‘റായ്ബറേലിയിൽ ജയിക്കുമെങ്കിൽ രാഹുൽ വയനാട്ടിൽ വരില്ലായിരുന്നു’
text_fieldsഅമേത്തിയിൽ ഇക്കുറിയും രാഹുൽ വരുമെന്ന പ്രതീക്ഷയിൽ വളരെ നേരത്തെ പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങിയതാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. എന്നാൽ, ഗാന്ധി കുടുംബത്തിനായി അമേത്തിയിലെയും റായ്ബറേലിയിലെയും കാര്യങ്ങൾ നോക്കിയിരുന്ന കെ.എൽ. ശർമ മത്സരിക്കാനെത്തിയതോടെ സ്മൃതി ഇറാനിയുടെ കണക്കുകൂട്ടൽ തെറ്റി. എങ്കിലും പ്രചാരണത്തിൽ ഒരു കുറവും വരുത്താതിരുന്ന സ്മൃതി ഇറാനി ജഗ്ദീഷ് പൂരിൽ പ്രചാരണത്തിനെത്തിയപ്പോൾ ‘മാധ്യമ’ത്തിന് അനുവദിച്ച അഭിമുഖം
പ്രചാരണം സമാപിക്കുമ്പോൾ എന്ത് തോന്നുന്നു?
രാഹുൽ ഗാന്ധി പേടിച്ച് പിന്മാറിയ സീറ്റാണ് അമേത്തി. ഇവിടെ ബി.ജെ.പി ജയിക്കുമെന്ന് അതിൽ നിന്നുതന്നെ വ്യക്തമാണ്. അമേത്തിയിൽ ഇടനിലക്കാരനെ സ്ഥാനാർഥിയാക്കേണ്ട ഗതികേടിലായി കോൺഗ്രസ്. എം.പിക്കും ജനങ്ങൾക്കുമിടയിൽ നിന്ന ഇടനിലക്കാരെ ജനം വെറുത്തതുകൊണ്ടാണ് കഴിഞ്ഞ തവണ കോൺഗ്രസ് തോറ്റത്. ജനം തള്ളിക്കളഞ്ഞ ഇടനിലക്കാരനെ കോൺഗ്രസ് സ്ഥാനാർഥിയാക്കിയതോടെ തോൽവി ഉറപ്പായി. അമേത്തിയിൽ വരാൻ ഗാന്ധി കുടുംബത്തിൽ നിന്നൊരാൾക്കും ധൈര്യമില്ലാത്തത് കൊണ്ടാണല്ലോ കാര്യക്കാരനെ വിട്ടത്. ദല്ലാലുമാരെ വിടുകയല്ല, ധൈര്യമുണ്ടെങ്കിൽ അമേത്തിയിൽ മത്സരിച്ച് കാണിക്കുകയായിരുന്നു ഗാന്ധി കുടുംബം ചെയ്യേണ്ടിയിരുന്നത്. അല്ലാതെ 40 വർഷമായി അമേത്തിയെ കൊള്ളയടിച്ച ഇടനിലക്കാർക്ക് ടിക്കറ്റ് നൽകുകയല്ല.
അമേത്തിയിൽ നിന്നും റായ്ബറേലിയിലേക്കുള്ള രാഹുലിന്റെ മാറ്റം എങ്ങനെ കാണുന്നു?
തോൽക്കുമെന്ന ഭയവും ആത്മവിശ്വാസക്കുറവും പ്രതിഫലിപ്പിക്കുന്നതാണ് രാഹുലിന്റെ പിന്മാറ്റം. ജനങ്ങളെ വിഡ്ഢികളാക്കി അയൽ മണ്ഡലത്തിലേക്ക് മാറി. മറ്റൊരു നേതാവിനെയും മത്സരിക്കാൻ കോൺഗ്രസിന് കിട്ടിയില്ല. ജനങ്ങളെ വിഡ്ഢികളാക്കി വയനാട്ടിൽ മത്സരിച്ചപ്പോൾ റായ്ബറേലിയുടെ കാര്യം പറഞ്ഞില്ല. ഒടുവിൽ വയനാട്ടിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴാണ് റായ്ബറേലിയിൽ മത്സരിക്കുന്നുവെന്ന് പറഞ്ഞത്.
റായ്ബറേലിയിൽ രാഹുലിന്റെ വിധിയെന്താകും?
റായ്ബറേലി ജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നുവെങ്കിൽ വയനാട്ടിൽ കൂടി രാഹുൽ ഗാന്ധി മത്സരിക്കില്ലായിരുന്നല്ലോ. വയനാട് നാമനിർദേശ പത്രിക നൽകിയപ്പോൾ അവിടെയുള്ളവരാണ് തന്റെ കുടുംബം എന്ന് പറഞ്ഞു. എന്നാൽ, ഇപ്പോൾ റായ്ബറേലിയിൽ വന്ന് ഭഗവാനെ തൊട്ട് സത്യം ചെയ്യുകയാണ് ഇവിടെയുള്ളവരാണ് തന്റെ കുടുംബമെന്ന്. ആളുകൾ നിറം മാറാറുണ്ടെങ്കിലും ഇങ്ങനെ കുടുംബം മാറുന്നത് കണ്ടിട്ടില്ല. വയനാട്ടിൽ വോട്ടുബാങ്ക് ഭയന്ന് പൂജാകർമങ്ങൾ ചെയ്യാതിരുന്ന രാഹുൽ ഗാന്ധി റായ്ബേറലിയിലെത്തുമ്പോൾ പൂജ ചെയ്യുകയാണ്. ഇതേ കോൺഗ്രസാണ് രാമക്ഷേത്ര പ്രതിഷ്ഠക്കുള്ള ക്ഷണം തിരസ്കരിച്ചത്. അമേത്തിയിലെയും റായ്ബറേലിയിലെയും വോട്ടർമാർ ഹനുമാന്മാരായി കോൺഗ്രസിന്റെ ലങ്കാദഹനം നടത്തും.
അഞ്ചുവർഷം കൊണ്ട് എം.പി എന്ന നിലയിൽ അമേത്തിയിലുണ്ടാക്കിയ മാറ്റം എന്താണ്?
അമേത്തിയിലുള്ളവർക്ക് കണ്ടുകിട്ടാൻ പ്രയാസമായിരുന്ന കോൺഗ്രസ് നേതാക്കൾ ഇന്ന് ഓരോ വീടും കയറിയിറങ്ങി കൈകൂപ്പി നിൽക്കുന്ന അവസ്ഥയുണ്ടാക്കിയതാണ് അമേത്തിയിൽ താൻ കൊണ്ടുവന്ന ഏറ്റവും വലിയ മാറ്റം. എം.പി എന്നല്ല, ദീദി എന്നാണ് എന്നെ അമേത്തിക്കാർ വിളിക്കുന്നത്. മുമ്പത്തേതിൽനിന്ന് ഭിന്നമായി ഇടനിലക്കാരില്ലാതെ നേർക്കുനേർ എന്റെ മുന്നിൽ വന്നാണ് ആവലാതി പറയുന്നത്. അതുകൊണ്ടാണ് ദീദിയെന്ന് അവരെന്നെ വിളിക്കുന്നത്. അവർക്കിടയിലുള്ള ഒരു സഹോദരിക്കാണ് അവരുടെ പിന്തുണ. ഇടനിലക്കാരെ അയച്ചല്ല ഞാൻ വോട്ടു ചോദിക്കുന്നത്. കോൺഗ്രസ് എം.പിയെ ജനങ്ങൾക്ക് നേരിൽ കാണാൻ കിട്ടാറില്ലായിരുന്നു. സർക്കാർ ഓഫിസുകളിൽ ചെന്ന് അമേത്തിക്കാർ കാര്യങ്ങൾ ചെയ്തുകിട്ടാൻ ഏതെങ്കിലും ഉദ്യോഗസ്ഥനെ തേടിപ്പിടിച്ച് നടന്നിരുന്ന കാലം കഴിഞ്ഞു. ഇന്ന് മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് കലക്ടറെ ജനങ്ങളിലേക്ക് അയക്കുകയാണ്. കാവിക്കൊടി ഉയർത്താൻ കഴിയാതിരുന്ന അമേത്തിയിൽ രാമഭക്തനാകുന്നതുപോലും അപരാധമായിരുന്നു. ആ കാലം കഴിഞ്ഞു.
അമേത്തിയിൽ നടപ്പാക്കിയ പദ്ധതികളും ക്ഷേമപ്രവർത്തനങ്ങളുമാണ് ചോദിച്ചത്?
2017ൽ താൻ അമേത്തിയിൽ വന്നപ്പോൾ ഡൽഹിയിൽ നിന്നെത്തിയ പത്രക്കാർ ഇപ്പോഴും ഇവിടെ മണ്ണുവീടുകളാണല്ലോ എന്ന് എന്നോട് അത്ഭുതത്തോടെ ചോദിച്ചിരുന്നു. വർഷങ്ങളായി കോൺഗ്രസിന് കഴിയാത്തത് അഞ്ചുവർഷം കൊണ്ട് ചെയ്തുകൊടുത്തു. പാവങ്ങൾക്ക് വീടുകളും കക്കൂസുകളും നിർമിച്ചു നൽകി. മുമ്പ് കക്കൂസും കുഴൽക്കിണറുമൊന്നും അമേത്തിയിലെ പാവങ്ങൾക്കുള്ളതായിരുന്നില്ല. മറിച്ച് കോൺഗ്രസിന്റെ കാര്യക്കാർക്കും ഇടനിലക്കാർക്കുമാണ് അനുവദിച്ചത്.
ഇടനിലക്കാരുടെ വീടുകളിൽ വെളിച്ചമെത്തിയിട്ടും പാവങ്ങളുടെ വീടുകൾ ഇരുട്ടിലായിരുന്നു. താൻ അമേത്തിയിൽ എത്തുമ്പോൾ നാലുലക്ഷം കുടുംബങ്ങൾ തുറന്ന സ്ഥലത്ത് വിസർജനം നടത്തുകയായിരുന്നു. അതിലും വലിയ എന്ത് അപമാനമാണ് ഒരു സ്ത്രീ നേരിടേണ്ടത്? ഇപ്പോൾ തന്റെ കാര്യക്കാരനെ മത്സരിക്കാൻ വിട്ട് അമേത്തിയിൽ വന്ന് വമ്പുപറയുന്ന കോൺഗ്രസ് നേതാവ് സ്വന്തം വീട്ടിലെ സ്ത്രീകളും കുഞ്ഞുങ്ങളും വെളിമ്പുറത്ത് വിസർജനം നടത്തുന്നത് എന്ത് കഷ്ടമാണെന്ന് ആലോചിച്ചുനോക്കിയിട്ടുണ്ടോ?.
തനിക്ക് വോട്ടു ചെയ്താൽ അമേത്തിയിലെ ജനങ്ങൾക്ക് ഇനിയും റേഷൻ കിട്ടുമെന്ന് പറയുമ്പോൾ പ്രിയങ്ക ഗാന്ധിക്ക് പിടിക്കുന്നില്ല. ദരിദ്രർക്ക് സൗജന്യ റേഷൻ നൽകുന്നതിൽ കോൺഗ്രസിനാണ് വയറുവേദന. കോൺഗ്രസിന്റെ കാലത്ത് റേഷനും കുഴൽക്കിണറുമെല്ലാം ഇടനിലക്കാർക്ക് മാത്രമായിരുന്നു.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.