Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightInterviewchevron_right'പു-​രോ​ഗ-​മ​ന'...

'പു-​രോ​ഗ-​മ​ന' രാഷ്ട്രീയ സിനിമകളെ അക്കാദമി ഭയക്കുന്നതെന്തിന്?

text_fields
bookmark_border
പു-​രോ​ഗ-​മ​ന രാഷ്ട്രീയ സിനിമകളെ  അക്കാദമി ഭയക്കുന്നതെന്തിന്?
cancel

ഭരണകൂടങ്ങൾ എങ്ങനെയൊക്കെയാണ് ഒരു ജനതയുടെ മേൽ അധികാരപ്രയോഗങ്ങൾ നടത്തുന്നത് എന്നതിന്‍റെ രേഖകളാണ് ഡോ. ബിജുവിന്‍റെ 'ദ പോർട്രൈറ്റ്സ്'. ആവിഷ്കാരസ്വാതന്ത്ര്യത്തിന് മേലുള്ള ഭരണകൂടത്തിന്‍റെ കടന്നുകയറ്റം, ഒരു നാടിനെ കടലെടുക്കാൻ വിട്ടുകൊടുക്കുന്ന സർക്കാറിന്‍റെ ആലപ്പാട്ടെ കരിമണൽ ഖനനം, മാവോവാദി ആരോപിത കൊലപാതകങ്ങൾ, യന്ത്രവത്കൃത വികസനങ്ങളിൽ പുറന്തള്ളപ്പെട്ടു പോകുന്ന ഫാക്ടറി തൊഴിലാളികൾ, യുവതയുടെ നിസ്സഹായമായ പ്രതിരോധങ്ങൾ, പ്രതികരണശേഷി നഷ്ടപ്പെടുന്ന സമൂഹം, എന്നിങ്ങനെ ആറ് രാഷ്ട്രീയ നിലപാടുകളാണ് തിരശ്ശീലയിൽ ബിജു വരച്ചിടുന്നത്.

കേന്ദ്ര-സംസ്ഥാന സർക്കാറുകളെ കടന്നാക്രമിക്കുന്ന ചിത്രം കഴിഞ്ഞ 26ാമത് ഐ.എഫ്.എഫ്.കെയിൽ ജൂറി തള്ളിക്കളഞ്ഞു. ഒടുവിൽ മോസ്‌കോ ചലച്ചിത്ര മേള ഉൾപ്പെടെ ഒട്ടേറെ അന്താരാഷ്ട്ര മേളകളിൽ ഈ വർഷം പ്രദർശിപ്പിച്ചതുകൊണ്ടുമാത്രം 27ാമത് ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കാൻ അനുമതി ലഭിച്ച ചിത്രത്തെക്കുറിച്ച് ഡോ. ബിജു സംസാരിക്കുന്നു.

സംസ്ഥാന സർക്കാറിനെ രൂക്ഷമായ ഭാഷയിലാണ് ദ പോർൈട്രറ്റ്സിൽ വിമർശിക്കുന്നത്. ശക്തമായ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന കേരള മേളയിൽ നിന്ന് ഇത്തരമൊരു സിനിമ ആദ്യം ഒഴിവാക്കപ്പെട്ടപ്പോൾ നിരാശ തോന്നിയോ?

തീർച്ചയായും. 27 വർഷം പിന്നിടുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. ജാഫർ പനാഹിയെപ്പോലുള്ള ഇറാൻ സംവിധായകർ അവരുടെ സർക്കാറിനെ വിമർശിച്ച് സിനിമയെടുക്കുമ്പോൾ അത്തരം സിനിമകളെയും സംവിധായകരെയും ഈ മേളയിലേക്ക് വൻ ആഘോഷപൂർവം കൊണ്ടുവരാറുണ്ട്. പക്ഷേ, കേരളത്തിലെ രാഷ്ട്രീയം പറയുന്ന മലയാള സിനിമകളെ മേളയിൽ നിന്ന് ബോധപൂർവം ഒഴിവാക്കുന്നു. മുൻ മേളകളിലടക്കം ചലച്ചിത്ര അക്കാദമി തെരഞ്ഞെടുത്ത 14 മലയാള സിനിമകളിൽ രാഷ്ട്രീയം സംസാരിക്കുന്ന എത്ര സിനിമകൾ ഉണ്ടെന്ന് പരിശോധിച്ചാൽ മതി.

ഈ വർഷവും ദലിതരുടെ ജീവിതം പറയുന്ന 'സ്ഥലം'(ഭൂമി) മേളയിലേക്ക് നൽകിയിരുന്നെങ്കിലും ജൂറി തള്ളിക്കളഞ്ഞു. 'പു-രോഗ-മന'കേരളത്തിന്‍റെ രാഷ്ട്രീയ സിനിമകളെ ചലച്ചിത്ര അക്കാദമി ഭയക്കുന്നതെന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഇതിന്‍റെ പഴി ജൂറികളുടെ മേൽ ഒരു പക്ഷേ അക്കാദമി ചാർത്തിക്കൊടുത്തേക്കാം. സർക്കാർ വിമർശന സിനിമ ചെയ്യുന്നവരെ കളിയാക്കുന്ന പ്രവണത പൊതുവെ മലയാളത്തിൽ കൂടിവരുകയാണ്. സിനിമയിൽ എന്തിനാണ് രാഷ്ട്രീയമെന്നും അത് പറയുകയാണെങ്കിൽ അടക്കി ഒതുക്കി പറയണ്ടതല്ലേ എന്നുമാണ് ഇവരുടെ ചോദ്യം.

സിനിമ ഉറക്കെ പറയേണ്ട ചില സാഹചര്യങ്ങളുണ്ട്. അത്തരമൊരു സാഹചര്യത്തിലൂടെയാണ് ഇന്ന് നമ്മുടെ രാജ്യവും കേരളവും കടന്നുപോകുന്നത്. പല സംവിധായകർക്കും സർക്കാറിനെ പേടിയാണ്. സിനിമ ആർട്ടിസ്റ്റിക് ഫോം മാത്രമല്ല, ഒരു സോഷ്യൽ ടൂൾ കൂടിയാണ്.

കേരളത്തിൽ നടന്ന മാവോവാദി കൊലപാതകങ്ങൾ ആസൂത്രിതമാണെന്ന് സിനിമ പറയുന്നു? എന്തായിരുന്നു അതിന് പിന്നിൽ?

നിരോധിക്കപ്പെട്ടു എന്നതുകൊണ്ടുമാത്രം ഭീകരസംഘടനയാകുമെങ്കിൽ കേരളത്തിലെ പല മുഖ്യധാര രാഷ്ട്രീയ പാർട്ടികളെയും ഒരുകാലത്ത് നിരോധിച്ചിരുന്നതാണ്. അക്കാലത്തെ ഭരണകൂടം നേതാക്കളെ വെടിവെച്ച് കൊന്നിരുന്നെങ്കിൽ എന്തായിരുന്നു സംഭവിക്കുക? മാവോവാദികൾ നാട്ടിലിറങ്ങി അക്രമം ഉണ്ടാക്കി ആളുകളെ കൊന്നതിന് ശേഷമാണ് അവരെ കൊലപ്പെടുത്തുന്നതെങ്കിൽ അതിനു ന്യായീകരണമുണ്ട്.

കേരളത്തിൽ പൊലീസ് ജീപ്പിന് കല്ലെറിയലും കടയിൽ നിന്ന് അരി മോഷ്ടിച്ചതും ലഘുലേഖ വിതരണവുമാണ്. ഓരോ തവണ മാവോവാദികള്‍ കൊല ചെയ്യപ്പെടുമ്പോഴും ഉത്തര്‍പ്രദേശിലെയും ബിഹാറിലെയും പൊലീസ്‌ പറയുന്ന അതേ കഥയാണ്‌ കേരള പൊലീസിനുമുള്ളത്‌. ഇതിൽ ജനാധിപത്യവിരുദ്ധതയുണ്ടെന്ന് തോന്നിയിരുന്നു.

ആലപ്പാട്ടെ കരിമണൽ ഖനനത്തിലേക്കെത്തുമ്പോൾ സിനിമ ഡോക്യുഫിക്ഷനിലേക്ക് മാറുകയാണല്ലോ?

ജനിച്ച മണ്ണിൽ ജീവിക്കുന്നതിന് വേണ്ടിയാണ് ആലപ്പാട്ടെ ജനങ്ങളുടെ സമരം. കരിമണലിന്‍റെ ഖനനത്തെപ്പറ്റി ശാസ്ത്രീയപഠനം നടത്തേണ്ട ബാധ്യത മാറിമാറിവന്ന എല്ലാ സർക്കാറുകൾക്കുമുണ്ടായിരുന്നു. പക്ഷേ, അതൊന്നും ചെയ്യാതെ ഒരു പ്രദേശം ഒന്നാകെ കടലെടുക്കുന്ന രീതിയിലേക്കാണ് ഖനനം നീങ്ങുന്നത്. ആലപ്പാട്ടെ ജനങ്ങൾ തന്നെയാണ് അതിനെക്കുറിച്ച് സിനിമയിൽ സംസാരിക്കുന്നത്. വായിക്കുന്നവരെയും ചിന്തിക്കുന്നവരെയും ഏതു ഭരണകൂടവും ഭയക്കുന്നുണ്ട്. അതുകൊണ്ടാണ് സമരത്തിന് പിന്തുണ നൽകാൻ എത്തുന്നവരെപ്പോലും പൊലീസിന് അറസ്റ്റ് ചെയ്ത് നീക്കേണ്ടിവരുന്നത്.

കേരളത്തിലെ ജാതിവിവേചനത്തിനെതിരെ രൂക്ഷഭാഷയിലാണല്ലോ വിമർശനം?

ഏത് രാഷ്ട്രീയപാർട്ടിയായാലും ഒരേ വിഷയങ്ങളിലെ ഇരട്ടത്താപ്പ് ഒരിക്കലും നല്ലതല്ല. മറ്റ് സംസ്ഥാനങ്ങളിലെ കോളജുകളിൽ ജാതിവിവേചനമുണ്ടാകുമ്പോൾ അത് വലിയ വിഷയമായി കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളും വിദ്യാർഥിസംഘടനകളും ഏറ്റെടുക്കാറുണ്ട്. എന്നാൽ, കേരളത്തിലെ ചലച്ചിത്ര പഠനമേഖലയില്‍ വലിയൊരു വിപ്ലവം സൃഷ്ടിക്കാനായി കോട്ടയത്ത് സ്ഥാപിച്ച കെ.ആര്‍. നാരായണന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സില്‍ വിദ്യാർഥികള്‍ അനിശ്ചിതകാല സമരത്തിലാണിപ്പോള്‍.

ഡയറക്ടറുടെ ഭാഗത്തുനിന്ന് ക്രൂരമായ ജാതി വിവേചനമാണ് നേരിടുന്നതെന്ന് വിദ്യാര്‍ഥികളും ജീവനക്കാരും ഒരേ സ്വരത്തിൽ പറയുന്നു. കെ.ആർ. നാരായണന്‍റെ പേരിലുള്ള സ്ഥാപനത്തിൽ സംവരണ അട്ടിമറി, അക്കാദമികരംഗത്തെ പിഴവുകള്‍, വേണ്ട ഭൗതിക സാഹചര്യങ്ങള്‍ ഇല്ലായ്മ, ഇ-ഗ്രാന്‍റ് വിതരണത്തിലെ മെല്ലെപ്പോക്ക് അടക്കം നിരവധി പരാതികൾ ഉണ്ടായിട്ടും കാര്യമായ ഇടപെൽ ഉണ്ടായിട്ടില്ല. വിദ്യാർഥികൾ ഇപ്പോഴും സമരത്തിലാണ്. എവിടെയായാലും ജാതിവിവേചനം എതിർക്കപ്പെടേണ്ടത് തന്നെയല്ലേ?

ഐ.എഫ്.എഫ്.കെയുടെ സ്വഭാവം മാറുകയാണോ?

ലോകത്തെ മുപ്പത്തഞ്ചോളം മേളയിൽ പങ്കെടുത്തയാളാണ് ഞാൻ. മലയാളത്തിലെ രാഷ്ട്രീയം പറയുന്ന സിനിമകളെ മാറ്റിനിർത്തി ഇതൊരു കാർണിവലാക്കി മാറ്റാനാണ് ചലച്ചിത്ര അക്കാദമി ശ്രമിക്കുന്നത്. സിനിമ കാണാനും ആഘോഷങ്ങളിലും പങ്കെടുക്കാൻ അവസരമുണ്ടെന്നല്ലാതെ പുതിയൊരു സംവിധായകന് ഈ മേളയിൽ നിന്ന് ഒരു സഹായവും ലഭിക്കുന്നില്ല. മലയാള സിനിമകളുടെ അന്തർദേശീയ വിപണനത്തിനായി ഒരു ഫിലിം മാർക്കറ്റ് സ്ഥാപിക്കാൻ പോലും സാധിക്കാത്ത ഭാവനാദാരിദ്ര്യവും കാഴ്ചപ്പാടില്ലായ്മയും അലങ്കാരമായി കൊണ്ടുനടക്കുകയാണ് അക്കാദമി.

പത്തനംതിട്ട ജില്ല ഹോമിയോ ഓഫിസറായ താങ്കൾക്ക് സർക്കാറിനെ പേടിയില്ലേ?

സർക്കാർ ജീവനക്കാർക്ക് ആവിഷ്കാര സ്വാതന്ത്ര്യം പാടില്ലെന്ന് എങ്ങും പറഞ്ഞിട്ടില്ല. ആശയപരമായും രാഷ്ട്രീയമായും വിയോജിപ്പുകൾ ഉള്ളപ്പോഴും സർക്കാറിന്‍റെ നയരൂപവത്കരണത്തെയും പ്രവർത്തനങ്ങളെയും ഒരിക്കലും വിമർശിച്ചിട്ടില്ല. അവയെ പിന്തുടരാനും നടപ്പാക്കാനും ബാധ്യസ്ഥനായ ഉദ്യോഗസ്ഥനാണ് ഞാൻ. അത് കൃത്യമായി ചെയ്യുന്നുമുണ്ട്. സർക്കാറും മനസ്സിലാക്കുന്നുണ്ട്. അതുകൊണ്ടാണല്ലോ 15 വർഷമായി ഞാൻ സിനിമയെടുക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dr. BijuThe Portraits
News Summary - Why academy afraid of the forward political films
Next Story