സ്കൂള്‍ കലോല്‍സവ നടത്തിപ്പും കാഴ്ചയും ഹൈടെക്കാക്കി കൈറ്റ്
text_fieldsതിരുവനന്തപുരം: 2023 ജനുവരി 3 മുതല്‍ 7 വരെ വരെ കോഴിക്കോട് വെച്ച് നടക്കുന്ന 61-ാമത് സംസ്ഥാന സ്കൂള്‍ കലോല്‍സവ നടത്തിപ്പും കാഴ്ചയും ഹൈടെക് ആക്കുന്നതിന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സംവിധാനം ഒരുക്കി. കലോത്സവ വിവരങ്ങളറിയാനുള്ള 'ഉത്സവം' മൊബൈല്‍ ആപ് പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത്, എസ്.എസ്.കെ. ഡയറക്ടര്‍ എ.ആര്‍. സുപ്രിയ, എസ്.സി.ഇ.ആര്‍.ടി. ഡയറക്ടര്‍ ഡോ. ജയപ്രകാശ് ആര്‍.കെ തുടങ്ങിയവര്‍ സംബന്ധിച്ചു.
കലോല്‍സവം പോര്‍ട്ടല്‍
www.ulsavam.kite.kerala.gov.in പോര്‍ട്ടല്‍ വഴി രജിസ്ട്രേഷന്‍ മുതല്‍ ഫലപ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് പ്രിന്റിംഗും ഉള്‍പ്പെടെ യുള്ള മുഴുവന്‍ പ്രക്രിയകളും പൂര്‍ണമായും ഓണ്‍ലൈന്‍ രൂപത്തിലാക്കി. മത്സരാര്‍ത്ഥികളെ ക്ലസ്റ്ററുകളാക്കി തിരിക്കുക, അവരുടെ പാര്‍ട്ടിസിപ്പന്റ് കാര്‍ഡ് ലഭ്യമാക്കുക, ടീം മാനേജര്‍മാര്‍ക്കുളള റിപ്പോര്‍ട്ടുകള്‍, സ്റ്റേജുകളിലെ വിവിധ ഇനങ്ങള്‍, ഓരോ സ്റ്റേജിലേയും ഓരോ ഇനങ്ങളും യഥാസമയം നടത്തുന്നതിനുള്ള ടൈംഷീറ്റ്, കാള്‍ഷീറ്റ്, സ്കോര്‍ഷീറ്റ്, ടാബുലേഷന്‍ തുടങ്ങിയവ തയാറാക്കല്‍ ലോവര്‍ - ഹയര്‍ അപ്പീല്‍ നടപടിക്രമങ്ങള്‍ തുടങ്ങിയവ പൂര്‍ണമായും പോര്‍ട്ടല്‍ വഴിയായിരിക്കും.
'ഉത്സവം' മൊബൈല്‍ ആപ്
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് 'KITE Ulsavam' എന്ന് നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം. മത്സരഫലങ്ങള്‍ക്കുപുറമെ 24 വേദികളിലും പ്രധാന ഓഫീസുകളിലും പെട്ടെന്ന് എത്താന്‍ കഴിയുന്ന തരത്തില്‍ ഡിജിറ്റല്‍ മാപ്പുകളും വിവിധ വേദികളിലെ മത്സര ഇനങ്ങള്‍ അവ തീരുന്ന സമയം ഉള്‍പ്പെടെ തത്സമയം അറിയാനുള്ള സംവിധാനവും പോര്‍ട്ടലിലുണ്ട്.
രചനാ മത്സരങ്ങള്‍ സ്കൂള്‍ വിക്കിയില്‍
കലോല്‍സവത്തിലെ വിവിധ രചനാ മത്സരങ്ങള്‍ (കഥ, കവിത, ചിത്രരചന, കാര്‍ട്ടൂണ്‍, പെയിന്റിങ്ങ് തുടങ്ങിയവ) ഫലപ്രഖ്യാപനത്തിനുശേഷം സ്കൂള്‍ വിക്കിയില്‍ (www.schoolwiki.in) അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബിക്, ഉറുദു തുടങ്ങിയ മുഴുവന്‍ ഭാഷകളിലെ മത്സര ഇനങ്ങളും സ്കൂള്‍ വിക്കിയില്‍ ലിറ്റില്‍കൈറ്റ്സ് കുട്ടികളുടെകൂടെ സഹായത്താല്‍ ലഭ്യമാക്കും.
കൈറ്റ് വിക്ടേഴ്സ് പ്ലസിലും തത്സമയം
മത്സര ഇനങ്ങളും ഫലങ്ങള്‍ക്കൊപ്പം വിവിധ വേദികളില്‍ നടക്കുന്ന ഇനങ്ങള്‍ കൈറ്റ് വിക്ടേഴ്സില്‍ തത്സമയം നല്‍കും. www.victers.kite.gov.in വഴിയും KITE VICTERS മൊബൈല്‍ ആപ് വഴിയും ഇത് കാണാം. ഇപ്രാവശ്യം രണ്ടാം ചാനലായ കൈറ്റ് വിക്ടേഴ്സ് പ്ലസിലും പ്രത്യേകം ലൈവ് സൗകര്യമുണ്ട്.
മുഴുവന്‍ വേദികളും വിവിധ ലിറ്റില്‍കൈറ്റ്സ് യൂണിറ്റുകളുടെ മേല്‍നോട്ടത്തില്‍ ഡിജിറ്റല്‍ ഡോക്യുമെന്റേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹൈടെക് സൗകര്യം ഉപയോഗിച്ച് കലോത്സവം തത്സമയം സ്കൂളുകളില്‍ കാണുന്നതിനും കൈറ്റ് അവസരമൊരുക്കുന്നുണ്ടെന്ന് കൈറ്റ് സിഇഒ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.