ഷെയ്നിന്റെ വലിയ പെരുന്നാള്
text_fieldsദൈവത്തിനായി നമ്മൾ എത്ര ത്യജിക്കാൻ തയാറാവുന്നുവോ അത്രയും നമ്മൾ സംരക്ഷിക്കപ്പെടുമെന്നാണ് എന്റെ വിശ്വാസം. ത്യാഗത്തിന്റെ ആ സ്മരണകൾ ഉൾക്കൊണ്ടുകൊണ്ട് പെരുന്നാൾ ആഘോഷിക്കുമ്പോൾ, ആശംസിക്കുമ്പോൾ ഫലസ്തീനികളടക്കം ലോകത്ത് ആക്രമിക്കപ്പെടുന്നവരെ നമ്മൾ ഓർക്കേണ്ടതുണ്ട്
വലിയ പെരുന്നാളിന്റെ ആഘോഷങ്ങൾക്കിടയിൽ ഷെയ്ൻ നിഗം ഓർത്തെടുക്കുന്നത് കുട്ടിക്കാലത്തെ പുത്തനുടുപ്പുകളും പുതുമണവുമൊക്കെയാണ്. സിനിമയുടെ തിരക്കുകൾക്കിടയിലും പെരുന്നാളിന്റെ ഓർമകൾ പങ്കുവെക്കുകയാണ് താരം.
പെരുന്നാൾപ്പടിയും ആഘോഷവും
പെരുന്നാളടുക്കുമ്പോൾ വാപ്പച്ചിയും ഉമ്മച്ചിയും ഒക്കെ ഡ്രസ്സുകൾ വാങ്ങിത്തരും. ഉമ്മച്ചിയുടെ ഗൾഫിലുള്ള ഒരേയൊരു സഹോദരൻ, ഞങ്ങൾ സിയാദിക്ക എന്ന് വിളിക്കുന്ന അമ്മാവൻ പണമയച്ച് തരും. ഉമ്മച്ചി അതുകൊണ്ട് ഡ്രസ് എടുത്തുതരും. അന്ന് അതൊക്കെയൊരു സന്തോഷമായിരുന്നു.
പെരുന്നാൾ ഓർമകളിൽ മറ്റൊന്ന് ഉമ്മച്ചിയുടെ ഉമ്മയും കസിൻസുമൊക്കെ പെരുന്നാൾപ്പടി എന്ന പേരിൽ തരുന്ന ചെറിയ പോക്കറ്റ് മണികളാണ്. ചെറുതാകുമ്പോൾ എല്ലാവരും ഇങ്ങോട്ടു തന്നിരുന്നു. വലുതായപ്പോൾ ഞാൻ അവർക്ക് കൊടുക്കുന്നു.
പെരുന്നാളിന്റെ സ്വാദ്
പെരുന്നാളിന് അതിരാവിലെ കുളിച്ചൊരുങ്ങി പുത്തനുടുപ്പുമിട്ട് വാപ്പച്ചിയുടെ കൂടെ നമസ്കാരത്തിനായി പള്ളിയിലേക്ക് പോകും. അവിടെ കസിൻസൊക്കെയുണ്ടാകും. അത് കഴിഞ്ഞ് പരസ്പരം പെരുന്നാൾ ആശംസകൾ നേർന്ന് വീട്ടിലേക്ക് വരും. അപ്പോൾ ഉമ്മ പെരുന്നാൾ വിഭവമായി ചിക്കൻ ബിരിയാണി ഒരുക്കിയിട്ടുണ്ടാകും. പത്തിരി, ഇറച്ചി ഒക്കെയുണ്ടാകും. എനിക്ക് ബീഫിനോടത്ര പ്രിയം പോര. മാംസങ്ങളിൽ ഇഷ്ടം ചിക്കൻ തന്നെ. അതിനാൽ ചിക്കൻ വിഭവങ്ങളാകും കൂടുതൽ.
സൗഹൃദക്കൂട്ടം
കൂട്ടുകാർ കൂടുതലുമെത്തിയിരുന്നത് ചെറിയ പെരുന്നാളിനും നോമ്പുതുറക്കുമൊക്കെയായിരുന്നു. ആ സമയങ്ങളിൽ അവർക്കായി വിഭവങ്ങളൊരുക്കും. എനിക്ക് വലിയൊരു സൗഹൃദക്കൂട്ടം തന്നെയുണ്ട്. ഒക്കെ സ്കൂൾകാല സുഹൃത്തുക്കളാണ്. ഇപ്പോഴും അവർ തന്നെയാണ് എന്റെ അടുത്ത സുഹൃത്തുക്കൾ. ബലിപെരുന്നാളിന് അധികവും വാപ്പച്ചിയുടെ വീട്ടിലായിരുന്നതിനാൽ സൗഹൃദ സാന്നിധ്യങ്ങൾ കുറവായിരുന്നു. വലിയ പെരുന്നാളിൽ നമസ്കാരത്തിനുശേഷം മൂവാറ്റുപുഴയിലെ തറവാട്ടിൽ ആഘോഷംതന്നെയാണ്. വാപ്പച്ചിയുടെ ബന്ധുക്കളെല്ലാരും വരും. തറവാട്ടു വീട്ടിൽ ശരിക്കും വലിയ പെരുന്നാളാകും.
തറവാട് പൊളിച്ചതോടെ അങ്ങനെ കൂട്ടുകുടുംബത്തോടെയുള്ള പെരുന്നാൾ ആഘോഷങ്ങളൊക്കെ ഇല്ലാതായി. ഇപ്പോൾ ഉമ്മച്ചിക്കും രണ്ട് സഹോദരിമാർക്കും കൂടെ സ്വന്തം കുടുംബത്തോടൊപ്പം ആഘോഷിക്കുകയാണ് പതിവ്. ഈ പെരുന്നാൾ ‘ഹാൽ’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ്. പെരുന്നാളിന് വീട്ടിൽ പോകാൻ കഴിയുമെന്ന് കരുതുന്നു.
ചേർത്തുപിടിക്കണം
ഇബ്രാഹീം നബിയുടെയും ബലിപെരുന്നാളിന്റെയും കഥയും സന്ദേശവും എല്ലാവർക്കുമറിയുന്നപോലെ ദൈവസമർപ്പണത്തിന്റേതാണ്. അതിനെല്ലാത്തിനും ഇന്നും എന്നും ഏറെ പ്രസക്തിയുണ്ട്. ദൈവത്തിനായി നമ്മൾ എത്ര ത്യജിക്കാൻ തയാറാവുന്നുവോ അത്രയും നമ്മൾ സംരക്ഷിക്കപ്പെടുമെന്നാണ് എന്റെ വിശ്വാസം. ത്യാഗത്തിന്റെ ആ സ്മരണകൾ ഉൾക്കൊണ്ടുകൊണ്ട് പെരുന്നാൾ ആഘോഷിക്കുമ്പോൾ, ആശംസിക്കുമ്പോൾ ഫലസ്തീനിലടക്കം ലോകത്ത് ആക്രമിക്കപ്പെടുന്നവരെ നമ്മൾ ഓർക്കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.