‘കലങ്ങിയില്ലാ...’ ഏകാഭിനയം
text_fieldsകോഴിക്കോട്: തകർത്തഭിനയിച്ചിട്ടും ഒന്നുമങ്ങ് ഏശിയില്ല. ഏകാഭിനയം കണ്ടവർക്ക് ഒരേ അഭിപ്രായം. ‘നാടകം മാറി, സിനിമ മാറി, ഏകാഭിനയം നിന്നിടത്തുതന്നെ കിടക്കുന്നു’-വിധികർത്താക്കൾ ഒന്നുകൂടി കടുപ്പിച്ചു. നരബലിയും ബിൽകീസ് ബാനുവും കാക്കയുടെ കഥയും മുടിത്തെയ്യവുമെല്ലാം വേദിയിൽ മാറിമാറിവന്നപ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുകളും അലർച്ചകളും മാത്രമായി ഏകാഭിനയവേദി.
ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളിൽ പങ്കെടുത്ത 16 പേർക്കും എ ഗ്രേഡ് പകുത്തുനൽകിയ മത്സരത്തിന്‍റെ സദസും ശുഷ്കമായി.വിധികർത്താവിനെച്ചൊല്ലി അനിശ്ചിതത്വത്തിലായ വേദിയിലെ മത്സരം തുടങ്ങാൻ മണിക്കൂറിലേറെ വൈകി. ‘അലർച്ചകളും കടുത്ത വികാര വിക്ഷോഭവുമാണ് വേദിയിൽ നിറഞ്ഞതെന്ന്’ കാഴ്ചക്കാരനായെത്തിയ നടൻ വിനോദ് കോവൂരിനും പരിഭവം.
എല്ലാ വികാരങ്ങളും കടന്നുവരേണ്ട വേദിയാണിത്. ഇപ്പോഴത്തെ മത്സരാർഥികളുടെ മുഖത്ത് ചിരിയേ വരുന്നില്ല, ആശ്വാസം വരുന്നില്ല. വല്ലാതെ സീരിയസ് ആയിപ്പോകുന്നു.- സ്വന്തം വിദ്യാലയമായ സെന്റ് ജോസഫ്സ് ബോയ്സ് സ്കൂളിലിരുന്ന് വിനോദ് കോവൂർ പറഞ്ഞു.
‘അതിഭാവുകത്വത്തിലാണ് 90 ശതമാനം അവതരണങ്ങളും. സംഭാഷണങ്ങളുടെ ഇടയിലെ നിശ്ശബ്ദത പോലും നഷ്ടമായിരിക്കുന്നു. അതിന്‍റെ അർഥതലങ്ങൾ നഷ്ടമായിരിക്കുന്നു’- വിധികർത്താവും മോണോ ആക്ട് വേദിയിലൂടെ വന്ന് 87ലെ യൂനിവേഴ്സിറ്റി കലാപ്രതിഭയുമായ ജോബി ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.