ബാലസാഹിത്യത്തിന്റെ അൽഗോരിതം
text_fieldsകേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘അൽഗോരിതങ്ങളുടെ നാട്’ എന്ന സയൻസ് ഫിക്ഷനിലൂടെ ബാലസാഹിത്യത്തിനുള്ള ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ഉണ്ണി അമ്മയമ്പലം സംസാരിക്കുന്നു
ആദ്യ ചോദ്യം സമ്പത്തിനു കിട്ടി. അവൻ ഉത്തരം പറഞ്ഞു. പക്ഷേ പിന്നീടുള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറഞ്ഞത് വിദേശ വിദ്യാർഥികളായിരുന്നു. ഒരു മിനിറ്റുകൊണ്ട് പറയേണ്ട ഉത്തരങ്ങൾക്ക് 30 സെക്കൻഡുകൊണ്ട് അവർ ഉത്തരം പറഞ്ഞു. എങ്ങനെ ഇത്ര വേഗത്തിൽ ഉത്തരം പറയാനാകും? എന്തോ പന്തികേടുള്ളതുപോലെ സമ്പത്തിനു തോന്നി.
‘‘അവർ ഞൊടിയിടകൊണ്ട് ഉത്തരം പറഞ്ഞത് എങ്ങനെയെന്നറിയാമോ?’’ സമ്പത്തിന്റെ കൂട്ടുകാരൻ ലോപ്പസ് ചോദിച്ചു. ‘ഇല്ല’ എന്ന് സമ്പത്ത് തലകുലുക്കി. ‘‘അവർ ബ്രെയ്ൻ അപ് ലോഡ് ചെയ്തു.’’
ഉണ്ണി അമ്മയമ്പലത്തിന്റെ ‘അൽഗോരിതങ്ങളുടെ നാട്’ എന്ന സയൻസ് ഫിക്ഷനിലെ ഒരു സന്ദർഭമാണിത്. ദാരിദ്ര്യത്തിന്റെ എല്ലാ കഷ്ടപ്പാടുകളും നിസ്സഹായതയും അനുഭവിക്കുന്ന സമ്പത്ത് എന്ന കുട്ടിയുടെയും കുടുംബത്തിന്റെയും കഥയാണ് വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന, 31 അധ്യായങ്ങളുള്ള ഈ നോവൽ. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഈ കൃതിയാണ് ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യത്തിനുള്ള പുരസ്കാരം നേടിയത്.
കുട്ടികൾക്കു വേണ്ടി അമ്പതിലേറെ പുസ്തകങ്ങൾ എഴുതിയ ഉണ്ണി അമ്മയമ്പലത്തിന് സംസ്ഥാന ബാലസാഹിത്യ പുരസ്കാരം അടക്കം നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. അധ്യാപകനായും പ്രഭാഷകനായും, നഴ്സറി പ്രൈമറി അധ്യാപക ട്രെയിനറായും സജീവമാണ് ഉണ്ണി. ഉണ്ണി അമ്മയമ്പലം സംസാരിക്കുന്നു
അൽഗോരിതങ്ങളുടെ നാട്ടിൽ
നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ േമാഡേൺ ഡിവൈസുകൾ എങ്ങനെ നമ്മളെ ബാധിക്കുന്നു എന്നതിന്റെ അന്വേഷണമാണ് ‘അൽഗോരിതങ്ങളുടെ നാട്’. ഒരു ചിപ്പ് ഘടിപ്പിച്ച് ലോകത്തു നടക്കുന്നതും നടക്കാനിരിക്കുന്നതുമായ സകല അറിവുകളും തലച്ചോറിലേക്ക് അപ് ലോഡ് ചെയ്യാം എന്നൊരു സങ്കൽപനം ആ കൃതിയിൽ കൊണ്ടുവരുന്നുണ്ട്. മനുഷ്യരെ യന്ത്രങ്ങൾ ഭരിക്കുന്ന കാലം. അപ്പോൾ മനുഷ്യരിലുണ്ടാകുന്ന സംഘർഷങ്ങളും വേദനകളും നോവൽ ആവിഷ്കരിക്കുന്നു. ‘മാധ്യമം’ പത്രത്തിന്റെ കുട്ടികൾക്കുള്ള പ്രസിദ്ധീകരണമായ ‘വെളിച്ച’ത്തിലാണ് നാലുവർഷം മുമ്പ് ‘അൽഗോരിതങ്ങളുടെ നാട്’ ആദ്യം പ്രസിദ്ധീകരിച്ചത്.
പാഠപുസ്തകമായ ഗ്രാമീണജീവിതം
തിരുവനന്തപുരം ജില്ലയിൽ തമിഴ്നാടിനോടു ചേർന്നുകിടക്കുന്ന കുളത്തൂപ്പുഴക്കും കൊച്ചുകലുങ്കിനുമടുത്ത് അമ്മയമ്പലമാണ് ജന്മദേശം. ഗ്രാമം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട് ജീവിതത്തിൽ. മാതാപിതാക്കളോടാണ് എന്നും കടപ്പാട്. അതേസമയം, കഥപറഞ്ഞും പാട്ടുപാടിയും എഴുത്തിന്റെ മായികലോകത്തേക്കാനയിച്ച ഒരു മനുഷ്യനുണ്ട് –ഷാജഹാൻ. നടക്കാൻ പ്രയാസമുള്ള ആളാണ്. സ്കൂളിൽ പോയിട്ടില്ല. പക്ഷേ, തികഞ്ഞ കലോപാസകൻ. അക്കാലത്ത് നാട്ടിലെ ക്ലബിനു വേണ്ടി ഞാൻ നാടകം എഴുതുമായിരുന്നു. ഷാജി ചേട്ടനാണ് അത് വായിച്ചു തിരുത്തലുകൾ നിർദേശിക്കുന്നത്. പിന്നെയും വർഷങ്ങളെടുത്തു എഴുത്തിൽ സജീവമാകാൻ.
ബാലസാഹിത്യത്തിലേക്ക്
മുട്ടത്തുവർക്കിയുടെ ‘ഒരു കുടയും കുഞ്ഞുപെങ്ങളും’, പി. നരേന്ദ്രനാഥിന്റെ പുസ്തകങ്ങളുമാണ് ആദ്യം വായിച്ച ബാലസാഹിത്യ കൃതികൾ. പ്രഫ. എസ്. ശിവദാസ്, ഡോ. കെ. ശ്രീകുമാർ, പ്രിയ എ.എസ് തുടങ്ങിയവരുടെ പുസ്തകങ്ങൾ... എല്ലാം ഇപ്പോഴും വായിക്കും.
ഒരു നല്ല അധ്യാപകൻ ഒരു നല്ല വായനക്കാരനും നല്ല എഴുത്തുകാരനും കൂടിയാകണം. പുസ്തകം അച്ചടിച്ചിറക്കണം എന്നല്ല ഉദ്ദേശിച്ചത്. ഭാവനാസമ്പന്നരാവണം. കുട്ടികളെ പഠിപ്പിക്കുമ്പോൾ ഒരു എഴുത്തുകാരന്റെ അവബോധവും നിരീക്ഷണബുദ്ധിയും ഒക്കെ അധ്യാപകനു വേണ്ടി വരും. ഭാവനാരസം ചേർത്ത് പാഠഭാഗങ്ങൾ അവതരിപ്പിക്കുമ്പോൾ കുട്ടികൾക്ക് കൂടുതൽ ഇഷ്ടമാവും. ആ അനുഭവത്തിൽനിന്നാണ് ഞാൻ എഴുത്തുകാരനായത്.
എന്തുകൊണ്ട് ശാസ്ത്രകൃതികൾ?
മലയാളമാണ് പഠിച്ചത്. ശാസ്ത്രത്തോട് വലിയ ഇഷ്ടവും വിശ്വാസവുമുണ്ട്. ലോകത്തെ മാറ്റിത്തീർക്കുന്നത് ശാസ്ത്രമാണ്. ചിന്തിക്കാൻ പ്രേരിപ്പിച്ച് അന്ധവിശ്വാസങ്ങളിൽനിന്നും അനാചാരങ്ങളിൽനിന്നും ശാസ്ത്രം മനുഷ്യനെ മോചിപ്പിച്ചതോടെയാണ് ലോകം പുരോഗതിയിലേക്ക് കുതിച്ചത്. കുട്ടികൾ ശാസ്ത്രബോധത്തോടെ വളരണം. ചോദ്യങ്ങൾ ചോദിക്കാനും തർക്കിക്കാനും കുട്ടികൾക്ക് സാധിക്കണം. നാളത്തെ ലോകം പണിയേണ്ടവരാണ് കുട്ടികൾ. എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിക്കുകയല്ല, കഥകളിലൂടെയും സാഹിത്യത്തിലൂടെയും ഒട്ടനവധി വഴികൾ അവരുടെ മുന്നിൽ തുറന്നുവെക്കുകയാണ്. അന്ധമായ വിശ്വാസവും അന്ധവിശ്വാസവും പാടില്ല. അതിനവർ ശാസ്ത്രബോധം ഉള്ളവരായി വളരണം. അതിനുവേണ്ടിയാണ് ശാസ്ത്രകഥകൾ എഴുതുന്നത്.
എഴുത്തിലെ ശാസ്ത്ര വിസ്മയം
‘മനുഷ്യൻ പാറ്റകളാകുന്ന കാലം’ എന്റെ ആദ്യ സയൻസ് ഫിക്ഷനാണ്. ശാസ്ത്രം കണ്ടെത്തിയ പല സത്യങ്ങളെ അതിനെതിരായി ചിന്തിച്ച് വിശകലനവിധേയമാക്കുന്ന കൃതി. മൈക്രോ ബയോബ്സിനെ കുറിച്ചു പറയുന്ന ‘സൂക്ഷ്മജീവി സൂപ്പർജീവി’, കോടിക്കണക്കിന് സൂക്ഷ്മജീവികൾക്ക് പാർക്കാനുള്ള ഇടമാണ് നമ്മുടെ ശരീരമെന്നു പറയുന്ന പുസ്തകമാണ്. 2018ൽ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മികച്ച ശാസ്ത്രഗ്രന്ഥത്തിനുള്ള പുരസ്കാരം ഇതിനായിരുന്നു. ‘ഹാരിയും പോർട്ടറും’ സസ്യത്തിന്റെ കോശത്തിൽ ഒരു വൈറസ് കയറി അതിന്റെ ഡി.എൻ.എ സ്വയം എഡിറ്റ് ചെയ്ത് ദോഷകരമായ മറ്റൊരു വൈറസ് രൂപപ്പെട്ടാലുണ്ടാവുന്ന ഭവിഷത്തുകൾ പ്രമേയമാക്കുന്നു.
സൂര്യനിൽനിന്നുള്ള സൗരകൊടുങ്കാറ്റ് ഭൂമിയിലെത്തിയാൽ നമ്മുടെ ഇലക്ട്രോണിക് ഡിവൈസുകളെല്ലാം നശിക്കും. എല്ലാം നശിച്ച ഒരുലോകമാണ് ‘വരൂ നമുക്ക് സൂര്യനെ തൊടാം’ എന്ന കുഞ്ഞു പുസ്തകത്തിലെ പ്രതിപാദ്യം. കേരളീയാന്തരീക്ഷത്തിലാണ് കഥ പറയുന്നത്. മിക്ക കഥകളും അങ്ങനെതന്നെ.
വിഷയവൈവിധ്യം
‘വരൂ കുട്ടികളേ ബാപ്പുജി വിളിക്കുന്നു’ മഹാത്മാഗാന്ധിയുടെ ജീവിതം കൊച്ചു കവിതകളിലൂടെ അവതരിപ്പിക്കുന്നതാണ്. ‘അക്ഷരപ്പെട്ടി’ കുട്ടികൾക്കായുള്ള മറ്റൊരു കവിതാ സമാഹാരമാണ്. ‘ആദ്യകാല സ്വാതന്ത്ര്യസമര പോരാളികൾ’ ഒന്നാം സ്വാതന്ത്ര്യസമരത്തിനും മുമ്പ് ആദിവാസികളും കുട്ടികളും അടക്കമുള്ളവരുടെ പോരാട്ടം അടയാളപ്പെടുത്തുന്നു. ‘ദയാലു’ പാലാ കെ.എം. മാത്യു പുരസ്കാരം നേടി. കായൽ പരിസ്ഥിതിയും ആവാസവ്യവസ്ഥയും ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മികച്ച പരിസ്ഥിതി ഗ്രന്ഥത്തിനുള്ള അവാർഡ് നേടി.
‘മഴയത്ത്’ ആണ് ആദ്യം എഴുതിയ ബാലസാഹിത്യ കൃതി. മഴ വിഷയമായ കഥ, കവിത, നാടകം, മഴക്കുറിപ്പുകൾ എല്ലാം ചേർന്നതാണ് ആ പുസ്തകം. 2000ലാണ് ഇറങ്ങിയത്. കൊടുങ്ങല്ലൂർ ബാലസാഹിത്യ സമിതിയുടെ പി.ടി. ഭാസ്കരപ്പണിക്കർ സ്മാരക അവാർഡ് ഇതിനു ലഭിച്ചു.
പുരസ്കാരപ്പെരുമ
കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കഥ, നോവൽ വിഭാഗത്തിലും വൈജ്ഞാനിക സാഹിത്യ വിഭാഗത്തിലും പുരസ്കാരങ്ങൾ ലഭിച്ചു. ഒരു വർഷംതന്നെ (2016) ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ രണ്ട് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
25 വർഷത്തോളമായി അധ്യാപകനാണ്. കേന്ദ്ര സർക്കാർ പ്രോജക്ടായ ‘ചൈൽഡ് ലൈനി’ന്റെ തിരുവനന്തപുരം ജില്ലാ കോഓഡിനേറ്ററാണ്. ഇപ്പോൾ ആക്കുളം എം.ജി.എം സ്കൂളിൽ അധ്യാപകനാണ്. 52 പുസ്തകങ്ങൾ ഇതിനകം പുറത്തിറങ്ങി. മാതാവ് സരസ്വതിയമ്മ. പിതാവ് ഗംഗാധരൻ പിള്ള. മകൻ അർപ്പിത് ഉണ്ണി എട്ടാം ക്ലാസിൽ പഠിക്കുന്നു. മകൾ അൻഷി ഉണ്ണി അഞ്ചാം ക്ലാസിൽ പഠിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.