അറബന മൊഞ്ചാക്കി പരിക്ക് എടങ്ങേറാക്കി
text_fieldsഅറബനയിൽ ഉശിരോടെ കൊട്ടണം... സ്കൂൾ തലത്തിൽ തുടങ്ങുന്ന കൊട്ട് ജയിച്ച് കയറിയാൽ പിന്നെ സംസ്ഥാനതലം വരെ കൊട്ടോട് കൊട്ട്. കൈ മുറിഞ്ഞാലും പരിശീലനത്തിൽ നിന്നോ മത്സരത്തിൽ നിന്നോ ആരും വിട്ടുനിൽക്കാറില്ല. കൊല്ലം ജി.പി.വി.എച്ച്.എസ്.എസ് സ്കൂളിലെ അറബന സംഘം മത്സരം കഴിഞ്ഞ് വേദിയിൽ നിന്നിറങ്ങിയപ്പോൾ സംഘത്തിലെ അഫ്ലഹ് ആഷിഖിന്റെ കൈ നിറയെ രക്തം പൊടിഞ്ഞിരുന്നു.
നീറ്റലായിരുന്നെങ്കിലും ഒട്ടും മൊഞ്ച് കുറയാതെ അറബന കളിച്ചെന്ന് അഫ്ലഹ് പറഞ്ഞു. കൊല്ലം ജില്ല കലോത്സവത്തിന്റെ പരിശീലന സമയത്തുതന്നെ അഫ്‌ലഹിന്റെ കൈക്ക് പരിക്കേറ്റിരുന്നു. അറബനയിൽ ഉപയോഗിക്കുന്നത് മൃഗത്തോലാണ്. ഇതിൽ കൂടുതൽ നേരം കൊട്ടിയാൽ മുറിവ് പറ്റാനുള്ള സാധ്യതയുണ്ട്. പരിശീലനത്തിന് അത്ര പരുക്കനല്ലാത്ത അറബനയാണ് നൽകാറുള്ളതെന്ന് പരിശീലകൻ ആഷിഖ് പറഞ്ഞു.
പരിക്കുണ്ട്, ന്നാലും കളി ജോറാക്കി...
രണ്ട് ദിവസം മുമ്പ് ബൈക്കിൽനിന്ന് വീണ് കാൽമുട്ടിനേറ്റ പരിക്കുമായാണ് പാലക്കാട് ചളവറ എച്ച്.എസ്.എസിലെ വി. മുഹമ്മദ് അൻഷാദ് അറബന മത്സര വേദിയിലെത്തിയത്. റിസ്കെടുത്തായാലും കളിക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണിവർ. മുട്ടുകുത്തിയിരുന്നുള്ള മത്സരത്തിനിടയിൽ മുറിവ് കൂടുതൽ പ്രശ്നമാവുകയും ചെയ്തു. മത്സരത്തിന് ശേഷം മെഡിക്കൽ വളന്റിയേഴ്സ് പരിചരണം നൽകി. പരിശീലനം കഴിഞ്ഞ് പോവുന്നയിടക്ക് ബൈക്ക് തെന്നിവീഴുകയായിരുന്നുവെന്ന് അധ്യാപകൻ ജാബിർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.