കർണാടകയിൽ മൂന്നാം മുന്നണിക്ക് സാധ്യതയുണ്ട്
text_fieldsകർണാടകയിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കൊപ്പം ചേരാനുള്ള ജെ.ഡി-എസ് നിലപാടിൽ പ്രതിഷേധിച്ചാണ് സംസ്ഥാന അധ്യക്ഷനായ സി.എം. ഇബ്രാഹിമും ദേശീയ ജനറൽ സെക്രട്ടറി സി.കെ. നാണുവുമടക്കമുള്ള നേതാക്കൾ ദേവഗൗഡയുമായി പിരിയുന്നത്. ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയിൽ നിൽക്കെ, കർണാടകയിൽ മൂന്നാം മുന്നണി നീക്കത്തിലാണ് സി.എം. ഇബ്രാഹിം. മുന്നണി ചർച്ചക്കായി വടക്കൻ കർണാടകയിൽ പര്യടനത്തിനിടെ ഹുബ്ബള്ളിയിൽവെച്ച് അദ്ദേഹം ‘മാധ്യമ’വുമായി സംസാരിച്ചു
കർണാടകയിൽ മൂന്നാം മുന്നണി കൊണ്ട് എന്താണ് താങ്കൾ ലക്ഷ്യമിടുന്നത്?
മുസ്ലിംകൾ, ദലിതർ, പിന്നാക്ക വിഭാഗക്കാർ, ലിംഗായത്തുകൾ എന്നിവരുടെ മുന്നണിയാണ് ലക്ഷ്യം. ബി.ജെ.പിയും കോൺഗ്രസും ഒരുപോലെയാണ്.
രാഷ്ട്രീയമായി ദേവഗൗഡയുടെ കഥ കഴിഞ്ഞു. അവഗണിക്കപ്പെടുന്നവരെ ചേർത്ത് മൂന്നാം മുന്നണിയാണ് ലക്ഷ്യം. കർണാടകയിൽ ആദ്യം ഇത് പരീക്ഷിക്കും.
ആരൊക്കെയാണ് താങ്കൾക്കൊപ്പമുള്ളത്?
രാജ്യത്തെ ജനതാദൾ -എസിലെ എല്ലാവരും എനിക്കൊപ്പമുണ്ട്. ജെ.ഡി-എസിനെ പുനരുജ്ജീവിപ്പിക്കും. നിലവിലെ ജെ.ഡി-എസ് എം.എൽ.എമാർ ഞങ്ങൾക്കൊപ്പം വരും. പക്ഷേ, കേരളത്തിൽ മാത്രം ചിലർ ഇരട്ടത്താപ്പിൽ നിൽക്കുന്നു. ദേവഗൗഡയുടെ അടുത്ത് വന്ന് അവർ ദേവഗൗഡക്കൊപ്പമാണെന്ന് പറയും. കേരളത്തിൽ ചെന്ന് പിണറായിക്കൊപ്പം നിൽക്കും. പിണറായി വിജയന് ഇവരുടെ കാര്യത്തിൽ നിലപാടെടുക്കാൻ മടിയാണ്.
മുസ്ലിംകളെയും ദലിതരെയും പിന്നാക്ക വിഭാഗക്കാരെയും ഒന്നിപ്പിക്കാൻ 2005 ൽ താങ്കളും സിദ്ധരാമയ്യയും ചേർന്ന് ഹുബ്ബള്ളിയിൽ നടത്തിയ ‘അഹിന്ദ സമാവേശ’യെ തുടർന്നാണ് രണ്ടുപേരെയും അന്ന് ദേവഗൗഡ ജെ.ഡി-എസിൽനിന്ന് പുറത്താക്കുന്നത്. മൂന്നാം മുന്നണി സങ്കൽപം ഇതിന്റെ പുതിയ രൂപമാണോ ?
അതേ. പക്ഷേ, ലിംഗായത്തുകളെക്കൂടി ഉൾപ്പെടുത്തിയാണ് മൂന്നാം മുന്നണി ആലോചിക്കുന്നത്. ലിംഗായത്തുകൾ മുമ്പ് കോൺഗ്രസിനൊപ്പമുണ്ടായിരുന്നവരാണ്. കോൺഗ്രസിന്റെ അവഗണനയാണ് അവരെ ബി.ജെ.പിക്കൊപ്പം നിൽക്കാൻ പ്രേരിപ്പിച്ചത്. എന്നാൽ, രാജ്യത്ത് വർഗീയത പടരുന്നതിൽ അവർക്ക് താൽപര്യമില്ല. ബസവതത്ത്വങ്ങളാണ് ലിംഗായത്തുകളുടെ അടിസ്ഥാനം. അത് നാരായണഗുരു പറഞ്ഞതുപോലെ, മനുഷ്യർ ഒന്നാണെന്ന സങ്കൽപമാണ്.
എവിടെവരെയെത്തി താങ്കളുടെ പ്രവർത്തനങ്ങൾ?
വടക്കൻ കർണാടകയിൽ ലിംഗായത്ത് മഠാധിപതികളെ സന്ദർശിച്ചുവരികയാണ്. ദിംഗലേശ്വർ സ്വാമിയുമായി (ഹുബ്ബള്ളിയിൽ കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിക്കെതിരെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച സ്വാമി) ഷിരഹട്ടിയിലെ മഠത്തിൽ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഗദകിൽ സിദ്ധാരൂഢ സ്വാമിയുമായും ജമഖണ്ഡിയിലെ മഠാധിപതിയുമായും നേരിൽ സംസാരിച്ചു. ചിത്രദുർഗയിലെ സിരിഗരെ മഠാധിപതിയെ കാണും. ചിത്രദുർഗയിൽ മേയ് ഒന്നിന് ലിംഗായത്ത് സ്വാമിമാരുടെ യോഗം വിളിച്ചുചേർത്തിട്ടുണ്ട്.
ആരാണ് മൂന്നാം മുന്നണി എന്ന നീക്കം ആദ്യം തുടങ്ങിവെക്കുന്നത്?
ഞാനും ലിംഗായത്ത് സ്വാമിമാരും ഒരേ സമയത്താണ് ഇതേക്കുറിച്ച് ആലോചിക്കുന്നത്. ഒരേ ട്രെയിനിൽ ഞങ്ങൾ രണ്ടുകൂട്ടരും ടിക്കറ്റെടുക്കുകയായിരുന്നു.
കർണാടക രാഷ്ട്രീയത്തിൽ മുസ്ലിം സമുദായം തഴയപ്പെടുന്നില്ലേ?
എന്താ സംശയം? അതുകൊണ്ടുകൂടിയാണ് എന്റെ ഈ ശ്രമം. കർണാടകയിലെന്നല്ല എല്ലായിടത്തും ഇതാണ് സ്ഥിതി. മഹാരാഷ്ട്രയിൽ 48 സീറ്റിൽ ഒന്നിൽപോലും മുസ്ലിം സ്ഥാനാർഥിയെ നിർത്തിയിട്ടില്ല.
ഇത്തവണ കോൺഗ്രസ് മൻസൂർ അലിഖാനെയാണ് (മുതിർന്ന നേതാവ് റഹ്മാൻ ഖാന്റെ മകൻ) ഏക മുസ്ലിം സ്ഥാനാർഥിയായി കർണാടകയിൽ നിർത്തിയത്. മണ്ഡലത്തിൽപോലും പരിചിതനല്ലാത്ത ഒരാൾ.
നല്ല പാചക്കാരനില്ലാതെ, ‘കൈപ്പണ്ടാരി’യെ (പാചക സഹായി) വെച്ച് ഭക്ഷണമുണ്ടാക്കുന്ന പോലെയാണ് അത്. കോൺഗ്രസ് ശരിക്ക് പണിയെടുത്തിരുന്നെങ്കിൽ 20 സീറ്റ് ഉറപ്പായും ജയിക്കേണ്ടതാണ്. ജനം മോദിയെ മടുത്തിരിക്കുകയാണ്. അവർക്ക് ബദൽ വേണം. എന്നാൽ, കോൺഗ്രസിന് അതിന് കഴിയുന്നില്ല.
ജെ.ഡി-എസിലെ മുസ്ലിം നേതാക്കൾ കോൺഗ്രസിലേക്ക് പോവുകയാണല്ലോ, താങ്കളുടെ മകനടക്കം?
കേരളത്തിലെ പോലെയല്ല, ഇവിടെ പാർട്ടിമാറുന്നത് പ്രശ്നമല്ല. ഇവിടെ ചന്തയാണ്. സാധനം നന്നായില്ലെങ്കിൽ വേറെ കടയിൽ പോവും.
ലിംഗായത്ത് മഠങ്ങളുമായി എങ്ങനെയാണ് താങ്കൾക്ക് അടുപ്പം വരുന്നത്?
ഞാൻ ചിത്രദുർഗ സിരിഗരെ മഠത്തിൽനിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയയാളാണ്. കോൺഗ്രസിലെ ലിംഗായത്ത് നേതാക്കളായ നിജലിംഗപ്പയും വീരേന്ദ്രപാട്ടീലുമാണ് (ഇരുവരും മുൻ മുഖ്യമന്ത്രിമാർ) എന്നെ രാഷ്ട്രീയമായി വളർത്തിയത്. അങ്ങനെയൊരു ആത്മബന്ധം എനിക്കവരുമായുണ്ട്.
മൂന്നാം മുന്നണി സംബന്ധിച്ച പ്രഖ്യാപനം എന്നു പ്രതീക്ഷിക്കാം?
രണ്ടു മാസത്തിനകം ഹുബ്ബള്ളിയിൽ വിപുലമായ കൺവെൻഷൻ നടക്കും. ലിംഗായത്ത് സ്വാമിമാർകൂടെ നിൽക്കുന്നതാണ് എനിക്ക് ശക്തി പകരുന്നത്. അവർതന്നെ ആ പ്രഖ്യാപനം നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.