നിർമിതബുദ്ധി എന്ന അജ്ഞാത ജീവി
text_fieldsമലയാളത്തിലെ സമാന്തര സിനിമ സംരംഭങ്ങളെയും അതിന്റെ വക്താക്കളെയും ഏറ്റവും ആഴത്തിൽ സ്വാധീനിച്ച ഇന്ത്യൻ ഭാഷാ സിനിമകൾ ഒരുപക്ഷേ ബംഗാളിൽനിന്നുള്ളവയാകും. സത്യജിത് റായ് മുതൽ ഋത്വിക് ഘട്ടകും മൃണാൾ സെന്നും അടക്കമുള്ളവർ മലയാളിയുടെ ചലച്ചിത്ര ഭാവുകത്വത്തെയും സൗന്ദര്യാത്മകതയെയും ഗാഢമായി സ്വാധീനിച്ച ചലച്ചിത്ര സ്രഷ്ടാക്കളാണ്.
ബംഗാളിലെ സമാന്തര സിനിമക്ക് പഴയ പ്രൗഢി ഇന്നിെല്ലങ്കിലും ലോകശ്രദ്ധ നേടുന്ന സിനിമകൾ ഇപ്പോഴും അവിടെനിന്ന് പിറവികൊള്ളുന്നുണ്ട്. പശ്ചിമ ബംഗാളിലെ സമാന്തര സിനിമാലോകത്തെ പുതുതലമുറയിലെ ശ്രദ്ധേയ സാന്നിധ്യമാണ് അനീക് ചൗധരി. ‘ദി വൈഫ്സ് ലെറ്റർ’, ‘വൈറ്റ്’, ‘കാക്റ്റസ്’, ‘ജറോക്ക്’, ‘ദി ടെയ്ൽ ഓഫ് എ സാന്റ ആൻഡ് ഹിസ് മതർ’ എന്നീ ഫീച്ചർ സിനിമകളും അർബർ വോയ്സ്, കോമിക് ഫിംഗേർസ് എന്നീ ഡോക്യുെമന്ററികളും അനീക് ചൗധരിയുടേതായി പിറന്നിട്ടുണ്ട്.
ബംഗാൾ സ്വദേശിയാണെങ്കിലും അദ്ദേഹത്തിന്റെ സിനിമകൾ കൂടുതലും നിശ്ശബ്ദ സിനിമകളോ ഹിന്ദി സിനിമകളോ ആണ്. അദ്ദേഹത്തിന്റെ ആദ്യ ഫീച്ചർ ഫിലിം ‘കത്തി നൃത്തം’ കഥകളിയുമായി ബന്ധപ്പെട്ട മലയാള ചിത്രമാണ്. ഉടൻ റിലീസിനെത്തുന്ന ബോളിവുഡ് ചിത്രം ‘ദി സീബ്രാസ്-ഡാർക് സ്റ്റാർട്ട്’ നിർമിച്ചത് മലയാളികളായ അഖിൽ മുരളിയും ആഷിക്ക് മുരളിയുമാണ്. കാൻസ് ഫെസ്റ്റിവലിലെ ഇന്ത്യ പവിലിയനിലാണ് ചിത്രത്തിന്റെ ട്രെയ്ലർ റിലീസ് നടന്നത്.
തിരക്കഥ ഓസ്കർ ലൈബ്രറിയിലേക്ക് ഇതിനകം തിരഞ്ഞെടുത്തു. മനുഷ്യജീവിതത്തിലേക്കുള്ള നിർമിതബുദ്ധിയുടെ കടന്നുകയറ്റം പ്രമേയമായ സിനിമ കൊൽക്കത്തയിലാണ് ചിത്രീകരിച്ചത്. മുൻനിര ബോളിവുഡ് താരവും ‘ദി ഫാമിലി മാൻ’ അടക്കമുള്ള സീരീസുകളിലൂടെ ശ്രദ്ധേയനുമായ ശാരിബ് ഹാശ്മിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം.
സിനിമയെ ഒരു അക്കാദമിക പ്രവർത്തനംകൂടിയായി പരിഗണിക്കുന്ന ആളാണ് അനീക്. നിറ സിദ്ധാന്തങ്ങളും സിനിമയും ആണ് അദ്ദേഹത്തിന്റെ ഗവേഷണ ഊന്നൽ. ഈ വിഷയത്തിൽ പുസ്തകങ്ങളും പ്രബന്ധങ്ങളും എഴുതിയ അദ്ദേഹം ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ വിസിറ്റിങ് ഫാക്കൽറ്റിയായി പ്രവർത്തിക്കുകയും ചെയ്യുന്നു. പുതിയ സിനിമയെയും തന്റെ ചലച്ചിത്ര ജീവിതത്തെയും കുറിച്ച് സംസാരിക്കുകയാണ് അനീക് ചൗധരി.
എ.ഐയുടെ കടന്നുകയറ്റം
സാങ്കേതികവിദ്യ യാഥാർഥ്യവും ഭാവനയും തമ്മിലുള്ള അതിർവരമ്പുകൾ മായ്ക്കുന്ന പശ്ചാത്തലത്തിൽ ഒരു ഫാഷൻ ഫോട്ടോഗ്രാഫറുടെ യാത്രയെ പിന്തുടരുകയാണ് ‘ദി സീബ്രാസ്’. ഫാഷൻ മോഡലിങ് ലോകത്തെ നിർമിതബുദ്ധിയുടെ കടന്നുകയറ്റവും പ്രത്യാഘാതങ്ങളുമാണ് പ്രമേയം.
ഫോട്ടോഗ്രാഫറായി ശാരിബ് ഹാശ്മിയും ഡോക്യുമെന്ററി നിർമാതാവായി ഉഷ ബാനർജിയും ഫാഷൻ മോഡലായി പ്രിയങ്ക സർക്കാറും സിനിമയിൽ വേഷമിടുന്നു. കോവിഡ് കാലമാണ് ഇത്തരമൊരു ആശയത്തിലേക്ക് എത്തിച്ചത്. കുടുംബവുമായി അത്ര ആഴത്തിലുള്ള ബന്ധം മുമ്പുണ്ടായിരുന്നില്ല.
എന്നാൽ, കോവിഡ് കാലത്ത് അടുത്ത ബന്ധുക്കളിൽ പലരും വിടപറഞ്ഞതോടെ നമ്മുടെ ജൈവിക ബന്ധങ്ങളുടെ ആഴം സംബന്ധിച്ച തിരിച്ചറിവുണ്ടായി. പ്രകൃതിയെ സംബന്ധിച്ച പുതിയ ആലോചനകളിലേക്കും കടന്ന സമയമാണത്. ജൈവികതയും യാന്ത്രികതയും തമ്മിൽ എന്നിലുണ്ടായ ആന്തരിക സംഘർഷമാണ് ഈ പ്രമേയത്തിലേക്ക് എത്തിച്ചത്.
കൊൽക്കത്തയിൽ എനിക്കറിയാവുന്ന രണ്ട് ജ്വല്ലറി ഭീമൻമാർ കഴിഞ്ഞ ഒരു വർഷമായി ഒരു മോഡലിനെപ്പോലും വിളിക്കുന്നില്ല. അവരുടെ പരസ്യങ്ങൾ പൂർണമായും എ.ഐയെ ആശ്രയിച്ചുള്ളതായി. ഫാഷൻ, മോഡലിങ് രംഗത്ത് അതിഭീകരമായ അനിശ്ചിതാവസ്ഥയാണ് നിർമിതബുദ്ധി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.
അവസരങ്ങൾ നഷ്ടപ്പെട്ടതിനാൽ ആത്മഹത്യക്ക് ശ്രമിച്ച മോഡൽ സുഹൃത്ത് എനിക്കുണ്ട്. നിർമിതബുദ്ധിക്ക് മുന്നിൽ സമ്പൂർണമായി കീഴടങ്ങിയ അടിമയായി നമ്മൾ മാറുന്ന കാലം വിദൂരമല്ല. ഈ സാമൂഹിക രൂപാന്തരീകരണത്തെയാണ് സിനിമയിൽ ചിത്രീകരിക്കാൻ ശ്രമിച്ചത്.
നിറങ്ങളുടെ മനഃശാസ്ത്രം
കുട്ടിക്കാലം മുതലേ നിറങ്ങൾ എന്റെ ഇഷ്ട നിരീക്ഷണ വിഷയമാണ്. പോളിഷ് ചലച്ചിത്രകാരൻ ക്രിസ്റ്റഫ് കിസ്ലോസ്കിയുടെ സിനിമകൾ നിറങ്ങളെ കുറിച്ചുള്ള ആലോചനകളെ കൂടുതൽ തീവ്രമാക്കി. അദ്ദേഹത്തിന്റെ ‘ത്രീ കളേഴ്സ് ട്രിലജി’ –ബ്ലൂ, വൈറ്റ്, റെഡ് സിനിമകൾ നിറങ്ങളുടെ സൈദ്ധാന്തിക പ്രതലത്തെ സമർഥമായി ഉപയോഗിച്ച സിനിമകളാണ്. ഫ്രെയിമിലെ ഒരോ നിറത്തിനും മനഃശാസ്ത്രപരവും ഗണിതശാസ്ത്രപരവുമായ ഒരു തലമുണ്ട് എന്ന തിരിച്ചറിവ് അങ്ങനെയാണ് ലഭിക്കുന്നത്.
പിന്നീട് എന്റെ സിനിമകളിൽ ഇത് പരീക്ഷിച്ചു. സീബ്രാ എന്ന ജീവിയുടെ കുറുപ്പും വെളുപ്പുമാർന്ന നിറം നല്ലത്, ചീത്ത എന്നത് സംബന്ധിച്ച രൂപകം എന്ന നിലക്കാണ് സിനിമയുടെ തലക്കെട്ടിൽ ഉപയോഗിച്ചിട്ടുള്ളത്. സിനിമയിലെ കഥാപാത്രങ്ങളുടെ കോസ്റ്റ്യൂം, ലൊക്കേഷൻ, കാമറ ടോൺ എന്നിവയെല്ലാം നിറ സിദ്ധാന്തങ്ങളെ ആസ്പദിച്ചാണ് ചെയ്തത്.
ഭാവം, വൈകാരികത, മൂല്യം, കാഴ്ചപ്പാട് എന്നിവയെയെല്ലാം പ്രതിനിധാനം ചെയ്യാനും േപ്രക്ഷകന് സംവേദനക്ഷമമാക്കാനും നിറങ്ങളുടെ സൂക്ഷ്മവിന്യാസത്തിന് സാധിക്കും. ഒരു ഫ്രെയിമിൽ പല കഥാപാത്രങ്ങൾക്ക് പലതരം ലൈറ്റിങ് ആണ് ചില രംഗങ്ങളിൽ.
ഒരോ കഥാപാത്രത്തിന്റെയും വൈകാരികതലം മറ്റൊരാളിൽനിന്ന് വ്യത്യസ്തമായതിനാലാണത്. ശബ്ദവും ആ തരത്തിൽ ഉപയോഗപ്പെടുത്തിയ മറ്റൊരു പരീക്ഷണമാണ്. പ്രകൃതി സിനിമയിലെ മുഖ്യകഥാപാത്രമാണ്. പ്രകൃതിയുടെ സഹജമായ ഒച്ചകളെ പരമാവധി ആഴത്തിൽ പതിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്.
പ്രേക്ഷകർതന്നെ മുകളിൽ
പ്രേക്ഷകരുടെ ധൈഷണിക നിലവാരം സംബന്ധിച്ച മിഥ്യാബോധങ്ങളിലാണ് പല സംവിധായകരും. ഇങ്ങനെ സിനിമയെടുത്താൽ േപ്രക്ഷകന് മനസ്സിലാവില്ല എന്ന് ചില സംവിധായകർ കരുതുന്നു. യഥാർഥത്തിൽ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളുടെ അനുകരണമോ അനുകൽപനയോ ആണ് സിനിമ ചെയ്യുന്നത്.
സാമൂഹിക യാഥാർഥ്യങ്ങൾക്ക് നടുവിൽ ജീവിക്കുന്ന പ്രേക്ഷകന് അത് മനസ്സിലാവാതിരിക്കാൻ തരമില്ലല്ലോ. എന്റെ സിനിമയുടെ ഉദ്ദിഷ്ട പ്രേക്ഷകർ എന്നേക്കാൾ ധൈഷണിക നിലവാരമുള്ളവരാണ് എന്നാണ് എന്റെ ബോധ്യം.
ഇടക്കാലത്ത് ഞാൻ സിനിമയിൽനിന്ന് ഇടവേളയെടുത്തിരുന്നു. സിനിമ യാത്ര പുനരാരംഭിക്കാൻ പ്രേരിപ്പിച്ചത് കേരള കലാമണ്ഡലത്തിലെ ഒരു കഥകളി അവതരണമായിരുന്നു. കഥകളി ആസ്വാദനം എളുപ്പമുള്ള ഒന്നല്ല എന്നറിയാമല്ലോ. പക്ഷേ, അത് നന്നായി ആസ്വദിക്കുന്ന ഒരുപാട് പേരെ ഞാനവിടെ കണ്ടു.
പറഞ്ഞുവന്നത്, പ്രേക്ഷകരെ സംബന്ധിച്ച ഒരു പൊതുവത്കരണം വലിയ അബദ്ധങ്ങളിലേക്ക് സിനിമപ്രവർത്തകരെ കൊണ്ടെത്തിക്കും എന്നതാണ്. പ്രേക്ഷകരുടെ ആസ്വാദന നിലവാരം സംബന്ധിച്ച ഈ അജണ്ട നിശ്ചയിക്കുന്നത് പലപ്പോഴും അധികാര ഘടനകളാണ്.
ആ അജണ്ടയെ ചെറുക്കുക എന്നതാണ് എന്റെ സിനിമയുടെ രാഷ്ട്രീയം. എന്നാൽ, സിനിമയിലൂടെ അധികാര കേന്ദ്രങ്ങൾക്കെതിരെ പോരാട്ടത്തിന് ജനങ്ങളെ പ്രേരിപ്പിക്കണം എന്ന നിലപാട് എനിക്കില്ല. സിനിമ സമൂഹത്തിന്റെ കണ്ണാടിയാണ്.
അത് മനസ്സിലാക്കുന്ന ജനം അവരുടെ വിവേചനബുദ്ധി പ്രകാരമാണ് തീരുമാനങ്ങൾ എടുക്കേണ്ടത്. അല്ലാതെ കലാകാരൻ പ്രേക്ഷകന്റെ ചിന്താശേഷിക്കു മുകളിൽ കയറിനിൽക്കുന്ന ഏകാധിപതിയായാൽ നടേ സൂചിപ്പിച്ച ആ ഏകാധിപത്യ സ്വഭാവമുള്ള അധികാരകേന്ദ്രങ്ങളും നമ്മളും തമ്മിൽ പിന്നെന്ത് വ്യത്യാസം?
കേരളവും ബംഗാളും തമ്മിൽ
പതിറ്റാണ്ടുകളുടെ സിനിമാബന്ധം ബംഗാളും കേരളവും തമ്മിലുണ്ട്. സത്യജിത് റായ്ക്കും മൃണാൾ സെന്നിനും മലയാളി പ്രേക്ഷകരിൽ ലഭിക്കുന്ന സ്വീകാര്യത ഇവിടെ അടൂർ ഗോപാലകൃഷ്ണനും ഷാജി എം. കരുണിനുമൊക്കെയുണ്ട്. മലയാള സിനിമ നന്നായി കാണാറുണ്ട്. ‘കത്തിനൃത്തം’ എന്ന എന്റെ സിനിമ മലയാളിയായ ഒരു കഥകളി കലാകാരന്റെ ജീവിതമാണ് പറയുന്നത്.
മലയാളത്തിലാണ് അത് ചെയ്തത്. കൊൽക്കത്തയിൽ ചിത്രീകരിച്ച ഈ സിനിമ ദൗർഭാഗ്യവശാൽ ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിൽ മുടങ്ങി. തങ്ങളുടെ സമ്പന്ന ഭൂതകാലത്തിന്റെ മാതൃകകളെ വിടാതെ തന്നെ ഭാവുകത്വപരമായി സ്വയം നവീകരിക്കാൻ മലയാള സിനിമക്ക് സാധിച്ചിട്ടുണ്ട്.
മലയാളത്തിൽനിന്ന് അന്താരാഷ്ട്ര ചലച്ചിത്ര വേദികളിലെത്തുന്ന സിനിമകൾക്ക് ലഭിക്കുന്ന വലിയ സ്വീകാര്യത അതിന്റെ തെളിവാണ്. ദൗർഭാഗ്യകരമെന്ന് പറയട്ടെ, ബംഗാളി സിനിമ ഒരുതരം സ്തംഭനാവസ്ഥയിലാണ് ഇപ്പോൾ. ഭൂതകാലപ്പെരുമയിൽ നിർവൃതികൊള്ളാൻ മാത്രമാണ് യോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.