തേജസ്വി ഇത്രയും തരംതാഴരുതായിരുന്നു
text_fieldsബിഹാറിലെ തലയെടുപ്പുള്ള നേതാവ് പപ്പുയാദവിന് നൽകരുതെന്ന് ലാലു യാദവും തേജസ്വി യാദവും വാശിപിടിച്ച മണ്ഡലമാണ് പൂർണിയ. അവസാന നിമിഷം വരെ കോൺഗ്രസ് സ്ഥാനാർഥിയാകാൻ പരിശ്രമിച്ച പപ്പുയാദവിനെ വെട്ടി ബീമാ ഭാരതിയെ ലാലുവും തേജസ്വിയും ചേർന്ന് ആർ.ജെ.ഡി സ്ഥാനാർഥിയാക്കിയ പൂർണിയയിൽ പപ്പു യാദവ് സ്വതന്ത്രനായി ഇറങ്ങിയതോടെ ദേശീയ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. മോദി തൊട്ട് തേജസ്വി വരെ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും വി.വി.ഐ.പി നേതാക്കൾ ഇറങ്ങിയ പൂർണിയയിൽ ഉറക്കമിളച്ച് അവരോടെല്ലാം ഏകനായി നിന്ന് പോരടിക്കുന്ന പപ്പു യാദവ് ‘മാധ്യമ’ത്തിന് നൽകിയ അഭിമുഖം
പൂർണിയയിൽ ഏത് വിധേനയും പപ്പു യാദവിനെ തോൽപിക്കണമെന്ന നിലയിലായിട്ടുണ്ടോ താങ്കൾക്ക് ടിക്കറ്റ് നിഷേധിച്ചവർ?
ടിക്കറ്റ് നൽകാതിരുന്നപ്പോൾ ജെ.ഡി.യു വിട്ട് ആർ.ജെ.ഡിയിൽ വന്നതാണ് ബീമാ ഭാരതി. പൂർണിയയിൽ ബീമാ ഭാരതിയെ ജയിപ്പിക്കാനല്ല, പപ്പു യാദവിനെ തോൽപിക്കാനാണ് അവരുടെ പരിശ്രമം.
അത് കൊണ്ടല്ലേ ആർ.ജെ.ഡിയുടെ ബീമാ ഭാരതിക്ക് വോട്ടു നൽകിയില്ലങ്കിൽ എൻ.ഡി.എക്ക് വോട്ടു നൽകിക്കോളൂ, എന്നാലും പപ്പു യാദവിന് വോട്ടു ചെയ്യരുതെന്ന് തേജസ്വി യാദവ് പറഞ്ഞത്. എല്ലാ പഞ്ചായത്തിലും പപ്പു യാദവിന്റെ ആയിരം വോട്ട് എങ്കിലും മറിക്കാനാണ് ശ്രമം. ജനങ്ങൾ തന്നെയാണ് ഇത് തന്നോട് പറയുന്നത്. ഇതിന്റെ മറുപടി ജനം നൽകും.
കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ ഭാര്യ രഞ്ജിത രഞ്ജനെ താങ്കളുടെ പ്രചാരണത്തിനിറങ്ങിയില്ലല്ലോ?
കോൺഗ്രസ് നേതാവായ രഞ്ജിത തനിക്ക് പ്രചാരണത്തിനിറങ്ങാതിരുന്നതാണ് ശരി. അത് ധാർമികമല്ല.
ഇൻഡ്യ സഖ്യത്തിന് വോട്ടു ചെയ്തില്ലെങ്കിൽ എൻ.ഡി.എക്ക് ചെയ്തോളൂ എന്ന് തേജസ്വി പൂർണിയയിൽ വന്ന് പറഞ്ഞത് പപ്പു യാദവിനെ തോൽപിച്ചേ അടങ്ങൂ എന്ന വാശിയിലാണല്ലേ?
തേജസ്വിയുടെ ഈ പ്രസ്താവനയെ കുറിച്ച് കോൺഗ്രസാണ് ആലോചിക്കേണ്ടത്. ജനങ്ങൾക്ക് എല്ലാം മനസ്സിലാകുന്നുണ്ട്. എന്നെ തോൽപിക്കാൻ എല്ലാവരും ഒരുമിച്ചിരുന്നു. ആരു ജയിച്ചാലും പപ്പു യാദവിനെ ജയിപ്പിക്കരുതെന്ന് തേജസ്വി ആവശ്യപ്പെട്ടു.
ഒരുഭാഗത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിഹാർ മുഖ്യമന്ത്രിയും ഉപ മുഖ്യമന്ത്രിയും ഭരണപക്ഷത്തെ എല്ലാ എം.പിമാരും, എം.എൽ.എമാരും, എം.എൽ.സിമാരും. മറുഭാഗത്ത് തേജസ്വി യാദവും അദ്ദേഹത്തിന്റെ എം.എൽ.എമാരും ബിഹാറിലെ എല്ലാ മാഫിയകളും പണവുമായിറങ്ങി. എല്ലാവർക്കും ഒരേ ലക്ഷ്യം. പപ്പു യാദവിന് തടയിടണം.
രാജ്യത്തെ നേതാക്കൾ ഒന്നടങ്കം പൂർണിയയിൽ വന്നതെന്തിനാണ്?
പപ്പുവിനെയും ജനത്തെയും സത്യത്തെയും തോൽപിക്കാനാണവർ വന്നിരിക്കുന്നത്. ശാരീരികമായി എന്നെ തളർത്താൻ അവർക്കായില്ല. മാനസികമായി തളർത്താൻ അവർക്ക് കഴിഞ്ഞു. കഴിഞ്ഞ ഒന്നരമാസമായി ഇവരെന്തു മാത്രം പീഡിപ്പിച്ചു.തനിക്ക് ടിക്കറ്റ് ഒരിക്കലും നൽകില്ലെന്ന നിലയിലേക്ക് കാര്യങ്ങളെത്തിയതോടെ രണ്ടുതവണ ആത്മഹത്യക്ക് ശ്രമിച്ചു.
പിന്നീട് എനിക്ക് തോന്നി സ്വയം ജീവനൊടുക്കുന്നതിലും ഭേദം പോരാടി മരിക്കുകയാണെന്ന്. എന്തുമാത്രം അവരെന്നെ പ്രയാസപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തോ അതിനു മാത്രം പൂർണിയയിലെ ജനത്തിന് വാശിയേറി. ഞാൻ സഹായിച്ചവരെല്ലാം എനിക്കെതിരെ തിരിഞ്ഞതിന്റെ രോഷം ജനം പ്രകടിപ്പിക്കും.
പപ്പു യാദവിനെ അവരിത്ര മാത്രം ഭയക്കുന്നതെന്തുകൊണ്ടാണ്?
എല്ലാ നേതാക്കളും ഉറങ്ങുമ്പോഴും പപ്പു യാദവ് ജനങ്ങൾക്കിടയിലുണ്ടാകും. ആരെല്ലാം അവരെ കൊള്ളയടിക്കുന്നുവോ ആ കൊള്ളമുതൽ തിരിച്ചുവാങ്ങി ഉടമസ്ഥരെ ഏൽപിക്കും. 24 മണിക്കൂറും ജനങ്ങളുടെ വിളിപ്പുറത്ത് ഞാനുണ്ട്. ആര് വിളിച്ചാലും മിനിറ്റുകൾക്കകം ഞാനവിടെയെത്തും.
ഭയം മറ്റൊന്നും കൊണ്ടല്ല. ആരെങ്കിലും വേദന അനുഭവിക്കുന്നുണ്ടെങ്കിൽ അതേക്കുറിച്ച് ചോദ്യമുന്നയിക്കുന്നതാണ് എന്റെ രാഷ്ട്രീയം. നീതിയും സ്നേഹവും സേവനവുമാണ് എന്റെ വഴി. അവയില്ലാതെ എനിക്കൊരു ജീവിതമില്ല. പാവങ്ങളുടെ കണ്ണീർ എന്നെ ഏറ്റവും വേദനിപ്പിക്കുന്നതാണ്. ഏത് ഉന്നത പദവലികളിലിരുന്നും ജനങ്ങളെ കഷ്ടപ്പെടുത്തുന്നവർക്കെതിരെ ഞാൻ പോരാടും.
താങ്കളെ തോൽപിക്കാൻ ലാലുവും തേജസ്വിയും ഇത്രയും നേതാക്കളെ ഇങ്ങോട്ട് വിട്ടതെന്തുകൊണ്ടാണ്?
ലാലുപ്രസാദ് യാദവിനെ മഹാരാജാവിനെ പോലെ കാണുന്നയാളാണ് ഞാൻ. മഹാഭാരതത്തിലെ പോലെ സംഘർഷം നയിച്ച നേതാവാണ് ലാലു. ലാലുവിനെ ഇപ്പോഴും താൻ ബഹുമാനിക്കുന്നു. എന്നിട്ടും അദ്ദേഹം എന്നെ തോൽപിക്കാൻ നോക്കുന്നു. ലാലു എന്തുകൊണ്ട് എതിരായി എന്ന് എനിക്ക് പറയാൻ കഴിയില്ല. അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച എന്നെ നന്നായി ലാലുവിനറിയാം. മനുഷ്യത്വ വിരുദ്ധമായി ഞാനൊന്നും ചെയ്യില്ലെന്നും ഹിന്ദു - മുസ്ലിം കളിക്കില്ലെന്നും ലാലുവിനറിയാം.
ബിഹാറിൽ തന്റെ രാഷ്ട്രീയ ഭാവിക്ക് പപ്പു യാദവ് ഒരു ഭീഷണിയാണെന്ന് തേജസ്വി യാദവ് കരുതുന്നുണ്ടോ?
ഈ ചോദ്യം തേജസ്വിയോടാണ് ചോദിക്കേണ്ടത്. തേജസ്വിക്ക് ഒരു ഭീഷണിയായി എന്നെയോ മറിച്ച് എനിക്കൊരു ഭീഷണിയായി തേജസ്വിയെയോ ഞാൻ കാണുന്നില്ല. ഒരു കുടുംബമെന്ന പോലെ പരസ്പരം സ്നേഹിച്ച് ജീവിച്ചവരാണ് ഞങ്ങൾ. എനിക്കെതിരായ നീക്കത്തിലൂടെ തന്റെ രാഷ്ട്രീയത്തിന് ഒരു തത്ത്വമോ ആദർശമോ ഇല്ലെന്ന് കാണിച്ചുകൊടുക്കുകയാണ് തേജസ്വി ചെയ്തത്. ഒരു സാധാരണ നേതാവിന് ഇത്രയും അഹങ്കാരം പാടില്ലായിരുന്നു.
തേജസ്വി ഇത്രയും തരം താഴരുതായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതത്തിന് അന്ത്യം കുറിക്കാൻ തീരുമാനിച്ച പോലെ നാളെ ഒരു പക്ഷേ തന്റെ ജീവനും അപകടത്തിലാക്കിയേക്കാം. എന്നാൽ, എനിക്ക് ജീവനുള്ളിടത്തോളം കാലം ലാലു കുടുംബത്തിനെതിരായി താനൊന്നും ചെയ്യില്ല. അവരെ ഞാൻ സങ്കടത്തിലാക്കില്ല.
ഒരു സഹോദരനെന്ന നിലയിൽ നമുക്കൊരുമിച്ച് പ്രവർത്തിക്കാം എന്ന് തേജസ്വി യാദവിനോട് പറഞ്ഞു. എന്നാൽ, തേജസ്വിയുടെ അഹങ്കാരം അതിനദ്ദേഹത്തെ സമ്മതിച്ചില്ല. അഹങ്കാരം മനുഷ്യനെ നശിപ്പിക്കും. എന്നാൽ, പൂർണിയയിലെ ജനങ്ങൾ പപ്പു യാദവിനെ ജയിപ്പിക്കണമെന്ന് തീരുമാനിച്ചുകഴിഞ്ഞു. പൂർണിയ ചരിത്രം കുറിക്കും. എല്ലാ കക്ഷികളിലെയും മോശമായ നേതാക്കൾക്ക് പൂർണിയ മറുപടി നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.