മൂന്നാം ഊഴം മോദിയുടെ വ്യാമോഹം -എൻ.കെ. പ്രേമചന്ദ്രൻ
text_fieldsപാർലമെന്റിൽ മോദി സർക്കാറിന്റെ കൊടിയ വിമർശകനായ ആർ.എസ്.പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ തെരഞ്ഞെടുപ്പ് വേളയിൽ സ്ഥിരമായി കേൾക്കുന്ന ആക്ഷേപമാണ് സംഘ് പരിവാർ ബന്ധം. അതിന് വഴിവെക്കുന്ന എന്തെങ്കിലുമൊക്കെ ആ സന്ദർഭത്തിൽ ഉയർന്നുവരുകയും ചെയ്യും. ഈ പൊതു തെരഞ്ഞെടുപ്പിൽ കൊല്ലം ലോക്സഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥിയായി വീണ്ടും ജനവിധി തേടുന്ന അദ്ദേഹം തനിക്കെതിരായ ആരോപണത്തെപ്പറ്റിയും കേന്ദ്ര-സംസ്ഥാന രാഷ്ട്രീയത്തെപ്പറ്റിയും ‘മാധ്യമ’ ത്തോട് സംസാരിക്കുന്നു.
? പ്രധാനമന്ത്രിയോടൊപ്പം പാർലമെന്റ് കാന്റീനിൽ പ്രത്യേക അതിഥിയായി പങ്കെടുത്ത് ഉച്ചഭക്ഷണം, മോദിയെ വാഴ്ത്തി പൊതു സദസ്സിൽ പ്രസംഗം, ഇടതുപക്ഷം ആരോപിക്കും പോലെ താങ്കളും സംഘ് പരിവാറുമായി എന്തെങ്കിലും അന്തർധാര ഉണ്ടോ?
മതേതര നിലപാടുള്ള ജനസമ്മതിയുള്ള നേതാക്കളെ ടാർഗറ്റ് ചെയ്ത് ബി.ജെ.പി ബ്രാൻഡിങ് നൽകി അതിലൂടെ ബി.ജെ.പിയെ മഹത്ത്വവത്കരിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. മതേതര ജനാധിപത്യ മനസ്സിനെ തന്നെ ദുർബലപ്പെടുത്തുന്ന ബോധപൂർവമായ നീക്കമാണിത്. ന്യൂനപക്ഷ- മതേതര വോട്ട് ബാങ്കിൽ ഭിന്നിപ്പുണ്ടാക്കുകയാണ് അവരുടെ ഉദ്ദേശ്യം. ഈ അപവാദ പ്രചാരണം അർഹിക്കുന്ന അവഗണനയോടെ ജനം തള്ളും. 2019ൽ കൊല്ലം ബൈപാസ് ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി വന്നതിന്റെ പേരിൽ എന്നെ സംഘിയാക്കി പ്രചണ്ഡമായ പ്രചാരം നടത്തി. മോദി സർക്കാർ അധികാരത്തിൽ വന്നാൽ ഞാൻ അതിൽ മന്ത്രിയാകുമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി അന്ന് പത്രസമ്മേളനം നടത്തി പറഞ്ഞത്. മോദി സർക്കാർ അധികാരത്തിൽ വന്ന പാർലമെന്റിലെ ആദ്യ ദിവസം മുതൽ അഞ്ചു വർഷത്തിനു ശേഷം സഭ പിരിഞ്ഞ അവസാന ദിവസം വരെ അവരുടെ എല്ലാ വിധ വർഗീയവും ജനവിരുദ്ധവുമായ നിലപാടുകളെ എതിർക്കാൻ മുൻപന്തിയിൽ നിന്നത് ഞാനാണെന്നത് എല്ലാവർക്കും അറിയാം. ബജറ്റ് പ്രസംഗത്തിലും നയപ്രഖ്യാപന പ്രസംഗത്തിലും മൈനോറിറ്റി എന്ന വാക്ക് ഉപയോഗിക്കാതിരുന്നതിനെ അതിനിശിതമായി വിമർശിച്ച് പ്രസംഗിച്ചതും ഞാനാണ്. ഇതെല്ലാം രേഖകളിൽ ഉള്ളതാണ്. മതേതര നിലപാടുള്ളവരെ മുഴുവൻ തിരഞ്ഞുപിടിച്ച് സംഘിയാക്കുന്നത് അവരുടെ സ്ഥിരം ശൈലിയാണ്. ശശി തരൂർ, കെ. മുരളീധരൻ, കെ. സുധാകരൻ തുടങ്ങി വി.ഡി. സതീശന് വരെ അവർ സംഘിച്ചാപ്പ അടിക്കാറുണ്ട്.
? പ്രധാനമന്ത്രിക്കൊപ്പം ഭക്ഷണം കഴിച്ചത് ഒഴിവാക്കാൻ കഴിയുമായിരുന്നില്ലേ?
പാർലമെൻറ് സമ്മേളനം നടക്കുമ്പോൾ പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്ന് അഡീഷനൽ സെക്രട്ടറിയാണ് ഫോണിൽ വിളിച്ച് ഉച്ചക്ക് പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് വരാമോ എന്ന് ചോദിച്ചത്. ഓഫിസിൽ ചെന്ന് കാണാമോ എന്നാണ് ചോദിച്ചത്, ഭക്ഷണം കഴിക്കാൻ കൂടാമോ എന്നല്ല. അവിടെ ചെല്ലുമ്പോൾ വേറെ ചില എം.പിമാരും അവിടെയുണ്ടായിരുന്നു. ഒന്നാം നിലയിലെ കാന്റീനിലേക്കാണ് പ്രധാനമന്ത്രി ഞങ്ങളെ കൊണ്ടുപോയത്. പുതിയ മന്ദിരത്തിലെ കാന്റീനിൽ ആദ്യമാണെന്നും അത് നിങ്ങളോടൊപ്പം ആകാമെന്നും അദ്ദേഹം പറഞ്ഞു. അവിടെ നടന്നത് തികച്ചും അനൗപചാരിക സംഭാഷണവും സൗഹൃദ വർത്തമാനവും മാത്രമാണ്. ഒരു രാഷ്ട്രീയവും അവിടെ കടന്നുവന്നില്ല. ഉച്ചഭക്ഷണംകഴിഞ്ഞ് ഞാൻ നേരെ പോയത് പാർലമെന്റിൽ മോദിക്കെതിരെ പ്രസംഗിക്കാനാണ്. മോദി സർക്കാർ അവതരിപ്പിച്ച ധവളപത്രത്തിനെതിരായ പ്രതിപക്ഷത്തിന്റെ നിരാകരണ പ്രമേയം അവതരിപ്പിച്ചത് ഞാനാണ്, ന്യൂനപക്ഷങ്ങളോട് സർക്കാർ കാണിക്കുന്ന അനീതിയെപ്പറ്റി എണ്ണി എണ്ണി പറഞ്ഞായിരുന്നു എന്റെ പ്രസംഗം. പിന്നെ, കൂടെയിരുന്നു ഭക്ഷണം കഴിച്ചാൽ നിലപാട് മാറുമെങ്കിൽ പിണറായി അടക്കം സി.പി.എം നേതാക്കളൊക്കെ എന്നേ മാറേണ്ടതാണ്.
? അന്ന് നിങ്ങൾക്കൊപ്പം ഭക്ഷണം കഴിച്ച ബി.എസ്.പി എം.പി റിതേഷ് പാണ്ഡെ ഇന്നിപ്പോൾ ബി.ജെ.പിയിലാണ്, താങ്കളെ ഏതെങ്കിലും തരത്തിൽ ബി.ജെ.പി ചൂണ്ട ഇടുന്നുണ്ടോ?
അന്ന് പ്രധാമന്ത്രിക്കൊപ്പം ഭക്ഷണം കഴിച്ച റിതേഷ് ഉൾപ്പെടെ എല്ലാ എം.പിമാരും പാർലമെന്റിൽ നന്നായി സംസാരിക്കുന്നവരും പാർലമെന്റിലെ പെർഫോമൻസിന് അവാർഡ് ലഭിച്ചിട്ടുള്ളവരുമാണ്. റിതേഷ് നേരത്തേ തന്നെ ബി.എസ്.പിയുമായി അകന്നു നിൽക്കുന്നയാളാണ്. പിന്നെ, കോൺഗ്രസിന്റേതടക്കം നിരവധി നേതാക്കൾ ബി.ജെ.പിയിലേക്ക് പോകുന്നുണ്ട്. ഝാർഖണ്ഡിലെ കോൺഗ്രസിന്റെ ഏക എം.പി പോലും ബി.ജെ.പിയിലേക്ക് പോയി. എന്നോട് എന്തായാലും പ്രധാനമന്ത്രിയോ ബി.ജെ.പിനേതാക്കളോ ഇതുവരെ അങ്ങനൊരാവശ്യം പ്രത്യക്ഷമായോ പരോക്ഷമായോ പറഞ്ഞിട്ടില്ല. ഒരു പക്ഷേ, എന്റെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച വിശ്വാസ്യതയും സ്ഥിരതയും ബോധ്യമുള്ളതുകൊണ്ടാവാം അത്. ചിലരൊക്കെ തമാശക്ക് അവിടെ എത്തിയാൽ മന്ത്രിയാകില്ലേ എന്നൊക്കെ പറഞ്ഞിട്ടുണ്ടാവാം. പഞ്ചായത്തിലടക്കം തദ്ദേശ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും പാർലമെന്റിലേക്കുമൊക്കെ ഞാൻ മത്സരിച്ചത് ആർ.എസ്.പിയുടെ മൺവെട്ടിയും മൺകോരിയും ചിഹ്നത്തിലാണ്. ഇനിയും അങ്ങനെ തന്നെയാവും ഉണ്ടാവുക.
? കൊല്ലം മണ്ഡലത്തിൽ മിക്കപ്പോഴും ബി.ജെ.പി താങ്കൾക്കെതിരിൽ ദുർബല സ്ഥാനാർഥിയെയാണ് നിർത്തുന്നത്, അതിന്റെ രാഷ്ട്രീയം?
ബി.ജെ.പി ഏറ്റവും ദുർബല സ്ഥാനാർഥിയെ കൊല്ലത്ത് നിർത്തിയത് കഴിഞ്ഞ തവണയാണ്. ഒട്ടും അറിയപ്പെടാത്ത കെ.വി. സാബു എന്ന ക്രൈസ്തവ സ്ഥാനാർഥിയായിരുന്നു അത്. പക്ഷേ, അതിനുമുമ്പത്തെ തവണ മത്സരിച്ചയാൾക്ക് ലഭിച്ചതിന്റെ ഇരട്ടി വോട്ട് സാബുവിന് കിട്ടി. 2014ൽ 50,000ത്തിലധികം വോട്ട് ലഭിച്ചതാണ് 2019ൽ ലക്ഷത്തിന് മുകളിലായത്. ബി.ജെ.പി അവരുടെ വോട്ട് പിടിക്കുന്നുണ്ട്. ബി.ജെ.പിയിലേക്ക് പോകാൻ സാധ്യതയുള്ള പരമ്പരാഗത ഹിന്ദുവോട്ട് എനിക്ക് കിട്ടാറുണ്ട് എന്നത് ശരിയാണ്. എന്നാൽ, ബി.ജെ.പിക്ക് ശക്തനായ സ്ഥാനാർഥി വന്നാൽ വിജയ സാധ്യത കൂടുതൽ ഉള്ള ആളെന്നനിലയിൽ ഇടതുപക്ഷത്തേക്ക് പോകാൻസാധ്യതയുള്ള ന്യൂനപക്ഷവോട്ടുകൾകൂടി എനിക്കായിരിക്കും ലഭിക്കുക. അങ്ങനെയൊരു സാഹചര്യം എനിക്ക് കൂടുതൽ ഗുണമാണുണ്ടാക്കുക.
? അപ്പോൾ ഇടതുപക്ഷത്തെയാണ് ബി.ജെ.പി സഹായിക്കുന്നതെന്നാണോ?
സി.പി.എം ആഗ്രഹിക്കുന്നത് കേരളത്തിൽ കോൺഗ്രസ് ദുർബലപ്പെടണമെന്നാണ്. കോൺഗ്രസ് കേരളത്തിൽ ദുർബലപ്പെട്ടാൽ അതിന്റെ ഗുണം ലഭിക്കുന്നത് സി.പി.എമ്മിനും ബി.ജെ.പിക്കുമാണ്. 45 ശതമാനം വരുന്ന ന്യൂനപക്ഷ പിന്തുണ സി.പി.എമ്മിന് ലഭിക്കുകയും ദീർഘകാലം ഭരണത്തിലിരിക്കാനും സാധിക്കുമെന്നും അവർ കണക്കുകൂട്ടുന്നു, ബി.ജെ.പി പ്രധാന പ്രതിപക്ഷവും ആകും.
? മുന്നണിയുടെ ഭാഗമായാണ് വിജയിക്കുന്നതെങ്കിലും പാർലമെന്റിലെത്തുമ്പോൾ ഒറ്റയാൾ കക്ഷിയാണ് താങ്കൾ. ബി.ജെ.പി താങ്കളെ പോലുള്ളവരെ ഉന്നംവെക്കുന്നതിൽ തെറ്റുപറയാനാവില്ലല്ലോ, അതുവെച്ചുള്ള സി.പി.എമ്മിന്റെ ആരോപണവും?
എന്റെ ഏറ്റവും വലിയ ആസ്തി രാഷ്ട്രീയ വിശ്വാസ്യതയാണ്. വാജ്പേയി ഗവൺമെന്റ് 1999ൽ ഒറ്റ വോട്ടിനാണ് പരാജയപ്പെട്ടത്. ഞാൻ അന്ന് എം.പിയാണ്, എന്തേ എനിക്കവരെ പിന്തുണക്കാമായിരുന്നില്ലേ. രാഷ്ട്രീയ മാറ്റത്തിനാണെങ്കിൽ കഴിഞ്ഞ അഞ്ചുവർഷം അവസരമില്ലായിരുന്നോ, 2014ൽ അവസരമില്ലായിരുന്നോ. പൗരത്വനിയമ ഭേദഗതി ബിൽ, മുസ്ലിം വനിത സംരക്ഷണ ബിൽ, കശ്മീരുമായി ബന്ധപ്പെട്ട് 370ാം വകുപ്പ് ഭേദഗതി ബിൽ, ഇങ്ങനെ ന്യൂനപക്ഷ വിരുദ്ധമായ എല്ലാ വിഷയങ്ങളിലും നിരാകരണ പ്രമേയം അവതരിപ്പിച്ചത് ഞാനാണ്. മണിപ്പുർ അടക്കം പ്രശ്നങ്ങളിൽ ന്യൂനപക്ഷത്തിനായി ശക്തമായി നിലകൊണ്ടു. 1988ൽ പഞ്ചായത്ത് തെരഞ്ഞെടുപ്പു മുതൽ ഇന്നു വരെ എനിക്ക് ഒരു നിലപാടേ ഉള്ളൂ, അതു മതേതര നിലപാടാണ്. ആന്റിമുസ്ലിം ആയ ലോക്സഭ സ്പീക്കർ പലപ്പോഴും എന്നോട് ചോദിച്ചിട്ടുണ്ട്, നിങ്ങൾ എന്താ ഇങ്ങനെ മുസ്ലിംകൾക്കുവേണ്ടി എപ്പോഴും സംസാരിക്കുന്നതെന്ന്.
? കുണ്ടറയിൽ മേൽപാലം നിർമാണ ഉദ്ഘാടന ചടങ്ങിൽ മോദിയെ പുകഴ്ത്തി പ്രസംഗിച്ചത്?
പ്രസംഗത്തിന്റെ ഏതെങ്കിലും ഭാഗം അടർത്തിയെടുത്ത് പ്രചരിപ്പിക്കുന്നത് ശരിയാണോ. മണ്ഡലത്തിൽ ഒരു റെയിൽമേൽപാലം വരുന്നതിൽ പ്രധാനമന്ത്രി സഹായിച്ചതിനെ കുറിച്ച് പ്രസംഗിച്ചതിനൊപ്പം അപ്രോച് റോഡ് നിർമാണത്തിന് സംസ്ഥാന സർക്കാറിൽനിന്നും പൊതുമരാമത്ത് വകുപ്പിൽനിന്നും ലഭിച്ച സഹായവും ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാറിനെ പുകഴ്ത്തിയത് മറച്ചുവെച്ച് പ്രധാനമന്ത്രിയെ കുറിച്ചുപറഞ്ഞതിനെ മാത്രം ചൂണ്ടിക്കാട്ടി അപവാദ പ്രചാരണമാണ് സി.പി.എം നടത്തുന്നത്. എന്നെ എങ്ങനെയും സംഘി ആക്കിയേ അടങ്ങൂ എന്ന വാശിയിലാണവർ. പക്ഷേ, കേരളത്തിലെ ജനങ്ങൾ അതു നല്ലപോലെ തിരിച്ചറിഞ്ഞിട്ടുണ്ട്.
? ഇൻഡ്യ മുന്നണിയുടെ സാധ്യത?
മോദിയുടെ മൂന്നാം ഊഴം എന്ന അവകാശ വാദം അവരുടെ കേവലം വ്യാമോഹം മാത്രമാണ്. ആത്മവിശ്വാസം ഇല്ലായ്മയിൽനിന്നാണ് അത്തരമൊരു പ്രതികരണം ഉണ്ടാകുന്നത്. ഭാരതം തിളങ്ങുന്നു എന്നു പറഞ്ഞ് വാജ്പേയുടെ നേതൃത്വത്തിൽ ബി.ജെ.പി തുടർഭരണത്തിന് ശ്രമിച്ചപ്പോഴുണ്ടായ അതേ അനുഭവമായിരിക്കും ഇക്കുറിയും. അന്ന് യു.പി.എയാണ് അധികാരത്തിലെത്തിയത്. 2004 ആവർത്തിക്കുന്നതായിരിക്കും 2024. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബി.ജെ.പിക്ക് കിട്ടാവുന്നതിന്റെ മാക്സിമം സീറ്റുകൾ കഴിഞ്ഞ തവണ അവർക്ക് കിട്ടി. ഇക്കുറി അവർക്ക് അതുപോലും നഷ്ടമാകും. അവിടങ്ങളിൽ വലിയ മാറ്റമാണ് ദൃശ്യമാകുന്നത്. ബംഗാൾ, കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെല്ലാം ബി.ജെ.പി വിരുദ്ധ തരംഗം ആഞ്ഞടിക്കും. രാജ്യത്താകെ 200 സീറ്റിലധികം അവർക്ക് കിട്ടില്ല.
? നിലവിലെ സാഹചര്യത്തിൽ കൊല്ലം മണ്ഡലത്തിലെ സാധ്യത?
മതേതര ഇന്ത്യയെ വീണ്ടെടുക്കാൻ കോൺഗ്രസ് നേതൃത്വത്തിലുള്ള ബദൽ മുന്നണിക്കേ സാധ്യമാവുകയുള്ളൂ. അതു കേരളത്തിൽ യു.ഡി.എഫിന് ഗുണം ചെയ്യും. പിന്നെ കേരളത്തിലെ നിലവിലെ രാഷ്ട്രീയ പശ്ചാത്തലം, പിണറായി വിജയനെതിരിൽ പാർട്ടിയിലടക്കം അതിശക്തമായ വികാരമാണുള്ളത്. അതും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. പാർലമെന്റ് അംഗം എന്നനിലയിൽ 24 മണിക്കൂറും ഞാൻ അവൈലബിൾ ആണ്, മണ്ഡലത്തിലെ ജനകീയ പ്രശ്നങ്ങളിൽ അടക്കം എല്ലാ കാര്യങ്ങളിലുമുള്ള എന്റെ സാന്നിധ്യവും ഇടപെടലും അനുകൂലഘടകമാകും. മണ്ഡലത്തിന്റെ സർവതോമുഖമായ വികസന കാര്യത്തിൽ സമാനതകളില്ലാത്ത വളർച്ച കൈവരിക്കാൻ കഴിഞ്ഞു. എം.പി ഫണ്ടിന്റെ വിനിയോഗത്തിൽ ഒന്നാം സ്ഥാനമാണ് സംസ്ഥാനത്ത്. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പിലും ഒന്നാം സ്ഥാനം കൊല്ലത്തിനാണ്. രാഷ്ടീയമായി മത്സരിച്ചാൽ വിജയിക്കില്ലെന്ന് ഉറപ്പായതിനാലാണ് അവർ മുകേഷിനെ മത്സരിപ്പിക്കുന്നത്. ഞങ്ങൾ ഇവിടെ രാഷ്ടീയ മത്സരമാക്കി മാറ്റാനാണ് ശ്രമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.