Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightInterviewchevron_rightമേരി റോയ് ജീവിതം...

മേരി റോയ് ജീവിതം പറയുന്നു: 'നിലപാടിന് ഞാൻ അരുന്ധതിയെ കാത്തിരുന്നിട്ടില്ല; അരുന്ധതി എന്നെയും'

text_fields
bookmark_border
mary roy, madhyamam
cancel
camera_alt

മേരി റോയിയുടെ അഭിമുഖം പ്രസിദ്ധീകരിച്ച മാധ്യമം ആഴ്ചപതിപ്പിന്റെ കവർ. വര: വിനീത് എസ്. പിള്ള  ഫോട്ടോ: റസാക്ക് താഴത്തങ്ങാടി

ക്രിസ്ത്യൻ സ്ത്രീകളുടെ പിന്തുടർച്ചാവകാശം നിയമപോരാട്ടത്തിലൂടെ നേടിയെടുത്ത് ചരിത്രത്തിൽ ഇടംനേടിയ സ്ത്രീയാണ് ഇന്ന് അന്തരിച്ച മേരി റോയി. 'മാധ്യമം ആഴ്ചപ്പതിപ്പി'ന് (ലക്കം 1033) വേണ്ടി ഡോ. ശ്രീകല മുല്ലശ്ശേരി നടത്തിയ അഭിമുഖം ഇവിടെ പുനഃപ്രസിദ്ധീകരിക്കുന്നു. ക്രിസ്ത്യൻ സമൂഹം, സ്ത്രീ അവസ്ഥകൾ, സമകാലിക പ്രവണതകൾ തുടങ്ങിയവയെ പറ്റി മേരി റോയ് സംസാരിക്കുന്നു. ഒപ്പം മകൾ അരുന്ധതി റോയിയെയും എഴുത്തിനെയും കുറിച്ചും.

''For my darling Mamma jann, Who is in every Cell of my Body, blood and brain with more love than she will ever know ''

ചിത്രങ്ങൾ ആലേഖനം ചെയ്ത തൂവെള്ള പുസ്തകത്തിെൻറ ഉൾത്താളിൽ കോറിയിട്ട ആ വാക്കുകളിൽ ജീവൻ തുടിക്കുകയാണ്; ഒരമ്മക്ക് മകൾ പകർന്നു നൽകിയ ആയുസ്സിെൻറ സ്നേഹം ഉള്ളം കൈയിലെ ആ താളുകളെ സുഗന്ധപൂരിതമാക്കുന്നു; ഓർമയുടെ കടലാഴങ്ങളിൽ മുങ്ങിനിവർന്ന് മേരി റോയ് നിർവൃതി നുകരുന്നു.

കേരള ചരിത്രത്തിലെ ഏറ്റവും വലിയ സ്ത്രീ വിമോചക പോരാളികളിൽ ഒരാളാണ് മുന്നിൽ; പക്ഷേ മേരി റോയ് എന്ന പൂർണ ചിത്രം തെളിയുമ്പോൾ ആർദ്രമായ മാതൃഹൃദയവുമായി മകളെ കാത്തിരിക്കുന്ന, അവളുടെ വാക്കിലും കുറിപ്പിലും ആഴ്ന്നിറങ്ങിയ ഒരു സ്ത്രീയെയാണ് കാണാൻ കഴിഞ്ഞത്. ഇന്ത്യൻ നീതിന്യായ ചരിത്രത്തിലും സാമൂഹിക നവോത്ഥാനത്തിലും സമാനതകളില്ലാത്ത ഏട് തുന്നിച്ചേർത്ത മേരി റോയിയുടെ മറ്റൊരു മുഖം.

അരുന്ധതി റോയ് എഴുതിയ നോവൽ 'ദ മിനിസ്ട്രി ഓഫ് അട്ട് മോസ്റ്റ് ഹാപ്പിനസാ'ണ് ആ കൈകളിൽ. അതിെൻറ ഏടുകളിലൊന്നിലാണ് മകൾ അമ്മക്കായി ആ കുറിപ്പെഴുതിയത്. Mamma jann ഒരു ഉർദുവാക്കാണ്; പുതിയ നോവലിെൻറ ഹാങ് ഓവർ അരുന്ധതിയെ വിടാതെ പിന്തുടരുന്നു എന്നതിെൻറ വലിയ തെളിവാണ് ഈ കുറിപ്പെന്ന് അമ്മ പറയുന്നു. നോവലിെൻറ കോപ്പിയോടൊപ്പം, മകൾ അവരുടെ ശബ്്ദത്തിൽ നോവൽ മുഴുവൻ വായിച്ച് ഓഡിയോ അയച്ചു കൊടുത്തിട്ടുണ്ട്. പ്രായത്തിെൻറ രോഗപീഡമൂലം നോവൽ പൂർണമായി വായിക്കാൻ അമ്മക്ക് സാധിക്കില്ലെന്നതിനാൽ മാത്രമല്ല അങ്ങനെ ചെയ്തത്; മകളുടെ ശബ്ദത്തിൽ നോവൽ അമ്മ കേൾക്കുമ്പോൾ അതവരിൽ ഉളവാക്കുന്ന ആഹ്ലാദത്തെപ്പറ്റി അരുന്ധതിക്ക് നന്നായറിയാം; അമ്മ മനസ്സിെൻറ ഓരോ തുടിപ്പും മകൾക്ക് കാണാപ്പാഠമാണ്.


അരുന്ധതിയെക്കുറിച്ച് പറയുമ്പോൾ മേരി റോയിക്കും വാക്കുകൾ മതിയാവുന്നില്ല. അവരുടെ കുഞ്ഞുനാളിലെ ഫോട്ടോകളും അവരെ വളർത്തിയ ആൻറിയെ കെട്ടിപ്പിടിച്ച് കിടക്കുന്ന ഫോട്ടോയും കണ്ണകലത്തിൽ വെച്ചിട്ടുണ്ട്. വല്ലാത്തൊരു ആവേശമാണ് അരുന്ധതിയെ വർണിക്കുമ്പോൾ മേരി റോയിയുടെ കണ്ണുകളിൽ; ഭാവം ചിലപ്പോൾ വികാരതീവ്രമാകും.

അഭിമുഖ സംഭാഷണം അനുവദിക്കപ്പെട്ട ശേഷമാണ് മേരി റോയിയെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ ശ്രമിച്ചത്. കാലത്തിെൻറ മിടിപ്പുകൾ അവരിലേക്കുള്ള യാത്രയിൽ ഒപ്പം ചേർന്നു. പുരുഷ കേന്ദ്രീകൃത സമൂഹം നിർമിച്ചുവെച്ച വ്യവസ്ഥിതിയെ മതത്തിനുള്ളിൽ നിന്ന് സ്ത്രീ എന്ന നിലയിൽ മാറ്റി മറിക്കാനും അതുവഴി തെൻറ ശക്തമായ നിലപാടുകൾ ധൈര്യപൂർവം വെട്ടിത്തുറന്ന് പറഞ്ഞ് സമൂഹത്തെ ഞെട്ടിക്കാനും അപൂർവം ചിലർക്കേ സാധിച്ചിട്ടുള്ളൂ; ആ അപൂർവതയാണ് സ്ത്രീ പക്ഷവാദിയെന്ന നിലയിൽ, സാമൂഹിക പ്രവർത്തകയെന്ന നിലയിൽ, വിദ്യാഭ്യാസ വിചക്ഷണ എന്ന നിലയിൽ, ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ എഴുത്തുകാരി അരുന്ധതി റോയിയുടെ അമ്മയെന്ന നിലയിൽ മേരി റോയിയുടെ വാക്കുകൾക്കുള്ളത്.

ഇന്ത്യയിലെ സ്ത്രീ വിമോചന പോരാട്ടങ്ങളുടെ നാഴികക്കല്ലുകളിൽ ഒന്നായി 1986ലെ സുപ്രീംകോടതി വിധി മാറിയപ്പോൾ അത് മേരി റോയ് എന്ന നിശ്ചയദാർഢ്യത്തിെൻറ, സാഹസത്തിെൻറ വിജയം കൂടിയായിരുന്നു. സ്ത്രീജന്മങ്ങളെ സാമ്പത്തികമായി സ്വതന്ത്രയാക്കാനും സംരക്ഷിക്കാനും ഒരു സ്ത്രീ കാലങ്ങളോളം പോരടിച്ച് നേടിയെടുത്ത വിധി. ഇന്നും ക്രിസ്ത്യൻ മതത്തിനുള്ളിൽ സ്ത്രീകൾ അനുഭവിക്കുന്ന വെള്ളിവെളിച്ചത്തിൽ മേരി റോയ് എന്ന പോരാളിയുടെ അധ്വാനമുണ്ട്.

സിറിയൻ ക്രിസ്ത്യൻ മതത്തിനുള്ളിൽ സ്ത്രീകൾക്ക് പിന്തുടർച്ചാവകാശം നിഷിദ്ധമായിരുന്നു. കാലങ്ങളായി സ്ത്രീകൾ മതത്തിനുള്ളിൽ അനുഭവിച്ചിരുന്ന അടിച്ചമർത്തലുകൾക്കെതിരെ ആ സമുദായത്തിനുള്ളിൽ നിന്നു തന്നെ അവർ ശബ്ദമുയർത്തി. മേരി റോയിയുടെ പിതാവിെൻറ സമ്പത്ത് ആൺ മകനായ ജോർജ് ഐസക്കിന് മാത്രം അവകാശപ്പെട്ടതായിരുന്നു; താനും ത​െൻറ സഹോദരിമാരുമടങ്ങിയ പെൺമക്കൾക്ക് നിഷിദ്ധമായ ഒന്നിനെ കൈയെത്തിപ്പിടിക്കുക എന്നത് അക്കാലത്ത് ആലോചിക്കാൻ പോലുമാവില്ലായിരുന്നു. സമൂഹ​െത്തയും മത​െത്തയും കുടുംബ​െത്തയും മറികടന്ന് പിന്തുടർച്ചാവകാശം പെൺമക്കൾക്കും വേണമെന്ന വിധിന്യായത്തിലൂടെ മേരി റോയ് നേടിയെടുത്തു.

അതിനുശേഷം കോട്ടയത്ത് കോർപസ് ക്രിസ്റ്റി സ്കൂൾ ('പള്ളിക്കൂടം') സ്ഥാപിച്ചു. അധ്യാപന രീതിയിലും പഠന രംഗത്തുമുള്ള വ്യത്യസ്ത രീതികളിലൂടെ വിദ്യാർഥികളെ വ്യക്തിത്വ വികസനത്തിന് േപ്രരിപ്പിച്ചു. അതിലൂടെ ഒരു പുതുതലമുറയെ വാർത്തെടുത്തു. സാമൂഹികപരമായും രാഷ്ട്രീയപരമായുമുള്ള നിലപാടുകളിൽ ശരിയുടെ പക്ഷത്ത് നിലയുറപ്പിച്ചു. ഇന്നും നീതിയെമാത്രം വിശ്വസിച്ച്, എൺപത്തിഅഞ്ചാം വയസ്സിലും പ്രതിരോധത്തിെൻറ ശബ്ദമാകാൻ മേരി റോയ് കോട്ടയത്തെ വീട്ടിലുണ്ട്.


മേരി റോയ് താമസിക്കുന്ന പള്ളിക്കൂടം സ്കൂളിെൻറ മുറ്റത്തേക്ക് കടന്നുചെല്ലുംവരെ കേരളത്തിലെ ഏറ്റവും വലിയ ഫെമിനിസ്റ്റെന്ന അടയാളപ്പെടുത്തലിൽ ഉൾച്ചേർന്ന കാർക്കശ്യക്കാരിയുടെ ചിത്രമായിരുന്നു ഉള്ളു നിറയെ. മുൻധാരണകളിൽ ചിലത് അക്കമിട്ട് ഉറപ്പിക്കുകയും മറ്റു ചിലതിനെ തല്ലി തകർക്കുകയും ചെയ്ത അനുഭവമായിരുന്നു അവരുടെ സാമീപ്യം. അതുവരെ മേരി റോയിയുടെ വിവാദമായൊരു പ്രസ്താവനയിലൂടെ മാത്രമെ പള്ളിക്കൂടം എന്ന സ്കൂളിനെക്കുറിച്ച് കേട്ടിരുന്നുള്ളൂ. മേരി റോയിയും അവരുടെ താമസ സ്ഥലവും സ്കൂളിെൻറ കോമ്പൗണ്ടിനുള്ളിൽ തന്നെയായിരുന്നു. ലളിതസുന്ദരമാം പള്ളിക്കൂടം എന്ന പോലെ ഒരു തവണ കടന്നു ചെന്നാൽ ആരിലും ഹൃദ്യമായ അനുഭവം.

ഗൃഹാതുരത്വത്തിെൻറ ഒരു കാറ്റ് അവിടങ്ങളിൽ നിറഞ്ഞു നിന്നു. ഓരോ ക്ലാസുകളും കെട്ടിടങ്ങളും ഒരോ വീട് പോലെ തോന്നിച്ചു. ഓരോ കുട്ടിയുടെ പുഞ്ചിരിയും വിരിഞ്ഞു നിന്നത് നൂറ് പുഷ്പങ്ങൾ; അവിടെ പാറി നടക്കുന്ന കുഞ്ഞുപക്ഷികൾക്കും പൂമ്പാറ്റകൾക്കും പ്രസരിപ്പുണ്ടായിരുന്നു. പ്രകൃതിയോടും ജീവജാലങ്ങളോടും ഇണങ്ങി നിൽക്കുന്നു പള്ളിക്കൂടം.

നിറഞ്ഞ ചിരിയുമായി രണ്ട് സ്ത്രീകൾ എന്നെയും 'മാധ്യമം' ഫോട്ടോ എഡിറ്റർ റസാഖ് താഴത്തങ്ങാടിയെയും സ്വീകരണ മുറിയിൽ ക്ഷണിച്ചിരുത്തി. അഭിമുഖത്തിന് അനുമതി കിട്ടാനുള്ള ഫോൺവിളികളിലൂടെ പരിചിതയായ ഇന്ദിരചേച്ചി മുമ്പൊരിക്കൽ എന്നോട് പറഞ്ഞത് ആ നിമിഷം ഞാൻ ഓർത്തെടുത്തു. ''1986ലെ ചരിത്ര പ്രാധാന്യമുള്ള വിധി വന്നപ്പോൾ പത്രത്താളുകളിൽ ആരാധനയോടെ മേരി റോയിയെ നോക്കി നിന്ന ഞാൻ ഇന്നിപ്പോൾ വർഷങ്ങളായി അവരുടെ കൂടെയാണ്. അത് തന്നെയാണ് എെൻറ ഏറ്റവും വലിയ ഭാഗ്യം.''

പ്രകൃതിയോടിണങ്ങി ഇൻറീരിയർ ഡിസൈൻ ചെയ്ത വീടിെൻറ തണുപ്പും സ്വച്ഛതയും ഏറെ ആസ്വാദ്യകരം. തറയിൽ നിരത്തിയിട്ട ചെറിയ മിനുസമുള്ള ഉരുളൻ കല്ലുകളിൽ ചവിട്ടി നടക്കുമ്പോൾ ലിവിങ് റൂമിെൻറ ചുവർ ചിത്രങ്ങൾക്കിടയിൽ കണ്ണുകൾ തേടിയത് മേരി റോയിയുടെയും അരുന്ധതി റോയിയുടെയും അപൂർവ ഫോട്ടോകളായിരുന്നു. അരുന്ധതി റോയ് ഇവിടെ നിന്നാവുമോ കാൽപനികതയുടെയും കലഹങ്ങളുടെയും വിത്തുകൾ മനസ്സിൽ സ്വരുക്കൂട്ടിയതെന്ന് ചിന്തിച്ചു. അരുന്ധതിക്ക് ജന്മം നൽകിയ അമ്മ മുന്നിലെത്തിയപ്പോൾ അപരിചിതത്വത്തിെൻറ വിങ്ങൽ; പെട്ടന്നു തന്നെ ഞങ്ങളുടെ സംസാരത്തിൽ സ്വാഭാവികതയും അടുപ്പവും കലർന്നു.

പ്രായത്തിെൻറ അവശതകളെ വകവെക്കാതെ വൈകാരികതയോടെയും ഉൗർജസ്വലതയോടെയും എനിക്കഭിമുഖമായി അവർ ഇരുന്നു. വർഷങ്ങൾക്കുശേഷമാണ് ഒരു മാധ്യമത്തിന് അവർ മുഖം നൽകുന്നത്. അരുന്ധതിയെക്കുറിച്ചെന്ന പോലെ പള്ളിക്കൂടത്തെ കുറിച്ചും പോരാട്ട നാളുകളെക്കുറിച്ചും അവർ സംസാരിച്ചു തുടങ്ങി.

  • മേരി റോയ് എന്ന വ്യക്തി ചർച്ച ചെയ്യപ്പെട്ടത് ക്രിസ്ത്യൻ പിന്തുടർച്ചാവകാശം പെൺമക്കൾക്കും നൽകണമെന്നുള്ള 1986ലെ സുപ്രീംകോടതി വിധിയിലൂടെയാണ്. ഒരു വ്യവസ്ഥിതിയെ തന്നെ മാറ്റി മറിച്ച വിധിയായിരുന്നു അത്. പിന്നീടുള്ള ജീവിതത്തിൽ, സമൂഹത്തിൽ നിന്നും നേരിട്ട അനുഭവം എന്തെല്ലാമായിരുന്നു?

1986ലെ കേസിെൻറ വിധി എനിക്കനുകൂലമായി വന്നതിനുശേഷം സിറിയൻ ക്രിസ്ത്യൻ സ്ത്രീ എന്ന നിലയിൽ എെൻറ അനുഭവങ്ങൾ നല്ലതായിരുന്നു. കാരണം ഞാൻ എല്ലാവരിൽ നിന്നും മാറി നിന്നിരുന്നു. അതൊക്കെയും എെൻറ സ്കൂൾ കാരണമായിരുന്നു. എല്ലാവരും പള്ളിക്കൂടം എന്ന സ്കൂളിനെ വളരെ ആശങ്കയോടെയും ആകാംക്ഷയോടെയുമാണ് കണ്ടിരുന്നത്. സ്കൂളിനെക്കുറിച്ച് ഉയർന്ന തലത്തിലുള്ള ചിന്താഗതികൾ വെച്ച് പുലർത്തിയിരുന്നു. ആ സമയത്ത് അവർ സിറിയൻ ക്രിസ്ത്യൻ കുടുംബത്തിലെ സ്ത്രീധനം എന്ന ആശങ്ക തന്നെ മറന്നിരുന്നു. ഞാൻ അക്കാലത്തു തന്നെ എല്ലാവരാലും സ്നേഹിക്കപ്പെട്ടിരുന്നു. എവിടെ പോയാലും ആളുകൾ സ്നേഹപൂർണമായ സമീപനം കൊണ്ട് എന്നെ ശ്വാസം മുട്ടിച്ചു.

  • സഹോദരൻ ജോർജ് ഐസക്കുമായിട്ടായിരുന്നല്ലോ സ്വത്തവകാശത്തിന് വേണ്ടിയുള്ള കേസ് നടന്നത്. വിധി താങ്കൾക്ക് അനുകൂലമായ ശേഷം അദ്ദേഹത്തിെൻറ പ്രതികരണം എന്തായിരുന്നു?

എെൻറ സഹോദരൻ ജോർജ് ഐസക്ക് ഞാനുമായിട്ടുള്ള പ്രശ്നങ്ങൾ തുടങ്ങിയത് സമ്പത്തിെൻറ പശ്ചാത്തലത്തിലാണ്. നിർഭാഗ്യവശാൽ സഹോദരൻ കടക്കെണിയിൽ പെട്ടുപോയിരുന്നു. വിധി വന്ന ശേഷം ജോർജിെൻറ സ്വത്തുക്കൾ എനിക്കും എെൻറ സഹോദരിക്കും ഒരു ഇളയ സഹോദരനുമായി വീതിച്ചു തരേണ്ടിവന്നു. ലോ സ്യൂട്ട് ജോർജിന് എതിരായിരുന്നു. അമ്മയെയും പെൺമക്കളെയും അവനോടൊപ്പം നിർത്തി എന്നതുകൊണ്ട് സ്വത്തുക്കൾ സഹോദരന് അവകാശപ്പെട്ടതായിരുന്നു എന്നാണ് ജോർജ് കോടതിയിൽ വാദിച്ചത്. കോടതി വിധി പ്രകാരം സ്വത്ത് മറ്റു മക്കൾക്കിടയിൽ വിഭജിക്കപ്പെടുകയും അമ്മയുടെ ഓഹിരി അമ്മയുടെ മരണാനന്തരം വീതിക്കപ്പെടുകയുമാണുണ്ടായത്.

  • പിന്തുടർച്ചാവകാശത്തിന് വേണ്ടി വർഷങ്ങൾ നീണ്ടു നിന്ന നിയമ പോരാട്ടമാണ് നടത്തിയത്. ഒരു സ്ത്രീയെന്ന നിലയിൽ സ്വാഭാവികമായും പിന്മാറാൻ സമ്മർദങ്ങൾ ഉണ്ടാവും. അവയെ അതിജീവിക്കാനുള്ള ഉൗർജം അഥവാ േപ്രരണ എന്തായിരുന്നു?

ഞങ്ങളുടേത് വളരെ ചെറിയ ഒരു കുടുംബമാണ്. സഹോദരനായ ജോർജ് ഐസക്കിൽ നിന്നുമാണ് വലിയ സമ്മർദം ഞാൻ അനുഭവിച്ചത്. വേറെ ആരുടെ ഭാഗത്ത് നിന്നും എനിക്ക് കടുത്ത സമ്മർദങ്ങൾ ഉണ്ടായിരുന്നില്ല. കാരണം എെൻറ സഹോദരി വലിയ നിലയിൽ കല്യാണം കഴിച്ച് ജീവിക്കുന്നവൾ ആയിരുന്നു. മറ്റൊരു സഹോദരൻ കാനഡയിലാണ് സ്ഥിര താമസമാക്കിയത്. കേസിന് പോയത് അന്നത്തെ കാലത്ത് കോട്ടയത്തുള്ള എല്ലാ ആളുകളും വലിയ തമാശയായിട്ടാണ് എടുത്തത്. ഞാൻ ഈ കേസിൽ ജയിക്കും എന്ന് ആരും കരുതിയിരുന്നില്ല. എല്ലാവരും കേസിനെ അവഗണിച്ചു. ചിലർ പരിഹസിച്ചു. അതേക്കുറിച്ച് സംസാരിക്കാൻ തന്നെ ഭൂരിഭാഗം ആളുകളും ആഗ്രഹിച്ചിരുന്നില്ല. പക്ഷേ, അവസാനം അത് സംഭവിച്ചു. നിയമ പോരാട്ടത്തിൽ ഞാൻ ജയിച്ചു. അക്ഷരാർഥത്തിൽ അത് ഒരു വലിയ നിയമ യുദ്ധം തന്നെയായിരുന്നു. പക്ഷേ കേസിനെക്കുറിച്ച് ബിഷപ്പിനോട് സംസാരിച്ചപ്പോൾ ''നീ അങ്ങനെ ചെയ്യരുത്, നീ ഈ സമുദായത്തിനെ തന്നെ നിരാശയിലാഴ്ത്തുകയാണ് ചെയ്യുന്നത്'' എന്ന് പറഞ്ഞു. എന്നിരുന്നാലും അവിടെ ആരും തന്നെ എന്നെ എതിർക്കാൻ ഉണ്ടായിരുന്നില്ല. ഇത്തരം സമ്മർദങ്ങളെ അതിജീവിച്ചത് വിജയിക്കുമെന്ന വിശ്വാസം തന്നെയായിരുന്നു.


  • അന്നത്തെ ഈ വിധിന്യായം മേരി റോയിക്ക് അനുകൂലമായിരുന്നില്ലെങ്കിൽ സിറിയൻ ക്രിസ്ത്യൻ സ്ത്രീകളുടെ അവസ്ഥ എന്താകുമായിരുന്നു?

ഞാൻ സ്ത്രീകൾക്ക് അർഹതപ്പെട്ട മൗലികാവകാശത്തിന് വേണ്ടിയാണ് പോരാടിയത്. ഭരണഘടനയിൽ സ്ത്രീകൾക്കായുള്ള മൗലികാവകാശങ്ങൾ വളരെ കുറവാണ്. ഒന്നോർത്താൽ വിധി ന്യായം എനിക്ക് മാത്രമുള്ളതല്ല. ഞാൻ അടങ്ങുന്ന ഒരു വലിയ സ്ത്രീ സമൂഹത്തിന് വേണ്ടിയുള്ളതാണ്. നിങ്ങൾക്കോർമയുണ്ടോ എന്നറിയില്ല, ഷാബാനു കേസിനെക്കുറിച്ച്. എഴുപതുകളിലും എൺപതിലും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ കേസാണല്ലോ. ഷാബാനുവും ഞാനും ഏകദേശം ഒരേ സമയത്താണ് പോരാടിയത്. വിവാഹ മോചിതരായ മുസ്ലിം സ്ത്രീകളുടെ ജീവനാംശവുമായി ബന്ധപ്പെട്ടായിരുന്നു ഷാബാനുവിെൻറ നിയമപോരാട്ടം. എേൻറത് പൂർണ വിജയം തന്നെയാണ്. പക്ഷേ അടിസ്ഥാനപരമായ ആവശ്യം നേടിയെടുക്കുക എന്നത് പൂർണമായും അസാധ്യമായ കാര്യമായിരുന്നു.

  • ഒരു വ്യക്തി എന്ന നിലയിൽ മതത്തെ എങ്ങനെ കാണുന്നു? പ്രണയവും അതിനെ തുടർന്നുള്ള മതം മാറ്റവും ചർച്ചയായിക്കൊണ്ടിരിക്കുന്ന കാലമാണല്ലോ?

മതം വ്യക്തിപരമായ കാര്യമാണ്. എനിക്കെന്ന പോലെ നിങ്ങൾക്കും അങ്ങനെ തന്നെയാണ്. നിങ്ങൾക്ക് വേണമെങ്കിൽ മതത്തിനെ ജീവിതത്തിെൻറ ഭാഗമാക്കാം. നിങ്ങൾക്ക് മതം വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം നിങ്ങളുടേത് മാത്രമാണ്. കാരണം നിങ്ങൾക്ക് അതിനുള്ള പക്വത ഉണ്ട്. വിദ്യാഭ്യാസമുണ്ട്. ബുദ്ധിയുണ്ട്. മതത്തിനെ കൈകാര്യം ചെയ്യേണ്ടത് പക്വതയോടെയും ബുദ്ധിയോടെയുമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ ഒരിക്കലും കുട്ടികളിൽ മത കാര്യത്തിൽ നിഷ്കർഷ പുലർത്തിയിട്ടില്ല. ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാൻ അവർക്ക് സ്വാതന്ത്ര്യമുണ്ട്.

  • ഫെമിനിസം എന്ന സങ്കൽപം തന്നെ ഇന്ന് ഏറെ തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്. കേരളത്തിലെ ഏറ്റവും വലിയ ഫെമിനിസ്റ്റ് എന്ന നിലയിൽ, യഥാർഥ സ്ത്രീ വിമോചനം എപ്രകാരം സാധ്യമാവുമെന്നാണ് കരുതുന്നത്?

കേരളത്തെക്കുറിച്ച് പറയുകയാണെങ്കിൽ ഇവിടെ സ്ത്രീകളെ കല്യാണം കഴിപ്പിച്ചുവിടുന്നത് അവരുടെ രക്ഷിതാക്കളാണ്. പിന്നീട് ഇവരെല്ലാവരും ജീവതത്തിൽ ഉടനീളം നഴ്സിെൻറ വേഷം കെട്ടുകയാണ്. ഒരു സ്ത്രീയുടെ കല്യാണ വിഷയത്തിൽ അവൾക്ക് തീരുമാനമെടുക്കാൻ സ്വാതന്ത്ര്യമില്ലാത്തതിനെക്കുറിച്ച് മതങ്ങൾക്ക് പോലും ഒന്നും പറയാനില്ല എന്നത് അത്ഭുതമാണ്. ഈയൊരു വിഷയത്തിലേക്ക് സാമൂഹിക പ്രവർത്തക എന്ന നിലയിൽ ഇറങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ പ്രയാസകരമായി തോന്നുന്നു.

  • നമ്മുടെ സമൂഹവും കുടുംബവും പുരുഷ കേന്ദ്രീകൃതമാണ്. ഇതിൽ നിന്നും മാറി സ്ത്രീ പുരുഷ–സമത്വം എന്ന സങ്കൽപം എപ്പോഴെങ്കിലും യാഥാർഥ്യമാവുമെന്ന് ആശിക്കാമോ?

ഇന്നത്തെ സ്ത്രീകൾ വിദ്യാഭ്യാസമുള്ള വ്യക്തികളാണ്. സാമ്പത്തിക സ്വാതന്ത്ര്യം സ്ത്രീകളെ സംബന്ധിച്ച് വളരെ വലുതാണ്. അത് കുടുംബത്തിലെ പല തരത്തിലുമുള്ള അടിച്ചമർത്തലിൽ നിന്നും രക്ഷപ്പെടുത്തും. പക്ഷേ ചില സ്ത്രീകൾ ഈ പുരുഷ കേന്ദ്രീകൃത സമൂഹിക വ്യവസ്ഥിതിയോട് അതിെൻറ അനീതിയെ തിരിച്ചറിയാൻ പറ്റാത്ത വിധം സാധൂകരിക്കപ്പെട്ടിരിക്കുന്നു. എെൻറ ഭർത്താവ്, എെൻറ കുടുംബം എന്നു പറയുമ്പോൾ അവർക്ക് അതിൽ നിന്നും മോചനം അസാധ്യമായി മാറുന്നു. സ്വതന്ത്രയാവാൻ അവർ ഒരു തരത്തിലും ശ്രമം നടത്താറുപോലുമില്ല. കൂടുതൽ പെൺകുട്ടികളും ഇന്ന് വിദ്യാഭ്യാസമുള്ളവരാണ്. അതുകൊണ്ട് തന്നെ അവർക്ക് ഏതെങ്കിലും പുരുഷൻമാരുടെയും കീഴിൽ നിൽക്കേണ്ട ആവശ്യമില്ല. അവർക്ക് സ്വാതന്ത്ര്യമുണ്ട്. പഠിക്കുമ്പോൾ തന്നെ അവർക്ക് ഇഷ്ടമുള്ള മേഖലകൾ സ്വയം തിരഞ്ഞെടുക്കാവുന്നതാണ്. അത്തരത്തിലുള്ള സമത്വം കടന്നുവരണം.

  • വനിതാ സംവരണ നിയമങ്ങൾ രാഷ്ട്രീയമായ സമത്വം പ്രദാനം ചെയ്യുമെന്നാണോ?

തീർച്ചയായും വനിതാ സംവരണം വളരെ നല്ല കാര്യമാണ്. ഭരണതലത്തിൽ മാത്രമല്ല, എല്ലാ മേഖലകളിലും അത് കൊണ്ടുവരണം. എന്നാൽ സ്ത്രീ–പുരുഷ തുല്യ സംവരണം കൊണ്ടുവന്നാൽ അത് സ്ത്രീകളെ സംബന്ധിച്ച് വലിയ ഒരു സമ്മാനം തന്നെയാവും. സ്ത്രീക്കും പുരുഷനും തുല്യ അവകാശം എല്ലാ മേഖലകളിലും കൊണ്ടുവരണം എന്നാണ് എെൻറ അഭിപ്രായം.

  • മറ്റുള്ള വുമൺ ആക്ടിവിസ്റ്റുകളുടെ പ്രവർത്തനം ശ്രദ്ധിക്കാറുണ്ടോ? സ്ത്രീ വിമോചനത്തിനുവേണ്ടി ആത്്മാർഥമായി നിലകൊള്ളുന്നവരെ ശ്രദ്ധിച്ചിട്ടുണ്ടോ?

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വുമൺ ആക്ടിവിസ്റ്റ് സുഗതകുമാരിയാണ്. അവർ എെൻറ സുഹൃത്താണ്. പിന്നെ ലീലാമേനോൻ, കമലാദാസ് എന്നിവരെയൊക്കെ ഇഷ്ടമാണ്. താൻ സ്വപ്നം കണ്ടപോലെ ജീവിച്ച ഒരാളാണ് കമല. മറ്റുള്ള സാമൂഹിക പ്രവർത്തകരിൽ നിന്നും വിഭിന്നമായി സാമ്പത്തികമായും വിദ്യാഭ്യാസപരമായും മുന്നാക്കം നിൽക്കുന്നതുകൊണ്ടായിരിക്കാം അവർക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നതെന്ന് തോന്നുന്നു.

  • സ്ത്രീകൾ ലൈംഗികമായും മാനസികമായും ചൂഷണം ചെയ്യപ്പെടുന്നു. ഒരുപാട് പ്രതിഷേധങ്ങളും സമരങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നു. എന്നിട്ടും സ്ത്രീകളുടെ അവസ്ഥയിൽ വലിയ മാറ്റങ്ങളൊന്നും കാണുന്നില്ല?

എെൻറ പഠനത്തിൽ സ്ത്രീകൾ ചൂഷണം ചെയ്യപ്പെടുന്നത് ഏറെയും അവർ അതിന് അനുവദിച്ചിട്ടാണ്. അനുവദിച്ചില്ലെങ്കിൽ ഒരു തരത്തിലുള്ള ചൂഷണവും നടക്കില്ല. സ്ത്രീകൾ നഴ്സ്, അധ്യാപനം എന്നീ ജോലികളൊക്കെ ചെയ്യുന്നുണ്ട്. ഇതൊക്കെ ചൂഷണത്തിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗമാണ്. അടിസ്ഥാനപരമായി ചൂഷണം നടക്കുന്നത് വിദ്യാഭ്യാസവും ജോലിയും അടിസ്ഥാനമാക്കിയാണ്.

  • ഇന്നത്തെ സാമൂഹിക–രാഷ്ട്രീയസാഹചര്യങ്ങൾ സശ്രദ്ധം വീക്ഷിക്കാറുണ്ടോ?

സത്യത്തിൽ ഇന്നു ഞാൻ രാഷ്ട്രീയ സംഭവങ്ങളിൽ ഒന്നും തന്നെ ഇടപെടാറില്ല. അതുകൊണ്ട് തന്നെ അതിനോടുള്ള പ്രതികരണം ഇല്ലെന്ന് തന്നെ പറയാം. ഒരു വിദ്യാഭ്യാസ വിചക്ഷണ എന്ന നിലയിൽ എെൻറ സ്വപ്നങ്ങളൊക്കെയും ഞാൻ സ്ഥാപിച്ച സ്കൂളിനെ ചുറ്റിപ്പറ്റിയാണ്. അത് നിങ്ങൾക്ക് തന്നെ മനസ്സിലാക്കാൻ കഴിയും എന്നാണ് ഞാൻ വിചാരിക്കുന്നത്. അതിലൂടെ എെൻറ സ്കൂൾ എന്താണെന്ന് നിങ്ങൾക്ക് ബോധ്യമാകും എന്നും ഞാൻ വിശ്വസിക്കുന്നു.

  • അമിതമായ അച്ചടക്ക ബോധം അടിച്ചേൽപിച്ചു എന്നുള്ള തരത്തിൽ താങ്കളുടെ 'പള്ളിക്കൂടം' സ്കൂളിനെ കുറിച്ച് വിവാദങ്ങൾ ഉണ്ടായല്ലോ. ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്നിരിക്കുന്നതുമായി ബന്ധപ്പെട്ട വിവേചനമുണ്ടെന്ന് വാർത്ത വന്നു. കുട്ടികളെ നിർബന്ധിത നിയന്ത്രണത്തിൽ കൊണ്ടുവരുന്നത് ശരിയാണോ?

സ്കൂളുകളിൽ കുട്ടികൾക്ക് സ്വാതന്ത്ര്യം ആവശ്യമാണ്. ചോദ്യങ്ങൾ ചോദിക്കാനും ലേഖനങ്ങൾ എഴുതാനും കവിത എഴുതാനുമുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇടപെടാനുള്ള അവസരം ഉണ്ടായിരിക്കണം. മൃദുവായ വാക്കുകളിൽ കൂടി അവരുടെ തെറ്റുകളെ അധ്യാപകർ തിരുത്താറുണ്ട്. അച്ചടക്കമില്ലാതെ എങ്ങനെയാണ് ഒരു സ്കൂൾ നടത്തിക്കൊണ്ടുപോകുക എന്ന ചോദ്യം പലപ്പോഴായി ഞാൻ അഭിമുഖീകരിച്ചിട്ടുണ്ട്. സ്കൂളിെൻറ തുടക്കത്തിൽ കുറച്ച് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ അധ്യാപകരെല്ലാം ഇന്ന് തിരിച്ചറിവിെൻറ പാതയിലാണ്. കാർക്കശ്യം നിറഞ്ഞ അച്ചടക്ക നടപടികളുടെ അഭാവത്തിലും മഹത്തായ വിദ്യാഭ്യാസ വ്യവസ്ഥകൾ സാധ്യമാണ് എന്ന വസ്തുത വിദ്യാഭ്യാസ വിചക്ഷണർ പോലും ഇന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മകൻ ലളിത് റോയ് അവെൻറ ചിന്തകളിൽ മുഴുകി നടക്കുമ്പോൾ അവെൻറ ഭാര്യ മേരി റോയ് ആണ് ഇന്ന് പള്ളിക്കൂടം സ്കൂൾ നടത്തുന്നത്.

  • പുതിയ കാലത്തെ കുട്ടികൾ പഠനത്തിലും അവരുടെ ബാല്യകാലത്തിലും കൗമാരത്തിലും വിവിധങ്ങളായ പിരിമുറുക്കങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അതെല്ലാം പരിഹരിച്ച് മുന്നോട്ട് കൊണ്ടുപോകാൻ നമ്മുടെ വ്യവസ്ഥിതിക്ക്സാധിക്കുമോ? സ്കൂളിെൻറ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഇക്കാര്യങ്ങൾ പരിഗണിച്ചിരുന്നോ?

ഈ വിഷയത്തിൽ കൂടുതലായി പ്രതികരിക്കാൻ എനിക്കറിയില്ല. കഴിഞ്ഞ ദിവസം എെൻറ സ്കൂളിലെ നാലു വയസ്സുള്ള കുട്ടികളെ പഠിപ്പിക്കുന്ന ടീച്ചർ അവരുടെ ക്ലാസിലേക്ക് മുത്തച്ഛന്മാരെയും മുത്തശ്ശിമാരെയും വിളിച്ചുവരുത്തി. എന്നിട്ട് കുട്ടികൾ എന്തെല്ലാമാണ് ചെയ്യുന്നതെന്ന് അവരെ കാണിച്ചുകൊടുത്തു. അവരോടൊപ്പം മുത്തച്ഛന്മാരെയും മുത്തശ്ശിമാരെയും കളിപ്പിച്ചു. പിന്നീട് അവരെക്കൊണ്ട് കഥകൾ പറയിപ്പിച്ചു. ശരിക്കും പറഞ്ഞാൽ അതൊരു മനോഹരമായ ദിവസമായിരുന്നു. ഞാൻ അന്ന് സ്കൂളിലേക്ക് പോയിരുന്നു. ഞാൻ അത്ഭുതപ്പെട്ടുപോയി. ഇത്രയും ആഴത്തിലുള്ള വൈകാരികമായ ഒരനുഭവം അടുത്ത കാലത്തൊന്നും ഞാൻ അനുഭവിച്ചിരുന്നില്ല. ഇത്തരം സൗഹാർദപരമായ അന്തരീക്ഷം കുട്ടികളും രക്ഷിതാക്കളുമായി നിലനിർത്തുക വഴി കുറെയൊക്കെ ബന്ധങ്ങളുടെ തീവ്രത കുഞ്ഞുങ്ങൾക്ക് മനസ്സിലാക്കാനും അതുവഴി അവർ അനുഭവിക്കുന്ന സ്െട്രസ്സിനെ മറികടക്കാനും കഴിയുമെന്ന് കരുതുന്നു.

  • വർത്തമാന സാമൂഹികാവസ്ഥയിൽ ക്രിസ്ത്യൻ പുരോഹിതന്മാരുടെ ഇടയിൽ ധാരാളം ലൈംഗിക പീഡനങ്ങൾ നടക്കുന്നുണ്ട്. ലൈംഗികതയെ ഉപയോഗിക്കാത്തവർ എന്ന കാറ്റഗറിയിൽ നിൽക്കേണ്ടവർ ചെറിയ കുട്ടികളെ പോലും ലൈംഗികമായി പീഡനത്തിന് ഇരയാക്കുന്നു. എന്താവും ഈയൊരു ദുസ്ഥിതിക്ക് കാരണം?

അതെല്ലാം മതത്തിന് തന്നെ അപമാനകരമാണ്. പക്ഷേ ലൈംഗിക പീഡനങ്ങൾ എല്ലാ മതങ്ങളുടെയും ഉള്ളിൽ നടക്കുന്നുണ്ട്. നമുക്ക് ഒരു മതത്തിനെയും ഒഴിച്ചു നിർത്താൻ കഴിയില്ല. ക്രിസ്ത്യൻ പാതിരിമാർക്കിടയിൽ ഇത് കുറവാണെന്ന പ്രതീതി ജനിക്കുന്നത് അവരെക്കുറിച്ച് നമുക്ക് വേണ്ടത്ര ധാരണയില്ലാത്തതുകൊണ്ടാണ്. തീർച്ചയായും പുരോഹിത വർഗം ധാരാളം നല്ല പ്രവൃത്തികൾ ചെയ്യുന്നു എന്നത് വിസ്മരിക്കുന്നില്ല. പക്ഷേ, ഇത്തരം പ്രവൃത്തികൾ അവരുടെ സദ് പ്രവൃത്തികളോടൊപ്പം കലരുന്നത് വേദനാജകനമാണ്.

  • റബറിെൻറ രാഷ്ട്രീയമാണ് കോട്ടയത്ത് എന്നാണ് പൊതു ശ്രുതി. തങ്ങളിലേക്ക് ചുരുങ്ങുന്ന ഒരു തരം രാഷ്ട്രീ യ കാപട്യം ഇവിടെയുണ്ടോ? അതുകൊണ്ടാണോ ആം ആദ്മി പാർട്ടിയിൽ ചേർന്നത്?

അതേക്കുറിച്ച് ഞാൻ പ്രതികരിക്കുന്നില്ല. പക്ഷേ ഞാൻ ആം ആദ്മി പാർട്ടിയുടെ പ്രത്യയശാസ്ത്രങ്ങളിൽ ആകൃഷ്ടയായിരുന്നു. ഞാൻ അതിൽ ചേർന്നു. അവരെനിക്ക് പ്രതീകാത്്മകമായി തൊപ്പിയും ചൂലും തന്നു. എനിക്ക് ആ പാർട്ടിയോട് വലിയ സ്നേഹമായിരുന്നു. നിർഭാഗ്യവശാൽ എനിക്ക് അതിൽ പ്രവർത്തനം നടത്താൻ കഴിഞ്ഞില്ല. പ്രത്യേകിച്ച് ഞാൻ കോട്ടയത്തായിരിക്കുമ്പോൾ.

  • കോട്ടയത്തെ ജീവിതം പോലെ ഷില്ലോങ്ങിലെ ജീവിത കാലവും ഏറെ ആസ്വദിച്ചെന്ന് തോന്നുന്നു?

ഷില്ലോങ്ങിലെ ജീവിതം തുടങ്ങുന്നത് എെൻറ രണ്ടാമത്തെ കുട്ടി അരുന്ധതിയുടെ ജനനത്തോടെയാണ്. ഭർത്താവിന് അവിടെ ഒരു എസ്റ്റേറ്റിൽ ജോലിയുണ്ടായിരുന്നു. ഈ എസ്റ്റേറ്റ് നിന്നിരുന്നത് ഒരു കുന്നിൻ മുകളിലാണ്. അവിടേക്ക് പോകുന്ന വഴി എന്നെ ഹോസ്പിറ്റലിൽ ഇറക്കുമായിരുന്നു. അവിടെ തന്നെയായിരുന്നു അദ്ദേഹത്തിെൻറ വീട്ടുകാരും സഹോദരിയും താമസിച്ചിരുന്നത്. അരുന്ധതിക്ക് വലിയ ഇഷ്ടമുള്ള സ്ഥലമാണ് ഷില്ലോങ്.

  • പള്ളിക്കൂടം സ്കൂളിൽ അമിതമായ അച്ചടക്ക ബോധം തുടക്കത്തിൽ കൊണ്ടുവന്നിരുന്നെന്ന് പറഞ്ഞല്ലോ. അത്തരം നിയന്ത്രണങ്ങൾ അമ്മ എന്ന നിലയിൽ അരുന്ധതിയിൽ കൊണ്ടുവന്നിരുന്നോ?

ഞാനും അരുന്ധതിയും തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നത് അച്ചടക്കം എന്ന വിഷയത്തെ സംബന്ധിച്ചാണ്. അവളുടെ അഭിപ്രായത്തിൽ അച്ചടക്കം മോശമാണ്. ഞങ്ങൾക്കിടയിൽ ഈ പ്രശ്നത്തിെൻറ അടിസ്ഥാനത്തിൽ വിള്ളലുണ്ടായിരുന്നു. പിന്നീട് ഞാൻ അരുന്ധതിയോട് പറഞ്ഞു നിനക്കിഷ്ടമുള്ളത് നീ ചെയ്യുക. പക്ഷേ അവൾ വളരെ ശാന്തമായ സ്വഭാവ പ്രകൃതമുള്ളയാളാണ്. എല്ലാവരോടും മനോഹരമായി ഇടപഴകുകയും ചെയ്യും. പക്ഷേ അരുന്ധതിക്കും എനിക്കും അവൾ പറയുന്ന വിഷയത്തെക്കുറിച്ച് നല്ല ബോധ്യമുണ്ട്. പിന്നീട് അവൾ ആർക്കിടെക്ചർ പഠിക്കുന്ന കാലത്ത് അവൾക്ക് ഒരു ബോയ് ഫ്രണ്ട് ഉണ്ടായിരുന്നു. അത് ഞാൻ മനസ്സിലാക്കി. പക്ഷേ അന്നൊന്നും കണ്ടുപിടിക്കാനോ അവളെ പിന്തുടരാനോ ഞാൻ ഒരുക്കമായിരുന്നില്ല. കുട്ടികളെ നാം ഉപദേശിക്കുമ്പോൾ ഉപദേശിക്കുന്ന രീതി അവർക്ക് ഇഷ്ടമുള്ള തരത്തിലാവണം എന്നത് നാം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഒരു കാര്യം ചെയ്യരുത് എന്ന് പറയുമ്പോൾ അത് എന്തുകൊണ്ടാണെന്ന് അവർക്ക് മനസ്സിലാവേണ്ടതുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും എനിക്കും അരുന്ധതിക്കും ഇടയിൽ കൃത്യമായ ഒരു ധാരണ ഉണ്ടായിരുന്നുവെന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്.

  • അരുന്ധതിയിലെ എഴുത്തുകാരിയെ എങ്ങനെ കാണുന്നു?

അവൾ നല്ലൊരു എഴുത്തുകാരിയാണ്. ചെറുപ്പത്തിൽ തന്നെ അവൾ ലേഖനങ്ങളൊക്കെ എഴുതുമായിരുന്നു. അതിനുശേഷം അവൾ ആർക്കിടെക്ചർ പഠിക്കാനായി ഡൽഹിയിലേക്ക് പോയി. അതിനിടയിൽ മാഗസിനുകളിലും വീക്കിലികളിലും എഴുതാൻ തുടങ്ങി. ഇൻറർവ്യൂ ചെയ്തു. സിനിമക്ക് സ്ക്രിപ്റ്റ് എഴുതി. പിന്നീട് സിനിമ സംവിധാനം ചെയ്തു. പിന്നീടാണ് അവൾ എഴുത്തുകാരി എന്ന ലേബലിൽ അറിയപ്പെടാൻ തുടങ്ങിയത്. ആ വളർച്ചയിൽ ഏതൊരമ്മയെപ്പോലെയും എനിക്ക് അഭിമാനമേയുള്ളൂ.

  • ബുക്കർ ൈപ്രസ് നേടിയ 'ഗോഡ് ഓഫ് സ്മോൾ തിങ്സ്' പ്രധാനമായും കേന്ദ്രീകരിക്കുന്നത് അയ്മനം എന്ന സ്ഥലവും പാലത്തിങ്ങൽ കുടുംബവുമാണല്ലോ. ഇതിൽ ആത്്മകഥയുടെ ആഴത്തിലുള്ള ഒരു സ്പർശമില്ലേ..?

അത് പൂർണമായും ആത്മകഥയാണ്. അവൾ അതിൽ ചെറിയ ചെറിയ കാര്യങ്ങളെക്കുറിച്ച് പോലും പരാമർശിക്കുന്നുണ്ട്. അയ്മനത്തെക്കുറിച്ചും പാലത്തിങ്ങൽ കുടുംബത്തെക്കുറിച്ചും ഞങ്ങൾ അന്ന് താമസിച്ചിരുന്ന വീടിനെക്കുറിച്ചും വളരെ ഗൃഹാതുരതയോടെ, മനോഹരമായി സാഹിത്യാത്്മകമായി തന്നെ അവതരിപ്പിച്ചു. പിന്നീട് കേരളത്തിൽ നിന്ന് വിട്ടുപോന്ന ശേഷം മലയാളികളുമായുള്ള ആത്്മബന്ധം അവൾ സൂക്ഷിച്ചിരുന്നു. പാരഡൈസ് പിക്കിളിനെക്കുറിച്ച് അവൾ 'ഗോഡ് ഓഫ് സ്മോൾ തിങ്സി'ൽ പറയുന്നുണ്ട്. കാരണം എെൻറ അമ്മക്ക് അച്ചാറുണ്ടാക്കുന്ന ഒരു ഫാക്ടറി ഉണ്ടായിരുന്നു. പാലാട്ട് പിക്കിൾ എന്നായിരുന്നു ആ ബ്രാൻഡിെൻറ പേര്. എെൻറ അമ്മയും സഹോദരനുമായിരുന്നു അതിെൻറ നടത്തിപ്പുകാർ. ഞാൻ അവരോടൊപ്പമായിരുന്നു അന്ന് താമസിച്ചിരുന്നത്. കാരണം ആ സമയത്ത് ഞാൻ വേറെ വീട് എടുത്തിരുന്നില്ല. ആ സമയത്ത് അച്ചാറുണ്ടാക്കാനുള്ള റെസിപ്പിയും അത് എങ്ങനെ ഉണ്ടാക്കുന്നു എന്നൊക്കെ എനിക്ക് അറിയാമായിരുന്നു. എെൻറ സഹോദരൻ ഒരു വിദേശ വനിതയെയാണ് കല്യാണം കഴിച്ചത്. അവർക്ക് കുട്ടികളുണ്ടായിരുന്നില്ല. പക്ഷേ, അവർ ഇടക്കൊക്കെ ഞങ്ങളുടെ വീട്ടിൽ സന്ദർശിക്കാൻ വരുമായിരുന്നു. ആ അനുഭവമെല്ലാം അരുന്ധതിയുടെ എഴുത്തിൽ നിഴലിക്കുന്നു.

  • അരുന്ധതി പുതിയ നോവലായ 'ദ മിനിസ്ട്രി ഓഫ് അട്ട്മോസ്റ്റ് ഹാപ്പിനസ്' നീണ്ട ഇടവേളക്കുശേഷമാണ് എഴുതിയത്. സമകാലിക ഇന്ത്യൻ രാഷ്ട്രീ യ സാഹചര്യം അതിൽ പ്രമേയവത്കരിക്കപ്പെട്ടു. നോവൽ വായിച്ചപ്പോൾ എന്ത് തോന്നി?

ഞാൻ ആ നോവൽ വീണ്ടും വായിച്ചുകൊണ്ടിരിക്കയാണ്. അവൾ എനിക്കായി അവളുടെ ശബ്്ദത്തിൽ നോവൽ മുഴുവനും വായിച്ച് ഓഡിയോ ക്ലിപ്പ്സ് അയച്ചു തന്നിട്ടുണ്ട്. അരുന്ധതി പൂർണമായും വായിക്കുന്നു. പത്ത് ഓഡിയോ ക്ലിപ്പ് ഉണ്ട്. ഞാൻ പക്ഷേ ഒരു പ്രാവശ്യം ആ നോവൽ മുഴുവനും വായിച്ചു. അത് വളരെ പ്രയാസകരമായ ഒരു പുസ്തകമാണ്. വായിക്കാനും കുറച്ച് ബുദ്ധിമുട്ടുണ്ട്. പ്രമേയം വളരെ വ്യത്യസ്തവും ആഴത്തിലുള്ളതും മനസ്സിലാക്കാൻ പ്രയാസമുള്ളതുമായി അനുഭവപ്പെട്ടു. ഞാൻ ഇപ്പോൾ രണ്ടാമത്തെ പ്രാവശ്യമാണ് അത് വായിക്കുന്നത്. പക്ഷേ ആ സമയം ഞാൻ ആസ്വദിക്കുന്നുമുണ്ട്. എല്ലാ ആളുകൾക്കും എന്തൊക്കെയോ ചെയ്യാൻ ആഗ്രഹമുണ്ട്. പക്ഷേ അവർക്കൊന്നും എല്ലാം പ്രാപ്യമല്ല. എനിക്ക് തോന്നുന്നത് നോവൽ കൂടുതലും കേന്ദ്രീകരിക്കുന്നത് ഡൽഹിയും കശ്മീരുമാണ്. അതുകൊണ്ട് തന്നെ ഒരു കേരളീയന് അത് മനസ്സിലാക്കാൻ പ്രയാസകരമാവും. അതിൽ പറയുന്ന പേരുകൾ പോലും ഡൽഹിയിലെയും കശ്മീരിലെയും സംസ്കാരത്തിൽ ലയിച്ചു ചേർന്നതാണ്. അതുപോലെ സംഗീതവും സംഗീത ഉപകരണങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളും കൂടുതലും ഉർദുവിലുള്ളതാണ്. എനിക്ക് അതേക്കുറിച്ച് അറിയാം. കാരണം ഞാൻ ഡൽഹിയിൽ കുറെക്കാലം താമസിച്ചിരുന്നല്ലോ. പക്ഷേ ഇന്ന് ലോകത്തുള്ള എല്ലാ ആളുകളും അത് വായിക്കുന്നുണ്ടെന്നറിഞ്ഞതിൽ സന്തോഷിക്കുന്നു.

അവളെ ഞാൻ കാത്തിരിക്കുന്നതിനിടെ എെൻറ 85ാം പിറന്നാളിന് അവൾ എത്തുമെന്ന് നേരത്തേ അറിയിച്ചിരുന്നു. പുതിയ നോവലിെൻറ പ്രമോഷന് വേണ്ടി ലോകം മുഴുവൻ കറങ്ങിയ ശേഷമുള്ള വരവാണ്.

  • കശ്മീരിലെ ജീവിതമെല്ലാം അരുന്ധതി റോയ് അടുത്തറിഞ്ഞു എന്ന് പറഞ്ഞല്ലോ. കശ്മീർ വിഷയത്തിൽ അവർ വിമത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. താങ്കൾ അവരുടെ നിലപാടിൽ തൃപ്തയാണോ?

തീർച്ചയായും, ഞാൻ അവളുടെ നിലപാടിനെ അനുകൂലിക്കുന്നു. ഞാൻ എത്രയോ വർഷങ്ങൾക്ക് മുമ്പ് കശ്മീർ വിഷയത്തിൽ ഈ നിലപാടെടുത്തിരുന്നു. കാരണം ഞാൻ ചരിത്ര വിദ്യാർഥിനിയാണ്. അന്നത്തെ കാലത്ത്് ഞാൻ വായിച്ചതും ചിന്തിച്ചതും നിലപാടെടുത്തിരുന്നതും കശ്മീരിനെ ഇന്ത്യക്ക് അടുത്ത ഒരു സ്ഥലമായി കാണാൻ അനുവദിക്കുക എന്ന നിലയിലായിരുന്നു. എന്നാൽ മാത്രമേ അതിന് ഭാവി ഉണ്ടാവുകയുള്ളൂ. പക്ഷേ, സ്വാതന്ത്ര്യം കിട്ടിയപ്പോൾ അന്നത്തെ ഗവർണർ ജനറൽ മൗണ്ട് ബാറ്റൺ തീരുമാനിച്ചത് തന്നെയായിരുന്നു ആ സ്ഥാനം ഏറ്റെടുത്ത സി. രാജഗോപാലാചാരിയും തീരുമാനിച്ചത്. ഇന്ത്യയുടെ ഭാഗമായി നിലനിർത്താൻ. അതിന് പുറമെ എന്നത്തെയും പോലെ അന്നും കശ്മീരിലെ അന്തരീക്ഷം കലുഷിതമായിരുന്നു.

പക്ഷേ, ഞാൻ എെൻറ ഈ നിലപാടെടുക്കാൻ അരുന്ധതിയെ കാത്തിരുന്നിട്ടില്ല. അരുന്ധതി എന്നെയും കാത്തിരുന്നില്ല. അവൾ എന്നോട് ചർച്ച ചെയ്തിട്ടുപോലുമില്ല. അവൾ വായിച്ച് അവളുടേതായ നിലപാടെടുത്തു. ഞാൻ എല്ലാ കാര്യത്തിലും എേൻറതായ നിലപാടും എടുത്തു.

  • ഹിന്ദുത്വ ഭീകരത, ഫാഷിസം എന്നിവയൊക്കെ അഴിഞ്ഞാടുന്ന ഒരു രാജ്യത്ത് വ്യക്തിയുടെ സ്വകാര്യ സ്വാതന്ത്ര്യം പോലും ഹനിക്കപ്പെടുന്നു. അത്തരം സമൂഹത്തിൽ ജീവിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ അരക്ഷിതബോധം തോന്നിയിട്ടുണ്ടോ?

നമ്മൾ നിയന്ത്രണ വിധേയമാകുമ്പോഴാണ് നമ്മളെ നിയന്ത്രിക്കപ്പെടുന്നത്. എെൻറ ജീവിതത്തിൽ എന്നെ ആരും തന്നെ നിയന്ത്രിക്കുന്നില്ല. അതുകൊണ്ട് തന്നെ എന്നോട് ആരെങ്കിലും മാംസം കഴിക്കരുതെന്ന് നിഷ്കർഷിച്ചാൽ ഞാൻ അത് അവഗണിക്കുകയേ ഉള്ളു. അതിനാലാവാം എനിക്ക് അരക്ഷിത ബോധം തോന്നിയിട്ടില്ല.

  • കേരള ചരിത്രത്തിൽ മേരി റോയ് ഒരു വിമോചക എന്ന പേരിൽ അടയാളപ്പെട്ടു. സ്വയം എങ്ങനെ വിലയിരുത്തുന്നു?

എനിക്ക് 85 വയസ്സായി. തിരിഞ്ഞു നോക്കുമ്പോൾ ഞാൻ എന്നെ വിലയിരുത്തുന്നത് വളരെ സന്തോഷവതിയായിട്ടാണ്. ഞാൻ എന്തെങ്കിലും ഈ സമൂഹത്തിന് ചെയ്തു എന്ന നിലയിലും ഞാൻ സംതൃപ്തയാണ്. വളരെ മൂല്യമുള്ള ഒരു ജഡ്ജ്മെൻറ് നേടിയെടുത്തു. അത് എനിക്ക് വേണ്ടി മാത്രമായിരുന്നില്ല– ഞാൻ അടങ്ങിയ ഒരു വലിയ സ്ത്രീ സമൂഹത്തിെൻറ ജീവിതത്തെ തന്നെ മാറ്റിമറിച്ചിട്ടുണ്ട്. അതുപോലെ മലയാളം പഠന മാധ്യമമാക്കണമെന്നുള്ള വിഷയത്തിൽ സ്കൂളിനെ േപ്രാത്സാഹിപ്പിച്ചു. മൂന്നാം ക്ലാസുവരെ കുട്ടികൾ ഇംഗ്ലീഷ് സംസാരിക്കരുത് എന്നും നിർബന്ധമാക്കി. പൂർണമായുംമലയാളം സംസാരിക്കുന്ന ഒരു കുഞ്ഞു തലമുറയെ വളർത്തിയെടുത്തു. വലിയ ക്ലാസുകളിൽ എത്തുമ്പോൾ മറ്റുള്ള വിഷയങ്ങൾ പഠിക്കുന്നതുപോലെ ഇംഗ്ലീഷും താനേ പഠിച്ചോളും. അതുകൊണ്ട് തന്നെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും സന്തോഷവാന്മാരാണ്. പഠിക്കാനും വ്യക്തിത്വവികസനത്തിനുമുള്ള നല്ലൊരു അന്തരീക്ഷം വളർന്നുവരുന്ന പുതു തലമുറയിൽ കൊണ്ടുവരാൻ കഴിഞ്ഞു എന്നൊരു ചാരിതാർഥ്യമുണ്ട്. വീട്ടിൽ നമ്മൾ സംസാരിക്കുന്ന അതേ ഭാഷ തന്നെയാണ് സ്കൂളിലും സംസാരിക്കുന്നത്. അത് മാറ്റേണ്ട ആവശ്യമില്ല. അതിലെല്ലാം തന്നെ ഞാൻ സന്തോഷവതിയാണ്.

  • മറ്റു ദേശങ്ങളിലെ ജീവിതാനുഭവം ഉണ്ടല്ലോ. കേരളത്തെക്കുറിച്ച് പൊതുവേ എന്ത് തോന്നുന്നു?

ഞാൻ കേരളത്തെ സ്നേഹിക്കുന്നു.ഞാൻ കോട്ടയം ഇഷ്ടപ്പെടുന്നു. ഏറ്റവും നല്ല ഇന്ത്യക്കാർ ജീവിക്കുന്ന സ്ഥലമാണ് ഇത്. അവർ ആരെയും ചൂഷണം ചെയ്യുന്നില്ല. എല്ലാവരും യാത്ര ചെയ്യാനും വിദേശത്ത് പോയി അധ്വാനിക്കാനും താൽപര്യപ്പെടുന്നു. അതുവഴി അവർ കൂടുതൽ പണവും ഉയർന്ന ജീവിത നിലവാരവും സാധ്യമാക്കുന്നു. പിന്നീട് നാട്ടിൽ തിരികെ വന്ന് സ്ഥിരതാമസമാക്കുന്നു. സ്ത്രീകളായാലും പുരുഷന്മാരായാലും പുറത്തുപോവുന്നതിന് യാതൊരു തരത്തിലുള്ള തടസ്സവുമുണ്ടാകുന്നില്ല. എല്ലാവരും കാണാൻ നല്ലവരാണ്. ഉൗർജസ്വലരാണ്. അതുമാത്രമല്ല സ്നേഹമുള്ളവരുമാണ്. അതുകൊണ്ട് തന്നെ ഇവരുടെ ഇടയിൽ ജീവിക്കാൻ കഴിയുന്ന ഞാൻ തീർച്ചയായും സന്തോഷവതിയാണ്. ഭാഗ്യവതിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arundhati royMary Roy
News Summary - Mary Roy Interview
Next Story