മോദിയുടെ വിദ്വേഷം വിളമ്പൽ പരാജയ ഭീതിമൂലം
text_fieldsമഹാരാഷ്ട്രയിലെ രാഷ്ട്രീയ കാലാവസ്ഥയെക്കുറിച്ചും ബി.ജെ.പിക്കെതിരായ കോൺഗ്രസ്-എൻ.സി.പി-ശിവസേന മുന്നണിയുടെ സാധ്യതകളെക്കുറിച്ചും കോൺഗ്രസ് പ്രചാരണ സമിതി അധ്യക്ഷനും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാൻ നരിമാൻപോയന്റിലെ ഓഫിസിൽ ‘മാധ്യമ’വുമായി സംസാരിച്ചു, അഭിമുഖത്തിൽനിന്ന്
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പുകളിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു സഖ്യത്തിലാണ് ഇക്കുറി മഹാരാഷ്ട്രയിൽ കോൺഗ്രസ്.മഹാ വികാസ് അഘാഡി (എം.വി.എ)യെ അണികൾ അംഗീകരിക്കുമോ ?
കോൺഗ്രസിന്റെയും എൻ.സി.പിയുടെയും രാഷ്ട്രീയ പാരമ്പര്യം ഒന്നാണ്, വോട്ടുബാങ്കും സമാനമാണ്. 2004 മുതൽ ഇരുപാർട്ടികളും സഖ്യത്തിലുമാണ്. ഹിന്ദുത്വ വോട്ടുബാങ്കുള്ള ശിവസേന ആദ്യമായാണ് സഖ്യത്തിന്റെ ഭാഗമാകുന്നത്. കോൺഗ്രസിന്റെ പ്രത്യയശാസ്ത്രവുമായി യോജിപ്പില്ലെങ്കിലും ശിവസേനയും മോദിയെ എതിർക്കുന്നു.അവരുടെ വോട്ടുബാങ്കുകൂടി സഖ്യത്തിനൊപ്പമാകും.
ശിവസേനയിലും എൻ.സി.പിയിലുമുണ്ടായ പിളർപ്പുകൾ സഖ്യത്തിന് ക്ഷീണമാവില്ലേ?
ശിവസേനയും എൻ.സി.പിയും പിളരുകയും എം.എൽ.എമാരും എം.പിമാരും കാലുമാറുകയും ചെയ്തെങ്കിലും വോട്ടർമാർ കൂറുമാറിയിട്ടില്ല. തങ്ങളർപ്പിച്ച വിശ്വാസത്തെ സ്വാർഥ താൽപര്യത്തിനും പണത്തിനും വേണ്ടി വിറ്റവരോട് വോട്ടർമാർക്ക് അമർഷമുണ്ട്. ഭൂരിപക്ഷം വോട്ടർമാരും അവരുടെ മാതൃപാർട്ടിക്കൊപ്പം തന്നെയാണെന്നാണ് സൂചനകൾ. അവർക്ക് ഉദ്ധവ് താക്കറെയോടും ശരദ് പവാറിനോടും തന്നെയാണ് കൂറ്.
അജിത് പവാറിനും ഏക്നാഥ് ഷിൻഡെക്കും ബി.ജെ.പിക്കുവേണ്ടി അധികമൊന്നും ചെയ്യാനാകില്ല. കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ പോയ അശോക് ചവാന് പൊലീസ് സംരക്ഷണമില്ലാതെ സ്വന്തം നാടായ നാന്ദഡിൽ പ്രചാരണത്തിനിറങ്ങാൻ പോലുമാവുന്നില്ല. പണത്തിനും അഴിമതിക്കേസുകളിൽ നിന്ന് രക്ഷപ്പെടുന്നതിനും വേണ്ടി പ്രത്യയശാസ്ത്രമാറ്റത്തിന് നേതാക്കൾ മുതിരുന്നതിനെ ജനം ഇഷ്ടപ്പെടുന്നില്ല.
എത്രത്തോളമാണ് എം.വി.എയുടെ സാധ്യതകൾ?
അഞ്ചു ഘട്ടങ്ങളിലായുള്ള തെരഞ്ഞെടുപ്പിൽ ഒരോ ഘട്ടങ്ങൾക്കിടയിലും അസാധാരണമായ സമയ ദൈർഘ്യം പ്രയാസമുണ്ടാക്കുന്നു. രണ്ട് സീറ്റുകളിൽ തർക്കം നിലനിൽക്കുന്നുണ്ട്. സീറ്റുവിഭജനവും സ്ഥാനാർഥി നിർണയവും ബാക്കിനിൽക്കെ അന്തിമ ഫലം പ്രവചിക്കുക എളുപ്പമല്ല.
എങ്കിലും കൂറുമാറ്റങ്ങളെയും പാർട്ടിപിളർപ്പുകളെയും ജനം ഇഷ്ടപ്പെട്ടിട്ടില്ല. കേന്ദ്രസർക്കാർ നയങ്ങൾ മൂലമുണ്ടായ തൊഴിലില്ലായ്മ, വിലക്കയറ്റം, കാർഷിക പ്രതിസന്ധികൾ, സാമ്പത്തികവും പ്രത്യയശാസ്ത്രപരവുമായ അഴിമതികൾ എന്നിവക്കെതിരെ ജനം എം.വി.എക്ക് അനുകൂലമായി വിധിയെഴുതുമെന്നാണ് കരുതുന്നത്.
കൂറുമാറ്റങ്ങൾ മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാകുമോ?
നരേന്ദ്ര മോദിയുടെ ആശിർവാദത്തോടെയും അനുമതിയോടെയുമാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ അട്ടിമറികളും ഷിൻഡെ, അജിത് പവാർ എന്നിവരുടെ വിമതനീക്കവും നടന്നത്. ഈ സംഭവങ്ങളെല്ലാം വലിയ അഴിമതിക്കാണ് വഴിതുറക്കുന്നത്. കൂറുമാറ്റത്തിന് മുഴുവനായും പണം നൽകുകയല്ല. മറിച്ച് വരാനിരിക്കുന്ന പദ്ധതികളിലൂടെയും കരാറുകളിലൂടെയും ഉന്നത ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങളിലൂടെയും അഴിമതി നടത്താനുള്ള വാതിൽ തുറന്നിടുകയാണ് ചെയ്തത്.
പ്രധാനമന്ത്രിയുടെ കഴിഞ്ഞ ദിവസങ്ങളിലെ പ്രസ്താവനകൾക്ക് പിന്നിലെന്താണ്?
അതിരുകടന്ന വിദ്വേഷ പ്രസ്താവനയാണ് പ്രധാനമന്ത്രി നടത്തിയത്. പറഞ്ഞത് അങ്ങേയറ്റത്തെ നുണകളും. ഭരണഘടനയുമായി ബന്ധപ്പെട്ട ആശങ്കയിൽ ദലിതുകളും മുസ്ലിംകളും അടക്കമുള്ള മോദി വിരുദ്ധ വോട്ടുബാങ്ക് രാജ്യത്ത് ഒറ്റക്കെട്ടായി നിൽക്കുകയാണ്. കർഷക രോഷം, തൊഴിൽ രഹിത യുവാക്കളുടെ രോഷം തുടങ്ങി ഭരണവിരുദ്ധ വികാരവും അതിശക്തമാണ്. സീറ്റ് കുറഞ്ഞാൽ തന്റെ പ്രതിച്ഛായ തകരുമെന്ന ഭീതിയിൽ ഹിന്ദുത്വ വോട്ട് ഏകീകരിക്കാൻ ലക്ഷ്യമിട്ടാണ് വസ്തുതാരഹിതമായ ഈ വിദ്വേഷം പറച്ചിലുകൾ.
1977ലേതുപോലെ ജനം ഈ തെരഞ്ഞെടുപ്പിനെ കൈയിലെടുത്താൽ അത്ഭുതപ്പെടാനാകില്ല. പുറത്ത് പ്രകടമല്ലെങ്കിലും നിശ്ശബ്ദമായ മോദി വിരുദ്ധ വികാരം ശക്തമാണെന്നാണ് താഴേത്തട്ടിൽനിന്ന് ലഭിക്കുന്ന സൂചനകൾ.
പ്രകാശ് അംബേദ്കർ നിങ്ങൾക്കൊപ്പമില്ല, അത് വോട്ടുചോർച്ചക്കിടയാക്കില്ലേ?
ബി.ജെ.പിയുടെ ഗെയിമാണ് പ്രകാശ് അംബേദ്കർ കളിക്കുന്നതെന്ന് ജനം തിരിച്ചറിഞ്ഞുകഴിഞ്ഞു. അദ്ദേഹത്തിന് ബി.ജെ.പിയുടെ സാമ്പത്തിക പിന്തുണയുണ്ട്. പ്രതിപക്ഷ വോട്ടുബാങ്ക് ഭിന്നിപ്പിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ദൗത്യം. പ്രതിപക്ഷ വോട്ട് ഭിന്നിച്ചാലേ വിജയിക്കാനാകൂ എന്ന് മോദിക്ക് അറിയാം. ദലിതുകളും മുസ്ലിംകളും ഇത് തിരിച്ചറിഞ്ഞിട്ടുണ്ട്. ഉവൈസിയുടെ എം.ഐ.എം പോലും സ്വയം വിജയസാധ്യതയില്ലാത്തിടത്ത് ഇപ്പോൾ സ്ഥാനാർഥികളെ നിർത്തുന്നില്ല.
ഉദ്ധവ് ആണോ എം.വി.എയുടെ മുഖം, അദ്ദേഹം മുസ്ലിം സമൂഹത്തിന് സ്വീകാര്യനാണോ?
എം.വി.എക്ക് കൂട്ടായ നേതൃത്വമാണ്. ഉദ്ധവ് എം.വി.എയിലെ പ്രധാന നേതാവാണ്. മുൻ മുഖ്യമന്ത്രിയാണ്. മറാത്തികൾക്ക് ബാൽ താക്കറെയുടെ പിൻഗാമിയാണ്. ബി.ജെ.പിക്കെതിരായ മുഖ്യ ശക്തിയെന്ന നിലക്കാണ് മുസ്ലിംകൾ ശിവസേനയുമായി അടുക്കുന്നത്. പണ്ടത്തെപ്പോലെ അവർ ഇപ്പോൾ ശിവസേനക്ക് തൊട്ടുകൂടാത്തവരല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.