കലോത്സവ നഗരി ഗോപി മാഷ് വരച്ച വരയിലാണ്...
text_fieldsകോഴിക്കോട്: കലോത്സവ നഗരിയിൽ എല്ലാവരെയും സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരാളുണ്ട്. തൃശൂർ സ്വദേശിയായ ഗോപി മാഷ്. ഓരോ ആളുകളുടെയും രൂപങ്ങളും ഭാവങ്ങളും നിരീക്ഷിച്ച് അവ കൈയിലുള്ള നോട്ട്ബുക്കിൽ പകർത്തുകയാണ് ചിത്രകലാ അധ്യാപകൻ കൂടിയായ ഗോപി മാഷ്. കലോത്സവങ്ങളിൽ കാണുന്ന കാഴ്ചകൾ പേന ഉപയോഗിച്ച് ബുക്കിൽ പകർത്തുകയാണ് മാഷ് ചെയ്യുന്നത്. ആർക്കും വരച്ച് കൊടുക്കുകയല്ല, സ്വന്തം പുസ്തകത്തിൽ വരച്ച് നിറക്കുകയാണ് ചെയ്യുന്നത്.
എല്ലാ വേദികളിലും പോയി ചിത്രം വരക്കണം. ഓരോ ആളുകളുടെയും ഭാവങ്ങൾ കണ്ടറിയുക, അവയിലെ ചില ചലനങ്ങൾ എന്നെന്നേക്കുമായി മനസിൽ പകർത്തുക, പിന്നീട് ഇൻസ്റ്റലേഷൻ പോലുള്ളവക്ക് അത് ഉപകാരപ്പെടുമെന്ന് മാഷ് പറയുന്നു. കൈയിലുള്ള പുസ്തകം നിറച്ച് വരക്കണം. 1987 മുതൽ നടന്ന ഒട്ടുമിക്ക കലോത്സവങ്ങളിലും പങ്കെടുത്ത് ആളുകളെ പകർത്തിയിട്ടുണ്ട്. ഇത് തന്റെ ഹോബിയാണ് -ഗോപിമാഷ് പറയുന്നു.
പാലക്കാട് ജില്ലയിൽ ചിത്രകലാ അധ്യാപകനായി 33 വർഷം ജോലി നോക്കിയിരുന്നു. കുമാരനെല്ലൂർ ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ നിന്നാണ് വിരമിച്ചത്. വിരമിച്ച ശേഷം പൂർണമായും ചിത്ര രചനയുമായി കൂടിയിരിക്കുകയാണ്.
കോവിഡ് കാലത്ത് വീട്ടിൽ ഗാലറി തുടങ്ങി. വീടിന്റെ ചുമർ നിറയെ പല തരത്തിലുള്ള ചിത്രങ്ങൾ വരച്ചു. അങ്ങനെ കോവിഡ് കാലം മനോഹരമാക്കി. ഇപ്പോൾ വീട്ടിൽ ക്ലാസുകൾ നടത്തുന്നുണ്ടെന്നും മാഷ് പറഞ്ഞു.
വരയിലും ആളുകളിലുമെല്ലാം വലിയ മാറ്റങ്ങൾ വന്നു. അത് തന്റെ പഴയ കാല ചിത്രങ്ങൾ നോക്കുമ്പോൾ മനസിലാകും. കോഴിക്കോട് വരാൻ വളരെ ഇഷ്ടമാണ്. കോഴിക്കോട് ഓട്ടോക്കാർ മുതൽ എല്ലാവരും വളരെ സൗമ്യരും എല്ലാ കാര്യങ്ങളും പറഞ്ഞു തരുന്നവരുമാണ് -അദ്ദേഹം കൂട്ടിച്ചേർത്തു. പിന്നെ ചിരിയോടെ അടുത്ത വേദിയും തേടി നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.