ചിലങ്കയണിയുന്ന നാളിനായി ദിവ്യ കാത്തിരിക്കുന്നു...
text_fieldsനാലരവർഷം കിടന്ന കിടപ്പിൽ കിടന്നപ്പോൾ ദിവ്യക്ക് ഒറ്റ ആഗ്രഹമേയുണ്ടായിരുന്നുള്ളൂ, പരസഹായമില്ലാതെ ഒറ്റക്കാലിലെങ്കിലും നടക്കാൻ കഴിയണം. എട്ടുമാസംമുമ്പ് കാലുകൾക്ക് ചലനശേഷിയും മറ്റാരെങ്കിലും കൈപിടിച്ചാൽ നടക്കാനും കഴിഞ്ഞതോടെ വലിയൊരാഗ്രഹമാണ് മനസ്സിൽ, തന്റെ പഴയ നൃത്തകലയെ പൊടിതട്ടിയെടുക്കണം, വേദിയിൽ ഒരിക്കലെങ്കിലും നൃത്തമാടണം. വെള്ളിയാഴ്ച ആംഗ്ലോ ഇന്ത്യൻ സ്കൂളിൽ കേരള നടനം കാണാനെത്തിയതോടെ തന്റെ ആഗ്രഹത്തിന് വേഗതയേറിയിരിക്കുകയാണ്.
സ്കൂൾ കലോത്സവങ്ങളിൽ ചുവടുകൾ വെച്ച കാലുകൾ വീൽചെയറിലെ പടവുകളിൽകിടന്ന് താളംപിടിച്ചതോടെ ദിവ്യക്ക് ആത്മവിശ്വാസം കൂടിയിരിക്കുകയാണ്. കോഴിക്കോട് തൊണ്ടയാട് കൈലാസപുരിയിൽ ഭർത്താവ് ഷിബുവിനും മക്കൾക്കുമൊപ്പം ഏറെ സന്തോഷത്തിൽ കഴിയവെ 2017ൽ ജീവിതം നിശ്ചലമാകുകയായിരുന്നു. വീടിന്റെ ഗൃഹപ്രവേശനത്തോടനുബന്ധിച്ച് ക്ഷണമെല്ലാം കഴിഞ്ഞിരിക്കെ ഒരാഴ്ചമുമ്പ് വീടിന്റെ പരാപ്പറ്റിൽ നിന്ന് വീണ് നട്ടെല്ലിന് പരിക്കേറ്റു.
പലതവണ ശസ്ത്രക്രിയ ചെയ്താണ് ശരീരത്തിന്റെ പാതിയെങ്കിലും ചലിക്കാൻ തുടങ്ങിയത്. അരക്കുതാഴെ തളർന്നുപോയ ദിവ്യയെ വൈദ്യശാസ്ത്രം നടക്കില്ലെന്ന സർട്ടിഫിക്കറ്റ് നൽകി വീൽച്ചെയറിൽ ഒതുക്കിയിട്ടതായിരുന്നു. ഭർത്താവ് ഷിബുവിന്റെ കരുതലിൽ ദിവ്യക്കുറപ്പുണ്ടായിരുന്നു കാലുകൾ മനസ്സിനനുസരിച്ച് എന്നെങ്കിലും ചലിച്ചുതുടങ്ങുമെന്ന്. കോഴിക്കോട്ടെ യോഗാചാര്യൻ ഉണ്ണിരാമന്‍റെ കീഴിൽ ആറുമാസത്തെ യോഗ തെറപ്പികൊണ്ട് കൈപിടിച്ചാൽ നടക്കാമെന്ന അവസ്ഥയിലായിട്ടുണ്ട്.
സ്വന്തം കാലിൽ നടക്കാൻ ഏതുവേദനയും സഹിക്കുന്ന ദിവ്യ തന്റെ കാലുകളിൽ കെട്ടിയാൽ മാത്രം ജീവൻവെക്കുന്ന പഴയ ചിലങ്കക്ക് ശബ്ദം പകരാനുള്ള ശ്രമത്തിലാണ്. ഈ കലോത്സവം അതിന് നിമിത്തമാകുമെന്ന് ദിവ്യ ഉറച്ചുവിശ്വസിക്കുന്നു. അമ്മയുടെ നടത്തം കണ്ട മക്കളായ ആവണിക്കും അനേയിനും ഒറ്റ ആഗ്രഹമേയൂള്ളൂ, എങ്ങനെയെങ്കിലും നടത്തിക്കണം, അതിനുള്ള കഠിനപ്രയത്നത്തിലാണവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.