അടിയൊഴുക്കുകൾ ഞങ്ങൾക്ക് അനുകൂലം
text_fieldsഭരണഘടന ഭീഷണി നേരിടുന്ന കാലത്തെ ലോക്സഭ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ കോൺഗ്രസ്, ഉദ്ധവ് പക്ഷ ശിവസേന, ശരദ് പവാർ പക്ഷ എൻ.സി.പി സഖ്യ മഹാ വികാസ് അഘാഡിക്ക് വെല്ലുവിളിയാവുകയാണ് ഡോ. ബി.ആർ അംബേദ്കറുടെ പേരമകൻ പ്രകാശ് അംബേദകർ നയിക്കുന്ന വഞ്ചിത് ബഹുജൻ അഘാഡി (വി.ബി.എ). ഒറ്റക്ക് മത്സരിച്ച് ജയിക്കാനാകില്ലെങ്കിലും വി.ബി.എക്ക് കോൺഗ്രസ് സഖ്യത്തിന്റെ വോട്ട് ഭിന്നിപ്പിക്കാനാകും. അകോല ലോക്സഭ മണ്ഡലത്തിലെ വി.ബി.എ സ്ഥാനാർഥികൂടിയാണ് അദ്ദേഹം. 1998 ലും 99 ലും കോൺഗ്രസ് പിന്തുണയിൽ മത്സരിച്ച് ജയിച്ചിരുന്നു. തുടർന്നു മത്സരിച്ചെങ്കിലും ഇതുവരെ ജയിക്കാനായില്ല. 2004 മുതൽ ബി.ജെ.പിയുടെ കൈവശമാണ് അകോല. അകോലയിലെ വസതിയിൽ വെച്ച് പ്രകാശ് അംബേദ്കറുമായി നടത്തിയ അഭിമുഖത്തിൽ നിന്ന്
- അകോലയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ?
നല്ല സാഹചര്യമാണ്. അതുപ്രകാരം വിധി അനുകൂലമാകുമെന്ന് കരുതുന്നു.
- പ്രാദേശിക നേതാക്കൾ താങ്കളെ പിന്തുണക്കാൻ ആവശ്യപ്പെട്ടിട്ടും അതു വകവെക്കാതെ കോൺഗ്രസ് താങ്കൾക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തിയത് എന്തുകൊണ്ടാണ്?
അവരാണ് (കോൺഗ്രസ്) മറുപടി പറയേണ്ടത്. കോൺഗ്രസിൽ രണ്ട് ഗ്രൂപ്പുകളുണ്ട്. അതിലൊരു ഗ്രൂപ്പാണ് എന്നെ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ടത്. അവർ ഒരു റിപ്പോർട്ട് നേതൃത്വത്തിന് നൽകിയിട്ടുണ്ട്.
കഴിഞ്ഞ 15 വർഷമായി ബി.ജെ.പിയെ നേരിട്ട് സഹായിക്കുന്ന നിലപാടാണ് അകോലയിൽ പാർട്ടിയുടേതെന്നും അതിന്റെ ഫലമായി രാജ്യത്തെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ കോൺഗ്രസുമായി അകന്നെന്നും ദേശീയതലത്തിൽ കോൺഗ്രസിന്റെ പരാജയത്തിന് അത് മുഖ്യ കാരണമായെന്നും അവർ പറയുന്നു. അതുകൊണ്ടാണ് ഇത്തവണ സ്ഥാനാർത്ഥിയെ നിറുത്തരുതെന്ന് അവർ പറഞ്ഞത്. മറ്റേ വിഭാഗം സ്ഥാനാർഥിയെ നിർത്തണമെന്ന നിലപാടാണെടുത്തത്. അതവരുടെ ആഭ്യന്തരകാര്യം.
- എം.വി.എയുമായുള്ള തർക്കം?
ഞങ്ങൾ സഖ്യത്തിന്റെ ഭാഗമായിരുന്നില്ല. അവർ പരസ്പരമാണ് തർക്കം. അതിപ്പോഴും തുടരുന്നു. കോൺഗ്രസ് ഉദ്ധവ് താക്കറെ ശിവസേനയേയും ശരദ് പവാർ എൻ.സി.പിയേയും മറിച്ചും സഹായിക്കുന്നില്ല. അവർ സംഘടിതമായല്ല ഒരോരുത്തരും തനിച്ചാണ് ബി.ജെ.പിയേ നേരിടുന്നത്.
- വി.ബി.എയെ കുറിച്ച്
എല്ലാം വിഭാഗങ്ങളെയും കോർത്തുള്ള വി.ബി.എ ഇന്ന് മഹാരാഷ്ട്രയിൽ ശക്തമായ പാർട്ടിയാണ്. ബി.ജെ.പിക്കെതിരെ മുഖ്യ പ്രതിപക്ഷമായി മാറിക്കഴിഞ്ഞു. ബി.ജെ.പിയടക്കം മഹാരാഷ്ട്രയിലെ പാർട്ടികളിലെ കുടുംബാധിപത്യം തകർക്കാനുള്ള ശ്രമമാണ്. എൻ.സി.പിക്ക് കുടുംബ മണ്ഡലങ്ങൾ പോലുമുണ്ട്. 179 കുടുംബങ്ങളാണ് പാർട്ടികളെ നയിക്കുന്നത്. വിവിധ പദവികൾ ഒരേകുടുംബത്തിൽ വീതിക്കപ്പെടുകയാണ്.
അധികാരം കുടുംബ വൃത്തങ്ങളിൽ ഒതുങ്ങുന്നു. സ്ഥാനാർഥി നിർണ്ണയത്തിലും ഇത് പ്രകടമാണ്. സ്ഥാനാർഥിനിർണ്ണയത്തിൽ എല്ലാ വിഭാഗങ്ങളെയും ആനുപാതികമായി പരിഗണിക്കണം. നിലവിൽ എല്ലാ പാർട്ടികളും മറാത്തകൾക്കാണ് പ്രധാന്യം നൽകിയത്. മുംബൈയിലടക്കം 40 സീറ്റുകളിൽ മത്സരിക്കും.
- വി.ബി.എ തുണക്കുന്ന ഘടകം?
അടിയൊഴുക്കുകളുണ്ട്. സംസ്ഥാന, ദേശിയ നേതൃത്വത്തെക്കാൾ ബി.ജെ.പിയേ ശക്തമായി നേരിടണമെന്ന് ജില്ലാതല കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ആഗ്രഹിക്കുന്നു. ബി.ജെ.പിയെ പരാജയപ്പെടുത്താൻ കഴിവുള്ള സ്ഥാനാർഥിയെ പിന്തുണക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. അവർ ഞങ്ങളെയാണ് നോക്കുന്നത്. ഞങ്ങളെ പിന്തുണക്കുമെന്ന് ചിലർ പറഞ്ഞു. ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിൽ നിന്നുള്ള വിവരങ്ങളാണിത്. ഇത് തന്നെയാകും മറ്റിടങ്ങളിലും.
- രണ്ടിടങ്ങളിൽ കോൺഗ്രസിന് പിന്തുണ?
ഏഴു മണ്ഡലങ്ങളിൽ പിന്തുണ നൽകാമെന്ന് പറഞ്ഞിരുന്നു. എന്നാൽ, അവർ പ്രതികരിച്ചില്ല. വാക്കാൽ ആവശ്യപ്പെട്ടത് പ്രകാരം നാഗ്പുരിലും കോലാപുരിലും കോൺഗ്രസിനെ പിന്തുണക്കുന്നു.
- ശരദ് പവാറുമായി ഒത്തുപോകില്ലെന്ന പറച്ചിലിൽ കാര്യമുണ്ടോ?
തുടക്കം മുതലേ പവാർ എനിക്കെതിരാണ്. 97ൽ സോണിയ ഗാന്ധിയുടെ നേതൃത്വത്തെ പവാർ എതിർത്തപ്പോൾ ഞങ്ങൾ അനുകൂലിച്ചിരുന്നു. അന്ന് ബി.ബി.എം എന്ന ശക്തമായ പാർട്ടി എനിക്കുണ്ടായിരുന്നു. ഞങ്ങൾ ഒത്തുപോകില്ലെന്ന് പലരും കരുതുന്നു. ഇന്നും അതിന് സാധിച്ചിട്ടില്ല.
- കമ്യൂണിസ്റ്റ് പാർട്ടികളുമായി ചേർന്നുള്ള മൂന്നാംമുന്നണി ശ്രമം?
ഞങ്ങൾ ബി.ജെ.പിയെ സഹായിക്കുകയാണെന്ന് ആരോപിച്ച് അവർ പിന്തിരിഞ്ഞു. ഞങ്ങൾ ബി.ജെ.പിയുടെ ബി ടീമാണെന്ന ആഖ്യാനമാണുണ്ടായത്. കഴിഞ്ഞ തവണ അവർ മുസ്ലിം വോട്ടുകൾ തടഞ്ഞതുകൊണ്ടാണ് ഞങ്ങൾ ഒമ്പത് സീറ്റുകളിൽ പരാജയപ്പെട്ടതെന്ന് തെരഞ്ഞെടുപ്പ് വിശകലനം വ്യക്തമാക്കുന്നു. മുസ്ലിംകൾ കോൺഗ്രസിനാണ് വോട്ട് ചെയ്തത്. ഇപ്പോൾ മുസ്ലിംകളത് തിരിച്ചറിഞ്ഞു. അവർ ഇത്തവണ വി.ബി.എ പിന്തുണക്കും.
- എം.വി.എ, ഇൻഡ്യ അസാധാരണ സഖ്യത്തെ കുറിച്ച്?
പുതിയ മൂന്ന് പങ്കാളികൾ. എന്നാൽ, ഉദ്ധവ് പക്ഷ സ്ഥാനാർഥി കോൺഗ്രസ് വോട്ടർമാരുടെ ആദ്യ പരിഗണനയിൽ വരില്ല. നേരെ തിരിച്ചും അങ്ങിനെയാകും. അവർക്കു മുന്നിൽ പിന്നെ വി.ബി.എയാണുള്ളത്. അവർ പരസ്പരം ഇത്രയും കാലം ഉള്ളത് പോലെ എതിർപ്പുകൾ ഞങ്ങളുമായില്ല. അടിയൊഴുക്കുകൾ ഞങ്ങൾക്ക് അനുകൂലമാകും. അതിനാൽ വി.ബി.എയും ബി.ജെ.പിയും തമ്മിലാണ് പോര്.
ബി.ജെ.പിയും ശിവസേനയും കഴിഞ്ഞ തവണ 18 ഉം 23 ഉം സീറ്റുകൾ നേടിയത് അന്നത്തെ അവരുടെ സഖ്യ ബലത്തിലാണ്. അത്രയും സീറ്റുകളിൽ അവരിപ്പോഴും ശക്തരാണ് എന്ന് പറയുന്നതിൽ അർഥമില്ല. ആ ശക്തിചോർന്നെന്ന തിരിച്ചറിവിലാണ് ബി.ജെ.പി കിട്ടാവുന്നവരെയെല്ലാം കൂടെ കൊണ്ടുപോകുന്നത്.
- പിളർപ്പുകൾ?
ജനങ്ങൾ ഇഷ്ടപ്പെടില്ല. രാഷ്ട്രീയ പാർട്ടികൾ രാജ്യത്തെ ഐക്യത്തിന്റെ പ്രതീകങ്ങളാണ്. പാർട്ടികളെ ഇല്ലാതാക്കുന്നത് ഐക്യം തകർക്കലാണ്.
- കേന്ദ്ര സർക്കാർ, പ്രതിപക്ഷം ?
തട്ടിപ്പ് സർക്കാർ. എന്തുകൊണ്ട് ഇലക്ടറൽ ബോണ്ട് അഴിമതി ഉയർത്തികൊണ്ടുവരുന്നതിൽ പ്രതിപക്ഷം പരാജയപ്പെട്ടെന്ന് മനസ്സിലാകുന്നില്ല. 2009ൽ സോണിയാ ഗാന്ധി ഗുജറാത്തിൽ മോദിക്ക് എതിരെ നടത്തിയ ‘മരണത്തിന്റെ വ്യാപാരി’ എന്ന പ്രയോഗം ഇന്ന് ന്യായീകരിക്കപ്പെടുന്നു.
ഗവേഷണ സ്ഥാപനങ്ങളുടെ പിന്തുണയില്ലാത്ത മനുഷ്യോപയോഗത്തിന് പറ്റാത്ത മരുന്നുകൾ വിപണിയിൽ ലഭ്യമാക്കി മനുഷ്യരെ കൊല്ലുകയാണ്. അന്ന് ഗുജറാത്തിൽ മുസ്ലിംകളോടായിരുന്നുവെങ്കിൽ ഇന്നത് മൊത്തം ഇന്ത്യാക്കാരോടുമാണ്. മറ്റിടങ്ങളിൽ നിരോധിച്ച മരുന്നുകൾക്ക് ഭക്ഷ്യ, മരുന്നു വകുപ്പ് അനുമതി നൽകിയതിന് പിന്നിൽ ഫാർമ കമ്പനികൾ ഇലക്ടറൽ ബോണ്ട് വഴി ബി.ജെ.പിക്ക് നൽകിയ സംഭാവനയുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്.
നോട്ട് നിരോധനത്തിന് മുമ്പ് അമേരിക്കയിൽ വെച്ച് ക്രെഡിറ്റ്കാർഡ് കമ്പനിയുമായി മോദി കരാറിൽ ഒപ്പുവെച്ചു. ആ സമതയ്യത് അവരുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ അഞ്ച് ശതമാനമായിരുന്നു. അത് 20 മുതൽ 22 ശതമാനം വരെ ഉയർത്താമെന്ന വാഗ്ദാനവുമായാണ് കരാർ.
അത് നടപ്പാക്കാനാണ് നോട്ട് നിരോധനം. ബി.ജെ.പി ചിത്രീകരിച്ച ‘പപ്പു’വിന്റെ പ്രതിച്ഛായ തകർത്ത് താനൊരു ശക്തനായ നേതാവാണെന്ന് സ്ഥാപിക്കാൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞെങ്കിലും ഉയർത്തുന്ന വിഷയങ്ങൾ പരിസമാപ്തിയിൽ എത്തിക്കുന്നില്ല.
- ഭരണഘടനക്ക് ഭീഷണി?
തീർച്ചയായും ഭീഷണിയുണ്ട്. മോദി സർക്കാറിലെ മന്ത്രി നിർമല സീതാരാമന്റെ ഭർത്താവ് തന്നെ അതേ കുറിച്ച് പറഞ്ഞു. ഇത്തവണ മോദി ഭരണത്തിൽ തിരിച്ചെത്തിയാൽ അങ്ങേയറ്റം മോശമായ കാലമാണ് വരാൻ പോകുന്നതെന്നും മണിപ്പൂരിൽ രണ്ട് ഗോത്രങ്ങൾ തമ്മിൽ നടന്നത് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആവർത്തിക്കുമെന്നും അദ്ദേഹം ചുണ്ടിക്കാട്ടിയിട്ടുണ്ട്.
ഈ വിഷയങ്ങൾ ഉയർത്തികൊണ്ടുവരുന്നതിൽ കോൺഗ്രസ് നേതൃത്വം അംമ്പേ പരാജയമാണ്. അനുകൂല സാഹചര്യം ഉയർന്നുവന്നിട്ടും അത് മുതലെടുക്കാൻ കോൺഗ്രസിന് കഴിയുന്നില്ല.
- ഉവൈസി?
ഞങ്ങൾക്കൊപ്പമുള്ള ഒ.ബി.സികൾക്ക് താൽപര്യമില്ല. ദേശീയ നേതാവാകാൻ തങ്ങളെ ഉപയോഗിച്ച ശേഷം ഉപേക്ഷിച്ചെന്ന് അവർ കരുതുന്നു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സഖ്യത്തിൽനിന്ന് വോട്ട് നേടിയ ശേഷം നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് സഖ്യം വിട്ടു. കാരണമെന്തെന്ന് അറിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.