ഐ.പി.എല്ലിന് കാണികളെത്തി; ഗാലറിയിൽ വീണ്ടും ആരവമുയർന്നു
text_fieldsദുബൈ: വൈകീട്ട് നാലു മണി മുതൽ ഗാലറിയിലേക്ക് കാണികളുടെ ഒഴുക്ക് തുടങ്ങിയിരുന്നു. ഇന്ത്യയുടെ സ്വന്തം പ്രീമിയർ ലീഗ് വിരുന്നെത്തിയപ്പോൾ ഗാലറിയെ സമ്പന്നമാക്കിയതിൽ ഭൂരിപക്ഷവും ഇന്ത്യക്കാരാണ്. അതിൽ മലയാളികളുടെ എണ്ണവും തീരെ കുറവില്ലായിരുന്നു. 25,000 പേർക്കിരിക്കാവുന്ന ദുബൈ സ്റ്റേഡിയത്തിൽ കോവിഡ് മുൻകരുതലുകൾ പാലിച്ച് 10,000ത്തിൽ താഴെ ആളുകളെയാണ് പ്രവേശിപ്പിച്ചത്. സ്റ്റേഡിയത്തിെൻറ താഴത്തെ നിരയിൽ കാണികളെ അനുവദിച്ചിരുന്നില്ല. ഈ ഭാഗത്തെ സീറ്റുകൾ കറുത്ത തുണി ഉപയോഗിച്ച് മറച്ചു. മുകളിലത്തെ ഗാലറിയിൽ ഒന്നിടവിട്ട സീറ്റുകളാണ് അനുവദിച്ചത്. ഇടയിലുള്ള സീറ്റുകളിൽ സ്റ്റിക്കറുകൾ പതിച്ചിരുന്നു.
യു.എ.ഇയിൽ നടന്ന കഴിഞ്ഞ സീസണിൽ കാണികളെ പ്രവേശിപ്പിച്ചിരുന്നില്ല. ഷാർജ സ്റ്റേഡിയത്തിൽ സഞ്ജു വി. സാംസണും എ.ബി ഡിവില്ലിയേഴ്സും തകർത്തടിച്ചപ്പോൾ സ്റ്റേഡിയത്തിന് പുറത്ത് പന്തെടുക്കാൻ ഓടിനടന്നവരുടെ വിഡിയോകൾ വൈറലായിരുന്നു. ഇത്തവണ ഇതിന് പകരം സ്റ്റേഡിയത്തിനുള്ളിലിരുന്ന് കളി കാണാനുള്ള അവസരം ഒരുക്കിയതിൽ സന്തോഷമുണ്ടെന്ന് സ്റ്റേഡിയത്തിലെത്തിയ തൃശൂർ ഇരിങ്ങാലക്കുട സ്വദേശി ജിബിൻ ജോർജ് പറയുന്നു.
ടിക്കറ്റ് നിരക്ക് കുറക്കണമെന്ന അഭിപ്രായമാണ് ജിബിെൻറ സുഹൃത്ത് ആൽവിനുള്ളത്. എങ്കിലും കൂടുതൽ ഓഫറുകൾ വരുമെന്ന പ്രതീക്ഷയും ഇവർ പങ്കുവെക്കുന്നു. അബൂദബി സ്റ്റേഡിയത്തിൽ ടിക്കറ്റ് നിരക്ക് കുറവാണ്. അബൂദബിയിലേക്ക് കോവിഡ് ടെസ്റ്റ് വേണമെന്ന നിബന്ധന പിൻവലിച്ചതിനാൽ അവിടെ പോയി കളി കാണാൻ കഴിയുമെന്നും ആൽവിൻ പറയുന്നു. കോംബോ ഓഫറുകളെടുത്താണ് കൂടുതൽ പേരും സ്റ്റേഡിയത്തിൽ എത്തിയത്. സഞ്ജുവിെൻറയും ദേവ്ദത്ത് പടിക്കലിെൻറയും സെഞ്ച്വറി നേരിൽ കാണണമെന്നാണ് കൊല്ലംകാരനായ സെയ്ദിെൻറ ആഗ്രഹം. 2014ലെ ഐ.പി.എല്ലിലും സെയ്ദ് ഗാലറിയിൽ എത്തിയിരുന്നു. ഇക്കുറി ആഗ്രഹം സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇദ്ദേഹം.
വാക്സിനെടുത്തവരെ മാത്രമാണ് ദുബൈ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നത്. ഷാർജയിലും അബൂദബിയിലും കളി കാണണമെങ്കിൽ 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് പരിശോധനഫലം ഹാജരാക്കണം. എന്നാൽ, ദുബൈയിൽ ഈ നിബന്ധന ഇല്ല. വാക്സിനെടുക്കാത്ത 12 വയസ്സിൽ താഴെയുള്ളവരെയും സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചു. മുംബൈ ഇന്ത്യൻസിെൻറയും ചെന്നൈ സൂപ്പർ കിങ്സിെൻറയും ജഴ്സികൾ അണിഞ്ഞാണ് കാണികൾ സ്റ്റേഡിയത്തിലേക്ക് എത്തിയത്. ആരാധകരെ നിരാശപ്പെടുത്തിയാണ് മത്സരം ആരംഭിച്ചത്. തുടക്കം മുതൽ വിക്കറ്റുകൾ വീഴാൻ തുടങ്ങിയതോടെ ചെന്നൈ ആരാധകർ നിരാശയിലായി. നായകൻ രോഹിത് ശർമ ഇല്ലാത്തത് മുംൈബ ഫാൻസിനും നിരാശയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.