‘കപ്പടിച്ച്’ കോഴിക്കോട്; രുചികരമായ കലോത്സവം സമ്മാനിച്ചതിന്...
text_fieldsകോവിഡ് തീർത്ത നിശ്ചലാവസ്ഥയെ വകഞ്ഞുമാറ്റി, കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ളവരുടെ മനസ്സ് കീഴടക്കി ഓടാൻ തുടങ്ങിയ ഈ കലാവണ്ടി യാത്ര താൽക്കാലികമായി ഇന്ന് അവസാനിപ്പിക്കും. ഇനി ഒരു വർഷം നീണ്ട കാത്തിരിപ്പ്. പെയ്തിറങ്ങിയ ആഘോഷം കണ്ണുകളിൽനിന്ന് മാഞ്ഞിട്ടില്ല, ഉയർന്ന ആരവം കാതുകളിൽ നിലച്ചിട്ടില്ല. അറുപത്തിയൊന്നാം സംസ്ഥാന സ്കൂൾ കലോത്സവം അവിസ്മരണീയമാക്കിയതിന്‍റെ ഓർമകൾ പരസ്പരം കൈമാറി മത്സരാർഥികളും കാണികളും അരങ്ങൊഴിയുന്നു. ഏഷ്യയിലെ ഏറ്റവും വലിയ മേള കെങ്കേമമാക്കിയതിന്‍റെ തെല്ലൊരഹങ്കാരത്തോടെ കസേര വലിച്ചിട്ടിരിക്കുകയാണ് കോഴിക്കോട്. കാണികളും മത്സരാർഥികളും ഒരേ ശബ്ദത്തിൽ പറയുന്നു, ഏത് ജില്ല പോയിന്‍റിൽ മുന്നിൽ വന്നാലും ഇത്തവണ ശരിക്കും കപ്പടിച്ചത് കോഴിക്കോടിന് തന്നെ. മനോഹരമായ സംഘാടനത്തിന്, കല്ലുമ്മക്കായ പോലൊരു രുചികരമായ കലോത്സവം സമ്മാനിച്ചതിന്...
മനസ്സും വയറും നിറച്ച് നഗരം
ആദ്യ വരവിൽ തന്നെ ഈ നഗരം ഹൃദയം കീഴടക്കി. അഞ്ച് ദിവസവും ഞങ്ങളീ നഗരത്തിലുണ്ടായിരുന്നു. ഇതിനുമുമ്പ് ഒരു പരിചയവുമില്ലാത്ത മുണ്ടക്കത്തായിലുള്ള പുഷ്പ അമ്മയുടെ വീട്ടിൽ താമസവും വയറുനിറയെ ആഹാരവും ഫ്രീ. നോൺ വെജ് കഴിക്കാത്ത പുഷ്പ അമ്മ ഞങ്ങൾക്കായി സ്നേഹപൂർവം കോഴിക്കോടൻ ബിരിയാണി വിളമ്പി. മനസ്സ് നിറയെ സ്നേഹവും. വീട്ടിൽ വരുന്നവർ പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് കോഴിക്കോട്ടുകാർക്ക് വിഷമമാണെന്നാ പുഷ്പമ്മ പറഞ്ഞത്. ആ സ്നേഹം കണ്ണുനിറച്ചു. നഗരത്തിലെ ഓട്ടോറിക്ഷക്കാരും പൊളിയാണ്. നിറയെ മധുരം മധുരസ്മരണകളുമായാണ് ഞങ്ങളീ നഗരത്തിൽ നിന്ന് മടങ്ങുന്നത്. ഇനിയുമിനിയും വരണം ഈ നഗരത്തിലേക്ക്.
‘ഗംഭീരോത്സവം
ഇത്രയും കലകൾ നമ്മുടെ നാട്ടിലുണ്ടെന്ന് ഈ ഗംഭീര കലോത്സവം കാണുമ്പോഴാണ് അറിയുന്നത്. വൈവിധ്യമാർന്ന പരിപാടികൾ കണ്ടു. എല്ലാത്തിനും നല്ല നിലവാരം. സംഘാടനവും കേമം. സംസ്ഥാന സ്കൂൾ കലോത്സവം ഗംഭീരമെന്ന് മൊഫ്യൂസൽ ബസ് സ്റ്റാൻഡിലെ ചുമട്ടുതൊഴിലാളികളായ ശിവരാജനും യൂസഫും പറഞ്ഞു. വൈവിധ്യമാർന്ന പരിപാടികൾ കണ്ടു. നല്ല നിലവാരമുള്ളതായിരുന്നു എല്ലാം. സംഘാടനം മികച്ചത്. ആർക്കും ഒരു പരാതിയുമുണ്ടായില്ല. വൻ ജനക്കൂട്ടം നഗരത്തിലെത്തിയിട്ടും കാര്യമായ ഗതാഗതതടസ്സമുണ്ടായില്ല.
കോഴിക്കോട് ഇളകി വന്നില്ലേ....
സൂപ്പറായിരുന്നു.. അഞ്ച് ദിവസം പോയതറിഞ്ഞില്ല. ആദ്യമായാണ് സംസ്ഥാന സ്കൂൾ കലോത്സവം കാണുന്നത്. ഒപ്പനക്കും സംഘനൃത്തത്തിനുമൊക്കെ എന്താ ജനം. കോഴിക്കോട് ഇളകി വരുന്നത് പോലുണ്ടായിരുന്നു. ഇതുപോലൊരു വൈബ് ജീവിതത്തില്‍ അനുഭവിച്ചിട്ടില്ല. കുട്ടികള്‍ ഡാന്‍സിനൊക്കെ മേക്കപ്പിടുന്നത് കാണുമ്പോൾ കൊതിയാകും. കലോത്സവം തീരുമ്പോള്‍ സങ്കടം ഞങ്ങൾക്കാണ്. തിങ്കളാഴ്ച മുതല്‍ വീണ്ടും ക്ലാസില്‍ കയറണമല്ലോ...
വെടിപ്പുത്സവം
കലോത്സവം ‘വൃത്തിയായി’ നടന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. സംസ്ഥാന കലോത്സവം ഇവിടേക്ക് വരുന്നെന്ന് കേട്ടപ്പോ സത്യം പറഞ്ഞാല്‍ തലയില്‍ കൈവെച്ചവരാ ഞങ്ങൾ. കാരണം പതിനായിരങ്ങള്‍ എത്തുന്ന മേളയില്‍ വേദികളെയും പരിസരങ്ങളെയും വൃത്തിയിലും വെടിപ്പിലും സൂക്ഷിക്കണമല്ലോ.
പുറത്തുനിന്ന് വരുന്നവര്‍ കോഴിക്കോടിനെ കുറ്റം പറയരുതല്ലോ. കുട്ടികളും മുതിര്‍ന്നവരുമൊക്കെ ഗ്രീന്‍പ്രോട്ടോകോള്‍ പാലിച്ച് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും കൃത്യമായ ബാസ്കറ്റുകളില്‍ നിക്ഷേപിച്ചതോടെ പണി എളുപ്പമായി. പക്ഷേ ഈ തിരക്കിനിടയില്‍ മത്സരങ്ങളൊന്നും കാണാന്‍ കഴിഞ്ഞില്ല... ആ എന്തായാലും ഇവിടേക്ക് വന്ന മക്കള്‍ സന്തോഷത്തോടെ മടങ്ങുന്നത് കാണുന്നത് തന്നെ സന്തോഷമാ...
വല്ലാത്ത ചെയ്ത്തായിപ്പോയി
കലോത്സവം ഇന്നത്തോടെ തീരുമ്പോള്‍ സങ്കടമാകുന്നുണ്ട്. കാരണം കഴിഞ്ഞ നാലുദിവസവും അറബി രചനകൾ നടക്കുന്ന വേദിയിലായിരുന്നു ഡ്യൂട്ടി. വല്ലാത്ത ചെയ്ത്തായിപ്പോയി. ഈ അറബിയൊക്കെ വായിച്ചാല്‍ നമുക്ക് മനസ്സിലാകോ.. വേദിയും മാറ്റി കിട്ടിയില്ല. ഒപ്പനയടക്കമുള്ള കാര്യമായ ഒരുപരിപാടിയും കാണാന്‍ പറ്റിയില്ല.
ഇന്നാണ് കേരളനടന വേദിയിലെത്തിയത്. മറ്റ് വേദികളിലെ ജനത്തിരക്കൊകെ കൂട്ടുകാര്‍ പറഞ്ഞുകേള്‍ക്കുമ്പോള്‍ സന്തോഷമാണ്. അല്ലേലും ഞങ്ങള്‍ കോഴിക്കോട്ടുകാര്‍ കലകളെ സ്നേഹിക്കുന്നതില്‍ ഒരിക്കലും പിറകോട്ടല്ലല്ലോ. ഇനിയെന്നാ വീണ്ടും ഇവിടേക്ക് കലോത്സവം വരിക?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.