ഊരിൽനിന്ന് അരങ്ങത്തേക്ക്
text_fieldsനാടകം കഴിഞ്ഞിറങ്ങിയപ്പോൾ ഇതെന്തൊരാനന്ദമിതെന്ത് കൗതുകം എന്ന അവസ്ഥയിലായിരുന്നു അവർ. സ്റ്റേജിനു പിന്നിൽ നായകനെ കൂട്ടുകാർ തോളിലേറ്റുന്നു, അഭിനന്ദിക്കുന്നു, ഫോട്ടോയെടുക്കുന്നു. ആഹ്ലാദം പങ്കിടുന്നു. ഗ്രേഡും മാർക്കുമൊന്നുമല്ല അവരുടെ സന്തോഷം. ആദ്യമായി സംസ്ഥാന കലോത്സവത്തിൽ ആദിവാസി കുട്ടികൾക്ക് നാടകം അവതരിപ്പിക്കാനായി എന്നതായിരുന്നു.
ചരിത്രത്തിലാദ്യമായി ട്രൈബൽ സ്കൂൾ കുട്ടികൾക്ക് നാടകമവതരിപ്പിക്കാൻ അവസരം കിട്ടിയത് ഇത്തവണത്തെ കലോത്സവത്തിലാണ്. ‘അസൂയക്കാരന്റെ കണ്ണ്’എന്ന നാടകവുമായാണ് പത്തനംതിട്ട ജില്ലക്കാർ എത്തിയത്. ഗവ. മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ നാടക സംഘമാണിവർ. നാടകം തട്ടിലേറ്റാനുള്ള സാമ്പത്തിക സൗകര്യങ്ങളോ മറ്റു കാര്യങ്ങളോ അവർക്കില്ല. എങ്കിലും ആദ്യമായി സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുക എന്ന വലിയ സ്വപ്നമാണിവിടെ പൂവണിഞ്ഞത്.
അസൂയയുള്ളവരുടെ കൂടെനിന്നാൽ നമ്മളും നശിക്കുമെന്ന സന്ദേശം ലളിത നാടകത്തിലൂടെ അവതരിപ്പിച്ചിരിക്കയാണ് നായകൻ അമർനാഥും സംഘവും. അരലക്ഷത്തോളം രൂപ മുടക്കിയാണ് ഇവർ കലോത്സവത്തിൽ നാടകം എത്തിച്ചത്. സാധാരണ രണ്ടര-മൂന്ന് ലക്ഷം രൂപവരെ ചെലവാണ് നാടകത്തിന്. വലിയ ഡയലോഗുകളും സാങ്കേതികത്തികവുമുള്ള നാടകം അവതരിപ്പിക്കുന്നതിന് പലതരം പരിമിതികളുണ്ടെന്ന് സംവിധായകൻ ബിജു മഞ്ഞാടി പറഞ്ഞു. പല ജില്ലക്കാരായ ആദിവാസി വിദ്യാർഥികൾ പഠിക്കുന്ന സ്കൂളാണിത്. ഇവർക്ക് പല ഭാഷയും രീതിയുമൊക്കെയാണ്.
ഇവരെ ഏകോപിപ്പിച്ച് ചെറിയൊരു നാടകം അരങ്ങിലെത്തിക്കുകയായിരുന്നു ലക്ഷ്യം. പാലക്കാട് നടന്ന കലോത്സവത്തിൽ വയനാട്ടിലെ ആദിവാസിക്കുട്ടികൾ നാടകവുമായി എത്തിയപ്പോൾ റിപ്പോർട്ട് ചെയ്യാൻ വൈകി എന്ന കാരണത്താൽ അധികൃതർ മടക്കിയിരുന്നു. ആദിവാസിവിദ്യാർഥികൾ ആദ്യമായി സംസ്ഥാന കലോത്സവത്തിൽ എത്തിയത് അന്നായിരുന്നു. അമർനാഥിനൊപ്പം ബി. ദേവനാരായണൻ, വി. അഖിൽ, എസ്. ജിത്തിൻ, വി.എ. അനന്തകൃഷ്ണൻ, ബി. അരവിന്ദ്, എ. അക്ഷയ്കുമാർ, നിഥിൻ പ്രശാന്ത്, എബിൻ, ജിബിൻ എന്നിവരാണ് നാടകത്തിൽ അഭിനയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.