അടുത്തതവണ മാംസാഹാരം വിളമ്പും-മന്ത്രി ശിവൻകുട്ടി
text_fieldsഅടുത്ത സംസ്ഥാന സ്കൂൾ കലോത്സവം മുതൽ പാചകപ്പുരയിൽ മാംസാഹാരവും വിളമ്പുമെന്നകാര്യം സർക്കാർ പരിഗണിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വെജിറ്റേറിയൻ ഇഷ്ടപ്പെടുന്നവർക്കും മാംസാഹാരം ഇഷ്ടപ്പെടുന്നവർക്കും അവ പ്രത്യേകം കഴിക്കാനുള്ള സൗകര്യവും ഉണ്ടാകും.
ഇത്തവണ കുഞ്ഞുങ്ങൾക്ക് കോഴിക്കോടൻ ബിരിയാണി നൽകണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഭക്ഷണത്തിലെ വൈവിധ്യങ്ങളെ ഏറെ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. ആ വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് അടുത്തവർഷം മുതൽ ഉണ്ടാകുക.
എല്ലാവരുടെയും ഭക്ഷണസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുമെന്നും 61ാമത് സംസ്ഥാന സ്കൂൾ കലോത്സവ സമാപനവേദിയിൽ അദ്ദേഹം പറഞ്ഞു. ഗോത്രവർഗകലകളെ എങ്ങനെ കലോത്സവവുമായി ബന്ധിപ്പിക്കാം എന്നത് വളരെ ഗൗരവത്തോടെ പരിഗണിക്കും. അടുത്ത കലോത്സവത്തിന് മുമ്പായി ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും.
കലോത്സവ മാന്വൽ കാലോചിതമായി പരിഷ്കരിക്കും. ഇതോടൊപ്പം വിധികർത്താക്കളെ തിരഞ്ഞെടുക്കുന്നതിനും പരിഷ്കാരങ്ങൾ കൊണ്ടുവരും. കലോത്സവ മാന്വൽ പരിഷ്കരണം നടക്കുന്നതിനാൽ അടുത്ത സംസ്ഥാന സ്കൂൾ കലോത്സവം ഏത് ജില്ലയിലേതാണെന്നത് പിന്നീട് പ്രഖ്യാപിക്കും.
അടുത്തവർഷം മുതൽ സംസ്ഥാന സ്കൂൾ കലോത്സവം ലോക റെക്കോഡ് അധികൃതരെ അറിയിക്കുന്നകാര്യം സംസ്ഥാന സർക്കാർ പരിഗണിച്ചുവരുകയാണ്. സ്കൂൾ യുവജനോത്സവത്തിൽ വിജയിക്കുന്ന പ്രതിഭകൾ പിന്നീടെങ്ങോട്ട് പോകുന്നെന്ന അന്വേഷണമുണ്ടാകുന്നില്ല. ഈ അവസ്ഥയില്ലാതാകാൻ എന്ത് മാറ്റം കൊണ്ടുവരാൻ കഴിയുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.