മഹാമേളയുടെ പണിപ്പുര തുറന്നു
text_fieldsകോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ കേരള സ്കൂൾ കലോത്സവത്തിന്റെ സംഘാടക സമിതി ഓഫിസ് പ്രവർത്തനമാരംഭിച്ചു. നഗരത്തിന്റെ ഹൃദയഭാഗമായ മാനാഞ്ചിറയിൽ സംഘാടക സമിതി ഓഫിസിന്റെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു.
ഏഴു വർഷത്തിനുശേഷം കോഴിക്കോട് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം വമ്പിച്ച പൊതുജനപങ്കാളിത്തത്തോടെ ജനകീയോത്സവമാക്കി മാറ്റണമെന്ന് മന്ത്രി പറഞ്ഞു.
ആരോഗ്യകരമായ മത്സരങ്ങളുടെ വേദിയാകണം കലോത്സവം. കലോത്സവത്തിനായി നഗരത്തിലെത്തുന്നവർക്ക് തൃപ്തികരമാകുന്ന തരത്തിൽ ഏറ്റവും മികച്ച രീതിയിൽ സംഘടിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വിവിധ സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
കോഴിക്കോടിന്റെ കൂട്ടായ്മയും സ്നേഹവും മതനിരപേക്ഷ നിലപാടും വിളിച്ചോതുന്ന ഒരു കലാമേളയായി സംസ്ഥാന സ്കൂൾ കലോത്സവം മാറുമെന്നും മന്ത്രി പറഞ്ഞു. കലോത്സവങ്ങളെ മികച്ച രീതിയിൽ സംഘടിപ്പിക്കുന്ന പാരമ്പര്യമുള്ള കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം വൻ ആഘോഷമായി മാറുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
മന്ത്രി എ.കെ. ശശീന്ദ്രൻ മുഖ്യാതിഥിയായിരുന്നു. കൂട്ടായ്മയുടെ പുതുസന്ദേശം വിളിച്ചോതുന്ന തരത്തിലാകണം സംസ്ഥാന സ്കൂൾ കലോത്സവം സംഘടിപ്പിക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു.
എം.എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ, കാനത്തിൽ ജമീല, കെ.എം. സച്ചിൻദേവ്, ലിന്റോ ജോസഫ്, ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, ജില്ല കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഢി, ജില്ല വികസന കമീഷണർ എം.എസ്. മാധവിക്കുട്ടി, കലോത്സവവുമായി ബന്ധപ്പെട്ടുള്ള വിവിധ കമ്മിറ്റികളിലെ പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായി.
പൊതു വിദ്യാഭ്യാസ അഡീഷനൽ ഡയറക്ടർ സി.എ. സന്തോഷ് സ്വാഗതവും വിദ്യാഭ്യാസ ഉപഡയറക്ടർ സി. മനോജ് കുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.