കൊൽക്കത്തയിൽ മൂന്നാം ദിവസവും സമരം തുടർന്ന് ജൂനിയർ ഡോക്ടർമാർ
text_fieldsകൊൽക്കത്ത: ആർ.ജി കാർ ആശുപത്രിയിലെ പി.ജി ഡോക്ടറുടെ ബലാത്സംഗ കൊലയിൽ പ്രതിഷേധിച്ച് വിവിധ സുരക്ഷ നടപടികൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പശ്ചിമ ബംഗാൾ ആരോഗ്യ വകുപ്പ് ആസ്ഥാനമായ സ്വാത്യഭവന് മുന്നിൽ മൂന്നാം ദിവസവും സമരം തുടർന്ന് ജൂനിയർ ഡോക്ടർമാർ.
പ്രധാന ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് ജൂനിയർ ഡോക്ടർമാർ അറിയിച്ചു. ഡോക്ടർമാരും ബംഗാൾ സർക്കാരും തമ്മിലുള്ള ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് തുടർച്ചയായ മൂന്നാം ദിവസമായ വെള്ളിയാഴ്ചയും ജൂനിയർ ഡോക്ടർമാർ ഡ്യൂട്ടി നിർത്തിവെച്ച് സമരം തുടരുന്നത്.
പോലീസ് കമ്മീഷണർ, ഹെൽത്ത് സെക്രട്ടറി, ഹെൽത്ത് സർവീസസ് ഡയറക്ടർ, മെഡിക്കൽ എജുക്കേഷൻ ഡയറക്ടർ എന്നിവരെ സസ്‌പെൻഡ് ചെയ്യണമെന്നതുൾപ്പെടെയുള്ള പ്രധാന ആവശ്യങ്ങൾ നേടിയെടുക്കുന്നത് വരെ സംസ്ഥാന ആരോഗ്യ വകുപ്പ് ആസ്ഥാനത്തിന് പുറത്ത് സമരം തുടരുമെന്ന് ഡോക്ടർമാർ അറിയിച്ചു.
സമരത്തിൽ 26 മെഡിക്കൽ കോളജുകളെ പ്രതിനിധീകരിച്ച് ഡോക്ടർമാർ പങ്കെടുക്കുന്നുണ്ട്. ജൂനിയർ ഡോക്ടർമാരുമായുള്ള കൂടിക്കാഴ്ച തത്സമയ സംപ്രേക്ഷണം ചെയ്യാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞതോടെ ചർച്ച പരാജയപ്പെടുകയായിരുന്നു.
അതിനിടെ, സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും ഡോക്ടർമാരോട് ജോലി പുനരാരംഭിക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിർദേശം സമരക്കാർ തള്ളിക്കളഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.