‘ശേഷം നാം മഴയെ പഴിക്കുന്നു’; വയനാട് ദുരന്തത്തിൽ പ്രതികരിച്ച് വി.എൻ. ഗാഡ്ഗിൽ
text_fieldsവയനാട് ദുരന്തത്തിൽ ഒടുവിൽ പ്രതികരിച്ച് വി.എൻ. ഗാഡ്ഗിൽ
കാലാവസ്ഥ വ്യതിയാനം ലഘൂകരിക്കാനുള്ള നിർദേശങ്ങളടങ്ങിയ റിപ്പോർട്ടായിരുന്നു തന്റേതെന്നും അതൊന്നും നടപ്പാക്കാതെ മഴയെ കുറ്റം പറഞ്ഞതുകൊണ്ട് എന്താണ് പ്രയോജനമെന്നും ചോദിക്കുകയാണ് പ്രമുഖ പരിസ്ഥിതി ശാസ്ത്രകാരൻ മാധവ് ഗാഡ്ഗിൽ. അടുത്ത കാലത്ത് കേരളത്തിൽ ഏതൊരു പ്രകൃതി ദുരന്തം, പ്രത്യേകിച്ച് പശ്ചിമഘട്ട മേഖലയിൽ അരങ്ങേറിയാൽ ചർച്ചയിലേക്ക് വരുന്ന ‘ഗാഡ്ഗിൽ റിപ്പോർട്ടി’ന്റെ ശിൽപിയായ ഗാഡ്ഗിൽ വയനാട് ഉരുൾ ദുരന്തത്തിൽ ഇതുവരെ പ്രതികരിച്ചിരുന്നില്ല.
മുണ്ടക്കൈയിലും ചൂരൽമലയിലും അനേകം മനുഷ്യർ മരിച്ചുകിടക്കുന്ന സാഹചര്യത്തിൽ അത്തരമൊരു പ്രതികരണം നടത്താനുള്ള മാനസികാവസ്ഥയിലല്ല താനെന്നായിരുന്നു ഇപ്പോൾ മഹാരാഷ്ട്രയിലുള്ള ഗാഡ്ഗിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. ‘മാധ്യമം’ ലേഖകൻ നടത്തിയ ടെലിഫോൺ അഭിമുഖത്തിൽ വയനാട് ദുരന്തത്തെപ്പറ്റിയും പശ്ചിമഘട്ട സംരക്ഷണത്തിലെ സർക്കാർ നയങ്ങളെക്കുറിച്ചും ഗാഡ്ഗിൽ പുണെയിൽനിന്ന് സംസാരിക്കുന്നു:
- ചൂരൽമലയെക്കുറിച്ച് ഞാൻ പറഞ്ഞു’’
ഇനിയൊരു ദുരന്തത്തെ താങ്ങാനുള്ള ശേഷി വയനാടിനില്ലെന്ന് അറിഞ്ഞിട്ടും നാം അറിഞ്ഞതായി നടിക്കുന്നില്ല. ചൂരൽമലയുടെ അപകടാവസ്ഥയെക്കുറിച്ച് അഞ്ചുവർഷം മുമ്പ് വയനാട്ടിലെത്തിയപ്പോൾ പറഞ്ഞിട്ടുണ്ട്. പശ്ചിമഘട്ടത്തിന്റെ തകർച്ചയെ സംബന്ധിച്ച് സൂചന നൽകിയത് നടപടികൾ സ്വീകരിക്കാനാണ്. പാഠമുൾക്കൊണ്ട് ഇനിയെങ്കിലും നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ദുരന്തങ്ങൾതന്നെയാവും ഇനിയും കാത്തിരിക്കുന്നത്.
- സംസ്ഥാന ഭരണകൂടം പരാജയപ്പെടുകയാണ്’’
വയനാട്ടിലേതുപോലുള്ള ദുരന്തങ്ങൾ മനുഷ്യനിർമിതികളാണെന്ന് പറയുന്നത് തെറ്റാകില്ല. പാരിസ്ഥിതിക നിർദേശങ്ങൾ കർശനമായി നടപ്പാക്കുന്നതിൽ സംസ്ഥാന ഭരണകൂടം പരാജയപ്പെടുകയാണ്. അതിരൂക്ഷമായ രീതിയിൽ കാലാവസ്ഥ വ്യതിയാനം സംഭവിക്കുമ്പോൾ അത് ചെറുക്കാൻ മനുഷ്യരും ഭരണകൂടവും ഒന്നിക്കണം. എന്നാൽ, സാമ്പത്തിക താൽപര്യത്തിലൂന്നി പ്രകൃതിയെ ചൂഷണം ചെയ്യുന്നവർക്ക് അരുനിൽക്കാൻ ഭരണകൂടം തയാറാകുന്ന കാഴ്ചയാണിപ്പോൾ മുന്നിലുള്ളത്.
പരിസ്ഥിതി നിലനിൽപിനെക്കുറിച്ച നിർദേശങ്ങൾ സർക്കാർ തുടരത്തുടരെ അവഗണിക്കുന്നതാണ് വയനാട്ടിലെ ഉരുൾപൊട്ടൽപോലുള്ള ദുരന്തങ്ങൾക്ക് കാരണം.
- എന്നിട്ട് മഴയെ കുറ്റം പറയുകയാണ്’’
കാലാവസ്ഥ വ്യതിയാനത്തെ മറികടക്കാനുള്ള എന്റെ റിപ്പോർട്ടിലെ നിർദേശങ്ങളാണ് അധികാരികൾ തള്ളിക്കളഞ്ഞത്. എന്നിട്ട് മഴയെ കുറ്റം പറയുകയാണ്. വനമേഖലകളിൽ മനുഷ്യന്റെ കടന്നുകയറ്റം പരിസ്ഥിതി ലോല പ്രദേശങ്ങളെ കൂടുതൽ ദുർബലമാക്കുകയാണ്.
ക്വാറികളും റിസോർട്ടുകളും നീന്തൽക്കുളങ്ങളും ഉരുൾപൊട്ടൽ സാധ്യതകൾ വർധിപ്പിക്കുന്നുവെന്ന് തരംതിരിച്ചുതന്നെ പശ്ചിമഘട്ട വിദഗ്ധ സമിതി റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഒരുതരത്തിലുമുള്ള വികസനവും ഇവിടെ പാടില്ലെന്ന് അടിവരയിട്ട് സൂചിപ്പിച്ചിട്ടുമുണ്ട്. ആരു കേട്ടു?
- ബ്രിട്ടീഷുകാർ പോലും ചെയ്യാത്തത് ചെയ്യുന്നു’’
തേയിലത്തോട്ടങ്ങൾക്ക് മാത്രമായി ബ്രിട്ടീഷുകാർ ഉപയോഗിച്ച മണ്ണിനെ ഇന്ന് കൃത്രിമ തടാകങ്ങൾക്കും കൂറ്റൻ കെട്ടിടങ്ങൾക്കുമായി മാറ്റിമറിക്കുകയാണ്. ഉരുള്പൊട്ടലുകൾ സംഭവിച്ചത് വനമേഖലയിലാണെന്നും ഇതിന് മനുഷ്യ ഇടപെടലുമായി ബന്ധമില്ലെന്നും പറയുന്നു.
ക്വാറികളുടെ ഖനന പ്രകമ്പനങ്ങളെക്കുറിച്ച് കണ്ണടക്കുകയാണ്. ജലാംശം സംഭരിക്കാൻ മണ്ണിനുള്ള ശേഷി കുറയുകയാണ്. വെള്ളം മണ്ണിനടിയിലേക്ക് കിനിഞ്ഞിറങ്ങാനുള്ള ശേഷിയും മണ്ണിന്റെ ജലവാഹക ശേഷിയും പ്രധാന ഘടകമാണ്. മണ്ണിന്റെ ജൈവാംശത്തിന്റെ തോത് വര്ധിപ്പിക്കുന്നതിനുപകരം റിസോർട്ട് ഉടമകളും ക്വാറി ഉടമകളുമെല്ലാം ഭരണകൂടത്തിന്റെ ദുഃസ്വാധീനത്താൽ മണ്ണിനെ പണം വിളയുന്ന ഇടമാക്കി മാറ്റാനുള്ള ശ്രമമാണ് നടത്തുന്നത്. മണ്ണില് ഉണ്ടായിരിക്കേണ്ട ജൈവാംശത്തിന്റെ അളവ് തുലോം കുറഞ്ഞുകൊണ്ടിരിക്കുന്നു.
- ദുരന്തം വയനാടിനെ മാത്രമല്ല കാത്തിരിക്കുന്നത്’
വിദഗ്ധ സമിതി നിർദേശം സർക്കാർ നിരാകരിച്ചതുവഴി കോട്ടം വയനാടിനു മാത്രമല്ല, സംസ്ഥാനത്തെ മറ്റു ഭാഗങ്ങളെക്കൂടി ബാധിച്ചുതുടങ്ങി. ഗൗരവത്തിൽ വിഷയത്തെ കാണാൻ പറ്റുന്നില്ലെന്നതാണ് സംസ്ഥാന സർക്കാറിന്റെ വീഴ്ച.
നിർദേശങ്ങൾ നടപ്പാക്കുന്നില്ലെങ്കിൽ ചൂരൽമലയും മുണ്ടക്കൈയുമൊന്നും അവസാനമാകില്ല. പ്രകൃതിദുരന്തങ്ങൾ നേരിടുന്നതിനും കുറക്കുന്നതിനും കാലേക്കൂട്ടിയുള്ള ആസൂത്രണം വേണം. അതിനുള്ള നിർദേശം മുന്നിൽവെച്ചുകൊടുത്തിട്ടും നടപ്പാക്കുന്നില്ല.
ഭരണകൂടത്തിനു മാത്രമേ ഈ ദുരന്തങ്ങളെ ഒഴിവാക്കാൻ കഴിയൂവെന്ന അവസ്ഥയിലെത്തിയിരിക്കുകയാണ് കാര്യങ്ങൾ. കാലാവസ്ഥ വ്യതിയാനവും വരൾച്ചയും വെള്ളപ്പൊക്കവുമെല്ലാം പ്രതിരോധിക്കുന്നതിനും കുറക്കുന്നതിനും പകരം, ഭരണകൂടം അതിന്റെ കെടുതികൾക്ക് ആക്കംകൂട്ടുന്നു എന്നത് മഹാ കഷ്ടമാണ്.
പശ്ചിമ ഘട്ടം
ആറ് സംസ്ഥാനങ്ങളിലും 44 ജില്ലകളിലും 142 താലൂക്കുകളിലുമായി വ്യാപിച്ചുകിടക്കുന്ന വിശാലമായ പ്രദേശമാണ് പശ്ചിമഘട്ടം. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എട്ട് ജൈവ വൈവിധ്യ ഹോട്ട്സ്പോട്ടുകളിൽ ഒന്നായി യുനെസ്കോ അംഗീകരിച്ച ഈ വനം നിറഞ്ഞ കുന്നുകൾ ഗോദാവരി, കൃഷ്ണ, കാവേരി എന്നിവയുൾപ്പെടെ നിരവധി നദികളുടെ ഉൽഭവസ്ഥാനമാണ്.
ആറ് സംസ്ഥാനങ്ങളിലേക്ക് വെള്ളം എത്തിക്കുന്ന വലിയ ജലസംഭരണിയായി പശ്ചിമഘട്ടം പ്രവർത്തിക്കുന്നു. ഇപ്പോൾ ആജലസംഭരണിയിൽ ചോർച്ചയും ജലക്ഷാമവും രൂക്ഷമാണ്. നദികളെല്ലാം വറ്റിവരളുകയാണ്. കൂടാതെ വെള്ളമുള്ളിടത്തെല്ലാം അത് വളരെ മലിനമാണ്. കാലാവസ്ഥാ വ്യതിയാനം കാരണം കൊടും ചൂടും പ്രളയവും ഈ പ്രദേശങ്ങളിൽ പതിവായി.
ഗാഡ്ഗിൽ റിപ്പോർട്ട്
മുഴുവൻ ഇന്ത്യയുടെയും, പ്രത്യേകിച്ച് ദക്ഷിണേന്ത്യയുടെ സുസ്ഥിര നിലനിൽപ്പിനായി, നാമാവശേഷമായികൊണ്ടിരിക്കുന്ന പശ്ചിമഘട്ടത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ രണ്ടാം യു.പി.എ സർക്കാർ, 2010 മാർച്ചിൽ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അധ്യക്ഷനായി, പശ്ചിമഘട്ടമലനിരകളും അതിനോടനുബന്ധിച്ച പ്രദേശങ്ങളുമടങ്ങുന്ന പാരിസ്ഥിതികവ്യൂഹം നേരിടുന്ന പ്രശ്നങ്ങൾസംബന്ധിച്ചു പഠിച്ച്, റിപ്പോർട്ടു സമർപ്പിക്കുന്നതിനായി വിദഗ്ധ സമിതിയെ (ഗാഡ്ഗിൽ കമ്മീഷൻ) നിയോഗിച്ചു.
14 വിദഗ്ധരടങ്ങിയ ഈ സമിതി തയാറാക്കിയ റിപ്പോർട്ട് ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് എന്നാണ് അറിയപ്പെടുന്നത്. വിശദപഠനത്തിനു ശേഷം കമ്മീഷൻ 2011 ഓഗസ്റ്റ് 31 ന് കേന്ദ്ര സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ, ഇതിൽ തുടർ നടപടികൾ ഉണ്ടായില്ല. തുടർന്ന് പ്രമുഖ ശാസ്ത്രജ്ഞൻ കസ്തൂരി രംഗൻ ചെയർമാനായി മറ്റൊരു കമീഷനെ നിയോഗിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.