ലങ്കിമറിഞ്ഞ് മൊഞ്ചത്തികൾ
text_fieldsഇശലിന്റെ താളവും ഒപ്പനയുടെ ചുവടുകളുമായി കാണികളുടെ ഹൃദയം കീഴടക്കി മൊഞ്ചത്തികൾ. മലബാറിന്റെ തനതുകലയായ ഒപ്പന കാണാൻ രണ്ടാം ദിനം പ്രധാനവേദിയായ വിക്രം മൈതാനിയിലേക്ക് ഒഴുകിയെത്തിയത് ജനസാഗരം. കിന്നരികൾ കൊണ്ട് അലങ്കരിച്ച വേഷങ്ങളിൽ ഹൂറിമാർ വേദിയിലെത്തിയപ്പോൾ ആസ്വാദകരും ഇളകിമറിഞ്ഞു. ഓരോ ടീമിനെയും നിറഞ്ഞ കൈയടികളോടെയാണ് സദസ്സ് വരവേറ്റത്.
മണവാട്ടിമാരുടെ കവിളിലെ നുണക്കുഴികൾക്കും മുഖത്ത് വിരിഞ്ഞ നാണച്ചിരിക്കും കൈകളിലെ മൈലാഞ്ചിച്ചുവപ്പിനും കൈത്താളത്തിന്റെ അകമ്പടിയോടെ മുഴങ്ങിയ ദ്രുതതാളത്തിലുള്ള ഇശലുകൾ കൂട്ടായി. ചുവപ്പ്, കടുംപച്ച, ഇളംപച്ച, മെറൂൺ, ഓറഞ്ച് നിറങ്ങളിലുള്ള മണവാട്ടികളുടെ ആടയാഭരണങ്ങളും അതിന് യോജിച്ച നിറങ്ങളിലുള്ള തോഴിമാരുടെ വേഷങ്ങളും എല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. ഒപ്പനപ്പാട്ടുകാരും നിലവാരം പുലർത്തി.
മുഹമ്മദ് നബിയുടെയും ഖദീജ ബീവിയുടെയും വിവാഹ വർണനകളാണ് മാപ്പിളപ്പാട്ടിന്റെ ഇശലിൽ ഒപ്പനവേദിയിൽ നിന്നുയർന്നത്. കാണികൾ തിങ്ങിനിറഞ്ഞപ്പോൾ വേദിയുടെ ഇരുവശങ്ങളിലും നിന്നുകൊണ്ടാണ് നിരവധിപേർ മത്സരം കണ്ടത്. ആകെ 26 ടീമുകളാണ് മത്സരത്തിനെത്തിയത്.12 ടീമുകൾ അപ്പീലിലൂടെയാണ് മത്സരത്തിനെത്തിയത്. മന്ത്രിമാരായ വി. ശിവൻകുട്ടിയും പി.എം. മുഹമ്മദ് റിയാസും ഒപ്പന കാണാനെത്തി.
മോഹാലസ്യപ്പെട്ട് പുതുനാരികൾ
ഒപ്പന മത്സരത്തിനിടെ മത്സരാർഥികളായ നാല് പെൺകുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം. എറണാകുളം മൂവാറ്റുപുഴയിൽ നിന്നുള്ള സ്വാസിക ബിജുവിനെ ആംബുലൻസിൽ ബീച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പനിയുള്ളതിനാലാണ് ആശുപത്രിയിലേക്ക് വിട്ടതെന്ന് വിക്രം മൈതാനിയിൽ ഒരുക്കിയ മെഡിക്കൽ ടീമിലെ ഡോക്ടർ പറഞ്ഞു. മറ്റ് മൂന്നുപേരെയും പ്രാഥമിക ചികിത്സക്കുശേഷം വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.