ലീഗിനെ അടർത്തി സ്വാധീനം കൂട്ടേണ്ട ആവശ്യമില്ല -മുഖ്യമന്ത്രി 'മാധ്യമ'വുമായി സംസാരിക്കുന്നു
text_fieldsസംസ്ഥാന മന്ത്രിസഭയാകെ ഓരോ മണ്ഡലത്തിലേക്കുമെത്തുന്ന നവകേരള സദസ്സ് ഇപ്പോൾ മധ്യകേരളത്തിലാണ്. വിവാദങ്ങളും വിമർശനങ്ങളും ബഹിഷ്കരണവും ഒരുഭാഗത്ത് നടക്കുമ്പോൾ, നവകേരള സദസ്സിനെ ജനങ്ങൾ ഏറ്റെടുത്തുവെന്ന പൂർണവിശ്വാസത്തിലാണ് മുഖ്യമന്ത്രിയടക്കമുള്ളവർ. നവകേരള യാത്രക്കിടെ, മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമവുമായി സംസാരിക്കുന്നു.
? മന്ത്രിസഭയാകെ ഓരോ മണ്ഡലത്തിലും എത്തുക എന്നത് ഒരുപക്ഷേ, ഇന്ത്യയിൽത്തന്നെ ആദ്യമാകും. ഇത്തരമൊരു തീരുമാനത്തിന് പ്രേരകമായത് എന്താണ്, ഈ ആശയം ആരുടേതാണ്
ഞങ്ങളുടെ തീരുമാനങ്ങളെല്ലാം കൂട്ടായി ആലോചിച്ച് വരുന്നതല്ലേ. ഇതും മന്ത്രിസഭതന്നെ കൂട്ടായി ആലോചിച്ച് തീരുമാനിച്ചതാണ്
? വിമർശനം, വിവാദങ്ങൾ, ബഹിഷ്കരണം, പ്രതിഷേധം എന്നിവയുടെ അകമ്പടിയോടെയാണ് യാത്ര തുടങ്ങിയതും തുടരുന്നതും. ഇതിനിടയിലും ജനങ്ങളുടെ പ്രതികരണത്തെ എങ്ങനെ വിലയിരുത്തുന്നു
ജനങ്ങൾ വളരെ ആരോഗ്യകരമായാണ് ചിന്തിക്കുന്നത്. നാടിന്റെ വികസനത്തിനൊപ്പം നിൽക്കണമെന്നും അതിനെ തകർക്കാൻ ശ്രമിക്കുന്നവരുടെ കൂടെ നിൽക്കാനാവില്ലെന്നും ഉള്ള നിലപാടാണ് ജനങ്ങൾ എല്ലായ്പോഴും സ്വീകരിച്ചിട്ടുള്ളത്. അവർ നിഷേധാത്മകമായ നിലപാടിനോടൊപ്പമല്ല.
? പ്രതിഷേധിക്കുക എന്നത് ജനാധിപത്യപരമല്ലേ? അതിനെതിരെ പ്രവർത്തകർ നിയമം കൈയിലെടുക്കുന്നത് ശരിയാണോ? ആത്യന്തികമായി ഭരണത്തിന്, പ്രത്യേകിച്ച് ആഭ്യന്തര വകുപ്പിനല്ലേ കളങ്കം
നിയമം കൈയിലെടുക്കുകയല്ല ഉണ്ടായത്. ഈ ബസിന്റെ മുന്നിലേക്ക് നോക്കിയാൽ അറിയാം. ഇതിന്റെ മുന്നിലേക്ക് രണ്ടുപേർ ചാടുകയാണ്. സ്വാഭാവികമായും അപകടം സംഭവിക്കും. അത് ഒഴിവാക്കാൻ തൊട്ടടുത്ത് നിൽക്കുന്നവർ അവരെ തട്ടിമാറ്റുകയാണ്.
അതാണ് ജീവൻരക്ഷ നടപടിയാണ് സ്വീകരിച്ചത് എന്നുപറഞ്ഞത്. അതവർക്ക് മനസ്സിലായി എന്നുതോന്നുന്നു. ഇപ്പോൾ കാണുന്നത് റോഡിന്റെ സൈഡിൽനിന്ന് കരിങ്കൊടി വീശുന്നതാണ്. അതിൽ ഞങ്ങൾക്ക് പ്രശ്നമില്ല. അവർ വീശിക്കോട്ടെ, പതിനായിരങ്ങൾ ഇപ്പുറത്ത് പങ്കെടുക്കുന്നു.
? മലപ്പുറം ജില്ലയിലെ മങ്കടപോലുള്ള സ്ഥലങ്ങളിൽ കിട്ടിയ പ്രതികരണങ്ങളെ എങ്ങനെ കാണുന്നു. മുസ്ലിം സമുദായത്തിലേക്ക് കൂടുതൽ കടന്നുകയറാൻ, ലീഗ് കോട്ടകൾ ഇളക്കാൻ മലപ്പുറം ജില്ലയിലെ ജനക്കൂട്ടം തുണയാകുമോ? ഇടതുമുന്നണി- ലീഗ് സഹകരണം കുറച്ചുകാലമായി അന്തരീക്ഷത്തിലുണ്ട്. 2026 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അത് പ്രതീക്ഷിക്കാമോ
ഇത് രണ്ടും രണ്ടാണ്. മുസ്ലിംലീഗ് എന്നുപറയുന്ന രാഷ്ട്രീയ പാർട്ടിയും അതിന്റെ സ്വാധീനവും വേറെ, മുസ്ലിം സമുദായം വേറെ. അങ്ങനെയാണ് അതിനെ കാണേണ്ടത്. ഞങ്ങളുടെ അനുഭവത്തിൽ കേരളത്തിലെ ഒരു ജനവിഭാഗവും ഞങ്ങൾക്കെതിരല്ല. നേരത്തേ ചില തെറ്റിദ്ധാരണകളൊക്കെ ഇടതുപക്ഷത്തെപ്പറ്റി ചിലരെങ്കിലും വെച്ചുപുലർത്തിയിരുന്നു. അതൊക്കെ മാറിയിട്ട് ഒരുപാടു കാലമായി.
ഇപ്പോൾ എൽ.ഡി.എഫിനെ ഒരു വിപ്രതിപത്തിയോടെയല്ല ആരും കാണുന്നത്. അവർക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ സംസാരിക്കാനും ഇടപഴകാനും പറ്റുന്ന ഒരു വിഭാഗമായിത്തന്നെയാണ് അവരുടെ അനുഭവത്തിലൂടെ എൽ.ഡി.എഫിനെ വിലയിരുത്തുന്നത്. നിങ്ങൾ പറഞ്ഞ മുസ്ലിം ജനവിഭാഗം ഒരുതരത്തിലുള്ള വിപ്രതിപത്തിയോടെയും ഞങ്ങളെ സമീപിക്കുന്നില്ല. മുസ്ലിം ജനവിഭാഗത്തിൽ വ്യത്യസ്ത സംഘടനകൾ ഉണ്ടല്ലോ?
അതായത്, ലീഗിനെ അല്ല ഉദ്ദേശിക്കുന്നത്, മറ്റു സംഘടനകൾ. ആ സംഘടനകളിൽ, ഏതെങ്കിലും തരത്തിലുള്ള, തീവ്രവാദ ചിന്താഗതിയോ നാടിനു ചേരാത്ത സ്വഭാവമോ ഉള്ളവരൊഴികെ ബാക്കി ഉള്ളവരെല്ലാമായി നല്ല ബന്ധമാണ്. ഒരു മറയും ഇല്ലാതെ അവർക്ക് ബന്ധപ്പെടാനും സംസാരിക്കാനും ചർച്ചചെയ്യാനും കഴിയുന്നുണ്ട്. അതായത് ഊഷ്മള ബന്ധമാണ്. ഇത് ആ വിഭാഗവുമായി മാത്രമല്ല, എല്ലാ വിഭാഗവുമായും ഉണ്ട്.
ലീഗിന്റെ കാര്യം വേറെയാണ്. ലീഗ് യു.ഡി.എഫിലെ ഏറ്റവും പ്രധാന ഘടക കക്ഷിയാണ്.
യു.ഡി.എഫ് നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന ശക്തികൾ നമ്മുടെ നാട്ടിലുണ്ട്. ലീഗ് യു.ഡി.എഫിൽ ഇല്ലാതായാൽ സംഭവിക്കാനിടയുള്ള ആപത്ത് ശരിക്കും ബോധ്യമുള്ളവരാണ് അവർ. ലീഗ് എപ്പോഴെങ്കിലും യു.ഡി.എഫ് വിട്ടുകളയുമെന്നാണ് അവരുടെ ആശങ്ക. അതിന്റെ ഭാഗമായി അവർ കൊടുക്കുന്ന പ്രചാരണമാണിത്. യഥാർഥത്തിൽ യു.ഡി.എഫിൽനിന്ന് വിട്ടുപോകാൻ ലീഗ് ഒരു ഘട്ടത്തിലും ആഗ്രഹിച്ചിട്ടില്ല.
ഞങ്ങളാകട്ടെ, അവർ യു.ഡി.എഫിന്റെ ഭാഗമായി നിൽക്കുകയാണ്; അവർ എങ്ങനെയെങ്കിലും ഇങ്ങോട്ട് പോരട്ടേയെന്ന് ആഗ്രഹിക്കുന്നുമില്ല. ഞങ്ങളിപ്പോൾ ഭദ്രമായ നിലയിലാണ്. കൂടുതൽ ജനപിന്തുണ ഞങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഏതെങ്കിലും തരത്തിൽ ഒരു കൂട്ടരെ വല്ലാതെ അടർത്തിയെടുത്ത് ഞങ്ങളുടെ സ്വാധീനം വർധിപ്പിക്കേണ്ട ആവശ്യകത ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇല്ല. ഞങ്ങളുടെ രണ്ടു കൂട്ടരുടെയും നിലപാട് ഇതാണ്. നേരത്തേ പറഞ്ഞ ആശങ്കയുള്ളവരാണ് ഈ പ്രചാരണം അഴിച്ചു വിട്ടുകൊണ്ടിരിക്കുന്നത്.
? സർക്കാറിന്റെ പല പദ്ധതികളും വിവാദങ്ങളാകുന്നുണ്ട്. എന്തുകൊണ്ടാണ്, ഇത് ബോധപൂർവമാണോ
പൊതുവിൽ ചിന്തിക്കേണ്ട ഒരു കാര്യമാണത്. സർക്കാറിന്റെ പദ്ധതി എന്നു പറഞ്ഞാൽ അത് നാടിന്റെ പദ്ധതിയാണ്. നാടിനു വേണ്ടിയുള്ളതാണ്. പക്ഷേ ചിലരെല്ലാം അതിനെതിരെ ബോധപൂർവം പ്രചാരണം അഴിച്ചുവിടുകയാണ്. ചിലത് ബഹിഷ്കരിക്കുകയാണ്.
പ്രത്യേകിച്ച്, യു.ഡി.എഫ് അങ്ങനെ ഒരു നിലപാടാണ് എടുക്കുന്നത്. അത് അവർ ആലോചിക്കേണ്ട കാര്യമാണ്. സർക്കാർ ചെയ്യുന്ന കാര്യങ്ങൾ എല്ലാം ഏകമായ മാനദണ്ഡങ്ങളനുസരിച്ച് തന്നെയാണ്. അതിനെ സാധാരണഗതിയിൽ തള്ളിപ്പറയേണ്ട കാര്യമില്ല. നിർഭാഗ്യവശാൽ അവർ അങ്ങനെ ഒരു നിലപാടാണ് എടുത്തുവരുന്നത്.
? കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പുനർനിയമനത്തിൽ ബാഹ്യ സമ്മർദത്തിന് ചാൻസലർ വഴങ്ങി എന്നാണ് സുപ്രീംകോടതി കണ്ടെത്തിയത്. ബാഹ്യ സമ്മർദം മുഖ്യമന്ത്രിയിൽനിന്നായിരുന്നു എന്നാണ് ഗവർണർ പറഞ്ഞത്. എന്തായിരുന്നു ബാഹ്യ സമ്മർദം
ഗവർണർക്ക് എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് ഒരു പിടിയുമില്ല. എന്റെ ഓഫിസിൽനിന്ന് ആളുകൾ പോയി എന്നുപറയുന്നത് അദ്ദേഹം ആവശ്യപ്പെട്ടതിന്റെ ഭാഗമായാണ്. അവർ ഇങ്ങോട്ടു വരണം, കാര്യങ്ങൾ സംസാരിക്കണം എന്നത് അദ്ദേഹത്തിന്റെ നിലപാടായിരുന്നു. ഞങ്ങൾ പ്രത്യേകമായി ഇന്നയാളെ നിയമിക്കണമെന്ന നിലപാട്, പ്രത്യേകിച്ച് എന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അതാണ് എനിക്ക് അതു സംബന്ധിച്ച് പറയാനുള്ളത്.
? പ്രതിപക്ഷം ഭരിക്കുന്ന മിക്കവാറും സംസ്ഥാനങ്ങളിൽ ഗവർണർമാർ ഏറ്റുമുട്ടൽ പാതയിലാണ്. ഇതു നേരിടാൻ ഏതെങ്കിലും തരത്തിൽ ഒരു കോഓഡിനേഷന് ശ്രമമുണ്ടോ. ഉണ്ടാകുമോ
അങ്ങനെ ഒരു ശ്രമം വേണ്ടിവരും. പക്ഷേ അത്തരം കാര്യങ്ങൾ വരുമ്പോൾ യു. ഡി.എഫും കോൺഗ്രസും വളരെ സങ്കുചിതമായ സമീപനമാണ് സ്വീകരിച്ചു പോരുന്നത്. ഇത് സർക്കാറിനെ വിഷമിപ്പിക്കുന്നതാണല്ലോ. അപ്പോൾ, അതിന് അനുകൂലമായ നിലപാട് എടുക്കാം എന്നാണ് അവരുടെ നിലപാട്. ഇത്തരം കാര്യങ്ങളിൽ ഒന്നിച്ചുനിൽക്കാൻ കഴിയുന്ന സർക്കാറുകളാണ് തമിഴ്നാടും കർണാടകയും.
തമിഴ്നാട്ടിലെ കാര്യം ഒ.കെ. പക്ഷേ, കർണാടകയിൽ കോൺഗ്രസ് സർക്കാറാണല്ലോ- കൂട്ടായ പ്രതിഷേധത്തിൽ ഞങ്ങൾക്ക് താൽപര്യമില്ല എന്ന് ഇവിടത്തെ കോൺഗ്രസ് പറഞ്ഞാൽപിന്നെ അവർ അതിൽ സഹകരിക്കില്ലല്ലോ. ഇവിടത്തെ കോൺഗ്രസ് എന്തിനാണ് ഗവർണറെ സഹായിക്കാൻ പോകുന്നത്? അവർ എന്തിനാണ് ബി.ജെ.പിയെ സഹായിക്കാൻ പോകുന്നത്? അതാണ് തിരുത്തേണ്ടത്.
? സമൂഹത്തിൽ ധ്രുവീകരണ ശ്രമങ്ങൾ വ്യാപകമാണ്. കളമശ്ശേരി സ്ഫോടനത്തിൽ, ഏറ്റവും ഒടുവിൽ കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ രേഖാചിത്രത്തിന്റെ പേരിൽ, കൊല്ലം ജില്ലയിൽ ഒരാളുടെ വീട് തല്ലിത്തകർത്തത് തുടങ്ങിയവ. ഇതിനെതിരെ പൊലീസ് വേണ്ടത്ര ഉണർന്നു പ്രവർത്തിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. എന്തുകൊണ്ടാണിത്
കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ വീട് അടിച്ചുതകർത്ത സംഭവം അറിയില്ല. ശ്രദ്ധയിൽ പെട്ടിട്ടില്ല. ഏതായാലും കളമശ്ശേരി സ്ഫോടന വിഷയത്തിലും കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ വിഷയത്തിലും പൊലീസ് വളരെ നല്ല രീതിയിലാണ് പ്രവർത്തിച്ചത്. അതാണ് വിജയത്തിലേക്കെത്തിച്ചതും. മറ്റ് ഊഹാപോഹങ്ങൾക്കൊന്നും പിന്നാലെ പോകാതെ, കൃത്യമായി, നിശ്ചയിച്ച റൂട്ടിലൂടെ സഞ്ചരിക്കാൻ അവർക്ക് കഴിഞ്ഞു. കൃത്യതയോടെ കാര്യങ്ങൾ ചെയ്യാനും കഴിഞ്ഞു. മാതൃകാപരമായ ഇടപെടലാണ് ഉണ്ടായത്.
? ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങളേയുള്ളൂ. ഇപ്പോഴത്തെ ജനങ്ങളുടെ പ്രതികരണം, ഈ ജനക്കൂട്ടം, തെരഞ്ഞെടുപ്പിന് മുതൽക്കൂട്ടാകുമോ
ലോക്സഭ തെരഞ്ഞെടുപ്പ് മാസങ്ങൾ കഴിഞ്ഞല്ലേ, അതുമായി ബന്ധിപ്പിച്ചല്ല ഈ പരിപാടി നടത്തുന്നത്. കൃത്യമായി കാര്യങ്ങൾ ജനങ്ങളെ ബോധിപ്പിക്കുക എന്നതാണ്. ജനങ്ങളും അങ്ങനെയാണ് കാണുന്നത്. പങ്കെടുക്കുന്നവർ എൽ.ഡി.എഫ് അനുകൂലികൾ മാത്രമല്ല. എല്ലാ വിഭാഗക്കാരും ഉണ്ട്. നാടിനോട് താൽപര്യമുള്ള ആളുകളാണ് പങ്കെടുക്കുന്നത്. ആ നിലക്കേ അതിനെ കാണേണ്ടതുള്ളൂ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാണേണ്ട.
? സർവകലാശാലകളിൽ സെനറ്റും സിൻഡിക്കേറ്റുമെല്ലാം ഗവർണർ ഏക പക്ഷീയമായി പുനഃസംഘടിപ്പിക്കുകയാണ്. ഇതിൽ ഭൂരിഭാഗവും സംഘ്പരിവാർ നിർദേശിക്കുന്നവരാണ് കടന്നുവരുന്നതും. ഇത്തരം കാവിവത്കരണം എങ്ങനെയാണ് തടയാനാവുക.
നിയമസഭ സൃഷ്ടിച്ച ചാൻസലർ പദവി തെറ്റായി ഉപയോഗിക്കുകയാണ് ഗവർണർ. അതുവഴി നമ്മുടെ ശാന്തമായ വിദ്യാഭ്യാസ അന്തരീക്ഷത്തെ കലുഷിതമാക്കുന്നു. ഗവർണറുടെ നിലപാടിനെതിരെ സ്വാഭാവികമായും വലിയ പ്രതിഷേധങ്ങൾ വന്നുകഴിഞ്ഞു, അത് വരും. കേരളം ഇങ്ങനെയുള്ള പല ഘട്ടങ്ങളും കടന്നുവന്നതാണ്. നേരിട്ടിട്ടുമുണ്ട്. ആരിഫ് മുഹമ്മദ് ഖാന് ആ ഭാഗം അറിയില്ല എന്നുതോന്നുന്നു.
അത് ഒന്നുകൂടി ആവർത്തിക്കുമെന്നാണ് തോന്നുന്നത്. അത് വല്ലാത്തൊരു അന്തരീക്ഷം കേരളത്തിൽ സൃഷ്ടിക്കുമെന്നതാണ് ഞങ്ങളുടെ ആശങ്ക. പക്ഷേ, ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഗവർണർക്ക് ഇതുപോലെ അഴിഞ്ഞാടാൻ അവസരമൊരുക്കുന്നത് കേന്ദ്ര പിന്തുണയാണെങ്കിൽ, നാടിന്റെ അന്തരീക്ഷത്തെ തകിടംമറിക്കുന്ന ഒരു കാര്യത്തിന് കേന്ദ്ര സർക്കാർ കൂട്ടുനിൽക്കാൻ പാടില്ലാത്തതാണ്. അതിൽ ഗവർണറെ നിയന്ത്രിക്കേണ്ടതുമാണ്.
? നവകേരള സദസ്സ് സർക്കാർ ചെലവിൽ നടത്തുന്ന തെരഞ്ഞെടുപ്പ് പ്രചാരണമാണ് എന്നാണ് പ്രതിപക്ഷ ആരോപണം
സദസ്സിലെ സംസാരം ശ്രദ്ധിച്ചാൽ മതി. അതിൽ ഒരു തെരഞ്ഞെടുപ്പ് പ്രചാരണവും ഇല്ല. കേന്ദ്ര സർക്കാറിന്റെ നയങ്ങൾ, നടപടികൾ നമ്മുടെ നാടിനെ പിന്നോട്ടടിപ്പിക്കുന്നു. ആ കാര്യങ്ങൾ ജനങ്ങളുടെ മുന്നിൽ വിശദീകരിക്കാനാണ് ശ്രമിച്ചത്. യു.ഡി.എഫും കൂടിയായിരുന്നു ഈ പരിപാടി നടത്തേണ്ടിയിരുന്നത്. അവർ പങ്കെടുക്കാതിരിക്കുകയും വലിയ അധിക്ഷേപങ്ങൾ ചൊരിയുകയും ചെയ്തതോടെ അവരെ കുറിച്ച് ചില കാര്യങ്ങൾ പറയാൻ നിർബന്ധിതമായതാണ്. യഥാർഥത്തിൽ ഞങ്ങളുടെ അജണ്ട അതായിരുന്നില്ല.
? അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ നാലു സംസ്ഥാനങ്ങളിലെ ഫലം വന്നിരിക്കുന്നു. കോൺഗ്രസിന് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഭരണമുള്ള രണ്ട് സംസ്ഥാനം നഷ്ടമായി. ഈ പശ്ചാത്തലത്തിൽ ഇൻഡ്യ സഖ്യത്തിന്റെ ഭാവി എന്തായിരിക്കും
ഇൻഡ്യ സഖ്യത്തിന്റെ ഭാവിയെ ബാധിക്കുന്ന നിലപാട് സൃഷ്ടിക്കുന്നത് കോൺഗ്രസിന്റെ തെറ്റായ സമീപനമാണ്. ബി.ജെ.പിയെ ഒറ്റക്ക് നേരിട്ടുകളയും എന്നു പറയാൻ മാത്രം ശക്തിയുള്ളവരല്ല തങ്ങളെന്ന് കോൺഗ്രസ് മനസ്സിലാക്കണം. അതുൾക്കൊണ്ട് പ്രവർത്തിക്കുന്ന നില അവർ സ്വീകരിക്കണം.
മതേതര കക്ഷികളെ പലരെയും ഒന്നിച്ചുനിർത്താൻ അവർ തയാറായില്ല. മൂന്നു സംസ്ഥാനങ്ങളിലും അതുണ്ടായില്ല. ഞങ്ങൾതന്നെ കാര്യങ്ങൾ നോക്കിക്കൊള്ളാമെന്നാണ് അവർ തീരുമാനിച്ചത്. സമാജ് വാദിയെയൊക്കെ ഒഴിവാക്കിയില്ലേ. അഖിലേഷ് യാദവിന് പ്രതികരിക്കേണ്ടിവന്നില്ലേ. കോൺഗ്രസ് യാഥാർഥ്യങ്ങൾ കാണണം.
? മുസ്ലിം സംവരണത്തിൽ വന്ന രണ്ട് ശതമാനം കുറവ് എങ്ങനെ പരിഹരിക്കും
നിലവിലുള്ള സംവരണത്തിന് ഒരുവിധ കുറവും വരുന്നില്ലെന്ന് ഉറപ്പാക്കും. അത് നേരത്തേതന്നെ വ്യക്തമാക്കിയതാണ്. നഷ്ടമുണ്ടാകില്ല എന്ന് ഉറപ്പാക്കും.
? ഒന്നാം പിണറായി സർക്കാറും രണ്ടാം സർക്കാറും തമ്മിൽ മുഖ്യമന്ത്രിക്ക് ഒന്ന് താരതമ്യം ചെയ്യാമോ. പലരും ആരോപിക്കുന്നത് ഒന്നാം പിണറായി സർക്കാറിന്റെ തലത്തിലേക്ക് എത്താനാകുന്നില്ലെന്നാണ്. ശരിയാണോ, എന്തുകൊണ്ടാണ്
രണ്ട് സർക്കാറുകളും മികച്ചതാണ്. മികച്ച പ്രവർത്തനമാണ് ആദ്യ സർക്കാർ കാഴ്ചവെച്ചത്. നിലവിലെ സർക്കാറും വളരെ നല്ല രീതിയിലാണ് മുന്നോട്ടുപോകുന്നത്. മന്ത്രിമാരുടെ പ്രവർത്തനം മികച്ചതാണ്. ഉദ്യോഗസ്ഥ സഹകരണമുൾപ്പെടെ, വളരെ നല്ല രീതിയിലാണ് മുന്നോട്ടുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.