ഏഴ് ശതമാനം വോട്ട് ഇടത് പക്ഷത്ത് നിന്ന് ലഭിച്ചു -രാജ്മോഹൻ ഉണ്ണിത്താൻ
text_fieldsഒരു ലക്ഷം വോട്ടിന് ജയിക്കും ‘തെരഞ്ഞെടുപ്പ് പര്യടനം കഴിഞ്ഞ് തിരികെ വരുമ്പോൾ ചെറുവത്തൂരിനടുത്ത് ദമ്പതികൾ നടത്തുന്ന ഹോട്ടൽ സമീപത്ത് ഞങ്ങളുടെ കാറിനെ മറ്റൊരു കാർ പിന്തുടരുന്നുണ്ടായിരുന്നു. ഞങ്ങൾ കാറ് ഒരു വശത്ത് നിർത്തി. പിറകിലെ കാറിൽനിന്ന് ചിലർ ഇറങ്ങിവന്നു. അവർ കയ്യൂരിലെ സി.പി.എം പ്രവർത്തകരായിരുന്നു. തങ്ങളുടെ കൂടി വോട്ട് കൊണ്ടാണ് താങ്കൾ ജയിച്ചത്. ഇത്തവണയും ഞങ്ങളുടെ വോട്ട് നിങ്ങൾക്കുള്ളതാണെന്ന് പറഞ്ഞ് അവർ ഒരു സെൽഫിയെടുത്ത് പിരിഞ്ഞു. ഇതാണ് അനുഭവം. ഈ നിലയിൽ ഇടതു പക്ഷത്തുനിന്ന് ഏഴു ശതമാനം വോട്ട് തനിക്ക് ലഭിക്കും
ഇടത് പക്ഷത്ത് നിന്നും വോട്ട് ചോർന്ന് കിട്ടാൻ എന്താണ് കാരണം?
കാസർകോട് എം.പിക്ക് രാഷ്ട്രീയമില്ലെന്ന് ഞാൻ അന്നേ പറഞ്ഞതാണ്. ഞാൻ എല്ലാവരുടെ അടുത്തും പോകും. എന്റെയടുത്ത് ആർക്കും വരാമെന്ന നയമാണ് ഞാൻ സ്വീകരിച്ചത്. വെള്ളപ്പൊക്ക കാലത്ത് ചീമേനിയിലെ സി.പി.എം പ്രവർത്തകരാണ് എനിക്ക് ചിക്കൻ കറിയും അപ്പവും വിളമ്പിയത്.
സി.പി.എം കുടുംബത്തിൽ ഒരാൾ മരിച്ചാൽ ഞാൻ അവിടെ ചെല്ലും. വി.പി.പി മുസ്തഫയുടെ വീട്ടിൽ മരണം നടന്നപ്പോൾ ഞാൻ എത്തിയത് മുസ്തഫയെ പോലും ഞെട്ടിച്ചു. ദേശാഭിമാനി റിപ്പോർട്ടറുടെ വാപ്പ മരിച്ചപ്പോൾ ആദ്യം ചെന്നത് ഞാനാണ്. എന്റെ രീതി അതാണ്. ഇങ്ങനെയൊരു എം.പി.യെ അവർ ആദ്യമായാണ് കാണുന്നത്. അത് എന്റെ വിജയത്തെ സഹായിക്കും.
യു.ഡി.എഫ് കേന്ദ്രങ്ങളിൽ പോളിങ് കുറവാണ്. എൽ.ഡി.എഫ് കേന്ദ്രങ്ങളിൽ കൂടിയല്ലോ?
അത് പഴയ കഥകളാണ്. എൽ.ഡി.എഫ് കേന്ദ്രങ്ങളിൽ വ്യാപകമായി കള്ളവോട്ട് നടത്താൻ ശ്രമം നടന്നു. അത് അവിടെ തന്നെ തടയാൻ കഴിഞ്ഞു. ഏറ്റവും കൂടുതൽ കള്ളവോട്ട് നടക്കുന്നത് കല്യാശ്ശേരി, പയ്യന്നൂർ മണ്ഡലങ്ങളിലാണ്. അതുകൊണ്ട് എന്റെ പ്രവർത്തനം ഈ രണ്ട് മണ്ഡലങ്ങളിൽ കേന്ദ്രീകരിച്ചു.
മഞ്ചേശ്വരത്തും കാസർകോടും യു.ഡി.എഫ്, ബി.ജെ.പി കേന്ദ്രങ്ങളിൽ ആവേശം കുറവായിരുന്നു
അതിനു കാരണം തികഞ്ഞ നിസ്സംഗതയാണ്. ബി.ജെ.പി സ്ഥാനാർഥിയെ അവർക്ക് തന്നെ താൽപര്യമില്ലായിരുന്നു. തെരഞ്ഞെടുപ്പിനെ ബി.ജെ.പി ഗൗരവത്തിലെടുത്തില്ല. എൽ.ഡി.എഫ്-എൻ.ഡി.എ സ്ഥാനാർഥി നിർണയം ആ മുന്നണികളിൽ വലിയ പ്രശ്നം സൃഷ്ടിച്ചു. അണികൾക്ക് സ്വീകാര്യമല്ലായിരുന്നു. അത് പോളിങ്ങിലും പ്രകടമായിരുന്നു. കാസർകോട് ഒഴികെ എല്ലായിടത്തും ബി.ജെ.പി സ്ഥാനാർഥികൾ അവരുടെ പാർട്ടിയിൽ പ്രമുഖരാണ്. ഇവിടെ മാത്രം ഒരു ബ്ലോക്ക് പഞ്ചായത്ത് അംഗത്തെയാണ് നിർത്തിയത്.
ന്യൂനപക്ഷ കേന്ദ്രങ്ങളിൽ കനത്ത പോളിങ്ങായിരുന്നു. ഇത് സി.എ.എ പ്രവർത്തിച്ചതാണോ?
ചരിത്രത്തിലെ ഏറ്റവും വലിയ ന്യൂനപക്ഷ ഏകീകരണമാണ് തെരഞ്ഞെടുപ്പിൽ ഉണ്ടായത്. ഇത് 2019ലേതിനെക്കാൾ ശക്തമായിരുന്നു. അത് യു.ഡി.എഫിന് അനുകൂലമായിരുന്നു. കോൺഗ്രസും ഇൻഡ്യ മുന്നണിയും പരാജയപ്പെട്ടാൽ അത് തങ്ങളുടെ അന്ത്യമായിരിക്കമെന്ന് ന്യൂനപക്ഷം കരുതി.
തന്നെ അവരിൽനിന്ന് അകറ്റാനാണ് കുറിയും മുണ്ടുടുക്കലുമായി വിഡിയോ ഇറക്കിയത്. അത് അവർക്ക് തന്നെ ദോഷമായി മാറി. താൻ നിർബന്ധമായും കുറിയിടണമെന്നാണ് ലീഗ് പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി പറഞ്ഞത്.
തെരഞ്ഞെടുപ്പ് പ്രക്രിയ നീതിയുക്തമായിരുന്നോ?
അല്ല, പലയിടത്തും ഉദ്യോഗസ്ഥർ ഇടതു പക്ഷത്തിന് വേണ്ടി പ്രവർത്തിച്ചു. വോട്ടർമാരോട് ചോദ്യങ്ങൾ ചോദിച്ച് നേരം വൈകിപ്പിച്ചു.
ആറു മണി കഴിഞ്ഞിട്ടും ക്യൂ നീണ്ടു. പോളിങ് ഏജന്റുമാർക്ക് പോലും വോട്ട് ചെയ്യാനാവാത്ത സ്ഥിതിയുണ്ടായി. ആദൂർ പൊലീസ് പരിധിയിൽ യു.ഡി.എഫ് ഏജന്റിനെതിരെ മദ്യപിച്ചുവെന്ന ആരോപണമുണ്ടായി.
ഞാൻ ആദൂർ ഡിവൈ.എസ്.പിയെ വിളിച്ച് അദ്ദേഹം നടത്തിയ അന്വേഷണത്തിൽ സ്ഥാനാർഥി മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞു. സ്ഥാനാർഥി മദ്യപിച്ചാൽ പൊലീസിനെയാണ് വിളിക്കേണ്ടത്.
തെരഞ്ഞെടുപ്പ് സംഘാടനത്തിൽ തൃപ്തനാണോ?
പൂർണ തൃപ്തനാണ്. പിന്നെ എൽ.ഡി.എഫ് പോലെയുള്ള കേഡർ സംവിധാനം യു.ഡി.എഫിൽ കാണരുത്. ഞങ്ങളുടെ ശൈലി വേറെയാണ്. നന്നായി പണിയെടുത്തു. അതിന്റെ ഫലം ഉണ്ടാകും.
ഫലം എങ്ങനെ, എത്ര ഭൂരിപക്ഷം കിട്ടും?
`ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കും. കഴിഞ്ഞ തവണത്തെ 40438 വോട്ടിൽ എത്ര മുകളിലോട്ട് എന്നതാണ് നോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.