ഈ പോരാട്ടം വാരാണസിയിലെ രോഗികൾക്കു വേണ്ടി
text_fieldsഇവിടെ എയിംസ് സ്ഥാപിക്കാനാകുമായിരുന്നു. എന്നാൽ ഈ മെഡിക്കൽ കോളജിലുള്ളവർ തടസ്സങ്ങൾ തീർത്തു. ആദ്യം സമ്മതിച്ച കേന്ദ്ര സർക്കാർ പിന്നീട് വാക്കു മാറ്റി. കഴിഞ്ഞ 10 വർഷമായി പ്രധാനമന്ത്രി പ്രതിനിധാനംചെയ്യുന്ന മണ്ഡലമാണിതെന്നോർക്കണം
പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസി തെരഞ്ഞെടുപ്പ് ചൂടിലമരുമ്പോൾ ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി മെഡിക്കൽ കോളജിലെ അഴിമതിക്കെതിരെ ആശുപത്രിക്കകത്ത് മരണംവരെ ഉപവാസ സമരത്തിലാണ് പ്രമുഖ ഹൃദ്രോഗ വിദഗ്ധൻ ഡോ. ഓം ശങ്കർ. ആരോഗ്യമേഖലയിലെ അപര്യാപ്തതക്കെതിരെ ദേശീയതലത്തിൽ തന്നെ സമരം നയിച്ചിട്ടുള്ള ഡോക്ടർ, സമര വേദിയാക്കി മാറ്റിയ മെഡിക്കൽ കോളജ് ഹൃദ്രോഗ വിഭാഗത്തിലെ സ്വന്തം ചേംബറിൽ കിടന്ന് ‘മാധ്യമ’ത്തിന് നൽകിയ അഭിമുഖം
വാരാണസിയിലെ ഏറ്റവും വലിയ ആശുപത്രിക്കകത്ത് ഉപവാസ സമരം നയിക്കാനുണ്ടായ സാഹചര്യം എന്താണ്?
വൈസ് ചാൻസലറുടെ ഓഫിസിൽ സമരം നടത്താനാണ് നിശ്ചയിച്ചിരുന്നത്. വൈസ് ചാൻസലർ സ്ഥലത്തില്ല. വി.സിയുടെ ഓഫിസിനു മുന്നിൽ സമരം അനുവദിക്കില്ലെന്ന് പൊലീസ് പറഞ്ഞു. അതോടെ, മെയ് 11 മുതൽ ഞാൻ ചേംബറിനുള്ളിൽ സമരമാരംഭിച്ചു. സമരത്തിനിടയിലും രോഗികളെ പരിശോധിക്കുന്നതിൽ മുടക്കം വരുത്തില്ല,. എന്റെ സമരം രോഗികളോടല്ല. രോഗികൾക്കുവേണ്ടിയാണ്. അതിനാൽ അവരെ പ്രയാസപ്പെടുത്താനാവില്ല. ഇന്ത്യയിലെ മാത്രമല്ല, നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ് എന്നീ അയൽ രാജ്യങ്ങളിലെ രോഗികളുടെയും ആശ്രയമാണിവിടം.
എന്താണ് താങ്കളുടെ സമരാവശ്യങ്ങൾ?
വാരാണസിയിലെ മാത്രമല്ല ആറ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ആരോഗ്യാവകാശത്തിനുള്ള സമരമാണിത്. ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.സുധീർ കുമാർ ജെയിനിനെ സ്ഥാനത്തു നിന്ന് മാറ്റി നിയമവും ചട്ടവും പാലിക്കുക. അഴിമതിക്കാരനെന്ന് കണ്ടെത്തിയ ബി.എച്ച്.യു മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് കെ.കെ ഗുപ്തയെ നീക്കം ചെയ്യുക. മെഡിക്കൽ കോളജിൽ പണിത പുതിയ ബ്ലോക്കിലെ നാലാംനില നേരത്തേ തീരുമാനിച്ചപോലെ ഹൃദ്രോഗ ചികിത്സക്കായി വിട്ടുനൽകുക. ഇത്രയുമാണ് ആവശ്യങ്ങൾ.
അഴിമതി കണ്ടെത്തിയ ശേഷവും സൂപ്രണ്ട് സർവിസിൽ തിരിച്ചെത്തിയത് എങ്ങനെയാണ്?
സർവിസിൽനിന്ന് നീക്കംചെയ്ത ശേഷം ശിക്ഷിക്കുന്നതിനു പകരം ആശുപത്രിയിലെ സുപ്രധാനമായ, ധാരാളം പണമിടപാട് നടക്കുന്ന എമർജൻസി വിഭാഗത്തിന്റെ ചുമതല നൽകി അദ്ദേഹത്തെ തിരികെ കൊണ്ടുവന്നു. അഴിമതിയും ക്രമക്കേടും നടത്തിയതിനുള്ള പ്രതിഫലമാണിത്. നിയമവാഴ്ചയിൽ വിശ്വസിക്കുന്ന മനുഷ്യർക്ക് സങ്കൽപിക്കാൻ കഴിയുന്നതാണോ ഇത്?
അഴിമതിക്കെതിരെ സംസാരിക്കുന്ന താങ്കളോടുള്ള സമീപനം എങ്ങനെയാണ്?
എന്നോടുള്ള വിരോധത്താൽ ഹൃദ്രോഗ വിഭാഗത്തെത്തന്നെ തകർക്കാനാണ് ശ്രമം. പുതിയ ബ്ലോക്കിൽ ഹൃദ്രോഗ വിഭാഗത്തിന് അനുവദിക്കപ്പെട്ട 41 കിടക്കകൾ ഉള്ള ഭാഗം വിട്ടുനൽകാതെ അദ്ദേഹം പൂട്ടിയിട്ടു. വാരാണസി പോലൊരു നഗരത്തിൽ, ബി.എച്ച്.യു പോലൊരു സ്ഥാപനത്തിൽ ഇത്തരമൊരു അസംബന്ധം നടക്കുന്നുവെന്ന് കേട്ടാൽ താങ്കൾക്ക് വിശ്വസിക്കാനാകുമോ? യഥാർഥത്തിൽ എന്നോടല്ല, പാവപ്പെട്ട രോഗികളോടാണ് അയാൾ അതിക്രമം കാണിക്കുന്നത്.
ഇതിന് മുമ്പും താങ്കൾ സമര മുഖത്തുണ്ടായിരുന്നല്ലോ. അതെന്തിനായിരുന്നു?
ഇതെന്റെ നാലാമത്തെ സമരമാണ്. ജനങ്ങളുടെ ആരോഗ്യ അവകാശം ഉറപ്പാക്കാനുള്ള പോരാട്ടമാണ് ഞാൻ നടത്തുന്നത്. ഇതിന്റെ ഭാഗമായി വാരാണസിയിൽ എയിംസ് സ്ഥാപിക്കണമെന്ന ആവശ്യം ഞാൻ ഉന്നയിച്ചു. ബനാറസ് ഹിന്ദു സർവകലാശാല മെഡിക്കൽ കോളജ് കാമ്പസിന്റെ ഭാഗമായി എയിംസ് സ്ഥാപിക്കാനാകുമായിരുന്നു. എന്നാൽ ഈ മെഡിക്കൽ കോളജിലുള്ളവർ വാരാണസിയിൽ എയിംസ് വരുന്നതിന് തടസ്സങ്ങൾ തീർത്തു. ആദ്യം സമ്മതിച്ച കേന്ദ്ര സർക്കാർ പിന്നീട് വാക്കു മാറ്റി. കഴിഞ്ഞ 10 വർഷമായി പ്രധാനമന്ത്രി പ്രതിനിധാനംചെയ്യുന്ന മണ്ഡലമാണിതെന്നോർക്കണം. ഇപ്പോൾ ബി.എച്ച്.യു മെഡിക്കൽ കോളജിൽ ബെഡുകളുടെ എണ്ണം കൂട്ടാനും തടസ്സം നിൽക്കുന്നു. ഇവിടെ 3600 രോഗികളെത്തുന്നതിൽ 47 കിടക്കകൾ മാത്രമാണ് ഹൃദ്രോഗികൾക്കുള്ളത്. 2019ലെ സമരത്തെ തുടർന്ന് എയിംസ് സാധ്യമായില്ലെങ്കിലും നിലവിലുള്ള 47 കിടക്കകൾക്കു പുറമെ 41 കിടക്കകൾ കൂടി അനുവദിച്ചു. അതിനാണ് ഇപ്പോൾ തടസ്സങ്ങൾ സൃഷ്ടിക്കുന്നത്.
സർക്കാറിന്റെ ഭാഗത്തുനിന്നുള്ള പ്രതികാര നടപടി ഭയക്കുന്നില്ലേ?
ഞാൻ അതിനെയൊന്നും ഭയപ്പെടുന്നില്ല. 15 ദിവസം നീണ്ടുനിന്ന ആദ്യ സമരത്തിന്റെ പേരിൽ എന്നെ 14 മാസം സസ്പെൻഡ് ചെയ്തു. വീട്ടുതടങ്കലിലാക്കി ഒരു ഭീകരനോടെന്ന പോലെയാണ് എന്നോട് പെരുമാറിയത്. എല്ലാ പൗരർക്കും ആരോഗ്യത്തിനുള്ള അവകാശം ചോദിച്ചതാണ് ഞാൻ ചെയ്ത കുറ്റം. സസ്പെൻഷൻ കാലയളവിൽ നിയമപരമായി അർഹതപ്പെട്ട അലവൻസ് തന്നില്ല. എന്റെ പ്രമോഷനും തടഞ്ഞുവെച്ചു. അതൊന്നും എന്നെ സമരമുഖത്തുനിന്ന് പിന്തിരിപ്പിക്കില്ല.
രാജ്യത്തെ ആരോഗ്യമേഖലയെ കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാട് എന്താണ്?
ബജറ്റിന്റെ 10 ശതമാനം വിഹിതം ആരോഗ്യമേഖലയിലെ വികസന പ്രവർത്തനങ്ങൾക്കായി സർക്കാർ നീക്കിവെക്കണം. ഈ 10 ശതമാനത്തിന്റെ പകുതി ചെലവിടേണ്ടത് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്കായാണ്. വാക്സിനേഷൻ, പോഷകാഹാരക്കുറവ് നികത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടക്കുന്നത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലാണ്. രണ്ടു ശതമാനം ബജറ്റ് വിഹിതം ആരോഗ്യപരിരക്ഷയുടെ ദ്വിതീയ തലത്തിലേക്ക് പോകണം. മൂന്നു ശതമാനം ത്രിതീയ-സൂപ്പർ സ്പെഷാലിറ്റി തലത്തിലേക്കും മാറ്റിവെക്കണം. 3-5 കോടി ജനങ്ങൾക്ക് ഒന്ന് എന്ന തോതിൽ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും എയിംസ് അനുവദിക്കണം. രാജ്യമൊട്ടുക്കും എത്ര ജില്ല ആശുപത്രികളുണ്ടോ അവയെല്ലാം മെഡിക്കൽ കോളജുകളാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.