ഇത് പ്രത്യയശാസ്ത്ര പോരാട്ടം
text_fieldsഇന്ത്യൻ രാഷ്ട്രീയത്തിലെ ചാണക്യനായി അറിയപ്പെടുന്ന ശരദ് പവാറിന്റെ എൻ. സി.പി പിളരുകയും കുടുംബ തട്ടകമായ ബാരാമതി ലോക്സഭ മണ്ഡലത്തിൽ കുടുംബപോരിന് വേദിയൊരുങ്ങുകയും ചെയ്തിരിക്കുന്നു. കഴിഞ്ഞ മൂന്നുതവണയും ജയിച്ച പവാറിന്റെ മകൾ, സുപ്രിയ സുലേക്ക് എതിരെ പാർട്ടി പിളർത്തിയ അജിത് പവാറിന്റെ ഭാര്യയെയാണ് മഹാരാഷ്ട്രയിലെ ഭരണപക്ഷ സഖ്യം സ്ഥാനാർഥിയാക്കിയിരിക്കുന്നത്. പവാർ കുടുംബത്തെയും ബാരാമതിയിലെ ജനങ്ങളെയും ആശയക്കുഴപ്പത്തിലാക്കുന്നതാണ് മത്സരം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബാരാമതിയിലെ ജെജൂരിയിലുള്ള പ്രചാരണ ഓഫിസിൽ വെച്ച് സുപ്രിയ സുലേ ‘മാധ്യമ‘ത്തിന് നൽകിയ അഭിമുഖത്തിൽ നിന്ന്
പാർട്ടിയിലെ പിളർപ്പിനു ശേഷമുള്ള തെരഞ്ഞെടുപ്പിൽ എങ്ങനെയാണ് ബാരാമതിയിലെ ജനങ്ങളുടെ പ്രതികരണം? അവർ ആശയക്കുഴപ്പത്തിലാണോ?
കഴിഞ്ഞ 18 വർഷം ഞാനെന്റെ ജീവിതം ഏറ്റവും കൂടുതൽ ചെലവഴിച്ചത് ഇവിടത്തെ ജനങ്ങൾക്കിടയിലാണ്. എനിക്ക് ഇവരും കുടുംബംപോലെയാണ്. എനിക്കിത് പ്രത്യയശാസ്ത്രപരമായ പോരാട്ടമാണ്. വോട്ട് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യം. അത് എങ്ങനെ വിനിയോഗിക്കണം എന്നത് അവരുടെ സ്വകാര്യതയാണ്. ഞാൻ അതേക്കുറിച്ച് പറയുന്നത് ശരിയല്ല. പക്ഷേ, എനിക്കൊരു കാര്യം ഉറപ്പുണ്ട്.
എം.പി എന്നനിലയിലെ എന്റെ പ്രവർത്തനവും കഴിവും കൊണ്ടുവന്ന വികസനങ്ങളും എനിക്ക് അവരുമായുള്ള ബന്ധവും അവർ മാനിക്കും. കഴിഞ്ഞ മൂന്നു തവണ അവർ എന്നെ പിന്തുണച്ചു. ഒപ്പം നിന്നു. അതിന്റെ റിസൽട്ട് അവർക്ക് അറിയാം. പരിഹരിക്കപ്പെടാത്ത വിഷയം വരൾച്ചയാണ്.
അതാണ് എന്റെ മുന്നിലെ വലിയ വെല്ലുവിളി. മഹാരാഷ്ട്രയുടെ പല ഭാഗങ്ങളെയും അത് സാരമായി ബാധിക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും മാസമായി ഞാനീ വിഷയം ഉന്നയിച്ചുവരുന്നു. സംസ്ഥാന സർക്കാറിന്റെ സഹായം തേടുന്നു. ഒരു പരിഹാരം കണ്ടെത്തേണ്ടത് അനിവാര്യമാണ്. നിർഭാഗ്യവശാൽ ഇതുവരെ പരിഹാരനടപടികൾ ഒന്നുമുണ്ടായില്ല.
ഇന്നോളം തണലായിരുന്ന അജിത് ദാദ ഇന്ന് എതിരാളിയാണ്. പവാർ കുടുംബത്തെ വിമർശിക്കുകയും വികസനങ്ങളുടെ ഉത്തരവാദിത്തം അവകാശപ്പെടുകയും ചെയ്യുന്നു. വൈകാരികമാണോ ഈ തെരഞ്ഞെടുപ്പ്?
ജീവിതം മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. സമയമാണ് മുറിവുണക്കുന്ന വലിയ ഘടകം. ചിലരെടുക്കുന്ന തീരുമാനം ചിലപ്പോൾ നമ്മൾ അംഗീകരിക്കേണ്ടിവരും. ജീവിതം മുന്നോട്ടു പോകേണ്ടതുണ്ട്. കുടുംബത്തെക്കുറിച്ച് ഞാനൊന്നും പറയില്ല. വൈകാരികമല്ല പ്രത്യയശാസ്ത്രപരമാണ് എന്റെ പോരാട്ടം. അജിത് ദാദയുടെ വിമർശനങ്ങളിലെ യാഥാർഥ്യം ബാരാമതിയിലെ ജനങ്ങൾക്കറിയാം.
അജിത് ദാദ ഇതുവരെ ഞങ്ങൾക്കൊപ്പമായിരുന്നു എന്നത് മറക്കരുത്. മണ്ഡലത്തിലെ വികസനങ്ങൾ എല്ലാം ടീം വർക്കായിരുന്നു. ഓരോരുത്തർക്കും ഓരോ ഉത്തരവാദിത്തങ്ങൾ വീതിച്ചുനൽകിയിട്ടുണ്ട്. അതനുസരിച്ചുള്ള പ്രവർത്തനങ്ങളാണ് നടന്നിട്ടുള്ളത്. ഞങ്ങളെല്ലാവരും ഒരു കുടക്കീഴിലായിരുന്നു. ആ കുടക്കീഴിൽ നിന്നാണ് ദാദ മറുപക്ഷത്തേക്ക് പോയത്. 18 വർഷം എല്ലാവരും ഒന്നിച്ചു നിന്നു. ദാദ പുണെ ജില്ല രക്ഷാകർതൃ മന്ത്രിയുമായിരുന്നു. അതുകൊണ്ട് സ്വാഭാവികമായും അദ്ദേഹത്തിന്റെ മേൽനോട്ടമുണ്ടായിരുന്നു.
അജിത് ദാദ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്കൊപ്പമായതിനാൽ കൂടുതൽ വികസനം കൊണ്ടുവരാൻ സാധിക്കുമെന്ന് പ്രചരിക്കപ്പെടുന്നു?
അത് ശരിയല്ല. കേന്ദ്രസർക്കാറിൽ ഭാഗമല്ലാതെതന്നെ നിരവധി വികസനങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.
എന്തുകൊണ്ട് അജിത് ദാദയുടെ ഭാര്യ സുനേത്ര പവാറിനെ തന്നെ എതിർ സ്ഥാനാർഥിയാക്കി? ബാരാമതിയിലെ കുടുംബപ്പോരിന് മോദി vs ഗാന്ധി എന്ന ചിത്രമാണ് ബി.ജെ.പി നൽകുന്നത്?
മറ്റു സ്ഥാനാർഥികളെ കിട്ടാഞ്ഞിട്ടല്ല. ശരദ് പവാറിന് എതിരെയുള്ള ബി.ജെ.പിയുടെ ഗൂഢാലോചനയാണിത്. ശരദ് പവാറിനെ രാഷ്ട്രീയമായി ഇല്ലാതാക്കുകയാണ് ലക്ഷ്യം. ബി.ജെ.പി നേതാവ് ചന്ദ്രകാന്ത് പാട്ടീൽ (മുൻ മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷൻ, മന്ത്രി) തന്നെ ഇക്കാര്യം പരസ്യമായി പറഞ്ഞതാണ്. എനിക്കിത് കുടുംബ പോരല്ല. ബി.ജെ.പിക്കെതിരായ പോരാട്ടമാണ്. രാജ്യവും സംസ്ഥാനവും പാർട്ടിയും കഴിഞ്ഞാണ് എനിക്ക് കുടുംബം.
പിളർപ്പ്, പുതിയ പാർട്ടി പുതിയ ചിഹ്നം.. വെല്ലുവിളിയല്ലേ?
വെല്ലുവിളി എന്നല്ല, ഇത് നീതികേടാണ്. തീർത്തും ജനാധിപത്യപരമല്ലാത്ത അദൃശ്യശക്തിയാണ് പിന്നിൽ. ജനാധിപത്യം അപകടത്തിലാണ്. മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥിക്കും കാഹളമാണ് ചിഹ്നമായി നൽകിയത്. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമീഷന് ഒരു മാസത്തിലേറെയായി പരാതി നൽകിയിട്ട്. ഇതിനു പിന്നിലും അദൃശ്യ ശക്തിയാണ്. പിളർപ്പിന് ശേഷവും ജനങ്ങൾ നൽകുന്ന സ്നേഹം ഉത്തരവാദിത്തം കൂട്ടുന്നു.
പൗരത്വ ഭേദഗതി, യു.എ.പി.എ നിയമങ്ങൾ പുനഃപരിശോധിക്കും, ഗവർണർ നിയമനത്തിൽ മുഖ്യമന്ത്രിമാരുടെ അഭിപ്രായം പരിഗണിക്കും എന്നതടക്കമുള്ള എൻ.സി. പിയുടെ മാനിഫെസ്റ്റോയേ കുറിച്ച്?
ഇന്ത്യയുടെ ഭാവിക്കായി വളരെ പ്രായോഗികവും പുരോഗമനപരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ മാനിഫെസ്റ്റോ. ശരിയായതും ശക്തവും തുല്യനീതി ഉറപ്പുവരുത്തുന്നതുമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.