സംസ്ഥാന സ്കൂൾ കലോത്സവം; അഴകാക്കിമാറ്റാൻ കോർപറേഷൻ
text_fieldsകോഴിക്കോട്: വീണ്ടും വിരുന്നെത്തുന്ന സംസ്ഥാന സ്കൂൾ കലോത്സവം അവിസ്മരണീയമാക്കാൻ സംഘാടകർക്കൊപ്പം കോർപറേഷനും. നഗരസഭയുടെ ശുചിത്വ പ്രോട്ടോകോളായ അഴക് പ്രകാരം തന്നെ പരിപാടി സംഘടിപ്പിക്കുന്നുവെന്ന് ഉറപ്പുവരുത്തുമെന്ന് മേയർ ഡോ. ബീന ഫിലിപ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
നഗരത്തിന്റെ ആതിഥേയമര്യാദയും സത്യസന്ധതയും മുഴുവനാളുകൾക്കും അനുഭവിക്കാനാകുംവിധം മേള നടത്താൻ കോർപറേഷന്റെ പൂർണ സഹായമുണ്ടാവും. ഇതിനായി നഗരത്തിൽ പണിതീർത്ത മുഴുവൻ ശൗചാലയങ്ങളും കോർപറേഷൻ തൊഴിലാളികളെ ഉപയോഗിച്ച് ഈ ദിവസങ്ങളിൽ തുറന്നുപ്രവർത്തിപ്പിക്കും.
ജനുവരി രണ്ടിന് നഗരം മുഴുവൻ ശുചീകരണം നടത്തും. ഇതിൽ കോർപറേഷനിലെ 1200 തൊഴിലാളികൾ പങ്കെടുക്കും. നഗരത്തിലെ വിവിധ സംഘടന പ്രതിനിധികളുടെ പ്രാതിനിധ്യം സന്നദ്ധപ്രവർത്തനങ്ങളിൽ ഉറപ്പാക്കും. ഇതിനായി സംഘടനകളുടെ യോഗം 29ന് അഞ്ചിന് വിളിച്ചുചേർക്കും. കലോത്സവത്തിനെത്തുന്നവരെ സ്വാഗതം ചെയ്യുന്ന ബോർഡുകൾ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ വെക്കും.
നഗരത്തിൽ പതിനായിരങ്ങൾ എത്തുന്നതിനാൽ ഭക്ഷ്യസുരക്ഷ പരിശോധന നടത്തും. അതിനായി ഹെൽത്ത് വിഭാഗവും ഫുഡ് സേഫ്റ്റി ഡിപ്പാർട്മെന്റും ചേർന്ന് സ്ഥിരം സ്ക്വാഡ് രൂപവത്കരിക്കും. ഉന്തുവണ്ടിക്കച്ചവടം വേദികൾക്കടുത്ത് നിയന്ത്രിക്കും. ഭക്ഷ്യവിഷബാധയും മറ്റും ഒഴിവാക്കാനാണിത്.
ശുചിത്വ മാലിന്യ സംസ്കരണം ഉറപ്പുവരുത്തുന്നതിന് എച്ച്.ഐമാരുടെ നേതൃത്വത്തിൽ പ്രത്യേകം സ്ക്വാഡ് രൂപവത്കരിച്ച് പരിശോധനകൾ നടത്തും. അഴക് ശുചിത്വ പ്രോട്ടോകോൾ അനുസരിച്ച് മേള നടത്തുന്നതിന് കലോത്സവ സംഘാടകസമിതിയോട് അഭ്യർഥിച്ചിട്ടുണ്ട്.
ശുദ്ധമായ വെള്ളവും സുരക്ഷിതമായ ഭക്ഷണവും ലഭ്യമാക്കുന്നതിന് നഗരത്തിലെ വ്യാപാരികളുടെ സഹായം തേടും. ശുചീകരണം എല്ലാ വേദികളിലും നടത്തുന്നു എന്ന് ഉറപ്പാക്കാൻ കോർപറേഷൻതലത്തിൽ പ്രത്യേക വളന്റിയർമാർ ഉണ്ടാവും. കലോത്സവം നടക്കുന്ന ദിവസങ്ങളിൽ കടപ്പുറം വൃത്തിയാക്കാൻ സംവിധാനം ഏർപ്പെടുത്തും.
തുടർച്ചയായി ശുചീകരണം ഉറപ്പാക്കാൻ എല്ലാ വേദികളിലും തരംതിരിച്ച മാലിന്യങ്ങൾ ഹരിതകർമസേനയെ ഉപയോഗിച്ച് നീക്കും. വേദിയും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള ശബ്ദസന്ദേശം നിശ്ചിത ഇടവേളകളിൽ നൽകുന്നതിന് നിർദേശം നൽകുമെന്നും മേയർ അറിയിച്ചു.
ഉദ്ഘാടനം മുഖ്യമന്ത്രി, സമാപനം പ്രതിപക്ഷ നേതാവ്
കോഴിക്കോട്: ഏഷ്യയിലെതന്നെ ഏറ്റവും വലിയ കൗമാരകലാമേളയായ സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. സ്പീക്കർ എ.എൻ. ഷംസീർ മുഖ്യപ്രഭാഷണം നടത്തും.
പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്, വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ, തുറമുഖ പുരാവസ്തുമന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവർ മുഖ്യാതിഥികളാകും. ജനുവരി ഏഴിന് ശനിയാഴ്ച വൈകീട്ട് നാലു മണിക്ക് സമാപനസമ്മേളനം നടക്കും. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
റവന്യൂ- ഭവന നിർമാണ മന്ത്രി കെ. രാജൻ സുവനീർ പ്രകാശനം ചെയ്യും. വിജയികൾക്കുള്ള സമ്മാനദാനം വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി നിർവഹിക്കും. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ, വൈദ്യുതിമന്ത്രി കൃഷ്ണൻകുട്ടി, ഗതാഗതമന്ത്രി ആന്റണി രാജു എന്നിവർ വിശിഷ്ടാതിഥികളാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.