‘കാലം തെളിയിച്ചു, ലീഗായിരുന്നു ശരി’
text_fieldsമുക്കാൽ നൂറ്റാണ്ടു പിന്നിടുന്ന മുസ്ലിംലീഗിന്റെ പ്രയാണത്തെ മധുരവും കയ്പും നിറഞ്ഞ അനുഭവങ്ങളിൽനിന്നു നിരീക്ഷിക്കുന്നു മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി...
പിളർപ്പ്, ലയനം, ശരീഅത്ത് വിവാദം, ബാബരി മസ്ജിദ് ധ്വംസനത്തെ തുടർന്നുള്ള സംഘടനാ പ്രതിസന്ധി, യു.ഡി.എഫിന്റെ ജയാപചയങ്ങൾ-സംഭ വബഹുലമായ ഈ ഘട്ടങ്ങളത്രയും അതിജീവിച്ച് മുസ്ലിംലീഗ് മുന്നോട്ടുപോയതെങ്ങനെ?
വമ്പിച്ച ഇടപെടലാണ് ലീഗ് സാമൂഹികജീവിതത്തിൽ നടത്തിയത്.ദീർഘകാലം വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്യൽ ചെറിയ കാര്യമല്ല. രണ്ടു ഗവൺമെന്റുകളിൽ ഐ.ടി വകുപ്പ് കൈകാര്യം ചെയ്യാനും വിവരസാങ്കേതിക വിപ്ലവത്തിൽ കേരളത്തെ ശരിയായദിശയിൽ മുന്നോട്ടു നയിക്കാനുമുള്ള അവസരമുണ്ടായി. കോഴിക്കോട് വിമാനത്താവളം ഞങ്ങൾ പണം പിരിച്ചുണ്ടാക്കിയതാണ്. അന്നു കേന്ദ്രസർക്കാർ പറഞ്ഞത് ഇവിടെ വിമാനത്താവളം വരണമെങ്കിൽ മിനിമം പണം കെട്ടിവെക്കണമെന്നാണ്. അതനുസരിച്ച് 60-70 കോടിയോളം രൂപ ഗൾഫ് മലയാളികളിൽനിന്നു പിരിച്ചു. അടിസ്ഥാനസൗകര്യവികസനവും വിദ്യാഭ്യാസരംഗത്തെ വമ്പിച്ച മാറ്റങ്ങളും സ്ത്രീവിദ്യാഭ്യാസത്തിലെ പുരോഗതിയും മുസ്ലിംലീഗിന്റെ സംഭാവനയാണ്. സ്വാശ്രയകോളജുകൾ തുറക്കാൻ മുൻകൈയെടുത്തത് ഞങ്ങളാണ്. തമിഴ്നാട്ടിന്റെയും കർണാടകത്തിന്റെയും ചുവടുപിടിച്ച് വിദ്യാഭ്യാസരംഗത്ത് പുതിയ വാതിൽ തുറക്കുകയായിരുന്നു ഞങ്ങൾ.
മുസ്ലിംസമുദായത്തെ മുഖ്യധാരയിൽ നിർത്തി നടത്തിയ മുന്നേറ്റമാണ് മുസ്ലിംലീഗിന്റെ ചരിത്രം. ന്യൂനതകൾ കുറെ പറയാനുണ്ടാവാം. പക്ഷേ, ബാലൻസ് ഷീറ്റിൽ ആകത്തുക നോക്കിയാൽ പാർട്ടി നടത്തിയത് തികഞ്ഞ സംതൃപ്തി നൽകുന്ന വമ്പൻ ഇടപെടലാണ്.
ബാഫഖി തങ്ങൾ പാർട്ടിയെ നയിച്ചുകൊണ്ടിരുന്ന കാലമാണ് എന്റെ വിദ്യാർഥിഘട്ടം. അന്ന് കേരളരാഷ്ട്രീയത്തിൽ കത്തിനിന്നിരുന്ന സി.എച്ചിനെ മന്ത്രിസഭയിൽനിന്നു രാജിവെപ്പിച്ച് പാർലമെന്റിലേക്ക് അയച്ചത് പാർട്ടിയിൽ മിക്കവർക്കും ഉൾക്കൊള്ളാനായിരുന്നില്ല.
അന്നത്തെ രാഷ്ട്രീയ ചർച്ചകളൊക്കെ വിദ്യാർഥിയുടെ കൗതുകത്തോടെ നോക്കിക്കണ്ടിരുന്നു.‘ചില്ലറ പ്രശ്നങ്ങളൊക്കെയുണ്ട്, ഹജ്ജ് നിർവഹിക്കാൻ പോയ ബാഫഖി തങ്ങൾ വന്നോട്ടെ, എല്ലാം ശരിയാകും’ എന്നായിരുന്നു നേതാക്കൾ ആശ്വസിച്ചതും ആശ്വസിപ്പിച്ചതും. എന്നാൽ, ബാഫഖി തങ്ങൾ അപ്രതീക്ഷിതമായി മക്കയിൽ മരണമടഞ്ഞു. അതോടെ പ്രശ്നം ഗൗരവമായി. സി.എച്ചിന്റെ ഒഴിവിൽ പലരുടെയും പ്രതീക്ഷകൾക്കു വിരുദ്ധമായി മലപ്പുറത്തുനിന്നു ചാക്കീരി അഹ്മദ് കുട്ടി മന്ത്രിയായി. നിർഭാഗ്യവശാൽ മുസ്ലിംലീഗിൽ പിളർപ്പുണ്ടായി, അഖിലേന്ത്യ ലീഗുണ്ടായി.
പിന്നീട് മുസ്ലിംലീഗ് ലയനത്തിന് ശരീഅത്ത് വിവാദമായിരുന്നോ കാരണം?
ശരീഅത്ത് വിവാദം ഒരു നിമിത്തമായി എന്നേയുള്ളൂ. മുമ്പേതന്നെ ഇടതുമുന്നണിയിൽ അഖിലേന്ത്യ ലീഗിനു പൊറുതിയില്ലാതായിരുന്നു, ഏക സിവിൽ കോഡ് നടപ്പാക്കണമെന്ന സി.പി.എം ആവശ്യം അവർക്ക് അംഗീകരിക്കാനാവുമായിരുന്നില്ല, ഇപ്പോൾ ഐ.എൻ.എൽ നേരിടുന്ന പ്രതിസന്ധി പോലെത്തന്നെ. ശരീഅത്ത് പ്രശ്നം കൂടിയായപ്പോൾ അതൃപ്തി രൂക്ഷമായി. അങ്ങനെ ഇബ്രാഹീം സുലൈമാൻ സേട്ട് സാഹിബിന്റെ മുൻകൈയിൽ പാർട്ടി ഒന്നായി. അന്നു ലയനത്തിന് ഇനീഷ്യേറ്റിവ് എടുത്തവരിൽ എം.എൽ.എയായിരുന്ന ഞാനുമുണ്ട്.
ഇടതുപക്ഷത്തിന്റെ മുസ്ലിംകളോടുള്ള സമീപനത്തെ എങ്ങനെയാണ് അനുഭവപ്പെട്ടിട്ടുള്ളത്?
അടിസ്ഥാനപരമായി കമ്യൂണിസത്തിന്റെ നയനിലപാടുകളുടെ ചില പ്രശ്നങ്ങൾ സി.പി.എമ്മിനുണ്ട്. അതുകൊണ്ട് വളരെ കുറച്ചുകാലമേ സി.പി.എമ്മുമായി മുസ്ലിംലീഗ് സഖ്യത്തിലിരുന്നിട്ടുള്ളൂ. ആദ്യകാലത്ത് മതനിരാസം അവരുടെ പ്രഖ്യാപിതനയമായിരുന്നു. ന്യൂനപക്ഷരാഷ്ട്രീയത്തിലും അന്നു വിശ്വാസമുണ്ടായിരുന്നില്ല. പിന്നീട് നയവ്യത്യാസം വന്നതാണ്. കമ്യൂണിസ്റ്റ് സിദ്ധാന്തവും നയവുമായി മുസ്ലിംലീഗിന് ഒരിക്കലും യോജിക്കാൻ കഴിയില്ല. അവർ അധികാരത്തിൽവന്നിട്ടും പഴയ കാലത്തൊന്നും ന്യൂനപക്ഷസമുദായം എന്ന നിലക്ക് മുസ്ലിംകൾക്ക് നീതി ലഭ്യമാക്കാൻ കഴിഞ്ഞിട്ടില്ല.
മലപ്പുറം ജില്ല അവരുടെ നേട്ടമായാണല്ലോ പറയുന്നത്?
അത് മുന്നണിയിൽ മുസ്ലിംലീഗ് ഉള്ളതുകൊണ്ടുമാത്രം, പാർട്ടി ശക്തമായ നിലപാടെടുത്തതു കൊണ്ടു മാത്രം സംഭവിച്ചതാണ്. ലീഗില്ലാത്ത സമയത്ത് ഭരണത്തിലുള്ളപ്പോൾ മുസ്ലിം പിന്നാക്കപ്രദേശത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുന്നതിൽ, സാമൂഹികക്ഷേമരംഗത്ത് വല്ല അനുഭാവവും കാണിച്ചിട്ടുണ്ടോ? ഇപ്പോഴും കാണിക്കുന്നുണ്ടോ? കഴിഞ്ഞ അഞ്ചുകൊല്ലം വൃഥാ പോയി. പിന്നാക്കപ്രദേശങ്ങളിൽ ഇത്രയധികം സീറ്റുകൾ കുറവുണ്ടായിട്ട് അതു നികത്താൻ വല്ലതും ചെയ്തോ?
1992ലെ ബാബരി മസ്ജിദ് ധ്വംസനത്തെ തുടർന്ന് മുസ്ലിംലീഗിൽ അസ്വസ്ഥതകളുടലെടുത്തപ്പോൾ അതിനെ അതിജീവിക്കാൻ മുന്നിട്ടിറങ്ങിയത്
താങ്കളായിരുന്നു. അന്നത്തെ നിലപാടുകളെ ഇന്ന് എങ്ങനെ നോക്കിക്കാണുന്നു?
അന്ന് ഞങ്ങൾ ആ നിലപാടായിരുന്നു എടുക്കേണ്ടിയിരുന്നത്. ശരിയാണ്, കോൺഗ്രസിന് ബാബരി മസ്ജിദ് സംരക്ഷിക്കാൻ കഴിഞ്ഞില്ല. പക്ഷേ, പള്ളി പൊളിച്ചത് ബി.ജെ.പിയാണ്. മുസ്ലിംകളാദി പിന്നാക്ക ന്യൂനപക്ഷങ്ങൾക്ക് കൈവശമായി ഉള്ളതുകൂടി നശിപ്പിക്കണം എന്നായിരുന്നു അവരുടെ ചിന്ത. നരസിംഹറാവുവിനോടാണ് അക്കാലത്ത് എതിർപ്പുണ്ടായിരുന്നത്. കോൺഗ്രസിനകത്തുനിന്നുതന്നെ എതിർപ്പ് ഉയർത്തിക്കൊണ്ടുവരണം എന്നാണ് ലീഗ് തീരുമാനിച്ചത്. മന്ത്രിസഭയിൽ നിന്നും മുന്നണിയിൽനിന്നും പിൻവാങ്ങി കോൺഗ്രസിനെ ദുർബലപ്പെടുത്തിയാൽ അതു കേരളത്തിലും ദേശീയരാഷ്ട്രീയത്തിലും ബി.ജെ.പിക്ക് അനുകൂലമായ സാഹചര്യമൊരുക്കും എന്നായിരുന്നു ഞങ്ങളുടെ നിലപാട്. അതിനുശേഷം ദീർഘകാലം കോൺഗ്രസ് പിന്നെയും ഇന്ത്യ ഭരിച്ചു.അവർ അവരുടെ നയം തിരുത്തി. ഞങ്ങൾ അന്നു കോൺഗ്രസിനെ കൈവിട്ടിരുന്നുവെങ്കിൽ സംസ്ഥാനത്ത് ഇടതുപക്ഷത്തിന് ഗുണം കിട്ടും, അത്രയേ ഉണ്ടാകുമായിരുന്നുള്ളൂ.
സന്ദിഗ്ധ ഘട്ടത്തിൽ ലീഗ് സമുദായ വികാരത്തിനൊപ്പം നിന്നില്ല എന്നൊരു ചിന്തയുണ്ടായിരുന്നു മുസ്ലിം ചെറുപ്പക്കാർക്കിടയിൽ. അതിനെ നേരിടാനും സമുദായത്തെ ബോധ്യപ്പെടുത്താനുമുള്ള ശ്രമം ലീഗിന്റെ ഭാഗത്തുനിന്നുണ്ടായോ?
അന്നു പാർട്ടി അധ്യക്ഷൻ മുഹമ്മദലി ശിഹാബ് തങ്ങൾ ഒരു നയമായി പറഞ്ഞതും അദ്ദേഹം പ്രസംഗിച്ചതും ഞങ്ങളെക്കൊണ്ട് പ്രസംഗിപ്പിച്ചതുമൊക്കെ ഒരേയൊരു കാര്യമാണ്. ബാബരി മസ്ജിദ് സംരക്ഷിക്കാൻ കഴിഞ്ഞില്ല എന്ന വിഷയം ജനാധിപത്യപരമായ മാർഗത്തിൽ അസംബ്ലിയിലും പാർലമെന്റിലുമൊക്കെ ശക്തമായി ഉന്നയിക്കണം. കോൺഗ്രസിന്റെ അന്നത്തെ ഭരണകൂടത്തിന് അതിനു കഴിഞ്ഞില്ല എന്നു കാമ്പയിൻ നടത്തണം. അതിൽ ഒരു വിട്ടുവീഴ്ചയും വേണ്ട. എന്നു കരുതി കോൺഗ്രസിനെ കൈയൊഴിയേണ്ട. ഞങ്ങൾ കൊണ്ടുവന്ന പ്രമേയം കേരള നിയമസഭ ഐകകണ്ഠ്യേന പാസാക്കി. സി.പി.എമ്മിനും പിന്തുണക്കുകയല്ലാതെ വഴിയുണ്ടായിരുന്നില്ല. പാർലമെന്റിൽ ഞങ്ങളുടെ എം.പിമാർ ഗംഭീരമായ പ്രസംഗങ്ങൾ ചെയ്തു, പ്രമേയങ്ങളുണ്ടായി. അതൊരു മൂവ്മെന്റായി വളർന്നു. റാവു മാറണം, സോണിയ ഗാന്ധി വരണം എന്ന രീതിയിൽ. അതു സംഭവിക്കുക തന്നെ ചെയ്തു. ബി.ജെ.പിയെ തടയാൻ കോൺഗ്രസ് വേണ്ട എന്ന സി.പി.എമ്മിന്റെ ബാലിശമായ വാദം കേരളത്തിലെ മാത്രം താൽപര്യംവെച്ച് പറയുന്നതാണ്. അന്ന് അവർ ബാബരി മസ്ജിദ് വെച്ച് കാമ്പയിൻ നടത്തിയത് ഇവിടെ അവശേഷിക്കുന്ന ന്യൂനപക്ഷരാഷ്ട്രീയത്തെ കൂടി പൊളിച്ചുകളയുന്നതിനായിരുന്നു. വൈകാരികവിക്ഷോഭങ്ങളെ തണുപ്പിക്കാൻ ഞങ്ങൾക്ക് ഏറെ സമയമെടുത്തു,വലിയ പരിക്കുപറ്റി. ഒറ്റപ്പാലത്തും ഗുരുവായൂരിലും തോറ്റു. ‘തോൽക്കട്ടെ, ഉള്ളവർ മതി നമ്മുടെ പിന്നിൽ. പക്ഷേ, ഉറച്ച നിലപാടെടുത്തു പോണം’-ശിഹാബ് തങ്ങൾ അന്നു പറഞ്ഞു.
അന്ന് ആരോപിക്കപ്പെട്ടതുപോലെ കിട്ടിയ അധികാരം കൈവിട്ടുപോകുമെന്ന ആധിയോ ആശങ്കയോ ആയിരുന്നില്ല, മറിച്ച് ദേശീയരാഷ്ട്രീയത്തിലെ വരുംവരായ്കകളൊക്കെ ആലോചിച്ചെടുത്ത സുചിന്തിതമായ തീരുമാനമായിരുന്നു അത്?
ഒരു സംശയവുമില്ല. അന്നു പാർട്ടിയിലൊരു പിളർപ്പുണ്ടായി, ബഹുമാന്യ സേട്ട് സാഹിബൊക്കെ അപ്പുറം പോയല്ലോ. എന്നിട്ടെന്തുണ്ടായി? അവരെ അന്നത്തെ നേതാക്കൾ മൂക്കുകൊണ്ട് ‘ക്ഷ’ വരപ്പിച്ചില്ലേ? പേരും ഊരും കൊടിയുമൊക്കെ മാറ്റിയിട്ടും എന്തുണ്ടായി? അതുകൊണ്ട് ഞങ്ങളെടുത്ത തീരുമാനം തന്നെയായിരുന്നു ശരി. പിന്നീട് മന്ത്രിസഭകളുണ്ടായി. ന്യൂനപക്ഷരാഷ്ട്രീയത്തിൽ പലതും ഞങ്ങൾക്ക് ചെയ്യാൻ പറ്റി. സ്വാശ്രയകോളജുകളുടെ രംഗപ്രവേശനം, ഡിജിറ്റൽ റെവലൂഷൻ തുടങ്ങി ഞങ്ങൾ കൊണ്ടുവന്ന കാര്യങ്ങൾ കേരളത്തിന് ഒട്ടേറെ പ്രയോജനം ചെയ്തു. അന്നു സി.പി.എം പറഞ്ഞപോലെ ചാട്ടംചാടിയിരുന്നെങ്കിൽ എന്തായിരുന്നേനെ? സഖാവ് വി.എസ്. അച്യുതാനന്ദന് മുസ്ലിം വിദ്യാർഥികളുടെ മികച്ച പ്രകടനത്തിൽ അസൂയയാർന്ന സംശയം ജനിപ്പിക്കാവുന്ന തരത്തിൽ വിദ്യാഭ്യാസരംഗത്ത് വലിയ വിപ്ലവമുണ്ടാക്കാൻ കഴിഞ്ഞത് നിസ്സാരകാര്യമല്ല. നേരെ മറിച്ച് അന്ന് കോൺഗ്രസിനെ ഞങ്ങൾ കൈവിട്ടിരുന്നുവെങ്കിൽ ലീഗ് തകരുമായിരുന്നു. അന്നു മുസ്ലിം പിന്നാക്ക സംഘടനകളുടെയും ഭൂരിപക്ഷസമുദായത്തിലെയും നേതാക്കന്മാരൊക്കെ മന്ത്രിസഭയിൽനിന്നു രാജിവെച്ചൊഴിയുന്നതിനെ വിലക്കുകയാണുണ്ടായത്.
മുസ്ലിം സമുദായത്തിന് എങ്ങനെ നേതൃത്വം നൽകാമെന്നാണ് മുസ്ലിംലീഗ് കാണുന്നത്?
ഈ മതേതരരാജ്യത്തെ ബഹുഭൂരിപക്ഷം ജനതയും വർഗീയവാദികളല്ല. അവരെ വിശ്വാസത്തിലെടുക്കുക. അവരിൽ സംശയമുളവാക്കുന്ന നിലപാടുകളെടുക്കരുത്. മതപ്രചാരണത്തിനും പ്രബോധനത്തിനും ഇവിടെ സ്വാതന്ത്ര്യമുണ്ട്. പൊതുവെ മതേതരരും മതസഹിഷ്ണുതയുള്ളവരുമാണ് നമ്മളെന്ന ഒരു ആത്മവിശ്വാസം ഇവിടത്തെ സമൂഹത്തിനു കൊടുക്കാൻ കഴിയണം. രാഷ്ട്രീയലാഭത്തിനു വേണ്ടി വർഗീയത പ്രസംഗിക്കുകയും തീവ്രവാദം പ്രചരിപ്പിക്കുകയും ചെയ്യുന്നത് ഭൂരിപക്ഷ സമൂഹത്തിന്റെ ഏകീകരണത്തെ ത്വരിതപ്പെടുത്തുകയേയുള്ളൂ. ഭൂരിപക്ഷസമുദായങ്ങളെ വിശ്വാസത്തിലെടുത്തും മതേതര പാർട്ടികളുമായി ചേർന്നുനിന്നും ന്യായത്തിനുവേണ്ടി വാദിച്ചും മുന്നോട്ടുപോകുകയാണ് ലീഗിന്റെ സ്ട്രാറ്റജി. ഇവിടെ ഭരണഘടനയും കോടതിയുമുണ്ട്. അതിൽ വിശ്വാസമർപ്പിച്ചുപോകുകയല്ലാതെ മറ്റൊരു മാർഗവുമില്ല. അല്ലെങ്കിൽ രാജ്യം മുഴുക്കെ ഫാഷിസത്തിലേക്കു പോകുമ്പോൾ ലോകത്തിന്റെ ഇതരഭാഗങ്ങളിലുള്ള ന്യൂനപക്ഷ സമുദായത്തിനു സംഭവിച്ചതുതന്നെ മുസ്ലിംകൾക്കും സംഭവിക്കും. അതു തടയാൻ ഇന്ത്യ ഫാഷിസത്തിന്റെ പിടിയിലമരാതിരിക്കണം. അഥവാ, ഇന്ത്യൻ ജനത അതിനെ സ്വീകരിക്കാതിരിക്കണം. അതുകൊണ്ട് ലീഗിന്റെ നയമാണ് ശരി. തീവ്രവാദം പ്രസംഗിക്കുന്നവർ ന്യൂനപക്ഷ സമൂഹത്തെ കൊലക്കുകൊടുക്കുകയാണ്.
ഈ ദൗത്യം വർത്തമാന ഇന്ത്യയിൽ എത്രത്തോളം സാധ്യമാണ്?
മുമ്പത്തെപ്പോലെ അല്ല. പ്രതീക്ഷയുടെ നാമ്പുകൾ തെളിയുന്നുണ്ട്. ജനസ്വാധീനമുള്ള പാർട്ടികളെല്ലാം ഇനിയും ബി.ജെ.പി വന്നാലുള്ള അപകടം മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ട് തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ പാർട്ടികളുടെ കൂട്ടായ്മക്കുള്ള ശ്രമമുണ്ടാകും. മോദി ഭരണം അഴിമതിയാരോപണങ്ങളുടെ നിഴലിലേക്കു നീങ്ങുകയാണ്. ബി.ജെ.പിയുടെ മിമിക്സൊന്നും ഏശാത്ത നില വരും. അതു മതേതര കക്ഷികളുടെ യോജിപ്പിനു കളമൊരുക്കും എന്നു തന്നെയാണ് പ്രതീക്ഷ.
ഇതൊക്കെ പറയുമ്പോഴും ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾക്കുവേണ്ടി കോൺഗ്രസ് അത്ര പ്രകടമായി രംഗത്തുവരാത്തതെന്താണ്? ജോഡോ യാത്രയിൽ പോലും അതുണ്ടായില്ല.
അതു ശരിയാണ്. കമ്യൂണൽ ബാലൻസിന്റെ ഒരു പ്രോബ്ലം ഉണ്ട്. കോൺഗ്രസ് ന്യൂനപക്ഷ പാർട്ടിയാണ്, മുസ്ലിംകൾ മാത്രമാണ് കോൺഗ്രസിന് വോട്ടുചെയ്യുന്നത് എന്നിങ്ങനെയൊക്കെ ബി.ജെ.പി പ്രചരിപ്പിക്കുന്നുണ്ട്. ഭൂരിപക്ഷസമുദായത്തിൽ വൈകാരികത ഉണർത്തിവിട്ടാണ് ബി.ജെ.പി വോട്ടുപിടിക്കുന്നത്. ഇതുമൂലം കോൺഗ്രസിനു വരുന്ന സ്വാഭാവികപരിമിതികളുണ്ട്. എന്നുകരുതി, കോൺഗ്രസിൽനിന്ന് ഒട്ടും നീതി കിട്ടാതിരുന്നാൽ ന്യൂനപക്ഷവും കോൺഗ്രസിൽനിന്നകലും. ഈയൊരു വിടവുനികത്താനുള്ള ശ്രമം കോൺഗ്രസ് ചെയ്യുന്നുണ്ട്. അതു നമുക്ക് കണ്ടില്ലെന്നു നടിക്കാനാവില്ല.
മുന്നോട്ടു നോക്കുമ്പോൾ ആത്മവിശ്വാസം എത്രത്തോളം?
വനിതകളടക്കം പുതിയ തലമുറ പാർട്ടിയോട് നല്ല ആഭിമുഖ്യം പുലർത്തുന്നുണ്ട്. പേര് മുസ്ലിംലീഗ് ആണെങ്കിലും ഇതര മതസമുദായങ്ങളിലുള്ളവരും ലീഗുമായി സമരസപ്പെടുന്നുണ്ട്. ചരിത്രപരമായ നാമകരണം ഒഴിച്ചുനിർത്തിയാൽ ലീഗ് പിന്നാക്കക്കാർക്കും അവശ ജനവിഭാഗങ്ങൾക്കുമൊക്കെ വേണ്ടിയുള്ളതാണെന്ന ധാരണപൊതുസമൂഹത്തിലുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. വർഗീയധ്രുവീകരണത്തിന്റെ ഇന്നത്തെ സാഹചര്യത്തിലും മുന്നോട്ടുപോകാനുള്ള കവിഞ്ഞ ആത്മവിശ്വാസമാണ് ഇത് നൽകുന്നത്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.