നിയമസഭ കൈയാങ്കളിക്കേസ്: ആ ഹരജി തന്നെ കേരളത്തിന്റെ പരാജയമായിരുന്നു
text_fieldsനിയമസഭ ൈകയാങ്കളിക്കേസ് അവസാനിപ്പിക്കാൻ അനുമതിതേടി കേരളസർക്കാർ സമർപ്പിച്ച ഹരജി രൂക്ഷമായ പരാമർശങ്ങളോടെ സുപ്രീംകോടതി തള്ളിയിരിക്കുന്നു. മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെ ആറു പ്രതികളും വിചാരണ നേരിടണമെന്നാണ് കോടതിയുടെ ഉത്തരവ്. കോടതിയിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ കേരളം പുലർത്തേണ്ട നൈതികവും ധാർമികവുമായ സമീപനങ്ങളെക്കുറിച്ച് നിയമവിദഗ്ധനും സുപ്രീംകോടതി അഭിഭാഷകനുമായ കാളീശ്വരം രാജ് 'മാധ്യമ'ത്തോട് സംസാരിക്കുന്നു.
സുപ്രീംകോടതിയിൽ കേരളത്തിന് പിഴച്ചതെവിടെയാണ്, ഈ കേസ് പരമോന്നത നീതിപീഠത്തിനുമുന്നിൽ കേരളത്തെക്കുറിച്ച് സൃഷ്ടിച്ച പ്രതിച്ഛായ എന്താണ്?
സത്യത്തിൽ ഇത്തരമൊരു ഹരജിയുമായി കേരളസർക്കാർ സുപ്രീംകോടതിയെ സമീപിക്കാനേ പാടില്ലായിരുന്നു. നിയമസഭയിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട ക്രിമിനൽ കേസ് പിൻവലിക്കണമെന്ന ആവശ്യത്തിന് രാഷ്ട്രീയ ധാർമികതയുടെയോ നിയമത്തിെൻറയോ പിൻബലമില്ല. സഭക്കകത്തുവെച്ച് നടന്ന കാര്യങ്ങൾ സംസ്ഥാനത്തിനും ജനങ്ങൾക്കും വലിയ നാണക്കേടാണുണ്ടാക്കിയത്. ദൃശ്യമാധ്യമങ്ങളിലൂടെ സാധാരണജനങ്ങൾ ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്ന നിയമസഭ കൈയാങ്കളിയെ നിയമത്തിെൻറ സാങ്കേതികതകൊണ്ട് മറികടക്കാം എന്ന ചിന്തതന്നെ തെറ്റാണ്. രാഷ്ട്രീയ സദാചാരവും ഭരണഘടനാസംസ്കാരവും കേവലം പ്രസംഗവിഷയങ്ങൾ മാത്രമായി ചുരുങ്ങിക്കൂടാ. നൈതികമായി ശരിയല്ലെന്ന് വ്യക്തമായ കാര്യങ്ങളെ നിയമപ്രക്രിയയിലൂടെ ന്യായീകരിക്കാൻ ഉത്തരവാദിത്തമുള്ള ഒരു സർക്കാർ ശ്രമിക്കരുത്. എന്നാൽ, നിർഭാഗ്യവശാൽ മറിച്ചാണ് സംഭവിച്ചത്. ഈ കേസിന് വേണ്ടി സർക്കാർ പൊതുഖജനാവിൽനിന്ന് പണം ചെലവഴിച്ചതുപോലും ശരിയല്ല എന്ന അഭിപ്രായക്കാരനാണ് ഞാൻ. ഉന്നത നീതിപീഠത്തിന് മുന്നിലും രാജ്യത്തൊട്ടാകെയും സംസ്ഥാനത്തിെൻറ പ്രതിച്ഛായക്ക് കോട്ടമുണ്ടാക്കുന്ന വിധത്തിലാണ് കാര്യങ്ങൾ നീങ്ങിയത്. രാഷ്ട്രീയാധികാരികളുടെ നിർദേശത്തെ അന്ധമായി അനുസരിക്കേണ്ടവരല്ല പ്രോസിക്യൂട്ടർമാർ. നിർഭാഗ്യവശാൽ നമ്മുടെ നാട്ടിലെ പ്രോസിക്യൂട്ടർമാരടക്കം പല ലോ ഓഫിസർമാരുടെയും നിയമനത്തിൽ രാഷ്ട്രീയാതിപ്രസരം കാണാം. സ്വതന്ത്രമായ പൊലീസ് സേനപോലെ സ്വതന്ത്രമായ പ്രോസിക്യൂഷനും ജനാധിപത്യത്തിെൻറ നിലനിൽപിന് അത്യാവശ്യമാണ്.
കേസിൽ പ്രതിയായ മന്ത്രി രാജിവെക്കേണ്ടതില്ല എന്നാണ് പാർട്ടി നിലപാട്. രാജിവെക്കേണ്ട നിയമപരമായ സാഹചര്യം നിലവിലുണ്ടോ?
ജനാധിപത്യത്തിൽ മന്ത്രിമാരുടെ രാജിക്കുവേണ്ടിയുള്ള ആവശ്യങ്ങൾ ഉയരുന്നത് നിയമപരം എന്നതിനെക്കാളുപരി ധാർമികതയുടെയും കാഴ്ചപ്പാടുകളുടെയും അടിസ്ഥാനത്തിലാണ്. ഈ വിഷയത്തിൽ ഒരു പ്രതിയും ഇതേവരെ വിചാരണ നേരിട്ടിട്ടോ ശിക്ഷിക്കപ്പെട്ടിട്ടോ ഇല്ല. എന്നാൽ, വിചാരണപോലും ആവശ്യമില്ല എന്ന സർക്കാർനിലപാടിന് സുപ്രീംകോടതിയിൽനിന്ന് കനത്ത തിരിച്ചടിയാണുണ്ടായിട്ടുള്ളത്. എെൻറ അഭിപ്രായത്തിൽ ഇക്കാര്യത്തിൽ അനാവശ്യവും ഒഴിവാക്കേണ്ടിയിരുന്നതുമായ നിയമനടപടിയാണ് സർക്കാർ കൈക്കൊണ്ടത്. അതിനുള്ള കൂട്ടുത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണം. ഒരു മന്ത്രിയുടെ രാജിയുടെ പ്രശ്നമല്ല. നമ്മുടെ സർക്കാറിന് ശരിയായ ഒരു വ്യവഹാര നയമില്ല എന്നതാണ് അടിസ്ഥാനപരമായ പ്രശ്നം.
2015ലാണ് കേരള നിയമസഭയിൽ ഈ സംഭവങ്ങൾ അരങ്ങേറുന്നത്. അതിന് മുമ്പും ശേഷവും രാജ്യത്തെ പല നിയമസഭകളിലും ഇത്തരം കൈയാങ്കളികൾ ഉണ്ടായിട്ടില്ലേ. സമാനസംഭവങ്ങൾ മുമ്പ് എപ്പോഴെങ്കിലും സുപ്രീംകോടതിയിൽ എത്തുകയോ നിരീക്ഷണങ്ങൾ നടത്തുകയോ ചെയ്തിട്ടുണ്ടോ?
സഭയിലെ പെരുമാറ്റങ്ങൾ, കോഴവാങ്ങൽ-കൊടുക്കൽപോലുള്ള വിഷയങ്ങളിൽ സുപ്രീംേകാടതി വിധികൾ ഉണ്ടായിട്ടുണ്ട്. ഇന്നലത്തെ ജസ്റ്റിസ് ചന്ദ്രചൂഡ് ബെഞ്ചിെൻറ വിധിയിൽ ഇത്തരം ചില മുൻകാല വിധികൾ പരാമർശിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, അക്രമവും പൊതുമുതൽ നശിപ്പിക്കലും സംബന്ധിച്ച് സുപ്രീംകോടതി ഇത്രയും സമഗ്രമായ വിലയിരുത്തൽ മുമ്പ് നടത്തിയതായി തോന്നുന്നില്ല. അതിനാൽതന്നെ ഈ വിധിക്ക് വലിയ രാഷ്ട്രീയ പ്രസക്തികൂടിയുണ്ട്. നമ്മുടെ ജനപ്രതിനിധികൾ, പഞ്ചായത്ത് മുതൽ പാർലമെൻറ് വരെയുള്ള എല്ലാ ജനസഭകളിലും ഇരിക്കുന്നവർ ഈ വിധി നിരന്തരം വായിക്കുകയും പഠിക്കുകയും വേണം.
ഇനി സർക്കാറിന് മുന്നിലെ മാർഗമെന്താണ്?
സർക്കാർ ഇക്കാര്യത്തിൽ ആത്മവിമർശനത്തിന് തയാറാകണം. തെറ്റുകുറ്റങ്ങൾ ആർക്കും സംഭവിക്കാം. അത് സമ്മതിക്കുകയും തിരുത്തുകയുമാണ് ചെയ്യേണ്ടത്. ഈ വിഷയത്തിൽ സ്വീകരിച്ച നിലപാട് തെറ്റായിപ്പോയി എന്ന് പരസ്യമായി ഏറ്റുപറയുകയാണ് വേണ്ടത്. തെറ്റുകൾ അംഗീകരിക്കുക എന്നതാണ് അവ തിരുത്താനുള്ള മുന്നുപാധി. ഇതുമായി ബന്ധപ്പെട്ട ക്രിമിനൽ കേസ് പ്രതികൾ വ്യക്തിപരമായിത്തന്നെ കൈകാര്യംചെയ്യട്ടെ. അവർ സ്വയം പ്രതിരോധിക്കട്ടെ. സർക്കാർ ഖജനാവിൽനിന്ന് പൊതുതാൽപര്യത്തിന് വിരുദ്ധമായി പണം ചെലവാക്കില്ല എന്ന് സർക്കാർ വ്യക്തമാക്കണം. ആ നിലക്കുള്ള വ്യവഹാര നയത്തിന് രൂപംനൽകണം. അതിനുള്ള അവസരമായി കോടതിവിധിയെ ഉപയോഗപ്പെടുത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.