ഞങ്ങൾ ബി.ജെ.പി അജണ്ടക്ക് പിറകെ പോവില്ല
text_fieldsപത്തു വർഷത്തെ ബി.ആർ.എസ് ഭരണം തകർത്തെറിഞ്ഞ് ഡിസംബറിൽ സംസ്ഥാനത്ത് അധികാരത്തിലേറിയ കോൺഗ്രസ് നാലുമാസങ്ങൾക്കിപ്പുറം ലോക്സഭ തെരഞ്ഞെടുപ്പിലും നേട്ടം ആവർത്തിക്കാനുള്ള ഒരുക്കത്തിലാണ്. തെലങ്കാനയുടെ പ്രചാരണ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ് അടക്കമുള്ള മലയാളികളായ കോൺഗ്രസ് നേതാക്കളിൽ പലരും ഇവിടെ പ്രചാരണത്തിൽ സജീവമായുണ്ട്. പ്രചാരണത്തിരക്കുകൾക്കിടെ പി.സി. വിഷ്ണുനാഥുമായി നടത്തിയ കൂടിക്കാഴ്ചയിൽനിന്ന്
എന്താണ് തെലങ്കാനയിലെ പ്രചാരണ തന്ത്രങ്ങൾ?
കർണാടക നിയമസഭ തെരഞ്ഞെടുപ്പിലൊക്കെ ഞങ്ങൾ നടപ്പാക്കി വിജയിപ്പിച്ച തന്ത്രം തന്നെയാണ് ഞങ്ങൾ പിന്തുടരുന്നത്. ഞങ്ങളുടെ അജണ്ട ഞങ്ങളാണ് തീരുമാനിക്കുന്നത്. ബി.ജെ.പിയല്ല. അവരുടെ നരേറ്റിവിന് പിന്നാലെ പോകാൻ ഞങ്ങളെ കിട്ടില്ല.
മുമ്പ് അങ്ങനെ സംഭവിച്ചിരുന്നതായിരുന്നു അവരുടെ വിജയം. ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ പ്രചാരണത്തിലേക്ക് കൊണ്ടുവരുകയാണ് ഞങ്ങൾ ചെയ്യുന്നത്. കോൺഗ്രസിന്റെ മാനിഫെസ്റ്റോ ചർച്ചയാകുന്നതുപോലും ജനങ്ങളുടെ പ്രയാസങ്ങൾ അത്ര വലുതായതുകൊണ്ടാണ്. ഇതാണ് മോദിയെ വിറളി പിടിപ്പിക്കുന്നത്. ബാലൻസ് തെറ്റിയ ആരോപണങ്ങൾ അദ്ദേഹത്തിൽനിന്ന് ഉയരുന്നത് അതുകൊണ്ടാണ്.
രേവന്ത് റെഡ്ഡി സർക്കാറിന്റെ ഗാരന്റി പദ്ധതികൾ തെരഞ്ഞെടുപ്പിൽ ഫലം ചെയ്യുമോ?
സർക്കാർ വന്നിട്ട് അധികനാളായിട്ടില്ല. എന്നിട്ടും മൂന്നു ഗാരന്റി പദ്ധതികൾ നടപ്പാക്കി. വനിതകൾക്ക് സൗജന്യ ബസ് യാത്ര, 200 യൂനിറ്റ് സൗജന്യ വൈദ്യുതി, 500 രൂപക്ക് പാചകവാതക സിലിണ്ടർ എന്നിവ. കർഷക വായ്പകൾ ആഗസ്റ്റ് 15നകം എഴുതിത്തള്ളുമെന്ന് ജനങ്ങൾക്ക് ഉറപ്പുനൽകി. ഗാരന്റി പദ്ധതികൾ ഗ്രാമീണ മേഖലയിൽ അനുകൂല പ്രതികരണമുണ്ടാക്കിയിട്ടുണ്ട്. അതു വോട്ടായി മാറും.
ഗാരന്റി പദ്ധതികൾക്കപ്പുറം എന്താണ് കോൺഗ്രസ് പറയാൻ ശ്രമിക്കുന്നത്?
കഴിഞ്ഞ ദിവസം നിർമലിൽ രാഹുൽ ഗാന്ധി പ്രചാരണത്തിൽ പങ്കെടുക്കുമ്പോൾ 48 ഡിഗ്രിയായിരുന്നു അവിടത്തെ ചൂട്. ഇതു വകവെക്കാതെ ആയിരങ്ങളാണ് അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ വന്നത്. ഭരണഘടന ഇല്ലാതായാൽ അവരുടെ അവകാശങ്ങൾ ഇല്ലാതാവുമെന്ന് രാഹുൽ ഗാന്ധി അവരോട് പറഞ്ഞു. അർഹതപ്പെട്ട അവകാശത്തിനായി സംവരണതട്ട് ഉയർത്തുമെന്ന് പറഞ്ഞു. ബി.ജെ.പി അധികാരത്തിൽ വന്നാലുണ്ടാകുന്ന അപകടത്തെ കുറിച്ച് സാധാരണ ജനങ്ങളെ ഞങ്ങൾ ഉണർത്തുന്നു.
കഴിഞ്ഞ പത്തുവർഷം ബി.ആർ.എസ് സംസ്ഥാനത്തും ബി.ജെ.പി കേന്ദ്രത്തിലും ഭരിച്ചിട്ട് തെലങ്കാന എന്തുനേടി എന്നാണ് ഞങ്ങൾ ചോദിക്കുന്നത്. അതിന്റെ ഭാഗമാണ് ‘കഴുത മുട്ട’ കാമ്പയിൻ.
തെലങ്കാനയിൽ ബി.ആർ.എസ്-ബി.ജെ.പി അന്തർധാരയുണ്ടോ?
തെലങ്കാനയിൽ ബി.ആർ.എസിന്റെയും ബി.ജെ.പിയുടെയും പൊതുശത്രു കോൺഗ്രസാണ്. അധികാരത്തിൽനിന്ന് വിട്ടുനിന്ന ചുരുങ്ങിയ കാലം കൊണ്ട് ബി.ആർ.എസ് തകർന്നു. അവർക്ക് വിജയസാധ്യതയില്ലാത്ത മണ്ഡലങ്ങളിൽ കോൺഗ്രസിനെ വീഴ്ത്താൻ ബി.ജെ.പിക്ക് വോട്ടുമറിക്കാനാണ് നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.