചും അനുയോജ്യമാണ്. ഭൂമിയിൽ ഇന്നുവരെ ഉണ്ടായ എല്ലാ ദൈവസങ്കൽപങ്ങളും വിശ്വാസങ്ങളും മിക്കവാറും എല്ലാ ആചാരക്രമങ്ങളും നമ്മുടെ ഈ ചെറിയ നാട്ടിലുണ്ട്. ചിരപുരാതന കാലം തൊട്ട് എങ്ങനെയോ ഇവയുടെയൊക്കെ ഒരു സംഗമഭൂമിയാണ് നമ്മുടെ നാട്. അതിനാൽ ഏത് ദൈവത്തെക്കുറിച്ചാണ് ചോദിക്കുന്നത് എങ്കിലും ആ ദൈവത്തിന്റെ സാന്നിധ്യം തീർച്ചയായും ഇവിടെ കാണും!
കേരളത്തിൽ നരവംശശാസ്ത്ര പഠനം നടത്തിയ ഒരു വിദഗ്ധൻ ഒരിക്കൽ എന്നോട് പറയുകയുണ്ടായി, ലോകത്തിലെ എല്ലാ നരവംശശാസ്ത്ര മാതൃകകളുടെയും സാന്നിധ്യവും മിശ്രണവുമാണ് കേരളത്തിൽ കാണുന്നത് എന്ന്. ഈ എല്ലാ മാതൃകകൾക്കും ഒരുമിച്ച് സന്തോഷമായി ജീവിച്ചുപോകാൻ സാധ്യമാണ് എന്നതിന്റെ പകൽവെളിച്ചം പോലുള്ള തെളിവുമാണ് കേരളം.
ചുരുക്കത്തിൽ ഭാവി ലോകം എവിടേക്ക് വളരണം എന്നതിന്റെ മാതൃകയാണ് ഇത്. ഈ മാതൃക അന്വേഷിച്ചും ചികഞ്ഞറിഞ്ഞും ലോകം ഇവിടെ എത്തുമ്പോഴേക്കും നമുക്കത് കൈമോശം വന്നാലോ! അതിനാൽ നമുക്ക് വിശ്വാസമുള്ള ഏതെങ്കിലും ഒരു ദൈവത്തോടോ അല്ലെങ്കിൽ ഈ ലോകത്ത് ഇന്നേവരെ ഉള്ളതായി അറിയപ്പെട്ടുപോന്ന എല്ലാ ദൈവങ്ങളുടെയും കൂട്ടായ്മയോടോ നമുക്ക് പ്രാർഥിക്കാം: സർവശക്തനും മഹാദേവനുമായ തമ്പുരാനെ, ഈ മഹാപുണ്യം കൂടുതൽ കളങ്കപ്പെടാതെ ഇനിയും കുറച്ചിട കാത്തുസൂക്ഷിക്കാൻ ഈയുള്ളവരെ പ്രാപ്തരാക്കേണമേ!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.