‘മതത്തിന്റെ പേരിലുള്ള രാഷ്ട്രീയം അവസാനിക്കുന്നതിന്റെ തുടക്കം’
text_fieldsഹിന്ദു - മുസ്ലിം ധ്രുവീകരണത്തിലേക്ക് പടിഞ്ഞാറൻ യു.പിയെ നയിച്ച മുസഫർ കലാപത്തിന് മുമ്പുണ്ടായിരുന്ന തെരഞ്ഞെടുപ്പ് സ്ഥിതിയിലേക്ക് പടിഞ്ഞാറൻ യു.പിയിലെ പ്രചാരണരംഗം ഒരളവോളം മാറിയിരിക്കുന്നു. അതുകൊണ്ടാണ് ഭിന്നിപ്പിന്റെ വർഗീയ അജണ്ടകൾ ജനങ്ങളിൽ ഏശുന്നില്ലെന്ന് കോൺഗ്രസും സമാജ്വാദി പാർട്ടിയും പറയുന്നത്. വർഗീയ ധ്രുവീകരണം ശക്തിയാർജിക്കുന്നതിന് മുമ്പ് ലോക്സഭയിൽ കൈരാനയുടെ ശബ്ദമായിരുന്ന മുനവർ ഹസന്റെ 25കാരിയായ മകൾ ഇക്റ ഹസൻ ജാതിമതഭേദമന്യേ തനിക്ക് ലഭിക്കുന്ന പിന്തുണ പടിഞ്ഞാറൻ യു.പിയുടെ മനസ്സ് മാറ്റത്തിന്റെ ദൃഷ്ടാന്തമായി ചൂണ്ടിക്കാണിക്കുന്നു. ഇവിടെ ഇൻഡ്യ സഖ്യം സ്ഥാനാർഥിയായ ഇക്റ ഹസൻ ‘മാധ്യമ’ത്തിന് നൽകിയ അഭിമുഖം
- ഇത്രയും ചെറുപ്പത്തിൽ പാർലമെന്റിലേക്ക് കന്നിയങ്കം കുറിക്കാൻ ആത്മവിശ്വാസം ലഭിച്ചതെങ്ങനെ?
ഈ മണ്ഡലത്തിന്റെ മകൾ എന്ന നിലയിലാണ് ഞാൻ വോട്ടുചോദിക്കുന്നത്. ഞാൻ വളരെ ചെറുപ്പമാണ്. എന്തെങ്കിലും തെറ്റ് പറ്റിയാൽതന്നെ തിരുത്താൻ അധികാരമുണ്ടെന്നാണ് മുതിർന്നവരോട് വോട്ടുചോദിക്കുമ്പോൾ ഞാൻ പറയുന്നത്. മുതിർന്നവരുടെ ഉപദേശ നിർദേശങ്ങളും ആശീർവാദങ്ങളുമില്ലാതെ എനിക്ക് മുന്നോട്ടുപോകാനാവില്ല. എന്റെ പിതാവും കൈരാനയിലെ മുൻ എം.പിയുമായിരുന്ന ചൗധരി മുനവർ ഹസൻ ജീവൻപോലും വകവെക്കാതെയാണ് മണ്ഡലത്തിലെ ജനങ്ങൾക്കായി പ്രവർത്തിച്ചത്.
എന്റെ പിതാവിനൊപ്പം നിന്ന് പ്രവർത്തിച്ചവരേറെയുണ്ട് ഈ മണ്ഡലത്തിൽ. ജാതിയും മതവും നോക്കാതെ രാഷ്ട്രീയ പ്രവർത്തനം നടത്തുകയായിരുന്നു പിതാവ്. ആരെങ്കിലും വല്ല ആവശ്യങ്ങളുമായി വരുമ്പോൾ അദ്ദേഹം തനിക്ക് വോട്ടു ചെയ്തയാളാണോ അല്ലയോ എന്ന് ഒരിക്കലും പിതാവ് നോക്കിയില്ല. ഏറ്റവും പിറകിൽ നിന്ന വ്യക്തിയെ ആദ്യം വിളിച്ച് അദ്ദേഹത്തിന്റെ ആവശ്യം ആദ്യം നിറവേറ്റിക്കൊടുക്കുകയായിരുന്നു പിതാവ് ചെയ്തിരുന്നത്. അതേ വഴിയിൽ മുന്നോട്ടുപോകാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
- 2014ലെയും 2019ലെയും തെരഞ്ഞെടുപ്പുകളിൽനിന്ന് വ്യത്യസ്തമായി 2024ൽ എന്തു വ്യത്യാസമാണ് തോന്നുന്നത്?
2014ലെയും 2019ലെയും ലോക്സഭ തെരഞ്ഞെടുപ്പ് ദേശീയ വിഷയങ്ങളിലായിരുന്നുവെങ്കിൽ ഇതാദ്യമായി ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രാദേശിക വിഷയങ്ങൾ ജനം ചർച്ച ചെയ്യുന്നതാണ് കാണുന്നത്. ദേശീയതലത്തിൽ ബി.ജെ.പി സൃഷ്ടിക്കുന്ന നരേറ്റീവിന്റെ പ്രഭാവമൊന്നും മണ്ഡലത്തിലിറങ്ങുമ്പോൾ തനിക്ക് കാണാനാകുന്നില്ല. രാമക്ഷേത്രത്തിന്റെ പേരിൽ ബി.ജെ.പി പ്രതീക്ഷിച്ച തരംഗം പോലും പടിഞ്ഞാറൻ യു.പിയിലില്ല.
- 2014ലും 2019ലും തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ വന്നപ്പോൾ പടിഞ്ഞാറൻ യു.പിയിൽ മുസ്ലിം -ഹിന്ദു സമുദായ നേതാക്കൾ ഒരുമിച്ച് പ്രചാരണം നടത്തുന്നത് കാണാനായിരുന്നില്ല. എന്നാൽ, ഇക്കുറി കൈരാനയിലും മുസഫർ നഗറിലും അതല്ല സ്ഥിതി. ഇതൊരു മാറ്റമായി കാണുന്നോ?
തീർച്ചയായും. രാജ്യത്തിന്റെ നല്ല ഭാവിക്കായുള്ള ഒരു മാറ്റത്തിന്റെ തുടക്കമാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന പടിഞ്ഞാറൻ യു.പിയിലേതെന്നാണ് ഞാൻ കരുതുന്നത്. സ്വന്തം ജീവിതപ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ തെറ്റിക്കാനുള്ള ബി.ജെ.പിയുടെ അജണ്ട യു.പിയിൽപോലും ജനം മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. തങ്ങളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും തെരഞ്ഞെടുപ്പ് വിഷയങ്ങളായി ജനം ചർച്ച ചെയ്യാൻ തുടങ്ങിയിരിക്കുന്നു.
വർഗീയതക്ക് പകരം ലോക്സഭ മണ്ഡലത്തിന്റെ ആവശ്യങ്ങളെക്കുറിച്ച് ജനം സംസാരിച്ച് തുടങ്ങിയിരിക്കുന്നു. മതത്തിന്റെ പേരിലുള്ള രാഷ്ട്രീയം യു.പിയിലും രാജ്യത്തും അവസാനിക്കുന്നതിന്റെ തുടക്കമാകും ഇത്.അതിനാൽ ഇൻഡ്യ സഖ്യത്തിന്റെ വിജയം അനിവാര്യവുമാണ്.
- ലോക്സഭ തെരഞ്ഞെടുപ്പിൽ ദേശീയ വിഷയങ്ങളെപോലെ പ്രധാനമാണോ മണ്ഡലത്തിലെ ജനങ്ങളുടെ കാര്യം?
പടിഞ്ഞാറൻ യു.പിയെ സംബന്ധിച്ചേടത്തോളം ദേശീയ, സംസ്ഥാന രാഷ്ട്രീയ വിഷയങ്ങളെപോലെ പ്രധാനമാണ് മണ്ഡലത്തിന്റെ സ്വന്തം പ്രശ്നങ്ങൾ. കർഷകരുടെ പ്രശ്നങ്ങളും വിലക്കയറ്റവും തൊഴിലില്ലായ്മയും സ്വന്തം ലോക്സഭ മണ്ഡലത്തിന്റേതെന്നപോലെ രാജ്യത്തിന്റേതുമാണ്. കഴിഞ്ഞ അഞ്ചുവർഷം കൈരാന മണ്ഡലത്തിലെ ജനം എന്ത് പ്രതീക്ഷിച്ചോ അതവർക്ക് കിട്ടിയിട്ടില്ല. ഉത്തർപ്രദേശിലെ ഡബിൾ എൻജിൻ സർക്കാറിന്റെ ലാഭം കൈരാനയിലേക്ക് എത്തിയിട്ടില്ല.
- മോദി -യോഗി ഡബിൾ എൻജിന്റെ ലാഭം എന്തുകൊണ്ടാണ് എത്താതിരുന്നത്?
സർക്കാറിന്റെ ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കേണ്ട ബാധ്യത ഈ രണ്ട് കൂട്ടർക്കുമിടയിൽ നിൽക്കുന്ന ജനപ്രതിനിധികൾക്കാണ്. ജനങ്ങളുടെ സുഖദുഃഖങ്ങൾക്കൊപ്പം നിൽക്കുകയാണ് ജനപ്രതിനിധിയുടെ പ്രഥമ കർത്തവ്യം. ജനങ്ങളുടെ അന്തസ്സും ആത്മാഭിമാനവും അവരുടെ ജനപ്രതിനിധി കാക്കണം.
അവരുടെ പ്രയാസങ്ങൾ ദുരീകരിക്കാനും അവ പാർലമെന്റിൽ ഉന്നയിച്ച് സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും നോക്കണം. ജനപ്രതിനിധികൾ അഹങ്കാരികളായതോടെ തങ്ങൾ വഞ്ചിതരായെന്ന് ജനം തിരിച്ചറിഞ്ഞിരിക്കുന്നു. ജനപ്രതിനിധികൾ ജയിച്ചുകഴിഞ്ഞാൽ പാർട്ടി നിലപാടുകൾ മറന്ന് മണ്ഡലത്തിനായി നിൽക്കണമെന്നാണ് ഞാൻ പറയുന്നത്.
കഴിഞ്ഞ പ്രാവശ്യം കൈരാനയിൽനിന്ന് ജയിച്ചുപോയ എം.പിയുടെ അനുഭവം ജനത്തിന് മുന്നിലുണ്ട്. അതുവെച്ചാണ് ഇനി എനിക്കൊരവസരം നൽകൂ എന്ന് ഞാൻ ആവശ്യപ്പെടുന്നത്. സുഖദുഃഖങ്ങളിൽ കൂടെനിന്ന് അന്തസ്സിനായുള്ള പോരാട്ടത്തിൽ ജനത്തോടൊപ്പമുണ്ടാകുമെന്നാണ് ഞാൻ പറയുന്നത്. കഴിഞ്ഞ അഞ്ചുവർഷം ഈ മണ്ഡലത്തിലെ ജനങ്ങളെ കേൾക്കാൻ ആരുമില്ലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.