പാപങ്ങൾക്കുള്ള പാരിതോഷികം ജൂൺ നാലിന്
text_fieldsതലമുറകളുടെ ദേശീയ രാഷ്ട്രീയ ചരിത്രം പറയുന്ന ഫാടകിലെ അൻസാരി കുടുംബത്തിന്റെ തറവാട്ടുവീട്ടിലെത്തുമ്പോൾ പ്രചാരണത്തിന് ഇറങ്ങാനിരിക്കുന്ന ഗാസിപൂരിലെ സിറ്റിങ് എം.പി അഫ്സൽ അൻസാരിയെ ആശീർവദിക്കാനെത്തിയവരുടെ തിരക്കായിരുന്നു. കേവലം 10 ശതമാനം മുസ്ലിംകൾ മാത്രമുള്ള ഗാസിപൂർ മണ്ഡലത്തിൽ നിന്ന് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ലക്ഷ്യമിട്ട അൻസാരി കുടുംബത്തിന്റെ പ്രതിനിധി പതിവായെങ്ങനെ ജയിച്ചുകയറുന്നുവെന്ന് അറിയാൻ വീട്ടിലും മുറ്റത്തും തടിച്ചുകൂടിയ നാനാജാതി മതസ്ഥർ മതി. ജയിലിൽ വിഷംകൊടുത്തു കൊന്നുവെന്ന് അവരൊക്കെയും പറയുന്ന മുഖ്താർ അൻസാരിയുടെ ഓർമകൾ ഇപ്പോഴും അവിടെ ഘനീഭവിച്ചു നിൽക്കുകയാണ്. സ്വീകരണമുറിയിലേക്ക് കടന്നാൽ 1927-28 കാലയളവിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ് അധ്യക്ഷനായിരുന്ന സ്വാതന്ത്ര്യസമര സേനാനി ഡോ. മുഖ്താർ അഹ്മദ് അൻസാരി മുതൽ 1949ൽ രക്തസാക്ഷിയായ ബ്രിഗേഡിയർ മുഹമ്മദ് ഉസ്മാൻ അടക്കം മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരിവരെ ഈ കുടുംബം രാജ്യത്തിന് സംഭാവനചെയ്ത ദേശീയ നേതാക്കളുടെ ഛായാചിത്രങ്ങൾ. ഫ്രെയിം ചെയ്തുവെച്ച മുൻഗാമികളുടെ ചിത്രങ്ങൾക്ക് താഴെയിരുന്ന് അഫ്സൽ അൻസാരി ‘മാധ്യമ’ത്തോട് സംസാരിച്ചു.
സഹോദരൻ മുഖ്താർ അൻസാരിയെ ജയിലിൽ വിഷം കൊടുത്ത് കൊന്നതാണെന്ന് താങ്കൾ ആരോപിച്ചിരുന്നു. അന്വേഷണവും തുടർനടപടിയും എവിടെയെത്തി?
മുഖ്താറിനെ കൊന്നതാണെന്നാണ് ഞങ്ങളുടെ പരാതി. വിഷം കൊടുത്തു കൊന്നതാണെന്നും ഞങ്ങൾ പരാതിയിൽ ബോധിപ്പിച്ചിരുന്നു. എന്നാൽ ഈ സംഭവത്തിൽ ഉൾപ്പെട്ടവർ തന്നെയാണ് അതേക്കുറിച്ചുള്ള അന്വേഷണം നടത്തുന്നത്. ആ അന്വേഷണത്തിൽ ഞങ്ങൾ തൃപ്തരല്ല. മുഖ്താറിന് ജയിലിൽ വിഷം നൽകിയെന്നതിന് ഞങ്ങളുടെ പക്കൽ വ്യക്തമായ തെളിവുണ്ട്. സമയമാകുമ്പോൾ ഞങ്ങൾ അന്വേഷണം നടത്തിക്കും.
മാഫിയയെ മണ്ണോടു ചേർത്തിയെന്നാണല്ലോ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം?
ലോകത്ത് മാഫിയയോട് ആർക്കെങ്കിലും സഹാനുഭൂതിയുണ്ടാകുമോ? സമൂഹത്തിൽ വെറുപ്പാണുണ്ടാകുക. സഹാനുഭൂതിയുണ്ടെങ്കിൽ മാഫിയ വിളി തെറ്റാണ്. യഥാർഥത്തിൽ മാഫിയക്കായിരുന്നു മുഖ്താറിനെ ഭയം. പാവങ്ങളെ സഹായിച്ചിരുന്ന ഒരു മനുഷ്യനായിരുന്നു മുഖ്താർ. അദ്ദേഹത്തോടുള്ള സ്നേഹത്തിൽനിന്നുള്ള വേദനയാണ് ഗാസിപൂരിലെ ജനതയുടെ മനസ്സിലിന്ന്. മുഖ്താർ മരിക്കേണ്ടവനായിരുന്നുവെന്നും മുഖ്താറിനെ കൊന്നതിന് ജനം പാരിതോഷികം നൽകുമെന്നുമാണ് നിങ്ങൾ കരുതുന്നതെങ്കിൽ ജൂൺ നാലുവരെ കാത്തിരിക്കൂ. അന്ന് മുഖ്താറിനെ കൊന്നവർക്കുള്ള പാരിതോഷികവും പുരസ്കാരവും ലഭിക്കും. അവർ ചെയ്തുകൂട്ടിയ പാപങ്ങളെത്രയാണ്? ആ പാപങ്ങളത്രയും അവരുടെ ഉറക്കം കെടുത്തും.
നേരത്തേ ബി.എസ്.പി സ്ഥാനാർഥിയായിരുന്ന താങ്കൾ ഇപ്പോൾ എസ്.പി സ്ഥാനാർഥിയായിട്ടാണ് മൽസര രംഗത്ത്. ഇത് ദലിത് വോട്ടുകൾ നഷ്ടപ്പെടുത്തുമോ?
ഗാസിപൂരിലെ ജനവികാരം എന്താണെന്ന് മണ്ഡലത്തിലൊന്ന് കറങ്ങിനോക്കൂ. ജാതി സമീകരണം അറിയാനാകും. മറ്റു മണ്ഡലങ്ങളിലേതു പോലെയല്ല ഇവിടെ ജാതി സമീകരണം. തനിക്കുള്ള പിന്തുണയിൽ ജാതി വ്യത്യാസമില്ല. അതുകൊണ്ട് അവർ എന്തു പ്രചാരണം നടത്തിയാലും വൻ ഭൂരിപക്ഷത്തിന് ഞാൻ ജയിക്കും. മോദിയും യോഗിയും ചേർന്നാണ് ഗാസിപൂരിൽ എനിക്കെതിരെ പോരാടുന്നത്. അവർക്കുള്ള മറുപടി ജനം നൽകും.
ഇൻഡ്യ സഖ്യത്തിന്റെ യു.പിയിലെ പ്രകടനത്തെ കുറിച്ച് അഭിപ്രായം എന്താണ്? പടിഞ്ഞാറൻ യു.പിയിലെ മോദിവിരുദ്ധ വികാരം കിഴക്കൻ യു.പിയിലില്ലല്ലോ?
കിഴക്കൻ യു.പിയിലും ഇൻഡ്യ സഖ്യം മുന്നേറും. ബദൗനി, ജോൻപൂർ, അഅ്സംഗഢ്, ലാൽഗഞ്ച്, കോസി, ബലിയ, ചന്ദൗലി, റോബർട്സ്ഗഞ്ച്, ഗാസിപൂർ എന്നിവിടങ്ങളിൽ റെക്കോഡ് ജയം നേടും. മോദി പറയുന്ന കള്ളങ്ങളെല്ലാം ജനത്തിന് മനസ്സിലായിത്തുടങ്ങി. ഭരണഘടനയെ മാനിക്കാത്തവരും ജനാധിപത്യത്തിൽ വിശ്വാസമില്ലാത്തവരുമാണ് ഇവരെന്ന് ജനത്തിന് മനസ്സിലായി. അല്ലെങ്കിൽ അവർ ജനാധിപത്യത്തിന് അന്ത്യം കുറിക്കും. ഇന്ത്യയിൽ ജനാധിപത്യം നിലനിർത്താൻ ഏറ്റവും അനിവാര്യമായത് സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പായിരുന്നു. സ്വതന്ത്രമായ തെരഞ്ഞെടുപ്പ് കമീഷനാണ് നടത്തേണ്ടത്. കമീഷൻ ഒരു യന്ത്രമല്ല. മൂന്ന് കമീഷണർമാരാണ് കമീഷനെ കൈകാര്യം ചെയ്യുന്നത്. മൂവരും നിയമനത്തിലൂടെ നിഷ്പക്ഷരാകേണ്ടവരായിരുന്നു. എന്നാൽ, സുപ്രീംകോടതി വിധി മറികടന്ന് ചീഫ് ജസ്റ്റിസിനെ മാറ്റി പകരം സ്വന്തം മന്ത്രിയെ തൽസ്ഥാനത്തു വെച്ച് രണ്ട് കമീഷണർമാരെ നിയമിച്ചു. അവരാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. വോട്ടുയന്ത്രം മാറ്റി ബാലറ്റ് പേപ്പറിൽ തെരഞ്ഞെടുപ്പ് നടത്താൻ പ്രതിപക്ഷമൊന്നടങ്കം ആവശ്യപ്പെട്ടു. കമീഷൻ തയാറായില്ല. അങ്ങനെ ചെയ്താൽ 25 സീറ്റിൽ പോലും മോദി ജയിക്കില്ല.
വോട്ടുയന്ത്രമുപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് നിഷ്പക്ഷവും സത്യസന്ധവുമല്ല എന്ന് പറയുന്ന താങ്കൾ എന്നിട്ടും വിജയപ്രതീക്ഷ പുലർത്തുന്നത് എങ്ങനെയാണ്?
50,000 വോട്ടുകൾ തട്ടിപ്പിലൂടെ അവരുണ്ടാക്കിയെന്ന് കരുതുക. ഭൂരിപക്ഷം ലക്ഷത്തിന് മുകളിലാക്കി അതിനെ മറികടക്കണം. ഗാസിപൂരിലാണെങ്കിൽ മൂന്നു ലക്ഷം ഭൂരിപക്ഷമുണ്ടാക്കാനാണ് പണിയെടുക്കുന്നത്. ജനങ്ങളാണ് തെരഞ്ഞെടുപ്പിൽ ഇത്തവണ പോരാടാനിറങ്ങിയിരിക്കുന്നത്. ജനാധിപത്യത്തെയും ഭരണഘടനയെയും രക്ഷിക്കാൻ ഇത്തവണ ഇന്ത്യൻ ജനതയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. കള്ളം പറയുന്നവരെ മാറ്റിയേ തീരൂ എന്ന് ജനം തീരുമാനിച്ചുകഴിഞ്ഞു. ഈ കള്ളത്തരമെല്ലാം നടത്തിയാലും ഈ സർക്കാർ രക്ഷപ്പെടാൻ പോകുന്നില്ല. മോദി സർക്കാർ പോകാനുള്ളതാണ്.
അവസാന ഘട്ടത്തിലെ മോദിയുടെ വിദ്വേഷപ്രസംഗങ്ങൾ ഇൻഡ്യക്ക് തിരിച്ചടിയാകില്ലേ?
ദിവസവും മോദിയുടെ സംസാരം കേട്ടു നോക്കൂ. അമ്മപെങ്ങന്മാരുടെ ‘മംഗൾസൂത്ര’എടുത്തുകൊണ്ടുപോകുമെന്ന് പറഞ്ഞു. രണ്ട് വീടുണ്ടെങ്കിൽ ഒരു വീട് ജപ്തി ചെയ്ത് സർക്കാർ മുസൽമാന് നൽകുമെന്ന് പറഞ്ഞു. രണ്ട് എരുമകളുണ്ടെങ്കിൽ അതിലൊരു എരുമയെ പിടിച്ചുകൊണ്ടുപോകുമെന്നും പറഞ്ഞു. എന്നാൽ പശുവിനെ ഗോമാതാവ് എന്ന് വിളിക്കുമ്പോൾതന്നെ ഗോമാംസം വിൽക്കുന്ന വ്യാപാരികളിൽനിന്ന് 220 കോടി രൂപ തങ്ങൾ ഇലക്ടറൽ ബോണ്ടിലൂടെ സംഭാവന വാങ്ങുമെന്ന് മോദി പറയില്ല. വാക്സിൻ കമ്പനിയിൽ നിന്ന് 500 കോടി ബോണ്ടിലൂടെ വാങ്ങിയതും മോദി പറയില്ല. ജനത്തിന് ഇതെല്ലാം മനസ്സിലായിട്ടുണ്ട്. ടി.വിയും റേഡിയോയും പത്രങ്ങളും അടങ്ങുന്ന മുഖ്യധാരാ മാധ്യമങ്ങളെല്ലാം അദാനിയും അംബാനിയും വിലക്കെടുത്താലും സമൂഹ മാധ്യമങ്ങളിലൂടെ എല്ലാം ലോകത്തിനു മുന്നിലെത്തുന്നുണ്ട്. അതുകൊണ്ട് മോദി സർക്കാർ പോകുകതന്നെ ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.