രാഹുലിനെ തൊഴിക്കുന്നത് മോദിയുടെ പ്രീതിക്ക് -ആന്റണി
text_fieldsകേരളത്തിലെ സി.പി.എം മോദിയെ പിണക്കാൻ ഇഷ്ടപ്പെടുന്നില്ലെന്നും അതുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ നരേന്ദ്ര മോദിയെ വിട്ട് രാഹുൽ ഗാന്ധിയെ മാത്രം കടന്നാക്രമിക്കുന്നതെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആൻറണി. കേന്ദ്ര അന്വേഷണ ഏജൻസികൾ കുരക്കുക മാത്രമേ ചെയ്യുകയുള്ളൂവെന്നും കടിക്കില്ലെന്നും ‘മാധ്യമ’ത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി
- രാഹുൽ ഗാന്ധി-പിണറായി വിജയൻ വാക്പോര് ശ്രദ്ധിക്കുന്നുണ്ടാകുമല്ലോ...? പിണറായി വിജയനെ എന്തുകൊണ്ട് ഇ.ഡി അറസ്റ്റ് ചെയ്യുന്നില്ലെന്ന രാഹുൽ ഗാന്ധിയുടെ കണ്ണൂർ പ്രസംഗത്തിന് മറുപടിയായി രാഹുലിന്റെ പഴയ പേര് വിളിപ്പിക്കരുതെന്നാണ് പിണറായി വിജയൻ വെള്ളിയാഴ്ച പ്രതികരിച്ചത്...
ആന്റണി: മാർക്സിസ്റ്റ് പാർട്ടിയുടെ മുഖ്യഎതിരാളി ആരാണ്...? രാഹുൽ ഗാന്ധിയും കോൺഗ്രസുമാണോ...? നരേന്ദ്ര മോദിയും ബി.ജെ.പിയുമാണോ...? കേരത്തിലെ മുന്നണി രാഷ്ട്രീയ താൽപര്യമാണ് രാഹുലിനെതിരെ അന്യായമായി സംസാരിക്കാൻ ഇവിടുത്തെ ഇടതുപക്ഷത്തെ പ്രേരിപ്പിക്കുന്നത്.
ഇന്ത്യ മുന്നണിയുടെ പൊതുനേതാവായി ഇടതുപക്ഷമടക്കം അംഗീകരിച്ചുകഴിഞ്ഞ രാഹുലിനെ എതിർക്കുന്ന കേരളത്തിലെ ഇടതുപക്ഷത്തിന്റെ നിലപാട് തെറ്റാണ്. അപക്വമാണ്. കേരളത്തിലെ ഇടതുപക്ഷം മാത്രമാണ് രാഹുലിനെ ഇകഴ്ത്തുന്നത്. കേരളത്തിന് പുറത്ത് മാർക്സിസ്റ്റ് പാർട്ടി സ്ഥാനാർഥികൾ അവരുടെകൂടി നേതാവായാണ് കാണുന്നത്. രാഹുലിന്റെ ഫോട്ടോ വെച്ചാണ് അവർ വോട്ട് തേടുന്നത്.
- ഹിന്ദി ഹൃദയഭൂമിയിൽ ബി.ജെ.പിയെ നേരിടുന്നതിന് പകരം, കേരളത്തിൽ ഇടതുപക്ഷത്തോട് മത്സരിക്കുന്ന രാഹുൽ ഗാന്ധിയെയും ബി.ജെ.പിക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കാൻ കഴിയാത്ത കോൺഗ്രസിനെയുമാണ് വിമർശിക്കുന്നതെന്നാണ് സി.പി.എം വിശദീകരിക്കുന്നത്...
ആന്റണി: ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന ഇന്ത്യയിലെ വലിയൊരു വിഭാഗത്തിന്റെ ഏക പ്രതീക്ഷ രാഹുൽ ഗാന്ധി മാത്രമാണ്. ആർ.എസ്.എസിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ നിരന്തരം ഇന്ത്യയിൽ നേർക്കുനേർ പോരാടുന്ന രാഹുലിനെ പോലെ മറ്റൊരു നേതാവില്ല. മണിപ്പൂർ കത്തിയപ്പോൾ ആദ്യംപോയ നേതാവ് രാഹുൽ ഗാന്ധിയാണ്. പാർലമെന്റ് അംഗത്വം റദ്ദാക്കിയിട്ടും കുലുങ്ങിയില്ല.
സവർക്കർ വിമർശനത്തിന്റെ പേരിൽ എട്ട് സംസ്ഥാനങ്ങളിലായി 20 കേസുകളെടുത്തു. ഇ.ഡി ചോദ്യംചെയ്തു. സവർക്കർ വിമർശനം തിരുത്തിയില്ല. രാഹുൽ ഗാന്ധിയെ തെറ്റായി ചിത്രീകരിച്ചത് ബി.ജെ.പിയാണ്. ജോഡോ യാത്രയോടെ അതുമാറി. രാഹുലിലെ നേതാവിനെ ഇന്ത്യ തിരിച്ചറിഞ്ഞു. അംഗീകരിച്ചു. നിർഭാഗ്യവശാൽ, ബി.ജെ.പിയുടെ പ്രചാരണം ഏറ്റുപിടിക്കുന്ന കേരളത്തിലെ മാർക്കിസ്റ്റുകാരുടേത് ആർ.എസ്.എസിനെ സഹായിക്കുന്ന നടപടിയാണ്.
- കോൺഗ്രസിൽനിന്ന് ബി.ജെ.പിയിലേക്ക് നേതാക്കൾ ഒഴുകുന്നു. അനിൽ ആന്റണി ഉൾപ്പെടെ പോയ നിലക്ക് എങ്ങനെ കോൺഗ്രസിനെ വിശ്വസിക്കുമെന്നാണ് സി.പി.എമ്മിന്റെ പ്രധാന പ്രചാരണം
ആന്റണി: 2014ലും 2019ലും ഇവിടുന്ന് അങ്ങോട്ട് മാത്രമാണ് പോയത്. ഇക്കുറി അവിടുന്ന് ഇങ്ങോട്ടും വരുന്നുണ്ട്. അത് കാണാതിരിക്കേണ്ട. ബംഗാളിലും ത്രിപുരയിലും സി.പി.എം അണികൾ കൂട്ടത്തോടെയാണ് ബി.ജെ.പിയിലേക്ക് പോയത്. ആരുതന്നെയാണെങ്കിലും ബി.ജെ.പിയിലേക്ക് പോകുന്നത് മോശമായ കാര്യം തന്നെ. കുടുംബം വേറെ രാഷ്ട്രീയം വേറെ എന്നതാണ് നിലപാട്. അത് മുമ്പേ പറഞ്ഞിട്ടുണ്ട്. അച്ഛനും മകനും വീട്ടിൽ മാത്രം.
രാഷ്ട്രീയത്തിൽ കുടുംബബന്ധങ്ങളില്ല. നിലപാടുകൾ മാത്രമേയുള്ളൂ. മകൻ അനിൽ ആന്റണി ഇപ്പോൾ ബി.ജെ.പി നേതാവാണ്. ഞാൻ കോൺഗ്രസ് നേതാവുമാണ്. എന്റെ ആഗ്രഹം 20 സീറ്റിലും യു.ഡി.എഫ് ജയിക്കണം. 20 സീറ്റിലും ബി.ജെ.പി തോറ്റാൽ മാത്രംപോര, മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും വേണം. പത്തനംതിട്ടയിലും അത് തന്നെ സംഭവിക്കും. കൂടുതൽ പറയുന്നില്ല.
കേരളത്തിലെ സി.പി.എം മോദിയെ പിണക്കാൻ ഇഷ്ടപ്പെടുന്നില്ല. മോദിയാണെങ്കിൽ, ശത്രുവിന്റെ മിത്രം എന്ന നിലപാടിലാണ്. ബി.ജെ.പിക്ക് കേരളത്തിൽ ഒരു സീറ്റും കിട്ടില്ല. അപ്പോൾ പിന്നെ, കോൺഗ്രസിന്റെ സീറ്റ് കുറക്കാനാണ് മോദി ശ്രമിക്കുന്നത്.
സി.പി.എം ജയിച്ചോട്ടെയെന്ന തന്ത്രപരമായ നിലപാട് സ്വീകരിക്കുകയാണ് ബി.ജെ.പി. അവരുടെ നേതാക്കൾ തമ്മിൽ ഔപചാരിക ചർച്ച നടത്തി എടുത്ത തീരുമാനമാണ് ഇതെന്ന് ഞാൻ പറയുന്നില്ല. എന്നാൽ, അങ്ങനെയൊരു തന്ത്രപരമായ സമീപനം ഉണ്ട് എന്നത് വസ്തുതയാണ്. കേരളത്തിൽ കോൺഗ്രസിനെ ക്ഷീണിപ്പിക്കാൻ ഒരു ഉപകരണമായി സി.പി.എമ്മിനെ കാണുകയാണ് ബി.ജെ.പി.
- ഒന്നാംഘട്ട പോളിങ് കഴിഞ്ഞു. എന്താണ് കോൺഗ്രസിന്റെയും ഇൻഡ്യ മുന്നണിയുടെയും പ്രതീക്ഷകൾ?
ആന്റണി: ബി.ജെ.പിക്ക് ഈസി വാക്കോവർ എന്നാണ് എല്ലാവരും കരുതിയത്. 400 സീറ്റൊന്നൊക്കെ മോദി അവകാശപ്പെട്ടത് അതിന്റെ ബലത്തിലാണ്. എന്നാൽ കഴിഞ്ഞ രണ്ട്-മൂന്ന് ആഴ്ചകൾ കൊണ്ട് കാര്യങ്ങൾ മാറി. മോദി വീഴുമെന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. പല സംസ്ഥാനങ്ങളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ വെച്ചുനോക്കുമ്പോൾ ബി.ജെ.പിക്ക് ആത്മവിശ്വാസം ചോർന്ന നിലയാണ്.
ഒന്നാംഘട്ടം പോളിങ് ആയതേയുള്ളൂ. ജൂൺ രണ്ടിനാണ് ഏഴാംഘട്ടം പോളിങ്. ഇങ്ങനെ പോയാൽ അപ്പോഴേക്കും തീർച്ചയായും മോദി ഭരണം അവസാനിക്കുമെന്ന് ഉറപ്പാണ്. ബി.ജെ.പി താഴേക്ക്, ഇൻഡ്യ മുന്നണി മുന്നിലേക്ക് എന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. കർണാടക, തെലങ്കാന, മഹാരാഷ്ട്ര, ബിഹാർ എന്നിവിടങ്ങളിൽ വലിയ പ്രതീക്ഷകളുണ്ട്.
- രാമക്ഷേത്ര പ്രതിഷ്ഠ, പൗരത്വ നിയമം, ഏക സിവിൽ കോഡ് തുടങ്ങിയവ ഏശില്ലെന്നാണോ...?
ആന്റണി: ബി.ജെ.പി എല്ലാക്കാലത്തും വിഭജന അജണ്ടയാണ് പയറ്റിയത്. 2014 മോദി അധികാരത്തിൽ വന്നതും വർഗീയ ധ്രുവീകരണത്തിലൂടെയാണ്. 2019ലും രാമക്ഷേത്രം പോലുള്ള അജണ്ടകൾ അവരെ സഹായിച്ചു. എന്നാൽ, ഇക്കുറി രാമക്ഷേത്രം വെച്ചുള്ള കളി അവർക്ക് തിരിച്ചടിയാണ് സമ്മാനിക്കുക.
കാരണം, രാമക്ഷേത്ര പ്രതിഷ്ഠ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് നടത്തിയത് ഹൈന്ദവ വിശ്വാസികളും പുരോഹിതരും അംഗീകരിക്കുന്നില്ല. ഹൈന്ദവ പാരമ്പര്യത്തിൽ ഏറ്റവും ഉയർന്ന പദവി അലങ്കരിക്കുന്നവരാണ് ശങ്കാരാചാര്യന്മാർ. രാമക്ഷേത്ര പ്രതിഷ്ഠ രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയത് അംഗീകരിക്കില്ലെന്ന് ശങ്കരാചാര്യന്മാർ തുറന്നു പറഞ്ഞു.
പുരോഹിതർ നടത്തേണ്ട ചടങ്ങ് രാഷ്ട്രീയക്കാർ കൈയേറിത് ഹൈന്ദവ വിശ്വാസി സമൂഹത്തെ വൈകാരികമായി ബാധിച്ചിട്ടുണ്ട്. വോട്ട് നേട്ടത്തിനായി മോദി നടത്തിയ നീക്കങ്ങൾ മോദിക്ക് വിനയായി മാറിയിരിക്കുന്നു. മാത്രമല്ല, സുപ്രീംകോടതി വിധി രാജ്യം അംഗീകരിച്ചതാണ്. രാമക്ഷേത്ര നിർമാണത്തെ രാജ്യത്തെ മുസ്ലിംകൾ പോലും എതിർത്തിക്കുന്നില്ലെന്നിരിക്കെ, രാമക്ഷേത്രത്തിന്റെ പേരിൽ ഇനിയും വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമം വിലപ്പോവില്ല.
രാമക്ഷേത്രത്തിനൊപ്പം പള്ളിയും പണിയണമെന്നാണ് സുപ്രീം കോടതി വിധിച്ചത്. പള്ളി പണി ഇനിയും തുടങ്ങിയിട്ടില്ലെന്നത് മോദി സർക്കാറിന്റെ വിവേചനത്തിന്റെ തെളിവായി പൊതുജനം തിരിച്ചറിയുന്നുണ്ട്. ഇന്ത്യയിൽ വർഗീയവികാരം സ്ഥിരമായി ആളിക്കത്തിച്ചുനിർത്താൻ ബി.ജെ.പിക്ക് കഴിയില്ല.
- ഡൽഹിയിലിരുന്ന് തെരഞ്ഞെടുപ്പ് നിയന്ത്രിച്ച താങ്കൾ ഇപ്പോൾ മാറിനിൽക്കുകയാണ്.
ആന്റണി: തെരഞ്ഞെടുപ്പ് തിരിക്കിൽനിന്ന് മാറിനിൽക്കേണ്ടി വരുന്നതിൽ ദുഃഖമുണ്ട്. കെ.എസ്.യുവിൽ ചേർന്ന കാലം മുതൽ എല്ലാ തെരഞ്ഞെടുപ്പിലും കേരളത്തിലുടനീളം യാത്രചെയ്ത ആളാണ്. രണ്ട് തവണയായി ബാധിച്ച കോവിഡ് ആരോഗ്യം തകർത്തു. അതിന്റെ പ്രയാസങ്ങൾ അലട്ടുന്നതിനാൽ യാത്ര പറ്റുന്നില്ല. എങ്കിലും കെ.പി.സി.സി ഓഫിസിലിരുന്നത് കാര്യങ്ങൾ അറിയുന്നുണ്ട്. ഇടപെടുന്നുണ്ട്.
ഉമ്മൻ ചാണ്ടി ഇല്ലാത്ത തെരഞ്ഞെടുപ്പുമാണിത്. എങ്കിലും പുതിയ നേതൃത്വം കാര്യങ്ങൾ നന്നായി നീക്കുന്നുണ്ട്. തൃശൂരിലെയും വടകരയിലെയും സ്ഥാനാർഥി നിർണയത്തിലെ ചടുലമായ തീരുമാനം പുതിയ നേതൃത്വത്തിന്റെ പ്രാപ്തിയാണ് വ്യക്തമാക്കുന്നത്. അതിൽ തൃപ്തിയുണ്ട്.
- കേരളത്തിൽ എത്ര സീറ്റ് ?
ആന്റണി: കേരളത്തിൽ തോൽക്കുന്ന സീറ്റ് ഇല്ല. ആലപ്പുഴയാണ് കഴിഞ്ഞ തവണ നഷ്ടപ്പെട്ടത്. കെ.സി. വേണുഗോപാൽ വന്നതോടെ അത് തിരിച്ചുപിടിച്ചു. 16 മണ്ഡലങ്ങളിൽ ജയിച്ചുകഴിഞ്ഞു. അവശേഷിക്കുന്ന ഇടത്ത് മൽസരമുണ്ട്. അത് ഏതെന്ന് പറയുന്നില്ല. അവിടെയും ട്രെൻഡ് യു.ഡി.എഫിന് അനുകൂലമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.